Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാടിറങ്ങിയെത്തുന്ന കാട്ടാനകളുടെ എണ്ണം പെരുകി; കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ സ്ഥിതിഗതികൾ ആശങ്കാജനകം; പുറത്തേക്ക് പോകുന്നവർ തിരിച്ചെത്താൻ പ്രാർത്ഥനയും വഴിപാടുമായി വീട്ടുകാർ; ഡിഎഫ്ഒ യുടെ നിസംഗതയിൽ സംശയിച്ച് നാട്ടുകാർ

കാടിറങ്ങിയെത്തുന്ന കാട്ടാനകളുടെ എണ്ണം പെരുകി; കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ സ്ഥിതിഗതികൾ ആശങ്കാജനകം; പുറത്തേക്ക് പോകുന്നവർ തിരിച്ചെത്താൻ പ്രാർത്ഥനയും വഴിപാടുമായി വീട്ടുകാർ; ഡിഎഫ്ഒ യുടെ നിസംഗതയിൽ സംശയിച്ച് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താലൂക്കിലെ കോട്ടപ്പാറ വനമേഖലയുടെ അതിർത്തി പ്രദേശമായ കോട്ടപ്പടി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ രണ്ടുദിവസമായിത്തുടരുന്ന കാട്ടാനകൂട്ടത്തിന്റെ സംഹാര താണ്ഡവം തുടരുകയാണ്. കോട്ടപ്പാറ വനത്തിൽ നിന്നും കുട്ടിയാനകൾ ഉൾപ്പെടെ ഇരുപതോളം വരുന്ന കൂട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലെത്തി തമ്പടിച്ചിട്ടുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞത് മുതൽ ഇവിടേക്കെത്തുന്ന ആനകളുടെ എണ്ണം പെരുകി. നാലുമണിയോടടുത്ത് 30 ഓളം ആനകൾ മേഖലയിൽ ഇറങ്ങിയതായിട്ടാണ് നാട്ടുകാർ നൽകുന്ന വിവരം.

ആനകളെ തുരത്താൻ നാട്ടുകാർ സംഘടിച്ചിട്ടുണ്ടെങ്കിലും അപകട ഭീഷിണി മുന്നിൽക്കണ്ട് വനംവകുപ്പ് അധികൃതർ ഇവരെ വനമേഖലയിലേക്ക് കടത്തിവിടുന്നില്ല. രാത്രിയാവുന്നതോടെ ആനകളുടെ പരക്കം പാച്ചിൽ ശക്തിപ്രാപിക്കുമെന്നും യാതൊരു സുരക്ഷിതാവസ്ഥയും തങ്ങൾക്കില്ലന്നും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നതെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം.

ആനക്കൂട്ടത്തിന്റെ 'അധിനിവേശം' മൂലം നാട്ടുകാർ ഭീതിയിലായത് സംമ്പന്ധിച്ച് മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇന്ന് രാവിലെ മുതൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപെട്ടില്ലെന്ന ഒറ്റവാക്കിലാണ് ഇത് സംമ്പന്ധിച്ച് ചോദിച്ചപ്പോൾ മലയാറ്റൂർ ഡി എഫ് ഒ എൻ രഞ്ജൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട ഉദ്യഗസ്ഥന്റെ ഈ പ്രതികരണം ഇക്കാര്യത്തിൽ അധികൃതർ തുടരുന്ന നിസംഗതയുടെ ആഴം വ്യക്തമാക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വിസ്തൃതമായ മേഖലയിലെ കാർഷിക വിളകൾ ആന കൂട്ടം ഭക്ഷിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചു കഴിഞ്ഞു. ആനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ പകൽ പോലും വീട് പുറത്തിറങ്ങാൻ തങ്ങൾക്ക് ഭയമാണെന്നാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. വിദ്യാലയങ്ങളിലേക്ക് അയക്കുന്ന മക്കളും വീട്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ഉറ്റവരും ആനക്കൂട്ടത്തിന്റെ മുമ്പിൽപ്പെടാതെ തിരിച്ചെത്താൻ ഇവർ ദിനംപ്രതി കടുത്ത പ്രാർത്ഥനയും വഴിപാടും നടത്തി വരികയാണിപ്പോൾ.

വനമേഖലക്ക് സമീപമുള്ള പ്ലാമുടിയിലും കണ്ണക്കടയിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് കാട്ടാന കൂട്ടങ്ങൾ തമ്പടിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് കർണൂർ ക്ഷേത്രത്തിന് സമീപത്ത് മാത്രമാണ് കാട്ടാനക്കൂട്ടങ്ങൾ എത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവ കൂടുതൽ പ്രദേശങ്ങളിലെത്തി കൃഷിക്ക് നാശം വരുത്തി. ഇപ്പോൾ പ്രദേശത്തെ വലംവച്ച് സദാ സമയവും ആനക്കൂട്ടം വിഹരിക്കുകയാണ്.

മരച്ചീനി, ജാതി, റബ്ബർ, വാഴ, കന്നാര, കൊക്കോ, കമുക്, തെങ്ങ് തുടങ്ങിയവയാണ് ആന കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. കരിപ്പക്കാട്ട് അബ്രാഹം, ഇടക്കുഴി വിജയൻ, കരിമ്പന ചാലിൽ കുര്യൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്. രാത്രിയിലും പകലും പുരയിടങ്ങളിലും റോഡുകളിലും കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുന്നതിനാൽ മരണ ഭീതിയിലാണ് അന്ത്യവശ്യ കാര്യങ്ങൾക്കായി നാട്ടുകാർ പുറത്തിറങ്ങുന്നത്.

രണ്ടു ദിവസമായി ഇരുചക്രവാഹന യാത്രക്കാർ രാത്രി യാത്ര ഒഴിവാക്കിയിരിക്കുകയാണ്. കാട്ടാന ഭീഷണിയിൽ നിന്നും തങ്ങളേ രക്ഷിക്കാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം തേടി ജനകീയ പ്രക്ഷോഭം ശക്തമായി.

ഇതേത്തുടർന്ന് വിദഗ്ധരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തിയിരുന്നു. ഈ ഘട്ടത്തിൽ പലായനം ചെയ്ത ആനകൾക്കൊപ്പം സമീപ വനപ്രദേശത്തെ ആനകൾകൂടി കൂടിയിരിക്കാമെന്നും ഇതാവാം ഇപ്പോൾ ജനവാസ മേഖലയിലേക്ക് എത്തുന്ന ആനകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നുമാണ് നാട്ടുകാരുടെ നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP