Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലക്കേസിൽ പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിലെത്തി; എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയപ്പോൾ കവിതാ രചനയും തുടങ്ങി; നടി മഞ്ജു വാര്യരുടെ പ്രോത്സാഹനവും എത്തിയപ്പോൾ കവിതകൾക്ക് വീഡിയോ രൂപവുമായി; തടവറയിൽ വിരിഞ്ഞ രാജേഷിന്റെ കവിത പുറംലോകം കണ്ടപ്പോൾ കൈയടിക്കാൻ എത്തിയത് സിനിമപ്രവർത്തകരും

കൊലക്കേസിൽ പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിലെത്തി; എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയപ്പോൾ കവിതാ രചനയും തുടങ്ങി; നടി മഞ്ജു വാര്യരുടെ പ്രോത്സാഹനവും എത്തിയപ്പോൾ കവിതകൾക്ക് വീഡിയോ രൂപവുമായി; തടവറയിൽ വിരിഞ്ഞ രാജേഷിന്റെ കവിത പുറംലോകം കണ്ടപ്പോൾ കൈയടിക്കാൻ എത്തിയത് സിനിമപ്രവർത്തകരും

അരുൺ ജയകുമാർ

തിരുവനന്തപുരം: സെൻട്രൽ ജയിൽ അന്തേവാസികളെ എല്ലായിപ്പോഴും പുറം ലോകത്തുള്ളവർ നോക്കി കാണുന്നത് ഭയത്തോടെ മാത്രമാണ്. ഇവിടെയെത്തിപ്പെടുന്നവർ കൊടുംകുറ്റവാളികളാണെന്നും ജീവിതത്തിൽ സാധാരണ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാനോ ചിന്തിക്കാനോ കഴിയാത്തവരാണെന്നതുമാണ് ഭൂരിഭാഗവും ചിന്തിക്കുന്നത്. എന്നാൽ പുറത്തുള്ള മറ്റ് പലരേയും പോലും ഒരുപക്ഷേ അവരേക്കാളധികം കഴിവുകളുള്ളവരും ഈ മതിൽകെട്ടിനുള്ളിൽ ഉണ്ടെന്നതിന്റെ ഉദാഹരണമാണ് ഇവിടുത്തെ ഒരു അന്തേവാസിയും ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ഒരു ചടങ്ങും സൂചിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാജേഷ് എന്ന 38കാരൻ എഴുതി തയ്യാറാക്കിയ കവിതാ സമാഹാരത്തിന്റെ വീഡിയോ ചിത്രീകരണത്തിന്റെ പ്രകാശനം എന്ന വ്യത്യസ്തമായ ചടങ്ങാണ് ഇന്നലെ തലസ്ഥാനത്തെ സെൻട്രൽ ജയിലിൽ നടന്നത്.

ഒരു കവിതാ സമാഹാരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല രാജേഷിന്റെ കഴിവുകളെന്നും ചെറു പ്രായത്തിൽ ഒരു കൊലക്കേസിൽ ഏഴാം പ്രതിയായി ഇവിടെയെത്തിയ രാജേഷ് ഇന്ന് തിരിച്ചറിവിന്റെ പാതയിലാണെന്ന് ജയിൽ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. നിരക്ഷരനായി ജയിലിലെത്തിയ രാജേഷ് രചന നിർവ്വഹിച്ച ഭതടവറയിൽ നിന്നുംഭ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനവും യൂടൂബ് റിലീസുമാണ് ഇന്നലെ നടന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജേഷ് പരോളിൽ പോയാണ് വീഡിയോ ആൽബത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്. ആൽബം പ്രകാശനത്തിന്റെ വേദിയിലെത്തിയ എല്ലാവർക്കും രാജേഷിന്റെ കഴിവിലും ഇവിടെ ജയിലിൽ വന്ന ശേഷം ഉള്ള മാറ്റത്തേയും കുറിച്ച് കേട്ടറിഞ്ഞപ്പോൾ വലിയ അദ്ഭുതവുമാണ് ഉണ്ടായത്.

2005ൽ നടന്ന ഒരു കൊലപാതക കേസിൽ ഏഴാം പ്രതിയായിട്ടാണ് രാജേഷ് ഇവിടെ എത്തുന്നത്. ഇവിടെ എത്തിയ ശേഷമാണ് അയാൾ വായന ഒരു ശീലമാക്കിയത്. പിന്നീട് തുല്യത പരീക്ഷ എഴുതി എസ്എസ്എൽസിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇയാൾ ഇപ്പോൾ പ്ലസ് ടൂ പഠനത്തിലാണ്. 26 വയസ്സുള്ളപ്പോഴാണ് ഒരു റസിഡൻസ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് എത്തിയപ്പോൾ രാജേഷ് അഴിക്കുള്ളിലായത്. ആദ്യ കാലങ്ങളിൽ വലിയ വിഷമത്തിലായിരുന്ന രാജേഷ് ക്രമേണ വായനയിലേക്കും മറ്റ് നല്ല കാര്യങ്ങളുടെ ചിന്തയിലേക്കും തിരിയുകയായിരുന്നു. ജയിൽ അന്തേവാസികൾ സമൂഹത്തിൽ ഒറ്റപെടേണ്ടവരല്ലെന്നും അവരെ സമൂഹത്തിലെ നല്ല മനുഷ്യരായി പരിവർത്തനം ചെയ്യാൻ ജയിൽ വകുപ്പ് സംഘടിപ്പിച്ച പല പദ്ധതികളിലും പിന്നീട് രാജേഷും ഭാഗമായി.

വായനയ്ക്കും പഠനത്തിനും പുറമെ കലയോടുള്ള താൽപര്യവും വാസനയും രാജേഷിന് ഉണ്ടായിരുന്നു. പിന്നീട് ജയിൽ അന്തേവാസികൾക്കുള്ള ചെണ്ട ക്ലാസിലും രാജേഷ് ചേർന്നു. പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിനൊപ്പം തന്നെ ജയിലിലെ മറ്റ് നിരക്ഷര അന്തേവാസികൾക്കുള്ള ക്ലാസിലെ അദ്ധ്യാപകനായും രാജേഷ് മാറി. പല കേസുകളിലായി ഇവിടെ എത്തുന്നവരിൽ കൊടും ക്രിമിനലുകളും ഉണ്ടെങ്കിലും അവരേയും രാജേഷിനെപ്പോലെ തിരിച്ചറിവിന്റെ പാതയിലേക്ക് നയിക്കുക എന്നത് തന്നെയാണ് ജയിൽ വകുപ്പ് ലക്ഷ്യം വെക്കുന്നതും.വായന ശീലമാക്കിയ ശേഷമാണ് രാജേഷ് എഴുത്ത് തുടങ്ങിയത്. ആദ്യമൊക്കെ ഓരോന്നു കുത്തിക്കുറിച്ചും അവ ചുരുട്ടിക്കൂട്ടി കളഞ്ഞുമാണ് അയാൾ സമയം കളഞ്ഞത്. പിന്നീട് ഇത് കണ്ട ചില അന്തേവാസികൾ തന്നെയാണ് ഇയാളെ കൂടുതൽ പ്രത്സാഹിപ്പിച്ചതും.

കഴിഞ്ഞ വർഷം ജയിൽ പശ്ചാത്തലമായി പുറത്തിറങ്ങിയ കരിങ്കുന്നം സിക്സസ് എന്ന സിനിമയുടെ ചിത്രീകരണം ഇവിടെ സെൻട്രൽ ജയിലിൽ വെച്ച് നടന്നതാണ് രാജേഷിന്റെ തലവര മാറ്റിയത്. സിനിമയുടെ ചിത്രീകരണം ജയിലിൽ നടക്കുമ്പോൾ എല്ലാ സഹായത്തിനുമായി അന്തേവാസികളിൽ നിന്നും രാജേഷിനെയാണ് നിയോഗിച്ചത്. പിന്നീട് രാജേഷിന്റെ കവിതകളെകുറിച്ച് സഹ തടവുകാർ സിനിമയുടെ അണിയറ പ്രവർത്തകരോട് പറയുകയും ഈ വിവരം സിനിമയിലെ നായികയായിരുന്ന മഞ്ജു വാര്യർ അറിയുകയും ചെയ്തു. എന്തായാലും ഇങ്ങനെയൊരു കഴിവുള്ളയാളുടെ കവിത പ്രസിദ്ധീകരിക്കണമെന്നും അത് പുറത്ത് അറിയണമെന്നും അവർ നിർദ്ദേശിച്ചതനുസരിച്ച് ഭതടവറയിൽ നിന്നും എന്ന പേരിൽ പ്രസിദ്ദീകരിക്കുകയും പിന്നീട് അത് വീഡിയോ ആൽബമാക്കുകയുമായിരുന്നു.

ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചത് പ്രശസ്ത ഗായകൻ പന്തളം ബാലനാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് പന്തളം ബാലൻ ഗാനങ്ങൾ ആലപിച്ചത്. വാഴമുട്ടം ചന്ദ്രബാബുവാണ് ഗാനങ്ങൾക്ക് ഈണം പകർന്നത് നിർമ്മാണം നടത്തിയത് സാം ക്ലീറ്റസുമാണ്.ജയിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സിനിമസംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. സിനിമ താരം എം.ആർ ഗോപകുമാർ സോനാ നായർ സീരിയൽ താരം ശബരീനാഥ്, ജയിൽ സൂപ്രണ്ട് സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ രാജേഷിനെകുറിച്ച് വേദിയിലുള്ളവർ പറഞ്ഞപ്പോഴെല്ലാം തന്നെ വലിയ കൈയടിയോടെയാണ് സഹ തടവുകാർ സ്വീകരിച്ചത്. ഈ ചടങ്ങ് യാഥാർഥ്യമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് രാജേഷ് വാക്കുകൾ അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP