Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മാമ്മയുടെ മയ്യത്ത് നിസ്‌ക്കാരം നടക്കവേ മറ്റുള്ളവർ അന്ത്യകർമ്മം നിർവ്വഹിക്കുമ്പോൾ ദുഃഖത്തോടെ പുറത്ത് കഴിയേണ്ടി വന്നു; വിശ്വാസത്തിന്റെ കാര്യത്തിൽ തിരുത്തേണ്ടത് കടകംപള്ളിയെ അല്ല; കമ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടണമെങ്കിൽ നയപരമായ ഈ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കണം: അബ്ദുള്ളക്കുട്ടിക്ക് പറയാനുള്ളത്

ഉമ്മാമ്മയുടെ മയ്യത്ത് നിസ്‌ക്കാരം നടക്കവേ മറ്റുള്ളവർ അന്ത്യകർമ്മം നിർവ്വഹിക്കുമ്പോൾ ദുഃഖത്തോടെ പുറത്ത് കഴിയേണ്ടി വന്നു; വിശ്വാസത്തിന്റെ കാര്യത്തിൽ തിരുത്തേണ്ടത് കടകംപള്ളിയെ അല്ല; കമ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടണമെങ്കിൽ നയപരമായ ഈ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കണം: അബ്ദുള്ളക്കുട്ടിക്ക് പറയാനുള്ളത്

രഞ്ജിത് ബാബു

കണ്ണൂർ: ഉമ്മാമ്മയുടെ മയ്യത്ത് നിസ്‌ക്കാരം പാർട്ടിക്കു വേണ്ടി ഉപേക്ഷിച്ച പഴയ സഖാവെന്ന നിലയിൽ ഹൈദരബാദ് പാർട്ടി കോൺഗ്രസ്സിൽ മതവിശ്വാസവും ഭൗതികവാദവും തമ്മിലുള്ള പ്രതിസന്ധി സിപിഐ.(എം.) ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്സ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. വിശ്വാസത്തിന്റെ കാര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ല തിരുത്തേണ്ടതെന്നും പാർട്ടിയുടെ പരസ്പര ബന്ധമില്ലാത്ത നയങ്ങളാണ് പൊളിച്ചെഴുതേണ്ടതെന്നും മുൻ. സിപിഐ.(എം.) എംപി. കൂടിയായിരുന്ന അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഉമ്മാമ്മയുടെ മയ്യത്ത് നിസ്‌ക്കാരം നടക്കവേ മറ്റുള്ളവർ അന്ത്യകർമ്മം നിർവ്വഹിക്കുമ്പോൾ ദുഃഖത്തോടെ പുറത്ത് കഴിയേണ്ട അവസ്ഥയിലാണ് സിപിഐ.(എം.) അംഗമായിരിക്കുമ്പോൾ തനിക്കുണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തന്നെപ്പോലെ എത്രയോ സഖാക്കൾക്ക് അച്ഛനമ്മമാരുടേയും ബന്ധുക്കളുടേയും അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാനുള്ള അവസരങ്ങൾ പാർട്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടണമെങ്കിൽ നയപരമായ ഈ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കണം.

കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുമ്പോൾ മാർക്സിസം-ലെനിനിസം അടിസ്ഥാനത്തിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിലൂന്നി പ്രവർത്തിക്കുമെന്ന് പ്രതിഞ്ജ എടുക്കണം. ഈ നയം തിരുത്തുകയാണ് വേണ്ടതെന്ന് പഴയ സഖാവെന്ന നിലയിൽ അപേക്ഷിക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതം ആത്മീയതയുടെ നാടാണ്. അതുകൊണ്ടാണ് മഹാത്മജി ആത്മീയത ഉൾക്കൊണ്ട് പ്രവർത്തിച്ചതും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതും. ജിദ്ദയിൽ പോയിട്ടും ക -അബ കാണാത്ത മുസ്ലിം മന്ത്രിയുടെ നാടാണ് കേരളം. അതിനാൽ വിശ്വാസത്തിന്റെ പ്രശ്നത്തിൽ ഗുരുവായൂരിൽ സന്ദർശിച്ച മന്ത്രി കടകംപള്ളിയുടെ മേക്കിട്ട് കയറുകയല്ല വേണ്ടത് നയം തിരുത്താനാണ് തയ്യാറാവേണ്ടത്.

സിപിഐ.(എം.) ൽ ഈ തർക്കം തുടങ്ങിയിട്ട് കാലം ഏറെയായി. ഇ.എം.എസ്. ഭാര്യാസമേതം പളനിയിൽ പോവുകയും പൂർണ്ണകുംഭം സ്വീകരിച്ചതും ഇ.കെ. നായനാരുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമഞ്ജനം ചെയ്തതും കോടിയേരി ബാലകൃഷ്ണനുവേണ്ടി കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടിയതും ടി.കെ. ഹംസ ഹജ്ജും ഉംറയും ചെയ്തതും എല്ലാം വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത് വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടത്തിയതിന് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയ ചരിത്രവും സിപിഐ.(എം )ന്ഉണ്ട്. മത്തായി ചാക്കോ അന്ത്യ കൂദാശ നടത്തിയെന്ന് ബിഷപ്പ് തന്നെ വ്യക്തമാക്കിയപ്പോൾ അദ്ദേഹത്തെ നികൃഷ്ട ജീവിയെന്ന് അപമാനിച്ചതും പാർട്ടി കാണിച്ച ധൈര്യമാണ്.

വിശ്വാസകർമ്മങ്ങൾ ചെയ്തവരെ ഇകഴ്‌ത്താനോ ഉപേക്ഷിച്ചവരെ പുകഴ്‌ത്താനോ അല്ല താൻ ശ്രമിക്കുന്നത്. ഹൈദരബാദ് പാർട്ടി കോൺഗ്രസ്സിൽ ആശയ ഭൗതിക വാദ വൈരുദ്ധ്യങ്ങൾക്ക് അന്ത്യം കുറിക്കണം. സായുധ വിപ്ലവത്തിലൂടെ ഇന്ത്യൻ ഭരണമെന്ന കൽക്കത്ത തീസീസ് നയം ഉപേക്ഷിച്ചതുപോലെ സാൽക്കിയ പ്ലീനത്തിന് ശേഷം പാർട്ടി ബഹുജന സംഘടന ആയതുപോലെ മതഭൗതിക ദർശനത്തിന് തിരുത്തലുണ്ടാവണം. എന്നാലേ വിശ്വാസ-അവിശ്വാസ പ്രശ്നങ്ങളുടെ വിവാദത്തിൽ നിന്നും സിപിഐ.(എം.) രക്ഷനേടുകയുള്ളൂ.

ഇങ്ങിനെ വിവാദങ്ങൾ കൊഴുക്കുമ്പോഴും കമ്യൂണിസ്റ്റ് ദർശനത്തിൽ അടിയുറച്ച് ജീവിക്കുന്നവരേയും കാണാൻ കഴിയും.പാർട്ടി ഇനിയെങ്കിലും രക്ഷപ്പെടണമെങ്കിൽ ഈ വൈരുദ്ധ്യം അവസാനിപ്പിച്ച് പ്രവർത്തിക്കണം. താൻ കാലുമാറി കോൺഗ്രസ്സിൽ ചേർന്നവനല്ല. കാഴ്ചപ്പാട് മാറിയാണ് കോൺഗ്രസ്സിൽ ചേർന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP