Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയാക്കേസിൽ എന്ത് സംഭവിച്ചുവെന്ന് ഒടുവിൽ പുറത്തു വരുന്നു; കീഴ്‌ക്കോടതി ഉത്തരവ് റദ്ദ് ചെയ്യാൻ ഹൈക്കോടതി ജഡ്ജി ഇടപെട്ടു; വിധി പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് അറിയാതെ കേസ് ഫയലുമായി ഹൈക്കോടതി മുങ്ങി

അഭയാക്കേസിൽ എന്ത് സംഭവിച്ചുവെന്ന് ഒടുവിൽ പുറത്തു വരുന്നു; കീഴ്‌ക്കോടതി ഉത്തരവ് റദ്ദ് ചെയ്യാൻ ഹൈക്കോടതി ജഡ്ജി ഇടപെട്ടു; വിധി പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് അറിയാതെ കേസ് ഫയലുമായി ഹൈക്കോടതി മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭയ കേസ് അട്ടിമറിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലുണ്ടായതായി കേസ് വിചാരണ നടത്തിയ മുൻ ജഡ്ജി. ഇപ്പോൾ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന എറണാകുളം മുൻ ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിടി രഘുനാഥ് എന്ന ബേപ്പൂർ രഘുനാഥാണ് ആരോപണം ഉന്നയിച്ചത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്‌പി) അധ്യക്ഷനായി ചുമതലയേറ്റ വിവരം അറിയിക്കുന്നതിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വിശദീകരിച്ചത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് രുഘുനാഥ് വെളിപ്പെടുത്തിയത്.

സിസ്റ്റർ അഭയയുടെ മരണം കൊലപാതകമല്ലെന്ന് വരുത്താൻ വ്യാപകമായ ഇടപെടൽ നടന്നതായാണ് ആക്ഷേപം. തെളിവ് നശിപ്പിക്കലുമുണ്ടായെന്ന് സിബിഐയും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്. നേരത്തേയും സമാനമായ ആരോപണം ബേപ്പൂർ രഘുനാഥ് നടത്തിയിരുന്നു. എന്നാൽ ഹൈക്കോടതിയിലെ ഏത് വ്യക്തിയാണ് ഇടപെടൽ നടത്തിയതെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് പുതിയ വെളിപ്പെടുത്തൽ നിർണ്ണായകമാകുന്നത്. ഇതിലും അന്വേഷണം സിബിഐയ്ക്ക് നടത്തേണ്ടി വരും.

അഭയ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജി വി.ടി. രഘുനാഥാണ് പരിഗണിച്ചത്. തന്റെ മുന്നിലെത്തിയ അഭയ കേസ് ഫയലിൽ പരിശോധന നടത്തിയതായി കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് സിആർപിസി 310ാം വകുപ്പ് അനുസരിച്ച് ലോക്കൽ ഇൻസ്‌പെക്ഷൻ നടത്താൻ താൻ ഉത്തരവിട്ടത്. അഭയയുടെ മുറി, മൃതദേഹം കണ്ടെത്തിയ കിണർ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ മജിസ്‌ട്രേറ്റ് നേരിട്ട് പരിശോധന നടത്തണമെന്നതായിരുന്നു ഉത്തരവ്. എന്നാൽ പിറ്റേന്ന് താൻ കോടതിയിലെത്തും മുൻപ് ഹൈക്കോടതിയിൽ നിന്ന് നിരന്തരം വിളികൾ വന്നിരുന്നു.

കോടതിയിലെത്തിയപ്പോൾ തന്നെ ഹൈക്കോടതി രജിസ്ട്രാർ ആയിരുന്ന എ.വി. രാമകൃഷ്ണപിള്ള നേരിട്ട് വിളിക്കുകയും അഭയ കേസിലെ സ്ഥല പരിശോധന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സിജെഎം ആയ തന്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്നും റദ്ദാക്കാൻ ആവില്ലെന്നും പറഞ്ഞപ്പോൾ ഒരു ഹൈക്കോടതി ജഡ്ജിയുടെ കർശന നിർദ്ദേശമുണ്ടെന്നായിരുന്നു. രജിസ്ട്രാറുടെ മറുപടി. എങ്കിൽ രേഖാമൂലം ഉത്തരവ് വേണമെന്ന് താൻ ആവശ്യപ്പെട്ടു. തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണോ എന്ന ഭീഷണിയാണ് തുടർന്ന് രജിസ്ട്രാറുടെ ഭാഗത്ത് നിന്നുണ്ടായത്. അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയിൽ നിന്നും സ്‌പെഷ്യൽ മെസഞ്ചർ എത്തി അഭയ കേസ് ഫയൽ എടുത്തുകൊണ്ട് പോയതായും രഘുനാഥ് വെളിപ്പെടുത്തുന്നു.

മൂന്നാം ദിവസം സിജെഎം ആയിരുന്ന തന്നെ സ്ഥലം മാറ്റി. സ്ഥല പരിശോധന വേണമെന്ന സിജെഎം കോടതിയുടെ ഉത്തരവ് പിന്നീട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയും ജസ്റ്റിസ് പത്മനാഭൻ നായർ ആ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. സിജെഎം കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുന്നത് വരെയുള്ള മൂന്ന് മാസ കാലയളവിൽ സ്ഥലം മാറ്റപ്പെട്ട തനിക്ക് പകരം പുതിയ സിജെഎമ്മിനെ നിയമിച്ചിരുന്നില്ലെന്നും രഘുനാഥ് ചൂണ്ടിക്കാട്ടുന്നു. കേസിൽ ഇടപെട്ട ഹൈക്കോടതി രജിസ്ട്രാർ ആയിരുന്ന രാമകൃഷ്ണപിള്ള പിന്നീട് ഹൈക്കോടതി ജഡ്ജി ആയി. കേസ് കോടതിയെലെത്തുമ്പോഴേക്കും പല തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നുവെന്നും രഘുനാഥ് വ്യക്തമാക്കുന്നു. അഭയ കേസ് അട്ടിമറിക്കാൻ സർക്കാർ, ജുഡീഷ്യൽ തലത്തിൽ ഇടപെടൽ നടന്നതിന്റെ വ്യക്തമായ തെളിവാണ് രഘുനാഥിന്റെ വെളിപ്പെടുത്തൽ.

എന്നാൽ, കീഴ്‌കോടതിയിൽ നടക്കുന്ന ദൈനംദിന നീതിന്യായ നടപടികൾ രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടില്ലെന്നും താൻ ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അന്ന് ഹൈക്കോടതിയിൽ സബോർഡിനേറ്റ് ജുഡീക്ഷ്യറി രജിസ്ട്രാറായിരുന്ന എ.വി. രാമകൃഷ്ണപിള്ള വിശദീകരിച്ചു. ഒമ്പത് വർഷമാണ് താൻ ഹൈക്കോടതിയിൽ രജിസ്ട്രാറായിരുന്നത്. ഈ കാലത്തിനിടയിൽ ഒരു ജഡ്ജിയും ഏതെങ്കിലും കേസിൽ ഇടപെടാൻ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കീഴ്‌കോടതികളിലെ ജഡ്ജിമാരുടെ സ്ഥലം മാറ്റം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയാണ്. ഇക്കാര്യത്തിലും താൻ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

സിസ്റ്റർ അഭയക്കേസ് അന്വേഷിച്ച മുൻ ക്രൈംബ്രാഞ്ച് എസ്‌പി. കെ.ടി.മൈക്കിളിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സിബിഐ. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയ കേസിൽ, സിസ്റ്റർ അഭയയുടേതുകൊലപാതകമല്ല, ആത്മഹത്യയാണെന്ന് കെ.ടി.മൈക്കിളിന് എന്ത് ധൈര്യത്തിൽ കോടതിയിൽ എഴുതിനൽകാനായെന്ന് ചോദ്യമാണ് ഉയർന്നത്. ഇത്തരത്തിൽ പല ഘട്ടത്തിലും ഉന്നത ഇടപെടൽ കേസിലുണ്ടായി എന്നതിന്റെ സൂചന പുറത്തുവന്നിരുന്നു. അതിൽ അവസാനത്തേതാണ് ബേപ്പൂർ രഘുനാഥിന്റെ വെളിപ്പെടുത്തൽ. തൊണ്ടിമുതലുകൾ നശിപ്പിച്ച കേസിൽ കെ.ടി.മൈക്കിൾ ഉൾപ്പെടെ ഏഴുപേരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലാണ്. ്. ഇതേ കേസിൽ കെ.ടി.മൈക്കളിന്റെ കീഴുദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്‌പി. സാമുവലിനെ സിബിഐ. നേരെത്ത പ്രതിയാക്കിയിരുന്നു.

ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതുക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് സിസ്റ്റർ അഭയ കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. പരേതരായ മുൻ ലോക്കൽ പൊലീസ് എഎസ്ഐ. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. കെ.സാമുവൽ എന്നിവരെ പിന്നീട് പ്രതിയാക്കിയിരുന്നു. അതുകൊണ്ട് തന്നെ രഘുനാഥിന്റെ വെളിപ്പെടുത്തലുകളിലേക്കും സിബിഐ അന്വേഷണം നീളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP