Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന വ്യാപകമായി സ്വാശ്രയ കോളേജുകളിൽ സംഘർഷം; അച്ചടക്ക നടപടി പേടിച്ച് ഇതുവരെ മിണ്ടാതിരുന്ന വിദ്യാർത്ഥികൾ രംഗത്തിറങ്ങി; സംഘർഷം ഒഴിവാക്കാൻ അവധി നൽകി മിക്ക കോളേജുകളും; ഓബുഡ്‌സ്മാൻ നിയമനത്തിൽ അതൃപ്തരായ മാനേജ്‌മെന്റുകളും രണ്ടും കൽപ്പിച്ച്; ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ മാറിയതോടെ കടുത്ത നിലപാടിലേക്ക് നീങ്ങാൻ ഉറച്ച് സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളും

സംസ്ഥാന വ്യാപകമായി സ്വാശ്രയ കോളേജുകളിൽ സംഘർഷം; അച്ചടക്ക നടപടി പേടിച്ച് ഇതുവരെ മിണ്ടാതിരുന്ന വിദ്യാർത്ഥികൾ രംഗത്തിറങ്ങി; സംഘർഷം ഒഴിവാക്കാൻ അവധി നൽകി മിക്ക കോളേജുകളും; ഓബുഡ്‌സ്മാൻ നിയമനത്തിൽ അതൃപ്തരായ മാനേജ്‌മെന്റുകളും രണ്ടും കൽപ്പിച്ച്; ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ മാറിയതോടെ കടുത്ത നിലപാടിലേക്ക് നീങ്ങാൻ ഉറച്ച് സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : തൃശൂർ പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിൽ ജിഷ്ണു പ്രണോയ്് മരിക്കുമ്പോൾ ആരും ഇത്രയും മാറ്റം പ്രതീക്ഷിച്ചില്ല. ജിഷ്ണുവിന്റെ മരണം തുടക്കത്തിൽ വാർത്തയാക്കിയത് മറുനാടനും ചില ഓൺലൈൻ മാദ്ധ്യമങ്ങളുമാണ്. സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തതോടെ മറ്റ് മാദ്ധ്യമങ്ങളും പാമ്പാടിയിൽ എത്തി. പിന്നെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി. പാമ്പാടിയിലെ കുട്ടികൾ അവരുടെ ദുരിതങ്ങൾ പുറത്തുവന്നു. ലേഡീസ് ഹോസ്റ്റലിൽ പോലും ഭീതി വിതയ്ക്കുന്ന ഷോമാന്മാർ അങ്ങനെ പുറംലോകത്ത് എത്തി. വിദ്യാർത്ഥികളെ ഇടിച്ച് കൊല്ലാകൊല ചെയ്യുന്ന ഇടിമുറിയും ചർച്ചയായി. ഇതിനിടെയാണ് ഇതൊക്കെ സ്വാശ്രയ കോളേജുകളിലെ പൊതുചിത്രമാണെന്ന വാദം ഉയരുന്നത്. ഇത് ശരിവച്ച് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾ തെരുവിലിറങ്ങി.

സ്വാശ്രയ മാനേജ്‌മെന്റിന്റെ ഇടിയും പിഴയും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ജിഷ്ണുവിന്റെ മരണം എത്തിയതോടെ ഈ കുട്ടികൾ തെരുവിലെത്തി. കേരളത്തിലുടനീളം കോളേജുകളിൽ പ്രതിഷേധം ആർത്തിരമ്പി. എസ് എഫ് ഐയും കെ എസ് യുവും ഈ കോളേജുകളിൽ സജീവമായി. എബിവിപിയും വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. അങ്ങനെ ഇതുവരെ പുറത്തുവരാത്ത പീഡന കഥകളുമായി വിദ്യാർത്ഥികൾ തെരുവിലെത്തി. മനുഷ്യാവകാശ ലംഘനങ്ങളുടെ വിദ്യാഭ്യാസ കഥകൾ ചർച്ചയായി. ഇതോടെയാണ് സർക്കാരും കുടത്ത തീരുമാനത്തിന് എത്തിയത്.

പമ്പാടിയിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ വീട്ടിൽ ആശ്വാസ വചനവുമായെത്താൻ മന്ത്രിമാർക്ക് സമയം കിട്ടിയില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം വിഷയം മന്ത്രിസഭ പരിശോധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളുടെ പ്രവർത്തനം പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സമിതിയുടെ ഏകോപനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനായിരിക്കും. പാമ്പാടി നെഹ്റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങൾ മാറി മറിയുകയാണ്. ഇനി എല്ലാത്തിനും ഒരു വ്യവസ്ഥ വരും. പരാതിപ്പെടാൻ കൃത്യമായ സംവിധാനവും എത്തുന്നു.

സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർത്ഥികളുടെ പരാതികൾക്കു പരിഹാരം കാണുന്നതിന് ഓംബുഡ്‌സ്മാനെ നിയമിക്കാൻ സർവകലാശാലയും തീരുമാനമെടുത്തു. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനീയറിങ് കോളജുകളിലും പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അഫിലിയേഷനുള്ള പരിശോധനയുടെ മാതൃകയിലായിരിക്കും ഇത്. പാമ്പാടിയിൽ മാത്രമുയർന്ന പ്രതിഷേധങ്ങളുടെ ഫലമല്ലായിരുന്നു ഇത്. കേരളത്തിലെ സർവ്വകലാശാലകളുടെ പൊതു ചിത്രമായി പാമ്പാടിയിലെ വിഷയം മാറിയതിന്റെ ഫലമായിരുന്നു ഇത്. നിയന്ത്രണങ്ങളെ മാനേജ്‌മെന്റ് അസോസിയേഷന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഓബുഡ്‌സ്മാനെ കുറിച്ചോർത്താണ് ആവരുടെ ആധി. കേരള സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള 120 കോളജുകൾ പ്രതിഷേധത്തിലാണ്.

വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസും തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജും അടിച്ചുതകർത്ത സംഭവത്തിൽ അവരും പ്രതിഷേധിക്കുന്നു. ഇന്ന് ആരും കോളേജ് തുറക്കില്ല. അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള എംബിഎ, എംസിഎ കോളജുകളും അടച്ചിടും. സംസ്ഥാനത്തെ 158 എൻജിനീയറിങ് കോളജുകളിൽ 120 എണ്ണവും അസോസിയേഷനു കീഴിലാണ്. പക്ഷേ ചെറിയ പ്രതിഷേധം കൊണ്ട് കാര്യമില്ലെന്ന് അവർക്ക് അറിയാം. എങ്ങനേയും ഓബുഡ്‌സ്മാൻ നിയമനത്തെ അട്ടിമറിക്കാനാണ് ഇനി ശ്രമിക്കുക.

തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ പ്രശ്‌നം അതീവ ഗൗരവത്തോടെയാണു മന്ത്രിസഭ ഇന്നലെ പരിഗണിച്ചത്. ജിഷ്ണു പ്രണോയിയുടെ ജീവൻ നഷ്ടപ്പെട്ടതു പോലുള്ള പ്രശ്‌നങ്ങൾ ഇനി ആവർത്തിക്കരുതെന്ന പൊതുവികാരം യോഗത്തിൽ ഉണ്ടായി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയ എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന കാര്യം മന്ത്രിമാരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അങ്ങനെ ചെമ്പേരിയിലെ വിമൽ ജ്യോതി കോളേജും സർക്കാരിന്റെ കണ്ണിലെ കരടായി. വെള്ളാപ്പള്ളി കോളേജും തൃശൂരിലെ മദർ കോളേജുമെല്ലാം പിരശോധനകൾക്ക് വിധേയമാകും.

സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽവരുന്ന സ്വാശ്രയ കോളജുകളുടെ വിദ്യാഭ്യാസപരവും ഭൗതികവുമായ സാഹചര്യങ്ങൾ പരിശോധിച്ചു പ്രശ്‌നങ്ങൾ കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിക്കാനാണു മന്ത്രിസഭാ തീരുമാനം. കുട്ടികളുടെ പഠനം, പഠനേതര പ്രവർത്തനങ്ങൾ, താമസസൗകര്യം തുടങ്ങിയവ പ്രത്യേകം പരിശോധിക്കും. അക്കാദമിക് കാര്യങ്ങളിൽ കോളജ് എത്രമാത്രം ശ്രദ്ധിക്കുന്നു, പരീക്ഷാ നടത്തിപ്പ്, ഇന്റേണൽ അസെസ്‌മെന്റ് എന്നിവയും വിലയിരുത്തും. എഐസിടിഇയുടെ 2012ലെ പരാതി പരിഹാര ചട്ടങ്ങൾ അനുസരിച്ചാണ് ഓംബുഡ്‌സ്മാനെ നിയമിക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത്.

സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനീയറിങ്, എംബിഎ, എംസിഎ, ആർക്കിടെക്ചർ കോളജുകളിലെയും വിദ്യാർത്ഥികൾക്ക് ഓംബുഡ്‌സ്മാനു പരാതി നൽകാം. ആദ്യം കോളജ് തലത്തിലുള്ള പരാതിപരിഹാര സംവിധാനത്തിൽ പരാതിപ്പെടുകയും എന്നിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കിൽ മാത്രം ഓംബുഡ്‌സ്മാനെ സമീപിക്കുകയും വേണം. സർക്കാർ, എയ്ഡഡ് കോളജ് വിദ്യാർത്ഥികൾക്കും പരാതി നൽകാം. ജില്ലാ ജഡ്ജിയിൽ കുറയാത്ത പദവിയിലുള്ളയാളായിരിക്കും ഏകംഗ ഓംബുഡ്‌സ്മാൻ. സർവകലാശാലയ്ക്കു കീഴിൽ 212 കോളജുകളാണുള്ളത്. എഐസിടിഇ മാനദണ്ഡം അനുസരിച്ചു നിയോഗിക്കുന്ന സമിതിയെയാണു വിവിധ എൻജിനീയറിങ് കോളജുകളിലെ വിശദ പരിശോധനയ്ക്കായി സാങ്കേതിക സർവകലാശാല അയയ്ക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP