Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റുബെല്ല കുത്തിവെപ്പ് നിരക്ക് സംസ്ഥാനതലത്തിൽ 38 ശതമാനമായത് അധികൃതരെ ഞെട്ടിച്ചു; വാക്‌സിൻ വിരുദ്ധർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന പരാതി നൽകി; നവമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി; കുഞ്ഞുങ്ങളുടെ ഭാവി അതവാളത്തിലാക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സർക്കാർ കർശന നടപടിക്ക്

റുബെല്ല കുത്തിവെപ്പ് നിരക്ക് സംസ്ഥാനതലത്തിൽ 38 ശതമാനമായത് അധികൃതരെ ഞെട്ടിച്ചു; വാക്‌സിൻ വിരുദ്ധർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന പരാതി നൽകി; നവമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി; കുഞ്ഞുങ്ങളുടെ ഭാവി അതവാളത്തിലാക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സർക്കാർ കർശന നടപടിക്ക്

കെ.വി നിരഞ്ജൻ

കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കേന്ദ്ര-ഫസംസ്ഥാന സർക്കാറുകൾ രാജ്യമൊട്ടാകെ നടത്തുന്ന മീസിൽസ്, റുബെല്ല വാക്സിനേഷൻ കാമ്പയിനെതിരെ നവമാധ്യമങ്ങളിലടക്കം കുപ്രാചാരണം നടത്തുന്നവർ സൂക്ഷിക്കുക. നിങ്ങൾക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യമന്ത്രിതന്നെ ജില്ലാകലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രകൃതിചികിത്സകനായ ഡോ.ജേക്കബ് വടക്കൻചേരി പറയുന്ന ഒരു വീഡിയോയാണ് വാക്‌സിൻ വിരുദ്ധശക്തികൾ വ്യാപകമായ പ്രചരിപ്പിക്കുന്നത്.

ഇതിൽ വാക്‌സിൻ മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി അമേരിക്കയുടെ ഗൂഢാലോചനയാണെന്നും, മന്ദബുദ്ധികളും ഷണ്ഡന്മ്മാരുമായ ഒരു ജനതയെയാണ് ഇത് സൃഷ്ടിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. മോഹനൻ വൈദ്യരെപ്പോലുള്ള ആയുർവേദക്കാരും ചില ഹോമിയോ ഡോക്ടർമാരും എസ്.ഡി.പി.ഐപോലുള്ള ചില സംഘടനകളും സംഘടിതമായി ഭീതിസൃഷ്ടിക്കുന്നതായി അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.എസ്.ഡി.പി.ഐ ചായ്‌വുള്ള ഒരു മുസ്‌ലിം മത പണ്ഡിതൻ മുസ്‌ലീംങ്ങളെ നശിപ്പിക്കാനായുള്ള നരേന്ദ്ര മോദി പദ്ധതിയായി വാക്‌സിനേഷൻെ ചിത്രീകരിക്കുന്ന ഒരു വീഡിയോയും സൈബർസെൽ പരിശോധിച്ച് വരികയാണ്.

വാക്‌സിനേഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി പൊലീസിൽ പരാതി നൽകി. വാട്സ്ആപ്പും ഫേസ്‌ബുക്കും വഴി വാക്സിനേഷൻ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീസിൽസ്, റുബെല്ല എന്നീ രോഗങ്ങളെ രാജ്യത്തുനിന്ന് തുടച്ചു നീക്കാൻ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനാണ് എം.ആർ വാക്സിനേഷൻ കാമ്പയിൻ. ഇത് തുടങ്ങി 16 ദിവസം കഴിഞ്ഞിട്ടും സംസ്ഥാനതലത്തിൽ 38 ശതമാനം കുട്ടികൾക്കേ എം.ആർ വാക്സിനേഷൻ നൽകാൻ സാധിച്ചിട്ടുള്ളൂ. വാക്സിനേഷൻ കവറേജ് കുറഞ്ഞ സ്ഥലങ്ങളെപ്പറ്റി പഠിച്ച ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ സാധിച്ചത് വാട്സ്ആപ്പും ഫേസ്‌ബുക്കും വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകളാണിതിന് കാരണമെന്നാണ്. ഈ സ്ഥലങ്ങളിൽ നടത്തിയ മീറ്റിങ്ങുകളിൽ ജനങ്ങളുടെ സംശയങ്ങൾക്ക് വ്യക്തവും ശാസ്ത്രീയവുമായ മറുപടി നൽകാൻ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടുണ്ട്.

പൊതുജനാരോഗ്യമേഖലയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ജനങ്ങളെ പൂർണമായും ബോധവത്കരിക്കുന്നതിൽ ഡോക്ടർമാർ നിസ്സഹായരാണ്. കാമ്പയിൻ അവസാനിക്കാൻ 13 പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്കിടയിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 68 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകുകയെന്നത് ശ്രമകരമായ കാര്യമാണ്.

കാമ്പയിൻ വിജയത്തിലെത്തിക്കണമെങ്കിൽ 95 ശതമാനം കുട്ടികൾക്കെങ്കിലും എം.ആർ വാക്സിനേഷൻ നൽകണം. നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ബൃഹത്തായ പദ്ധതിക്ക് തടസ്സം നിൽക്കുന്നവർ രാജ്യത്തിന്റെ നിയമസംവിധാനത്തെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാലേ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് സധൈര്യം മുന്നോട്ടുപോകാൻ കഴിയൂ. ആവശ്യകത മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികൾക്ക് നിർബന്ധമായും വാക്സിനേഷൻ നൽകണമെന്ന് കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്തു.

അതിനിടെ കോഴിക്കോട് ജില്ലയിൽമാത്രം മീസൽസ്-ഫറുബെല്ല കുത്തിവെപ്പെടുക്കാനുള്ളത് അഞ്ചു ലക്ഷത്തിലധികം കുട്ടികളാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ചവരെ 2,03,856 കുട്ടികൾക്ക് കുത്തിവെപ്പെടുത്തു. കലക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ജില്ല ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കുത്തിവെപ്പ് കാമ്പയിൻ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. . രണ്ടാഴ്ച പൂർത്തിയായ കാമ്പയിൻ ആദ്യഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് ജില്ലയിലെ മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകിയെന്ന് ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തിൽ സ്‌കൂളുകൾ മുഖേന നൽകുന്ന മരുന്നു വിതരണത്തിന്റെ പുരോഗതി ആർ.സി.എച്ച് ഓഫിസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലഫ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ വിശദീകരിച്ചു. ഒക്ടോബർ 19 വരെ 2,03,856 കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ലക്ഷ്യത്തിന്റെ 28 ശതമാനമാണിത്. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെ പ്രായമുള്ള 7,38,694 കുട്ടികളാണ് ജില്ലയിലുള്ളത്. മറ്റുള്ള കുട്ടികൾക്കെല്ലാം അഞ്ചാഴ്ചത്തെ കാമ്പയിൻ തീരുന്നതിനു മുമ്പായി പ്രതിരോധ കുത്തിവെപ്പ് നൽകും. ജില്ലയിലെ 1745 സ്‌കൂളുകൾ വഴിയും 574 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 1510 ഔട്ട്‌റീച്ച് സെഷനുകൾ വഴിയുമാണ് കുത്തിവെപ്പ് നൽകുന്നത്.

കുത്തിവെപ്പ് യജ്ഞത്തിൽ ശരാശരിയിൽ താഴെ നേട്ടം കൈവരിച്ച സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും മാനേജ്‌മെന്റുകളുടെയും പ്രത്യേക അവലോകന യോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം കലക്ടർ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കാനും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് ബ്ലോക്കുതലത്തിലും ജില്ല തലത്തിലും വിദഗ്ധ പാനലുകൾ രൂപവത്കരിക്കാനും ഫോൺ ഇൻ പ്രോഗ്രാം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP