Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇ പി ജയരാജനെ ഒരൊറ്റ അനിഷ്ട പ്രസ്താവനയിലുടെ പടിയിറക്കിവിട്ട പിണറായി കൈയേറ്റക്കാരനായ തോമസ് ചാണ്ടിക്കെതിരെ വാതുറക്കാത്തതെന്തേ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം രാജിയെന്ന് പറഞ്ഞ് കടിച്ചുതൂങ്ങുന്ന ചാണ്ടിയുടെ രാജിക്കായി എൻസിപിയിലും മുറവിളി; ഗത്യന്തരമില്ലാതെ രാജി ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും; ലേക്പാലസിലെ താറാവുകറിയുടെ രുചിയറിഞ്ഞ രാഷ്ട്രീയ നേതാക്കൾ ക്രമക്കേടറിഞ്ഞിട്ടും വാരിക്കോരി സഹായം നൽകിയ വിവരങ്ങളും പുറത്ത്

ഇ പി ജയരാജനെ ഒരൊറ്റ അനിഷ്ട പ്രസ്താവനയിലുടെ പടിയിറക്കിവിട്ട പിണറായി കൈയേറ്റക്കാരനായ തോമസ് ചാണ്ടിക്കെതിരെ വാതുറക്കാത്തതെന്തേ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം രാജിയെന്ന് പറഞ്ഞ് കടിച്ചുതൂങ്ങുന്ന ചാണ്ടിയുടെ രാജിക്കായി എൻസിപിയിലും മുറവിളി; ഗത്യന്തരമില്ലാതെ രാജി ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും; ലേക്പാലസിലെ താറാവുകറിയുടെ രുചിയറിഞ്ഞ രാഷ്ട്രീയ നേതാക്കൾ ക്രമക്കേടറിഞ്ഞിട്ടും വാരിക്കോരി സഹായം നൽകിയ വിവരങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഇപി ജയരാജനനെതിരായ അനിഷ്ടം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിച്ചത് മാധ്യമങ്ങളെ കണ്ട ശേഷം നടത്തിയ ഒറ്റ പ്രസ്താവന കൊണ്ടാണ്. ഇത് രാജി ആവശ്യപ്പെടലായി കണ്ടി ജയരാജൻ രാജിവെക്കുകയും ചെയ്തു. അഴിമതി ഉണ്ടാകാത്ത ഈ സംഭവത്തിൽ സിപിഎമ്മിലെ മുതിർന്ന മന്ത്രിയുടെ രാജി പിടിച്ചു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനമാണ് ഇപ്പോൾ ചർച്ചാ വിഷയം ആകുന്നത്. തോമസ് ചാണ്ടിയുടെ കൈയേറ്റം പകൽപോലെ വ്യക്തമായിട്ടും അതിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ മിണ്ടാതെ മൗനം പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ മൗനം തന്നെയാണ് ചാണ്ടിയുടെ പിടിവള്ളിയും. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം രാജിയെന്ന തീരുമാനത്തിലേക്ക് തോമസ് ചാണ്ടി എത്തിയതും ഇക്കാരണം കൊണ്ടു തന്നെയാണ്. അതായത് മുഖ്യമന്ത്രിയുടെ മൗനമാണ് തോമസ് ചാണ്ടിയുടെ രക്ഷയെന്ന് അർത്ഥം.

തുടക്കം മുതൽ ഈ വിഷയത്തിൽ തോമസ് ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. നിയമസഭയിൽ അടക്കം ചാണ്ടിയെ ശക്തമായി പ്രതിരോധിച്ചു അദ്ദേഹം. എന്നാൽ, വീണ്ടും വിവാദങ്ങൾ നിറഞ്ഞതോടെ അദ്ദേഹം മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചാണ്ടിയുടെ കൈയേറ്റങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ സിപിംഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനത്തിലാണ്. കക്ഷിഭേദമന്യേയുള്ള രാഷ്ട്രീയ നേതാക്കൾക്ക് ചാണ്ടിയുമായി അടുത്തബന്ധമുണ്ട്. ലേക് പാലസിലെ നിത്യസന്ദരർശകരാണ് ആലപ്പുഴയിലെ മിക്ക നേതാക്കളും. അതുകൊണ്ടു തന്നെ ഇവർ ആരും ചാണ്ടിക്കെതിരെ ആത്മാർഥമായി പ്രതികരിക്കാറില്ലെന്നതാണ് വാസ്തവം.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിനു മുന്നിലൂടെയുള്ള റോഡ് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത് കോൺഗ്രസ്, സിപിഐ എംപിമാലരായിരുന്നു. വയൽ നികത്തിയുള്ള റോഡിന് ഫണ്ട് അനുവദിച്ചതാകട്ടെ നിയമവിരുദ്ധവും. തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് വലിയകുളത്തു നിന്ന് സീറോ ജെട്ടിയിലേക്കുള്ള ഈ റോഡ് നിർമ്മിച്ചത്. നിയമം പ്രാബല്യത്തിൽ വന്ന 2008 ആഗസ്തിനു ശേഷം നെൽവയൽ നികത്തി റോഡ് നിർമ്മിക്കാൻ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുവാദം വേണം. എന്നാൽ, അതിനുള്ള അപേക്ഷ പോലും നൽകാതെയാണ് കെ.ഇ. ഇസ്മായിലും പി.ജെ. കുര്യനും പണം അനുവദിച്ച് ലേക് പാലസ് റിസോർട്ടിനായുള്ള റോഡ് നിർമ്മിച്ചത്. രാഷ്ട്രീയ ഭേദമന്യെ തോമസ് ചാണ്ടിക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതിന്റെ തെളിവാണിത്.

നിലംനികത്തി റോഡ് നിർമ്മിക്കാൻ ആദ്യം പ്രാദേശികതല നിരീക്ഷണ സമിതിയെ സമീപിക്കണം. അവരുടെ ശുപാർശ സംസ്ഥാനതല സമിതിക്ക് നൽകണം. അവരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. റിസോർട്ടിനു മുന്നിൽ ടാറിങ് അവസാനിപ്പിച്ച ഈ റോഡ് നിർമ്മാണം തുടങ്ങിയത് 2011ൽ. മുല്ലയ്ക്കൽ വില്ലേജിൽ തിരുമല കരുവേലി പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെ റോഡ് നിർമ്മിക്കാൻ നിലം നികത്താൻ പ്രാദേശിക സമിതിക്ക് ശുപാർശ കിട്ടിയിട്ടില്ല. മുല്ലയ്ക്കൽ കൃഷി ഓഫീസിലും അപേക്ഷ ലഭിച്ചിട്ടില്ല.

എന്നിട്ടും റവന്യു, കൃഷി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കാഴ്ചക്കാരാക്കി പൊതുഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡ് നിർമ്മിച്ചു. കിളിരൂർ കേസിൽ ലേക് പാലസ് റിസോർട്ടിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഐജി ശ്രീലേഖയുടെ നേതൃത്വത്തിൽ ഇവിടെ അന്വേഷണവും നടത്തി. എന്നിട്ടും അച്യുതാനന്ദന്റെ ഭരണകാലയളവിൽ റിസോർട്ടിലേക്ക് റോഡിന് സിപിഐ എംപി ഫണ്ട് അനുവദിച്ചതാണ് വിവാദമാകുന്നത്.

അതേസമയം കായൽ കൈയേറിയ തോമസ് ചാണ്ടിയുടെ രാജിയാവശ്യം ശക്തമായിരിക്കെ ഇതുവരെ മൗനം പാലിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരണവുമായി രംഗത്തെത്തി. തോമസ് ചാണ്ടിക്കെതിരെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിക്കെതിരായ ആരോപണങ്ങളിലെ നിജസ്ഥിതി വെളിപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നിശബ്ദത തുടർന്നാൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വളരെ ഗൗരവതരമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം അർത്ഥഗർഭമാണ്. ആരോപണങ്ങളിലെ നിജസ്ഥിതി വെളിപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. ഉമ്മൻ ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ യുഡിഎഫ് സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളും അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിക്കെതിരെ മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനുമായ വി എസ്. അച്യുതാനന്ദൻ രംഗത്ത്. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സംരക്ഷിക്കുന്നതിലുള്ള പ്രതിഷേധം വി എസ് പരസ്യമായി പ്രകടിപ്പിച്ചു. ബോൾഗാട്ടി പാലസിൽ സി.പി.എം സംഘടിപ്പിച്ച ഇടതു പാർട്ടികളുടെ ദക്ഷിണേഷ്യൻ സെമിനാറിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വി എസ്സിന്റെ പ്രതികരണം.തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അതൊക്കെ മന്ത്രിസഭയിലെ പ്രമാണിമാർ തീരുമാനിക്കട്ടെയെന്ന് വി എസ് പറഞ്ഞു. ഇതുപോലെയുള്ളവരെ കൊണ്ടുനടക്കുന്നത് മന്ത്രിസഭയിലുള്ള പ്രമാണിമാർക്ക് ഭൂഷണമായി തോന്നിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിയാരോപണം നേരിടുന്ന മന്ത്രിയുടെ രാജി ഇനിയും ആവശ്യപ്പെടാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരായ പടയൊരുക്കമാണ് വി എസ് നടത്തിയത്. അഴിമതിക്കാരായവരെ സംരക്ഷിക്കുന്ന സമീപനമാണ് മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള പ്രമാണിമാരുടേതെന്നാണ് വി എസ്സിന്റെ പക്ഷം. മന്ത്രി തോമസ്ചാണ്ടിയുടെ രാജി നീളുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ ശക്തമായി രംഗത്തെത്തുമെന്ന സൂചനയും വിഎസിന്റെ വാക്കുകളിലുണ്ട്.

തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളോട് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇന്നും ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ടിവി അനുപമ റവന്യൂമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ സ്വന്തം പാർട്ടിയിൽ തന്നെ തോമസ് ചാണ്ടിക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ചാണ്ടിക്കെതിരേ നടപടി ആവശ്യപ്പെട്ട് എൻ.സി.പി.യിൽ ഒരുവിഭാഗത്തിന്റെ ഒപ്പുശേഖരണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് നൽകാനുള്ള കത്തിൽ എട്ട് ജില്ലാപ്രസിഡന്റുമാരും ഏഴ് സംസ്ഥാനഭാരവാഹികളും ഒപ്പുവെയ്ക്കാൻ സന്നദ്ധത അറിയിച്ചു.

കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരാണ് രാജി ആവശ്യമടങ്ങിയ കത്ത് പുറത്തിറക്കുന്നത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ മരിച്ച് രണ്ടുമാസം കഴിഞ്ഞെങ്കിലും സംസ്ഥാന സമിതി വിളിച്ചിട്ടില്ല. അടിയന്തരമായി യോഗംചേർന്ന് കത്തിനെക്കുറിച്ച് ചർച്ചവേണമെന്നാണ് ജില്ലാപ്രസിഡന്റുമാരുടെ ആവശ്യം. മുന്മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന സംസ്ഥാനഭാരവാഹികളായ പി.കെ. രാജൻ, പ്രൊഫ. ജോബ് കാട്ടൂർ, സുഭാഷ് പുഞ്ചക്കാട്ടിൽ, കെ.എ. ഗംഗാധരൻ, പി.കെ. ആനന്ദകുട്ടൻ, വർക്കല ബി. രവികുമാർ, പി.എ. റസാഖ് മൗലവി, പി.കെ. മുരളീധരൻ എന്നിവരും കത്ത് നൽകിയിട്ടുണ്ട്. കത്ത് 29-ന് അഖിലേന്ത്യാപ്രസിഡന്റ് ശരദ്പവാറിന് കൈമാറിയേക്കും.

ശശീന്ദ്രൻ രാജിവെച്ചതിനുപിന്നാലെയാണ് തോമസ്ചാണ്ടിക്ക് മന്ത്രിപദവി ലഭിച്ചത്. ചാണ്ടികൂടി രാജിവച്ചാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവുന്ന സാഹചര്യമാവും. ഗ്രൂപ്പ് പോരിന്റെപേരിൽ ആകെയുള്ള മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തരുതെന്ന വാദവുമായി തോമസ്ചാണ്ടി അനുകൂലികളും രംഗത്തുണ്ട്.

രാജി ആവശ്യപ്പെട്ട എൻ.വൈ.സി. സംസ്ഥാനപ്രസിഡന്റ് മുജീബ്‌റഹ്മാനെ സ്ഥാനത്തുനിന്ന് നീക്കിയ നടപടി ശശീന്ദ്രൻ അനുകൂലികളെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിൽ കൈയേറ്റവിഷയത്തിൽ അന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേയും പാർട്ടിതലത്തിൽ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിലെ പ്രശ്‌നം ചർച്ചചെയ്യാൻ ശരദ്പവാർ 29-ന് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രി തോമസ്ചാണ്ടി, എ.കെ. ശശീന്ദ്രൻ എംഎൽഎ., സംസ്ഥാനപ്രസിഡന്റിന്റെ ചുമതലവഹിക്കുന്ന ടി.പി. പീതാംബരൻ എന്നിവരാണ് പവാറിനെ കാണുക.

അടിയന്തരമായി സംസ്ഥാനസമിതി വിളിക്കേണ്ട സാഹചര്യമില്ലെന്ന് പീതാംബരൻ പറഞ്ഞു. മന്ത്രിക്കെതിരായ ആരോപണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരുവിഭാഗം ഒപ്പുശേഖരണം തുടങ്ങിയകാര്യവും അറിയില്ല. അഖിലേന്ത്യനേതാവ് പ്രഫുൽ പട്ടേലിന്റെ തീയതി ലഭിക്കാത്തതുകൊണ്ടാണ് യോഗം വിളിക്കാൻ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് തന്നെ എതിരായി വന്നതോടെ ഇക്കാര്യം ചർച്ചചെയ്യേണ്ട സാഹചര്യമാണു സിപിഎമ്മിനും മുന്നണിക്കും മുന്നിലുള്ളത്. വേങ്ങര ഉപതിരഞ്ഞെടുപ്പിനിടെ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവന്നതും പ്രശ്‌നമായിട്ടുണ്ട്. കലക്ടറുടെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ വരാനിരിക്കെ അതിനുശേഷം തീരുമാനമെടുക്കാമെന്ന അഭിപ്രായമാണു ശക്തം. തെളിവുണ്ടെങ്കിൽ സംരക്ഷിക്കേണ്ടെന്ന വികാരവും ഉയർന്നു. മന്ത്രി വഴിവിട്ടു നീങ്ങിയാൽ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന സിപിഐയുടെ തീരുമാനം റവന്യു വകുപ്പിന്റെ നീക്കങ്ങൾക്കു കരുത്തു പകരുന്നുണ്ട്.

അതിനിടെ, ആലപ്പുഴ ജില്ലാ കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ റവന്യു വകുപ്പ് വിശദീകരണം തേടി. ഭൂമിയുടെ അനുബന്ധ രേഖകൾ പരിശോധിച്ച് അവ്യക്തതകൾ പരിഹരിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കലക്ടർ ടി.വി.അനുപമയ്ക്കു നിർദ്ദേശം നൽകി. കലക്ടർ വിശദ പരിശോധനയ്ക്കു കൂടുതൽ സമയം ചോദിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തുന്ന സമ്മർദത്തിനു കീഴടങ്ങേണ്ടതില്ലെന്ന ചിന്തയും സി.പി.എം നേതൃത്വത്തിലുണ്ട്. ഭൂമി കയ്യേറ്റം, ചട്ടലംഘനം എന്നിവ സംബന്ധിച്ച അന്വേഷണത്തിൽ ചൊവ്വാഴ്ച തെളിവെടുപ്പിനു ഹാജരാകാൻ മന്ത്രി തോമസ് ചാണ്ടിക്കു ആലപ്പുഴ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ റിസോർട്ടിന് ഇളവു ചെയ്ത നികുതി തിരിച്ചു പിടിക്കാൻ ആലപ്പുഴ നഗരസഭ തീരുമാനിച്ചെങ്കിലും ഫയൽ നഷ്ടപ്പെട്ട സംഭവത്തിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു ജീവനക്കാർ സമരത്തിലായതിനാൽ ഇന്നലെ നടപടി തുടങ്ങാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP