Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതുവിന് ആശ്വാസമായി കൺമണികൾ നാല്; ഇറാഖിലെ ബോംബിൽനിന്നും കലാപകാരികളിൽ നിന്നും രക്ഷപ്പെട്ടെത്തിയ നേഴ്‌സിന് അത്യപൂർവ്വ ഭാഗ്യം

നീതുവിന് ആശ്വാസമായി കൺമണികൾ നാല്; ഇറാഖിലെ ബോംബിൽനിന്നും കലാപകാരികളിൽ നിന്നും രക്ഷപ്പെട്ടെത്തിയ നേഴ്‌സിന് അത്യപൂർവ്വ ഭാഗ്യം

ആലപ്പുഴ : ഇറാഖിലെ സംഘർഷഭൂമിയിൽനിന്നും കലാപകാരികളുടെ കൈയിൽനിന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ നീതുവിന് ആശ്വാസമായി കടിഞ്ഞൂൽ പ്രസവത്തിൽ നാലു കൺമണികൾ. രണ്ടാണും രണ്ടുപെണ്ണും.

കരുവാറ്റ ഷാജി ബിൽഡിംഗിൽ ഷാജുവിന്റെ ഭാര്യ നീതു (28) ആണ് നാലു കൺമണികൾക്ക് ജന്മം നൽകിയത്. കായംകുളം എബനേസർ ആശുപത്രിയിൽ ഇന്നലെ 9.30 ന് ഡോ: ജെയിംസും സംഘവുമാണ് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തത്. ഒന്നരകിലോ, ഒന്ന് എഴുന്നൂറ്, ഒന്ന് മൂന്നൂറ്, ഒരു കിലോഗ്രാം എന്നിങ്ങനെയാണ് ഓരോ കുഞ്ഞുങ്ങളുടെയും തൂക്കം. ഒരു കിലോ തൂക്കമുള്ള നാലാമത്തെ കുട്ടിയെ ശ്വാസംമുട്ടലും മറ്റും കാരണം കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലെ ഇൻക്യൂബേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ദ്ധചികിൽസാർത്ഥം ആശുപത്രിയിൽ അഡ്‌മിറ്റായത്.അതികഠിനമായ വേദനയെതുടർന്ന് ഇന്നലെ രാവിലെ നീതുവിനെ തിയേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉടൻതന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. നാലുകുട്ടികൾക്കാണ് നീതു ജന്മം നൽകുന്നതെന്നും നേരത്തെ നടത്തിയ ചികിത്സയ്ക്കിടയിൽ ഡോക്ടർ പറഞ്ഞതായി നീതുവിന്റെ ഭർത്താവ് സാജു പറഞ്ഞു.

രണ്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം നീതു ഇറാഖിലെ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.സംഘർഷഭൂമിയായ ഇറാഖിൽ ഏതുസമയവും ആക്രമണം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമായിരുന്നു. ഒടുവിൽ ഭയപ്പെട്ടിരുന്നതുതന്നെ സംഭവിച്ചു. നീതു ജോലി ചെയ്തിരുന്നു ആശുപത്രിക്കുനേരെയും കലാപകാരികൾ ബോംബ് വർഷിച്ചു.

ആശുപത്രിക്കുള്ളിൽപ്പെട്ട നീതുവും സുഹൃത്തുക്കളും ദിവസങ്ങളോളം കലാപകാരികളുടെ നിയന്ത്രണത്തിലായിരുന്നു. ദിവസങ്ങൾക്കുശേഷം കേന്ദ്ര സർക്കാരും കേരള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടാണ് നീതുവിനേയും മറ്റു മലയാളി നേഴ്‌സ്മാരേയും നാട്ടിലെത്തിച്ചത്. ജോലിചെയ്ത ശമ്പളംപോലും വാങ്ങാതെയാണ് ഇറാഖിൽ നിന്നും ഇവർ നാട്ടിലെത്തിയത്. ഭർത്താവായ സാജു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ എമർജൻസി ആംബുലൻസ് നഴ്‌സാണ്. ശസ്ത്രക്രിയയ്ക്കുശേഷം നീതു സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP