Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മധുവിന്റെ കൊലപാതകത്തിൽ പിടിയിലായ 16 പ്രതികളും റിമാൻഡിൽ; ജനരോഷം ഭയന്ന് തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങൽ പിന്നീട് മതിയെന്ന് തീരുമാനിച്ച് പൊലീസ്; വനംവകുപ്പിൽ നിന്ന് വിജിലൻസ് വിശദീകരണം തേടും

മധുവിന്റെ കൊലപാതകത്തിൽ പിടിയിലായ 16 പ്രതികളും റിമാൻഡിൽ; ജനരോഷം ഭയന്ന് തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങൽ പിന്നീട് മതിയെന്ന് തീരുമാനിച്ച് പൊലീസ്; വനംവകുപ്പിൽ നിന്ന് വിജിലൻസ് വിശദീകരണം തേടും

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചു കൊന്ന കേസിലെ 16 പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇതേത്തുടർന്ന് പ്രതികളെ പാലക്കാട് സബ് ജയിലിലേക്ക് കൊണ്ടുപോയി. മധുവിന്റെ മൊഴിയുടെയും, ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ആദ്യം 11 പേരും പിന്നീട് അഞ്ചുപേരും പിടിയിലായത്. കൊലപാതക കുറ്റത്തിന് പുറമെ, വനത്തിൽ അതിക്രമിച്ചു കടക്കൽ, എസിഎസ്ടി, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം നടക്കുന്നുണ്ട്. വനം വകുപ്പിന്റെ വിജിലൻസ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം നടത്തുന്നത്. ആൾക്കൂട്ടം കാടിനുള്ളിൽ അതിക്രമിച്ച് കയറിയതിനും മധുവിനെ ആക്രമിച്ചതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും അവർ ഒത്താശചെയ്‌തെന്നും പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വനംവകുപ്പിൽ നിന്ന് വിജിലൻസ് വിഭാഗം വിശദീകരണം തേടും. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻ വിനോദും മധുവിനെ മർദ്ദിച്ചവരിലുണ്ടായിരുന്നെന്ന് മധുവിന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു. എന്നാൻ വനം സംരക്ഷണ സമിതിയുടെ ഡ്രൈവർ മാത്രമാണ് ഇയാളെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ഇന്നലെ അഗളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വൈദ്യ പരിശോധന പൂർത്തിയായതോടെയാണ് മണ്ണാർക്കാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ സുരക്ഷ പ്രശ്നങ്ങളാൽ രണ്ട് ദിവസങ്ങൾക്ക് ശേഷമേ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയാൽ മതിയെന്നാണ് തീരുമാനം. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാളെ ചീഫ് സെക്രട്ടറിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് കളക്റ്റ്രേറ്റിൽ യോഗം ചേരുന്നുണ്ട്. ദേശിയ പട്ടികവർഗ കമ്മീഷനും യോഗത്തിൽ പങ്കെടുക്കും. കടുകുമണ്ണ ഊരിലെ മല്ലൻ-മല്ലി ദമ്പതികളുടെ മകനാണ് മധു. മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം വ്യാഴാഴ്ചയാണ് മധുവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. പരിക്കേറ്റ മധുവിനെ പിന്നീട് പൊലീസിന് കൈമാറി. ജീപ്പിൽവച്ച് കുഴഞ്ഞുവീണാണ് ഈ യുവാവ് മരണപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP