Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആടു ജീവിതം നയിച്ച് ഭാര്യമാരെ കണ്ടെത്തി ആട് ആന്റണി ആയി; കോടമ്പാക്കത്തെ യുവതി മുതൽ ടെക്കി വരെ ഇരുപതിലധികം ഭാര്യമാർ; പരസ്പരം അറിഞ്ഞിട്ടും വിട്ടുപോകാത്ത ഭാര്യമാർ; പൊലീസ് കുടുക്കിയതും ഈ വീക്ക്‌നെസ് ഉപയോഗിച്ച്; ധ്യാനകേന്ദ്രങ്ങൾ പോലും കൊള്ളയ്ക്ക് ഉപയോഗിച്ചു; ആട് ആന്റണിയുടെ ജീവിതകഥ ഹോളിവുഡ് ത്രില്ലറുകളെ അതിശയിപ്പിക്കുന്നത്

ആടു ജീവിതം നയിച്ച് ഭാര്യമാരെ കണ്ടെത്തി ആട് ആന്റണി ആയി; കോടമ്പാക്കത്തെ യുവതി മുതൽ ടെക്കി വരെ ഇരുപതിലധികം ഭാര്യമാർ; പരസ്പരം അറിഞ്ഞിട്ടും വിട്ടുപോകാത്ത ഭാര്യമാർ; പൊലീസ് കുടുക്കിയതും ഈ വീക്ക്‌നെസ് ഉപയോഗിച്ച്; ധ്യാനകേന്ദ്രങ്ങൾ പോലും കൊള്ളയ്ക്ക് ഉപയോഗിച്ചു; ആട് ആന്റണിയുടെ ജീവിതകഥ ഹോളിവുഡ് ത്രില്ലറുകളെ അതിശയിപ്പിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മൂന്നു വർഷം കേരള പൊലീസിനെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഓട്ടിച്ച കൊല്ലം സ്വദേശി വർഗീസ് ആന്റണി എന്ന ആട് ആന്റണിയുടെ ജീവിതം കെട്ടുകഥകളേക്കാൾ വിചിത്രമാണ്. വെളുപ്പിനെ വീടുകളിൽ നിന്ന് ആടിനെ മോഷ്ടിച്ച് ചന്തയിൽ കൊണ്ടു പോയി വിറ്റു കൊണ്ടായിരുന്നു വർഗീസ് ആന്റണി മോഷണലോകത്തേക്ക് കാൽവയ്ക്കുന്നത്. കൊല്ലം സ്വദേശിയായ ക്യാപ്റ്റർ ജോസ് ആയിരുന്നു ഇയാളുടെ ഗുരുനാഥൻ. ഇരുവരും ചേർന്ന് കൊല്ലം ജില്ലയിൽ വിവിധ ഭാഗങ്ങളിലുള്ള ആടുകളെ മോഷ്ടിക്കാൻ തുടങ്ങി. എന്നാൽ മോഷണകലയുടെ ഹരം മനസിലായതോടെ പുതിയ മേച്ചിൽ പുറങ്ങൾ തേടാനുള്ള ഒരുക്കത്തിലായിരുന്നു ആട് ആന്റണി. പിന്നീട് അമ്പലങ്ങൾ, പള്ളികൾ എന്നിവടങ്ങളിലെ മൈക്കുകളും കോളോമ്പികളുമായിരുന്നു ആട് ആന്റണിയുടെ ലക്ഷ്യം.

മോഷണം എന്നത് വരുമാനത്തിലപ്പുറം ഒരു ഹോബിയായിട്ടാണ് കണ്ടിരുന്നത്. ഓരോ മോഷണവും എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നത് ആട് ആന്റണിയുടെ പ്രത്യേകതയായിരുന്നു. ഇത് തന്നെയായിരുന്നു പൊലീസിന്റെ കണ്ണുകളിൽ നിന്ന് ആട് ആന്റണിയെ മാറ്റി നിർത്തിയതും. ഏതു രൂപത്തിലും വേഷത്തിലും എത്തുന്ന ആട് ആന്റണിയുടെ ഏറ്റവും വലിയ ദൗർബല്യം സ്ത്രീകളായിരുന്നു. ഇരുപതിലധികം ഭാര്യമാരുടെ ഭർത്താവാണ് കൊലയാളിയും മോഷ്ടാവുമായ ആട് ആന്റണിയെന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു കളഞ്ഞു. സിനിമാ മോഹവുമായി കോടമ്പാക്കത്ത് എത്തിയ യുവതി മുതൽ ടെക്കികൾ ഉൾപ്പെടെയുള്ള ഇരുപതിലധികം സ്ത്രീകളുടെ ഭർത്താവാണ് ആട് ആന്റണി.

2002യിൽ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ മൂന്നു ഭാര്യമാരാണ് ആട് ആന്റണിക്ക് ഉണ്ടായിരുന്നത് അതിൽ രണ്ടു പേർ ഗർഭിണികളും. എന്നാൽ ചോദ്യം ചെയ്യലിൽ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സമ്മതിക്കുകയും ചെയ്തു. വിവാഹം കഴിക്കുന്നവർക്ക് യാതൊരു കുറവുമില്ലാതെ നോക്കുന്നതിനോടൊപ്പം മോഷ്ടിച്ച വിലകൂടിയ സാധനങ്ങൾ സമ്മാനിക്കുന്നതും പതിവാണ്. മറ്റു പീഡനങ്ങളൊന്നുമില്ലാത്തതിനാൽ ആട് ആന്റണിയുടെ വിശ്വസ്തരായി ഭാര്യമാരും കൂടെ നിന്നു. ആന്റണി എവിടെ താമസിച്ചാലും അവിടെയൊക്കെ ഒരു ബന്ധം ഉണ്ടാക്കിയിരിക്കും. ഏറ്റവും കൂടുതൽ ഭാര്യമാരുള്ളത് തമിഴ്‌നാട്ടിലാണ്. കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളിലാണ് ആട് ആന്റണിയുടെ ഭാര്യമാരുള്ളത്.

ആട് മോഷണവുമായി കൊല്ലത്ത് താമസിക്കുമ്പോഴാണ് ആന്റണി ആദ്യമായി വിവാഹിതനാകുന്നത്. ആന്റണിയുടെ ഔദ്യോഗിക വിവാഹം ഇതായിരുന്നു. തൃശൂർ സ്വദേശിനിയായ സോജയായിരുന്നു വധു. പ്ത്രപരസ്യത്തിലൂടെയാണ് സോജയെ പരിചയപ്പെടുന്നത്. വിവാഹശേഷമാണ് ആട് മോഷണത്തിൽ നിന്ന് മാറി മറ്റ് മോഷണങ്ങളിലേക്ക് തിരിഞ്ഞത്. ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ ബസിനസ് ആണെന്ന് സോജയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹം. കള്ളന്റെ കല്യാണത്തിന് ആരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ വാടകയ്ക്ക് ആളിനെ വിളിച്ച്, ബന്ധുക്കളാക്കിയാണ് തൃശൂരിലെത്തി സോജയെ വിവാഹം കഴിച്ചത്. സോജ ഗർഭിണിയായ ശേഷമാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.

കൊല്ലത്ത്് പിടിച്ച് നിൽക്കാൻ ആകാതെ വന്നതോടെ താവളം കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ടും പുതിയ ഭാര്യമാരെ കണ്ടെത്താൻ അധികം താമസമുണ്ടായില്ല. ഭർത്താവ് മോഷ്ടാവാണെന്ന് മനസിലാക്കിയതോടെ ആന്റണിയെ ഉപേക്ഷിച്ച് സോജ മക്കളുമായി തൃശൂരേക്ക് മടങ്ങി. പിന്നീട് ഒരിക്കലും ആന്റണി ഇവരെ അന്വേഷിച്ച് ചെന്നിട്ടില്ല. പിന്നീട് സിനിമാ മോഹവുമായി കോടമ്പാക്കത്ത് എത്തിയ ബിന്ദുവിനെ ഭാര്യയാക്കി. സിനിമാ നിർമ്മാതാവ് എന്ന പേരിലാണ് ബിന്ദുവിനെ പരിചയപ്പെട്ടത്. അങ്ങനെ ഭാര്യാഭർത്താക്കന്മാരായ ചെന്നൈയിൽ കഴിയുന്നതിനിടെ സോജയുടെ കാര്യം ബിന്ദു അറിഞ്ഞു. എങ്കിലും രണ്ടു പേരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തമിഴ്‌നാട്ടിലാണ് ആട് ആന്റണിക്ക് ഏറ്റവും കൂടുതൽ ഭാര്യമാരുള്ളത്. ഇവർക്കും ചെലവിനു കൊടുക്കുന്നതും ആട് ആന്റണിയാണ്. ആട് ആന്റണിയുടെ ദൗർബല്യം മനസിലാക്കിയ സ്‌പെഷ്യൽ ടീം ഭാര്യമാരെ നിരീക്ഷണത്തിലാക്കിയിരുന്നു. നിയമപരമായി വിവാഹം കഴിക്കാതെ ഒരു വർഷം കൂടെ താമസിച്ച ശേഷം പുതിയ ഭാര്യയെ കണ്ടെത്തുന്നാണ് ഇയാളുടെ രീതി. അതേസമയം പഴയ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യും. ആട് ആന്റണിയുടെ ഭാര്യമാരെ കണ്ടെത്തിയെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല എന്നതും പൊലീസിനെ കുഴക്കിയിരുന്നു. ഭാര്യമാരെ തിരക്കി കേരളത്തിലോ തമിഴ്‌നാട്ടിലോ ഇയാൾ എത്തുമെന്ന സ്‌പെഷ്യൽ ടീമിന്റെ നിഗമനം തെറ്റിയില്ല. മൂന്നു വർഷം ഒളിവിൽ കഴിഞ്ഞതിനിടയ്ക്ക് രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിൽ ഒരു സ്ത്രീയിൽ നിന്നുമാണ് കേരളത്തിലേക്ക് എത്താറുണ്ടെന്ന സുപ്രധാന വിവരം ലഭിച്ചത്. എന്നാൽ ഇയാളുടെ മറ്റു ഭാര്യമാർ നൽകിയ വിവരങ്ങൾ പലപ്പോഴും തെറ്റായിരുന്നതിനാൽ ആട് ആന്റണിയെ കുറിച്ച് ലഭിക്കുന്ന വിവരങ്ങളെല്ലാം തലനാരിഴ കീറി പരിശോധിച്ചാണ് ഓരോ അടിയും മുന്നോട്ട് വച്ചത്. ഈ മൂന്നു വർഷത്തിനിടിയിൽ അന്വേഷണ സംഘം പോകാത്ത സ്ഥലങ്ങളില്ല. ചെന്നൈ, മുംബൈ,വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ മാസങ്ങളോളമാണ് അന്വേഷണ ഉദ്യോഗസ്ഥർ തങ്ങിയത്. ചെന്നെടുത്തെല്ലാം ആന്റണിക്ക് ഭാര്യമാരുണ്ട്.

പുനർവിവാഹ പരസ്യത്തിലൂടെയാണ് ആന്റണി പുതിയ ഭാര്യമാരെ കണ്ടെത്തുന്നത്. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും കൊണ്ട് വധുവിന്റെ വീട്ടുകാരെ കയ്യിലെടുക്കുന്നതോടെ ആദ്യഘട്ടം കഴിയും. ഒരിടത്ത് പറഞ്ഞ കാര്യങ്ങൾ മറ്റൊരിടത്ത് പറയില്ല. എല്ലാ പരസ്യങ്ങളിലും വയ്‌സ് 43 ആണ്. ഒരു തവണ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മറ്റു പരസ്യങ്ങളിൽ ഉപയോഗിക്കാറില്ല. വിവാഹം ആർഭാടം കൂടാതെ നടത്തണമെന്ന ഇയാളുടെ പിടിവാശിയിൽ വധുവിന്റെ വീട്ടുകാർ വീഴുകയും ചെയ്യും. ഒരിക്കലും സമ്പന്ന കുടുംബങ്ങളിൽ ബന്ധങ്ങൾ സ്ഥാപിക്കാറില്ല. നിർധനകുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇയാളുടെ ലക്ഷ്യം. കൊല്ലം കാവനാട് സ്വദേശി ഗിരിജ ആന്റണിയുടെ വലയിൽ വീണത് ദാരിദ്ര്യം കൊണ്ടായിരുന്നു. സെയിൽസ് ഗേളായിരുന്ന ഗിരിജയെ വശീകരിച്ചായിരുന്ന വിവാഹം കഴിച്ചത്. ആന്റണിക്കൊപ്പം മോഷണത്തിനു കൂട്ടുനിന്നന്നെ കാരണത്താൽ ഗിരിജ ഇപ്പോൾ ജയിലിലാണ്.

പാലക്കാട്ടെ ഗോപാലപുരത്തെ വീട്ടിൽ ഇയാൾ എത്താറുണ്ടെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് ആ വിവരത്തെ അവഗണിക്കുന്നതായി നടിച്ചു. ആട് ആന്റണിയെ കണ്ടെത്തിയന്ന പലരുടേയും വിവരത്തെ അനുസരിച്ച് പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പലർക്കും രൂപസാദൃശ്യം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഉണ്ടെന്നുള്ള വിവരത്തെ കുറിച്ച് രഹസ്യമായി അന്വേഷണം നടത്തി ഒരു കാരണവശാലും ഈ വിവരം ചോർന്നു പോകാതിരിക്കാൻ അന്വേഷണസംഘവും ശ്രദ്ധിച്ചു. ഈ വീടിന്റെ പരിസരത്തു കൂടി പോലും പൊലീസ് വാഹനങ്ങൾ പോകുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള അന്വേഷണമാണ് സംഘം സ്വീകരിച്ചത്. ആട് ആന്റണി പാലക്കാടുണ്ടെന്ന വിവരം സ്ഥിരീകരിച്ച പൊലീസ്, ആട് ആന്റണിയുടെ ഫോട്ടോ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടീസുകൾ പിൻവലിച്ചു. ആരെങ്കിലും സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചെന്നു ആന്റണി മനസിലാക്കുന്നത് തടയാനായിരുന്നു ഈ നീക്കം. ദിവസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥർ വീടിന്റെ പരിസരങ്ങളിൽ വിവാഹബ്രോക്കർമാരായും സ്ഥലകച്ചവടക്കാരും ലോട്ടറി ഏജന്റുമാരുമായി കാവൽ നിന്നു. ഇത്തവണ വഴുതിപോയാൽ പിന്നൊരിക്കലും കൈയിൽ കിട്ടില്ലെന്ന് മനസിലാക്കിയതു കൊണ്ട് പഴുതടച്ചുള്ള ഓപ്പറേഷൻ ആയിരുന്നു നടത്തിയത്.

ആട് ആന്റണിക്ക് വിനയായത് സ്ത്രീകളോടുള്ള അമിതതാൽപര്യം ആണ്. വർഷത്തിൽ കുറഞ്ഞത് രണ്ടു സ്ത്രീകളെയെങ്കിലും വിവാഹം കഴിക്കുന്ന സ്വഭാവമുള്ള ആട് ആന്റണിക്ക്, ഒളിവിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ടു വിവാഹങ്ങൾ മാത്രം കഴിക്കാനേ സാധിച്ചിരുന്നുള്ളൂ. പാലക്കാട്ടെ ഗോപാലപുരത്തുള്ള രണ്ടു സ്ത്രീകളുമായിട്ടായിരുന്നു ഇയാൾക്ക് ബന്ധമുണ്ടായിരുന്നത്. എന്നാൽ താൻ ആട് ആന്റണിയാണെന്ന് വിവരം ഇവരിൽ നിന്ന് മറച്ചു വച്ചിരുന്നതായാണ് സൂചന. ആട് ആന്റണിയെ പിടികൂടാൻ സോഷ്യൽ മീഡിയയെ വരെ ആശ്രയിക്കേണ്ടി വന്നെങ്കിലും ആട് ആന്റിണി ഇവിടെയുണ്ട്, അവിടെയുണ്ടെന്നുള്ള തെറ്റായ വിവരങ്ങൾ അന്വേഷണ സംഘത്തെ പലപ്പോഴും കുഴപ്പിച്ചിരുന്നു. എന്തായാലും വർഷങ്ങളോളം ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടതിന് ഫലം കിട്ടിയ സന്തോഷത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പൊലീസിന്റെ മാനം കപ്പലുകേറ്റിയ ആട് ആന്റണിയെ അറസ്റ്റ് ചെയ്യുമ്പോൾ കേരള പൊലീസിനെ കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP