Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെന്മാറയിൽ കൊല്ലപ്പെട്ടത് കൈക്കുഞ്ഞടക്കം ഏഴ് പേർ; കുത്തൊഴുക്കിൽ പെട്ട കാറിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയത് അനേകം പേർക്ക്; അട്ടപ്പാടിയിലും ദുരിത മഴ തുടരുന്നു; പെരുമഴയിൽ വിറങ്ങലിച്ച പാലക്കാടിന് ഇന്നലെ മാത്രം നഷ്ടമായത് പത്ത് ജീവനുകൾ

നെന്മാറയിൽ കൊല്ലപ്പെട്ടത് കൈക്കുഞ്ഞടക്കം ഏഴ് പേർ; കുത്തൊഴുക്കിൽ പെട്ട കാറിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയത് അനേകം പേർക്ക്; അട്ടപ്പാടിയിലും ദുരിത മഴ തുടരുന്നു; പെരുമഴയിൽ വിറങ്ങലിച്ച പാലക്കാടിന് ഇന്നലെ മാത്രം നഷ്ടമായത് പത്ത് ജീവനുകൾ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: കനത്ത മഴ താണ്ഡവമാടുന്ന കാഴ്‌ച്ചയാണ് പാലക്കാട് നിന്നും ദൃശ്യമാവുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു കുടുംബങ്ങളിലായി കൈക്കുഞ്ഞ് ഉൾപ്പടെ ഏഴ് പേരാണ് മരിച്ചത്. ഇതേ കുടുംബങ്ങളിലെ രണ്ട് പേരെ കാണാതായിട്ടുമുണ്ട്.  എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇവർക്കായുള്ള തിരച്ചിൽ താൽകാലികമായി നിറുത്തി വെക്കുകയായിരുന്നു.  നെന്മാറ പോത്തുണ്ടിക്കു സമീപം അളുവശ്ശേരി ചേരുംകാട്ടിൽ ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മക്കളായ ആതിര (24), ആര്യ (17), ആതിരയുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ്, തൊട്ടടുത്ത വീട്ടിലെ പരേതനായ ഉണ്ണിക്കൃഷ്ണന്റെ മക്കളായ അഭിജിത് (25) അനിത (28 ) എന്നിവരാണു മരിച്ചത്. ഗംഗാധരന്റെ മകൻ അരവിന്ദ് (17), മരിച്ച അനിതയുടെ മൂന്നര വയസ്സുള്ള മകൾ ആത്മിക, സമീപവാസി സുന്ദരന്റെ മകൻ സുധിൻ (20) എന്നിവരെ കണ്ടെത്താനാണു തിരച്ചിൽ തുടരുന്നത്.

ഗംഗാധരന്റെ മകൾ അഖില (25),  സമീപവാസികളായ മണികണ്ഠൻ (47), ഭാര്യ സുനിത (37), അമ്മ കല്യാണി (60), മക്കളായ പ്രവീൺ എന്നിവരെ രക്ഷപെടുത്തി. ഇവർക്ക് ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആതനാട് കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. കണ്ണടച്ചു തുറക്കും മുൻപേയായിരുന്നും വീടുകളിലേക്ക് കല്ലും മണ്ണും വെള്ളവും വന്ന് പതിച്ചത്. ഉരുൾപൊട്ടുന്ന ശബ്ദം കേട്ടതോടെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അംബിക, മകൾ അജിത എന്നിവർ മറുവശത്തേക്ക് ഓടിയതിനാൽ അവർ രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടു മണിയോടെ തന്നെ മൃതദേഹങ്ങൾ വീണ്ടെടുത്തു നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ചു.

മണ്ണാർക്കാടിനു സമീപം തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാലിയിൽ പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായിട്ടുണ്ട്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മലയിടിച്ചിൽ മൂലം കുതിരാനിലും അട്ടപ്പാടി ചുരത്തിലും ഗതാഗതം പൂർണമായും നിരോധിച്ചു. പട്ടാമ്പി പാലത്തിലൂടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം പൂർണമായും മുടങ്ങി. സ്വകാര്യ ബസുകളും ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും സർവിസ് അവസാനിപ്പിച്ചു. അണക്കെട്ടുകളിൽ മലമ്പുഴയും വാളയാറും ഷട്ടറുകൾ ഉയർത്തി. തമിഴ്‌നാട്ടിലെ ആളിയാറിൽ നിന്നു വെള്ളം ഇരച്ചെത്തിയതോടെ പാലക്കാട് നഗരത്തിലെ കൽപ്പാത്തി, ശേഖരീപുരം, ഒലവക്കോട് എന്നിവിടങ്ങൾ വെള്ളത്തിനടിയിലായി. കൽപ്പാത്തി പുഴയും നിറഞ്ഞൊഴുകുകയാണ്.


മഴവെള്ളപ്പാച്ചിലിൽ വലഞ്ഞ് അട്ടപ്പാടി

അട്ടപ്പാടിയിൽ ഭവാനിപ്പുഴയിലെ മഴവെള്ളപ്പാച്ചിലിൽ നൂറിലധികം വീടുകൾ മുങ്ങി. താവളത്ത് മുസ്ലിം പള്ളിയിലും കടകളിലും ചെമ്മണൂരിൽ റേഷൻ കടയിലും വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഇന്നലെ രാവിലെ അഞ്ചോടെയാണു ഭവാനിപ്പുഴയിൽ മലവെള്ളം ഇരച്ചെത്തിയത്. തമിഴ്‌നാട്ടിൽ അപ്പർ ഭവാനി ഡാം തുറന്നതും സൈലന്റ് വാലി, കരുവാര, ചിണ്ടക്കി മലനിരകളിൽ ഉരുൾപൊട്ടിയതുമാണു നീരൊഴുക്ക് കൂടാൻ കാരണമായത്. ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.

കക്കുംപടിക്കും താവളത്തിനുമിടയിൽ പ്രധാന റോഡിൽ പലയിടത്തും ഒരാൾപൊക്കത്തിൽ വെള്ളം കയറി. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി.കൽക്കണ്ടിയിൽ പ്രധാന റോഡരികിലെ ഷോപ്പിങ് ക്ലോംപ്ലംക്‌സിലേക്കു മണ്ണിടിഞ്ഞു വീണ് രണ്ടു കടമുറികൾ തകർന്നു. പൊട്ടിക്കൽ, താഴെ കക്കുപടിയിൽ, താമിച്ചോട്, കരുവാര ഊരുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.പാക്കുളത്ത് പ്രധാന പാത ഇടിഞ്ഞു. 15 കിലോ മീറ്ററിനുള്ളിൽ കൃഷി വെള്ളത്തിനടിയിലായി. പുതൂർ പഞ്ചായത്തിലെ വനത്തിനകത്തെ ഗോത്രവർഗ ഊരുകൾ ഒറ്റപ്പെട്ടു.

സൈലന്റ് വാലി ദേശീയോദ്യാനത്തിൽ വിവിധഭാഗങ്ങളിൽ ജീവനക്കാർ താമസിക്കുന്ന എട്ടു ക്യാംപ് ഷെഡുകൾക്കു മുകളിൽ മണ്ണിടിഞ്ഞുവീണു. പൊതുവാപ്പാടത്തുള്ള ഷെഡിനു മുകളിൽ പുലർച്ചെ അഞ്ചരയോടെ മണ്ണിടിഞ്ഞു വീണെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു ജീവനക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.പദ്ധതിപ്രദേശത്ത് മഴക്കാടുകളിൽ ഉൾപ്പെടെ 12 ക്യാംപുകളുണ്ട്. ഓരോ ക്യാമ്പുകളിലും ഒൻപത് ജീവനക്കാർ വീതമുണ്ടെന്നാണ് വിവരം.


ഒഴുക്കിൽപെട്ട കാറിൽ നിന്നും അത്ഭുതകരമായി മടങ്ങി വരവ്

ശേഖരീപുരം തോടിനു കുറുകെയുള്ള പാലത്തിലെ കുത്തൊഴുക്കിൽപ്പെട്ട കാറിൽ നിന്നു മൂന്നു പേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ആലത്തൂർ കുനിശ്ശേരി പാറക്കുളം രാജഗോപാലൻ (76), ഭാര്യ രാജലക്ഷ്മി (68), ഡ്രൈവർ കണ്ണാടി പൊക്കാട്ട് പാണ്ടിയോട് ദിവാകരൻ (50) എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണു സംഭവം. ബെംഗളൂരുവിൽ നിന്നെത്തിയ രാജഗോപാലനും ഭാര്യ രാജലക്ഷ്മിയും കൽപാത്തിയിലെ ബന്ധു വീട്ടിലെത്തി തിരിച്ചുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

പാലത്തിലെ വെള്ളക്കെട്ടു കണ്ടു സാഹസികമായി മുന്നോട്ടെടുത്തതാണു കാർ അപകടത്തിൽപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒഴുക്കിൽപ്പെട്ട കാറിൽ നിന്നു ഡ്രൈവർ രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാരുടെ കൃത്യമായ ഇടപെടലാണു ദമ്പതികളെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്കു സസ്‌പെൻഡ് ചെയ്യണമെന്നു പൊലീസ് ആർടി അധികൃതരോടു നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP