Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളാ പൊലീസിൽ 933 ക്രിമിനലുകൾ ജോലിയെടുക്കുന്നു; സസ്‌പെൻഡ് ചെയ്യപ്പെട്ടവർ 2018 പേർ; കൈക്കൂലിക്കേസിൽ പിടിയിലായത് 1016 പേരും; ക്രിമിനലുകളിൽ 16 പേർ ഡിവൈഎസ്‌പിമാർ; 76 സിഐമാരും 62 എസ്‌ഐമാരും ഒരു ഡിഐജിയും

കേരളാ പൊലീസിൽ 933 ക്രിമിനലുകൾ ജോലിയെടുക്കുന്നു; സസ്‌പെൻഡ് ചെയ്യപ്പെട്ടവർ 2018 പേർ; കൈക്കൂലിക്കേസിൽ പിടിയിലായത് 1016 പേരും; ക്രിമിനലുകളിൽ 16 പേർ ഡിവൈഎസ്‌പിമാർ; 76 സിഐമാരും 62 എസ്‌ഐമാരും ഒരു ഡിഐജിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനപൊലീസിൽ വിലസുന്ന ക്രിമിനലുകളുടെ എണ്ണം ആയിരത്തോളമെത്തിയെന്ന് റിപ്പോർട്ട്. കേരള പൊലീസിൽ വർധിച്ചുവരുന്ന ക്രിമിനലിസം തടയാൻ നടപടിയെടുക്കണമെന്നു 2012 ൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും പൊലീസ് ക്രിമിനലുകളുടെ എണ്ണം കൂടിവരുന്നതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടിയുണ്ടായില്ലെങ്കിലും പുതിയ സർക്കാർ വന്നതോടെ ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 933 ഉദ്യോഗസ്ഥർ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുകയാണ്. ഇവർ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ജോലിയിൽ തുടരുന്നതായാണ് റിപ്പോർട്ട്. ഡിഐജി മുതൽ സാധാരണ സിവിൽ പൊലീസ് ഓഫിസർമാർ വരെ ഈ പട്ടികയിലുണ്ട്.

ഭരണമാറ്റത്തെ തുടർന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2010 മുതൽ 2015വരെയുള്ള കാലത്ത് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാരുടെ എണ്ണം 700ൽ താഴെയായിരുന്നു. പിന്നീടുള്ളകാലത്ത് മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതിയാകുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ക്രിമിനൽ കേസുകളിൽപ്പെട്ട ഡിഐജിമാർ രണ്ടുപേരാണ്. 16 പേർ ഡിവൈഎസ്‌പിമാരാണ്. 76 സിഐമാരും 62 എസ്‌ഐമാരും 82 എഎസ്‌ഐമാരും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥർവരെ ക്രിമിനലുകളായി മാറിയതോടെ പൊലീസ് സേനയ്ക്കുതന്നെ അപമാനമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ 675 പേരാണ് കേസുകളിൽ വിചാരണ നേരിടുന്നത്.

ഇതിൽ 73 പേർ സദാചാര വിരുദ്ധപ്രവർത്തനം, 16 പേർ ലോക്കപ്പ് മർദ്ദനം, 22 പേർ കസ്റ്റഡി പീഡനം, കള്ളക്കേസിൽ കുടുക്കൽ എന്നിവയാണ് സിവിൽ പൊലീസ് ഓഫിസർമാർക്കെതിരേയുള്ള പ്രധാന പരാതികൾ. സദാചാര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടികൾ നേരിട്ട 176 പേർ ഇപ്പോൾ പൊലീസ് സേനയിലുണ്ട്.വിവിധ കുറ്റങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 2018 പേർ സേനയിൽ ഇപ്പോഴും സേവനം തുടരുന്നതായി കണക്കുകൾ പറയുന്നു. കൈക്കൂലിക്ക് പിടിയിലായ 1,016 പൊലീസുകാരും സർവീസിൽ തുടരുന്നു.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരിക്കെ നിരവധി ആരോപണങ്ങൾ നേരിട്ട സലീംരാജുൾപ്പെടെയുള്ളവരുടെ പട്ടികയാണ് ഇപ്പോൾ അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്. കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വർധിക്കുന്നത് ക്രമസമാധാന പാലന രംഗത്ത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

മാഫിയകളുമായി സജീവബന്ധം പുലർത്തുന്ന ആയിരത്തിലേറെ പൊലീസുകാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പൊലീസുകാരെ കണ്ടെത്താൻ ഇടത് മന്ത്രിസഭ അധികാരത്തിൽ വന്നതിനുശേഷം പ്രത്യേക സർവേ ആരംഭിച്ചതോടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം മുൻ ഇടതു സർക്കാരുകളുടെ കാലത്തും ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേർ സേനയിൽ കടന്നുകൂടിയിട്ടുമുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ളവർ 1973 മുതലാണു സേനയിൽ പ്രവേശിക്കാൻ തുടങ്ങിയതെന്ന് ജയിൽ എഡിജിപിയായിരുന്ന കാലത്ത് അലക്‌സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്തരക്കാർ പൊലീസിനെത്തിയതിനുപിന്നിൽ മന്ത്രിമാർക്കും പങ്കുണ്ടെന്നും ഇവരുടെ ബന്ധുക്കളാണ് അനധികൃതമായി സേനയിൽ പ്രവേശിക്കപ്പെട്ടവരിൽ മിക്കവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ രണ്ടു ക്രിമിനൽ കേസുകളിലും ഒരു വിജിലൻസ് കേസിലും പ്രതിയായയാളെ എടുക്കാൻ പറ്റില്ലെന്നു താൻ പറഞ്ഞെങ്കിലും കോടതി നിർദേശ പ്രകാരം സർവീസിലെത്തിയ ഇയാൾ സർക്കിൾ ഇൻസ്‌പെക്ടർവരെ ആയെന്നകാര്യവും അലക്‌സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയിരുന്നു.

ക്രിമിനൽ കേസിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളിൽനിന്നു മാറ്റിനിർത്തണമെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം വരുംനാളുകളിൽ സേനയ്ക്കുള്ളിൽ നടപ്പാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനമെന്നാണ് സൂചന. ഡിജിപി ലോക്‌നാഥ് ബെഹ്‌റതന്നെ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകൾ. എന്നാൽ, സേനയിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന വാദമുയർത്തിയാണ് പലപ്പോഴും ക്രിമിൽ പശ്ചാത്തലം വെളിപ്പെടുകയോ കേസിൽ പ്രതിയാകുകയോ ചെയ്താലും മിക്കവരേയും സേനയിൽ നിലനിർത്തുന്നതെന്നാണ് സൂചനകൾ. എൽഡിഎഫ് വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇവർക്കെതിരെ നടപടി സ്വീകരിച്ചേക്കില്ലെന്ന ചർച്ചകൾ ഇപ്പോൾത്തന്നെ സേനയിൽ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് അനുകൂലികളായ ഉദ്യോഗസ്ഥരെ അപ്രധാന പദവികളിൽ നിയോഗിച്ചുകൊണ്ട് സേനയിൽ ഉടച്ചുവാർക്കലും ഉടൻ ഉണ്ടായേക്കും. ഏറ്റവും കൂടുതൽ ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥർ ഉള്ളതുകൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വയനാട്ടിലും പത്തനംതിട്ടയിലും. 2014ലെ കണക്കുകൾ പ്രകാരം ക്രിമിനൽ കേസുകളിൽ പെട്ട 125 പേർ തിരുവനന്തപുരത്ത് സേനയിൽ തുടരുന്നതായാണ് കണ്ടെത്തിയിരുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP