Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയപ്പോൾ യുവാവിനും പരിക്കേറ്റു; ആസിഡ് വീണുണ്ടായ വ്രണങ്ങൾ ചികിത്സ കിട്ടാതെ പഴുത്തു ദുർഗന്ധം വമിച്ച നിലയിൽ; ആസിഡ് ആക്രമണക്കേസിലെ വില്ലൻ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തതുൾപ്പെടെ ദുരന്തമുനുഭവിച്ചയാൾ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയപ്പോൾ യുവാവിനും പരിക്കേറ്റു; ആസിഡ് വീണുണ്ടായ വ്രണങ്ങൾ ചികിത്സ കിട്ടാതെ പഴുത്തു ദുർഗന്ധം വമിച്ച നിലയിൽ; ആസിഡ് ആക്രമണക്കേസിലെ വില്ലൻ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തതുൾപ്പെടെ ദുരന്തമുനുഭവിച്ചയാൾ

ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ചേർത്തല സ്വദേശിനിയായ യുവതിയെ ആസിഡ് ഒഴിച്ചു പരിക്കേൽപിച്ച കേസിലെ പ്രതി രജീഷിനെ പിടികൂടിയപ്പോൾ ശരീരത്തിലും കാലിന്റെ പിൻഭാഗത്തും ആസിഡ് വീണു പെള്ളലേറ്റ് പഴുത്തു ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. യുവതിയെ ആക്രമിക്കുന്നതിനിടയിലാണ് രജീഷിനു പരിക്കേറ്റത്. കഴിഞ്ഞ എട്ടുദിവസങ്ങളായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കു ചികിൽസ തേടാൻ യാതൊരു നിർവാഹവുമുണ്ടായിരുന്നില്ല.

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നടുവിലേടത്ത് വീട്ടിൽ രഘുവിന്റെ മകൻ രജീഷിന്റെ ജീവിതം മുഴുവനും ദുരന്തത്തിന്റെ നടുവിലായിരുന്നുവത്രേ. നന്നേ ചെറുപ്പത്തിലേ അമ്മയും സഹോദരിയും നഷ്ടപ്പെട്ട ആളാണ്. അച്ഛന്റെ പിടിപ്പുകേടുകൊണ്ട് അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തത് കാണേണ്ടിവന്ന ഗതികേടാണ് രജീഷിന്റെ ജീവിതം താളംതെറ്റിച്ചത്. സംഭവത്തിൽനിന്നും ഇപ്പോഴും രജീഷ് മുക്തി നേടിയിട്ടില്ല, അതിന്റെ അരക്ഷിതാവസ്ഥ മുഖഭാവത്തിൽ വ്യക്തമാണ്. അമ്മയുടെ തണലില്ലാതെ രണ്ടാനമ്മയുടെ പീഡനത്തിൽ വളർന്ന രജീഷിന് സ്‌നേഹം നൽകാൻ ആരുമില്ലായിരുന്നു.

പ്രാരബ്ധങ്ങൾക്കിടയിലും പഠനത്തിൽ മികവ് കാട്ടിയ രജീഷ് പോളിടെക്‌നിക്ക് വിദ്യാർത്ഥിയായിരിക്കെയാണ് ചേർത്തല സ്വദേശിയായ ശാരിയെ കണ്ടുമുട്ടുന്നത്. പിന്നീട് പാമ്പാടി രാജീവ് ഗാന്ധി മെമോറിയൽ എൻജിനീയറിങ് കോളേജിൽ ബി ടെക് പഠനത്തിനെത്തിയപ്പോഴും ശാരി ഒപ്പമുണ്ടായിരുന്നു. പഠനം പൂർത്തിയാക്കി ഇരുവരും തൊഴിൽ തേടി പിരിഞ്ഞെങ്കിലും രജീഷിന്റെ മനസിൽ ശാരിയോടുള്ള അടങ്ങാത്ത പ്രണയം തിളയ്ക്കുന്നുണ്ടായിരുന്നു. കൊച്ചി നേവൽ ബേസ് ജീവനക്കാരിയായ ശാരിയെ തിരഞ്ഞെത്തിയ രജീഷ് തന്റെ മോഹം അവതരിപ്പിക്കുകയായിരുന്നു. നിരന്തരം അഭ്യർത്ഥന നടത്തിയെങ്കിലും ശാരി ഇതു നിരസിച്ചു.

മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയർ ആയി പ്രവർത്തിക്കുകയാണ് രജീഷ്. വർഷങ്ങളായി ഒപ്പം നടന്ന സുഹൃത്തിനെ ജീവിതസഖിയാക്കി മാറ്റണമെന്ന സ്വപ്‌നം തകർന്നതോടെ രജീഷിന്റെ മനസിലെ പ്രണയം പകയ്ക്കു വഴിമാറുകയായിരുന്നു. പക വീ്ട്ടാൻ ശാരിയെ ഒരാഴ്ചയോളം പിന്തുടർന്ന് നീക്കങ്ങൾ നിരീക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്നും വീട്ടിലേക്ക് സ്‌ക്കൂട്ടറിൽ മടങ്ങിപ്പോകുന്ന ശാരിയെ പിന്തുടർന്ന രജീഷ് ആളൊഴിഞ്ഞ വല്ലയിൽ ഭാഗത്തുള്ള പുരുഷൻ കവലയിൽ വച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം തിരുവനന്തപുരത്ത് താമസിക്കുന്ന സുഹൃത്തിനെ കണ്ട് അവിടെ ബൈക്ക് ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ ധർമ്മപുരിയിലേക്ക് കടന്നു. അവിടെ വച്ചാണു പൊലീസ് പിടിയിലായത്.

ആക്രമണത്തിൽ പരിക്കേറ്റ ശാരിയാകട്ടെ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഹെൽമെറ്റുണ്ടായിരുന്നതിനാൽ മുഖത്തു പൊള്ളലേറ്റിട്ടില്ല. പക്ഷേ ശരീരഭാഗങ്ങളിലുണ്ടായ പരിക്കു ഗൗരവമുള്ളതാണ്. ശാരിയുടെ കുടുംബ പശ്ചാത്തലവും ദയനീയമാണ്. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ട ആളാണ്. ബന്ധുക്കളുടെ ആശ്രയത്തിലാണ് ശാരിയും പഠിച്ചു വളർന്നത്. കുടുംബത്തിന്റെ അത്താണിയായി മാറേണ്ട ശാരി ഭാവിയെകുറിച്ച് ഒട്ടേറെ സ്വപ്‌നങ്ങൾ മെനഞ്ഞിരുന്നു. ഇതാണ് വിവാഹാഭ്യർത്ഥന നിരസിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP