Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വായ്പാ തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ക്രൈംബ്രാഞ്ച് കടുത്ത നിലപാട് എടുത്തതിനാൽ; പരാതിക്കാരെ സ്വാധീനിക്കാനുള്ള നീക്കവും നടന്നില്ല; അറസ്റ്റ് പേടിച്ച് ഫാദർ തോമസ് പീലിയാനിക്കൽ ഒളിവിൽ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസും; കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറക്കായി വലവിരിച്ച് അന്വേഷണ സംഘം

വായ്പാ തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ക്രൈംബ്രാഞ്ച് കടുത്ത നിലപാട് എടുത്തതിനാൽ; പരാതിക്കാരെ സ്വാധീനിക്കാനുള്ള നീക്കവും നടന്നില്ല; അറസ്റ്റ് പേടിച്ച് ഫാദർ തോമസ് പീലിയാനിക്കൽ ഒളിവിൽ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസും; കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറക്കായി വലവിരിച്ച് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ഒളിവിൽ പോയെന്ന് പൊലീസ്. അച്ചന്റെ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടനാട്ടിൽ കർഷകരുടെ പേരിൽ നടത്തിയ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ഫാദർ നൽകിയ മുൻകൂർ ജാമ്യഹരജി ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിവിൽ പോയത്. ഫാ. തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് ഒളിവിൽ പോയത്.

സ്വയംസഹായസംഘങ്ങൾക്കും ഗ്രൂപ്പുകൾക്കും നൽകുന്ന കാർഷിക വായ്പകളുടെ മറവിൽ കുട്ടനാട്ടിൽ കോടികളുടെ തട്ടിപ്പാണ് നടന്നത് കർഷകരുടെ പേരിൽ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയത്. കർഷകർക്ക് ജപ്തിനോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. വായ്പകൾ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് 250 കർഷകർക്കാണ് ബാങ്കുകൾ ജപ്തിനോട്ടീസ് അയച്ചത്. ഇവർ ബാങ്കുകളിൽ അന്വേഷിച്ചപ്പോൾ തിരിച്ചറിയൽരേഖ പോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്പ നൽകിയതെന്ന വിവരം ലഭിച്ചു. ചുരുക്കം ചിലർക്കുമാത്രമാണ് പേരിനെങ്കിലും വായ്പാപണം കിട്ടിയത്. ബാക്കി പണം എങ്ങോട്ടുപോയെന്നോ ആരു കൈപ്പറ്റിയെന്നോ കർഷകർക്കറിയില്ല. ഈ കേസാണ് പീലിയാനിക്കലിന് വിനയാകുന്നത്. കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ ഫാ. തോമസ് പീലിയാനിക്കലിന്റെ ശുപാർശപ്രകാരമാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നാണ് പരാതി.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എൻ.സി.പി നേതാവുമായ റോജോ ജോസഫ്, കർഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും കേസിൽ പ്രതികളാണ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ സിവിൽ കേസായി പരിഗണിക്കണമെന്ന് ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് െേകസടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഈ സാഹചര്യത്തിലാണ് ഫാദർ ഒളിവിൽ പോയത്.

കൈനടി പൊലീസ് രജിസ്റ്റർ ചെയ്തതടക്കം ഒമ്പത് പരാതികളിലാണ് കേസ്. മുൻകൂർ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി വി. വിജയകുമാരൻ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ റോജോ ജോസഫിനെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കാവാലം വടക്കുംഭാഗം മുറിയിൽ പള്ളിത്താനം പതിനഞ്ചിൽ വീട്ടിൽ പി.ജെ. മേജോ ആണ് കൈനടി പൊലീസിൽ പരാതി നൽകിയത്. വ്യാജരേഖ ചമച്ച് ന്റെ പേരിൽ വായ്പ എടുത്തെന്നാണ് പരാതി.

2014ൽ എടത്വ കനറാ ബാങ്കിൽനിന്ന് മേജോ വായ്പയെടുത്തെന്നും പലിശസഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോ തട്ടിപ്പ് വിവരം അറിയുന്നത്. തുടർന്നാണ് പരാതി നൽകിയത്. എഫ്.ഐ.ആർ തയാറാക്കി ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൈനടി പൊലീസ് അറിയിച്ചു. തുടർന്ന് സമാനമായി നിരവധി പരാതികൾ ഉയർന്നു. ഇതോടെയാണ് പീലിയാനിക്കലിനെതിരെ നിയമകുരുക്ക് ശക്തമായത്.

അഞ്ചും ആറും പേരടങ്ങുന്ന ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വായ്പയെടുക്കുകയായിരുന്നെന്നാണ് വിവരം. സ്വയംസഹായസംഘങ്ങൾക്കും ഗ്രൂപ്പുകൾക്കും നൽകുന്ന കാർഷിക വായ്പകൾക്ക് ഈടുവേണ്ടെന്നുള്ള സൗകര്യം മറയാക്കിയാണ് വൻതുക തട്ടിയത്. ഗ്രൂപ്പുകളുടെ പ്രസിഡന്റും സെക്രട്ടറിയും നേരിട്ടെത്തി ഒപ്പിട്ടാൽ മതിയെന്ന ചില ബാങ്കുകളുടെ നിബന്ധനയും സഹായകമായി. കനറാബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയിൽനിന്നുമാത്രം 186 ഗ്രൂപ്പുകൾക്ക് വായ്പ അനുവദിച്ചു. ഇതിൽ 54 ഗ്രൂപ്പുകളിലെ 250 പേർക്ക് ജപ്തിനോട്ടീസ് കിട്ടി. മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. സാധാരണ അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.

ആരോപണങ്ങൾ പീലിയാനിക്കൽ നിഷേധിച്ചിരുന്നു. 2013-14 കാലയളവിൽ കുട്ടനാട്ടിലെ ആയിരത്തോളം കർഷകർക്ക് പാട്ടക്കൃഷിക്കായി കാർഷിക വായ്പയ്ക്ക് ശുപാർശ നൽകിയെന്നത് ശരിയാണ്. തട്ടിപ്പിനെപ്പറ്റി അറിയില്ല. അന്നു കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയായിരുന്ന റോജോ ജോസഫ് പറഞ്ഞപ്രകാരമാണ് ശുപാർശ നൽകിയതെന്നും ഫാ. തോമസ് പീലിയാനിക്കൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP