Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ അത്ഭുത കഥാപാത്രം; കോടിപതിയായതിന്റെ അമിതാഹ്ലാദമില്ല; മറുപടികൾ ഒറ്റവാക്കിൽ; മുസ്തഫ ഇങ്ങനെയാണ്; കടം വീട്ടി കുട്ടികളുടെ പഠിപ്പ് ഉഷാറാക്കണം; പുത്തൻ വീട് പണിയണം; ഓണം ബംബറടിച്ച പരപ്പനങ്ങാടിക്കാരന് കുഞ്ഞുമോഹങ്ങൾ മാത്രം

ഒറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ അത്ഭുത കഥാപാത്രം; കോടിപതിയായതിന്റെ അമിതാഹ്ലാദമില്ല; മറുപടികൾ ഒറ്റവാക്കിൽ; മുസ്തഫ ഇങ്ങനെയാണ്; കടം വീട്ടി കുട്ടികളുടെ പഠിപ്പ് ഉഷാറാക്കണം; പുത്തൻ വീട് പണിയണം; ഓണം ബംബറടിച്ച പരപ്പനങ്ങാടിക്കാരന് കുഞ്ഞുമോഹങ്ങൾ മാത്രം

എംപി.റാഫി

മലപ്പുറം: കോടിപതിയായ ഭവമാറ്റങ്ങളൊന്നുമില്ല പരപ്പനങ്ങാടി പാലത്തിങ്കൽ ചുഴലിയിലെ മുസ്തഫയുടെ മുഖത്ത്. ഓണം ബംമ്പർ അടിച്ച മുസ്തഫയെ കാണാൻ വീട്ടിൽ സന്ദർശകരുടെ വലിയ തിരക്ക് തന്നെയുണ്ട്. വീട്ടിലെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരോടും കൂടുതൽ സംസാരമില്ലാത്ത പ്രകൃതം എല്ലാം ഒറ്റവാക്കിൽ ഒതുക്കും. അമിതമായ ആഹ്ലാദമോ ആഘോഷമോ മുസ്തഫയ്ക്കും വീട്ടുകാർക്കുമില്ല. കഷ്ടതകൾ തീരും, കടങ്ങൾ വീട്ടി കുട്ടികളുടെ പഠനവും നോക്കണം ഇതൊക്കെയാണ് മുസ്തഫ പങ്കുവെയ്ക്കുന്ന പ്രതീക്ഷകൾ. 

സംസ്ഥാന സർക്കാരിന്റെ ഓണം ബംമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത് മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കാണെന്ന് ഇന്നലെ മുതൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ ഭാഗ്യവാൻ ആരെന്ന് പരക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്നും സമ്മാനാർഹനെന്ന പേരിൽ നിരവധി വ്യാജ സന്ദേശങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നിട്ടും യഥാർത്ഥ ഭാഗ്യവാനെ ഏറെ വൈകിയായിരുന്നു കണ്ടെത്തിയിരുന്നത്. ഓണം ബംബർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ മുസ്തഫ തിരിച്ചറിഞ്ഞിരുന്നു തന്നെ ഭാഗ്യദേവത കടാക്ഷിച്ചുവെന്ന്. എന്നാൽ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടാനോ മറ്റോരോടെങ്കിലും പറയാനോ മുസ്തഫ താൽപര്യപ്പെട്ടിരുന്നില്ല.

അടുത്ത ബാങ്ക് ദിവസമായ ഇന്ന് ലോട്ടറിയുമായി മുസ്തഫ നേരെ പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്കിലേക്ക് എത്തിയതോടെയാണ് മുസ്തഫയെ നാട്ടുകാർ തിരിച്ചറിയുന്നത്. ഇതോടെ മുസ്തഫയുടെ ചുഴലിയിലെ വീട്ടിൽ സന്ദർശകർ എത്തിക്കൊണ്ടേയിരുന്നു. കോടിപതിയായി മാറിയ മുസ്തഫയോടൊപ്പം നിന്ന് സെൽഫിയെടുക്കാനായിരുന്നു ഏറെ തിരക്ക്. പ്രായ വ്യത്യാസമില്ലാതെ മുസ്തഫയുടെ കൂടെ നിന്ന് സന്ദർശകർ ഫോട്ടോ പിടിച്ചു. ഒറ്റ ദിവസം കൊണ്ട് മുസ്തഫ നാട്ടുകാർക്ക് അത്ഭുതമായി മാറിയെങ്കിലും മുസ്തഫയിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല.

സ്വന്തമായ അദ്ധ്വാനവും പ്രയത്‌നവുമായിരുന്നു മുസ്തഫയുടെ ജീവിതം. വർഷങ്ങൾ നീണ്ട ഗൾഫിലെ പ്രവാസ ജീവിതത്തിനൊടുവിലായിരുന്നു മുസ്തഫ നാട്ടിൽ സ്ഥിരതാമസമാക്കുന്നത്. പാരമ്പര്യ സ്വത്തൊഴിച്ചാൽ വലിയ സമ്പാദ്യമൊന്നും ഗൾഫ്‌കൊണ്ട് നേടാൻ സാധിച്ചിരുന്നില്ല. നാട്ടിൽ വിവിധ വാഹനങ്ങളിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഏറെ വർഷം ടിപ്പർ ലോറി ഡ്രൈവറായിരുന്ന മുസ്തഫയ്ക്ക് പ്രായം അതിക്രമിച്ചതോടെ ഈ ജോലിയിൽ തുടരാൻ ആരോഗ്യം അനുവദിച്ചിരുന്നില്ല. ഭാര്യയും രണ്ട് പെൺമക്കളും രണ്ട് ആൺ മക്കളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം. രണ്ട് പെൺകുട്ടികളുടേയും വിവാഹം കഴിഞ്ഞു. ആൺകുട്ടികൾ പഠിക്കുകയാണ്.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലമുള്ളയാളാണ് മുസ്തഫ. ഒരിക്കലെങ്കിലും ഭാഗ്യം തന്നെ തേടി വരുമെന്ന പ്രതീക്ഷ മുസ്തഫക്കുണ്ടായിരുന്നു. അടുത്ത നാട്ടുകാരൻ കൂടിയായ ലോട്ടറി ഏജന്റിൽ നിന്നാണ് സ്ഥിരമായി ലോട്ടറിയെടുത്തിരുന്നത്. പതിവ് തെറ്റിക്കാതെ പരപ്പനങ്ങാടിയിലെ ലോട്ടറി സ്ഥാപനത്തിൽ നിന്നും എടുത്ത ഓണം ബംമ്പർ ലോട്ടറിയിൽ ഒന്നാം സമ്മാനം മുസ്തഫയ്ക്ക് ലഭിക്കുകയായിരുന്നു. ഓണം ബംമ്പർ തനിക്ക് അടിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മുസ്തഫ പറഞ്ഞു.

 

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്ന ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഒരു ലോട്ടറിക്ക് 250 രൂപയായിരുന്നു വില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. നികുതി കിഴിച്ച് ഏകദേശം ആറരക്കോടിയോളം രൂപ മുസ്തഫയ്ക്കു ലഭിക്കും.ഓട് മേഞ്ഞ വീടിൽ നിന്ന് മാറി പുത്തൻ വീട് പണിയണം, ആൺ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി ഉന്നതിയിലെത്തിക്കണം, വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടികൾ രണ്ടു പേർക്കും നല്ലൊരു സഹായം നൽകണം, പിതാവിന്റെ മരണത്തോടെ നിർത്തിവെച്ച തേങ്ങാ കച്ചവടം തുടരണം...ഇതൊക്കെയാണ് കോടിപതിയായ മുസ്തഫയുടെ ആഗ്രഹങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളവ. എല്ലാറ്റിലുമുപരി കട ബാധ്യത തീർക്കണമെന്നും മുസ്തഫ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP