Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദനക്കുറിയണിഞ്ഞ് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ബാലികയെ മദ്രസയിൽ നിന്ന് പുറത്താക്കി; മതനിന്ദയെന്ന പേരിൽ വിലക്ക് നേരിട്ടത് സാഹിത്യകാരൻ കൂടിയായ ഉമ്മർ മലയിലിന്റെ മകൾ ഹെന്നയ്ക്ക്; പഠനത്തോടൊപ്പം കലയിലും ശോഭിക്കുന്ന പെൺകുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കുന്നത് ഷോർട് ഫിലിമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ; നിലവിളക്കും ഹൈന്ദവകലകളും നിഷിദ്ധമെന്ന് അടിക്കടി 'ഉദ്‌ബോധിപ്പിക്കുന്ന' മുസ്‌ളീം പ്രഭാഷകരുടെ ആഹ്വാനത്തിന് ഇരയായി ഒരു കൊച്ചുമിടുക്കി

ചന്ദനക്കുറിയണിഞ്ഞ് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ബാലികയെ മദ്രസയിൽ നിന്ന് പുറത്താക്കി; മതനിന്ദയെന്ന പേരിൽ വിലക്ക് നേരിട്ടത് സാഹിത്യകാരൻ കൂടിയായ ഉമ്മർ മലയിലിന്റെ മകൾ ഹെന്നയ്ക്ക്; പഠനത്തോടൊപ്പം കലയിലും ശോഭിക്കുന്ന പെൺകുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കുന്നത് ഷോർട് ഫിലിമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ; നിലവിളക്കും ഹൈന്ദവകലകളും നിഷിദ്ധമെന്ന് അടിക്കടി 'ഉദ്‌ബോധിപ്പിക്കുന്ന' മുസ്‌ളീം പ്രഭാഷകരുടെ ആഹ്വാനത്തിന് ഇരയായി ഒരു കൊച്ചുമിടുക്കി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പൊട്ടുതൊട്ട് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് മദ്രസയിൽനിന്ന് കുട്ടിയെ പുറത്താക്കിയത് ചർച്ചയാകുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉമ്മർ മലയിലിന്റെ മകളായ ഹെന്ന മലയിൽ എന്ന കൊച്ചുകുട്ടിയെ ഒരു ഷോർട് ഫിലിമിൽ ചന്ദനക്കുറി അണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ പുറത്താക്കുകയായിരുന്നു.

പഠനത്തോടൊപ്പം കലയിലും മിടുക്കുകാണിക്കുന്ന കുട്ടിയാണ് ഹെന്ന. പൊട്ടുതൊടലും നിലവിളക്ക് കൊളുത്തലും തട്ടം അണിയാത്തതുമെല്ലാം മതനിന്ദയാണെന്ന ഫത്വകൾ പല മുസ്‌ളീം പ്രഭാഷകരും പുറപ്പെടുവിക്കാറുണ്ട്. അടുത്തിടെയും ഇത്തരത്തിൽ നിരവധി പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വരികയും അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തന്നെയാണ് ഇപ്പോൾ ഹെന്നയ്‌ക്കെതിരെയും മദ്രസയിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവവും ചർച്ചയാകുന്നത്. ഹൈന്ദവ ക്ഷേത്രകലകൾ എന്ന നിലയിൽ പരിഗണിച്ച് കഥകളിയും ഭരതനാട്യവുമൊക്കെ പഠിക്കുന്ന മുസ്‌ളീം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിലക്കേർപ്പെടുത്തുന്ന സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുമുണ്ട്.

സമാനമായ രീതിയിലാണ് ഇപ്പോൾ പഠനത്തോടൊപ്പം കലയിലും മിടുക്കു കാണിക്കുന്ന ഹെന്ന മലയലിനെ മദ്രസയിൽനിന്ന് പുറത്താക്കിയത്. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ഉമ്മർ മകളെ കലാ രംഗത്ത് പ്രോത്സാഹിപ്പിക്കാറുണ്ട്. സ്‌കൂൾ കലോത്സവത്തിൽ ജില്ലാതലത്തിൽ വരെ സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. പാട്ടിലും പ്രസംഗത്തിലും അഭിനയത്തിലുമൊക്കെ മികവുകാട്ടിയ കൊച്ചുമിടുക്കി.

പൊതു പഠനത്തിലും മദ്രസയിലെ പഠനത്തിലും അതേപോലെ തന്നെ ശോഭിക്കുന്നുമുണ്ട്. മദ്രസ പൊതു പരീക്ഷയിൽ കഴിഞ്ഞ വർഷം അഞ്ചാം റാങ്കുകാരിയുമാണ് ഹെന്ന. എന്നാൽ അതൊന്നും പരിഗണിക്കാതെ ഒരു ഷോർട് ഫിലിമിൽ ചന്ദനക്കുറി അണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ ഈ കുഞ്ഞിനെ മദ്രസയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

പട്ടാമ്പി-ചെർപ്പുളശേരി റൂട്ടിലെ മേലെ പൊട്ടച്ചിറയിലാണ് മദ്രസ. പെരുന്നാൾ സമയത്ത് മകൾ ഒരു ഷോർ്ട്ട് ഫിലിമിന്റെ ആദ്യ ഷെഡ്യൂളിൽ അഭിനയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തെത്തി. ഇതു കണ്ട് മദ്രസയുമായി ബന്ധപ്പെട്ടവർ വീട്ടിലെത്തി. ഇത് ശരിയല്ലെന്നും മകളെ ഷോർട്ട് ഫിലിമിൽ അയച്ചാൽ ്മദ്രസയിൽ പഠനം തുടരാൻ സാധിക്കില്ലെന്നും പറഞ്ഞു. ഉസ്താദിനെ നേരിൽക്കണ്ട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ മകളെ ഇനി മദ്രസയിലേക്ക് അയക്കേണ്ടെന്ന് പറയുകയായിരുന്നു.

എന്നാൽ മകനെയും മകളെയും മറ്റൊരു മദ്രസയിൽ കഴിഞ്ഞദിവസം ഉമ്മർ ചേർക്കുകയും ചെയ്തു. മദ്രസക്കാരുടെ തീവ്രനിലപാടാണ് പ്രശ്നത്തിന് പിന്നിലെന്നാണ് ഉമ്മർ പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതോടെ ഒപ്പമുണ്ടായവർ പോലും കൈയൊഴിഞ്ഞ അവസ്ഥയിലാണ് ഉമ്മറെന്ന് ഇദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവർ മറുനാടനോട് പറഞ്ഞു. ഇപ്പോൾ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് ഉമ്മറും വ്യക്തമാക്കി. സമുദായത്തിനു നേരെയുള്ള പോരാട്ടമെന്ന പേരിൽ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഉമ്മർ പറഞ്ഞു. സമുദായത്തിൽ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് അടുപ്പമുള്ളവർ പോലും പറയുന്നതായും ഉമ്മർ പറഞ്ഞു.

യാദൃച്ഛികമായി ലഭിച്ചതായിരുന്നു ഷോർട് ഫിലിമിൽ അഭിനയിക്കാനുള്ള അവസരം. ചിത്രത്തിൽ കഥാപാത്രം പൊട്ടുതൊട്ടിട്ടായിരുന്നു. ചന്ദനക്കുറിയണിഞ്ഞ ഒരു ഹൈന്ദവ ബാലികയുടെ വേഷം. അതോടെ ഹെന്നയെ മദ്രസയിൽനിന്ന് പുറത്താക്കി. മകളെ പുറത്താക്കിയ വിവരം ഉമ്മർ മലയിൽ തന്നെ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം സംഭവങ്ങളെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.

'ഒരു പൊട്ടുതൊട്ട് അഭിനയിച്ചു.. അയ്‌നാണ്' എന്ന് ഫീലിങ് ടൈറ്റിൽ നൽകിയാണ് ഉമ്മർ മലയിലിന്റെ പോസ്റ്റ്. മകളെ പുറത്താക്കിയ സംഭവം വിവരിച്ച് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് 'കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്ത് ഭാഗ്യം'. കലയും നൃത്തവുമെല്ലാം ഇസ്ലാമിന് ഹറാമാണെന്നും സ്ത്രീകൾ ജോലിക്കുപോകുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നതുമടക്കം ചില തീവ്ര ഇസ്ലാം മത പ്രഭാഷകരുടെ വാക്കുകൾ അടുത്തിടെ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൊച്ചുപെൺകുട്ടിയെ ചന്ദനപ്പൊട്ടണിഞ്ഞ് അഭിനയിച്ചതിന് മദ്രസയിൽ വിലക്കേർപ്പെടുത്തുന്നത്.

ഉമ്മറിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

Ummer Malayil is feeling ഒരു പൊട്ടു തൊട്ട അഭിനയിച്ചു. അയ്‌നാണ്.

മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ). പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ. കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു.
കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP