Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനംതിട്ടയിലെ വീട്ടമ്മയ്ക്ക് എടിഎമ്മിൽ നിന്നു കിട്ടിയതു കുത്തിവരച്ച പുതിയ 2000 രൂപ നോട്ട്; വച്ചതു ഞങ്ങളല്ലെന്നു പറഞ്ഞു ബാങ്കുകാർ കൈമലർത്തി; എന്തു ചെയ്യണം എന്നറിയാതെ പണം പോയ വീട്ടമ്മ

പത്തനംതിട്ടയിലെ വീട്ടമ്മയ്ക്ക് എടിഎമ്മിൽ നിന്നു കിട്ടിയതു കുത്തിവരച്ച പുതിയ 2000 രൂപ നോട്ട്; വച്ചതു ഞങ്ങളല്ലെന്നു പറഞ്ഞു ബാങ്കുകാർ കൈമലർത്തി; എന്തു ചെയ്യണം എന്നറിയാതെ പണം പോയ വീട്ടമ്മ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുതിയ 500, 2000 രൂപ നോട്ടുകളുടെ വാട്ടർമാർക്കിൽ കുത്തിവരയോ എഴുത്തോ വന്നാൽ അത് അസാധുവാകുമെന്ന ഓൺലൈൻ പ്രചാരണം നിലനിൽക്കേ എടിഎമ്മിൽ നിന്ന് ഇത്തരത്തിലുള്ള നോട്ട് കിട്ടിയ വീട്ടമ്മ വെട്ടിലായി. നോട്ട് തങ്ങൾ വച്ചതല്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ കൈമലർത്തുമ്പോൾ തനിക്ക് ഇത് എടിഎമ്മിൽ നിന്ന് തന്നെ കിട്ടിയതാണ് എന്ന നിലപാടിലാണ് വീട്ടമ്മ.

ഓൺലൈൻ പ്രചാരണം മാർഗരേഖയാക്കി ഈ നോട്ട് മാറി നൽകാനും ബാങ്ക് അധികൃതർ തയാറായില്ല. പത്തനംതിട്ട ജനറൽ ആശുപത്രി റോഡിലെ എസ്‌ബിഐ ശാഖയോട് ചേർന്ന് പ്രവർത്തിക്കുന്ന എടിഎമ്മിൽ നിന്നാണ് വെട്ടിപ്പുറം സ്വദേശിനിക്ക് കുത്തിവരച്ച 2000 രൂപ ലഭിച്ചത്. കഴിഞ്ഞ 30 ന് വൈകിട്ട് നാലിനാണ് വീട്ടമ്മ നോട്ട് പിൻവലിച്ചത്.

പുതിയ 500, 2000 രൂപ നോട്ടുകളുടെ വാട്ടർമാർക്കിൽ കുത്തിവരച്ചാൽ ഇത് അസാധുവാകുമെന്ന് സോഷ്യൽ മീഡിയകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും പ്രചാരണമുണ്ടായിരുന്നു. ഇതു കാരണം ആശങ്കയിലായ വീട്ടമ്മ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ 29, 30 തീയതികളിൽ തങ്ങൾ പണം എടിഎമ്മിൽ വച്ചില്ലെന്നായിരുന്നു വിശദീകരണം. പണം പിൻവലിച്ചതിന്റെ സ്ലിപ് വീട്ടമ്മ കാണിച്ചെങ്കിലും അംഗീകരിക്കാൻ അവർ തയാറായില്ല. ഇതോടെ അസാധുവായ നോട്ടുമായി വീട്ടമ്മ മടങ്ങുകയായിരുന്നു. ക്ലീൻ നോട്ട് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് റിസർവ് ബാങ്ക് കറൻസി നോട്ടുകളിൽ എഴുതുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, ഇങ്ങനെ എഴുതിയാൽ തന്നെ നോട്ടു വാങ്ങാതിരിക്കരുതെന്ന് ആർബിഐ നിർദ്ദേശം നൽകിയിട്ടുമില്ല.

1999 ലാണ് ആർബിഐ ക്ലീൻ നോട്ട് നയം പുറത്തിറക്കിയത്. നോട്ടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ചില നിർദേശങ്ങളാണ് ഇതിൽ പറഞ്ഞിരുന്നത്. നോട്ടിൽ എഴുതരുത് എന്നതായിരുന്നു ഇതിലൊന്ന്. ഇത്തരത്തിൽ എഴുതപ്പെട്ടതും മോശമായതുമായ നോട്ടുകാർ ആർബിഐ മുഖേനെ മാറ്റി പുതിയ നോട്ട് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സാധാരണക്കാർക്ക് പണം നൽകുമ്പോൾ പുതിയ നോട്ടുകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും ആർ.ബി.ഐ നിർദേശിച്ചിരുന്നു. ഇതല്ലാതെ നിലവിൽ ആർബിഐ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം മൂലമാണ് കുത്തിവരച്ച നോട്ട് ബാങ്ക് അധികൃതർ പോലും എടുക്കാതിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP