Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിസോർട്ട് പണിയാൻ വേമ്പനാട് കായൽ കൈയേറിയത് മോദിയുടെ സ്വന്തം 'രാജശേഖരൻ'; സിനിമാ നടി രാധയുടെ ഭർത്താവിനെതിരെ കൊടി പിടിച്ച് വെട്ടിലായ ആലപ്പുഴയിലെ ബിജെപിക്കാർ ഉന്നതബന്ധം അറിഞ്ഞപ്പോൾ പതിയെ തലയൂരി; കോവളത്തെ ഉദയസമുദ്ര മുതലാളിയുടെ ചെമ്പന്തറയിലെ റിസോർട്ട് നിർമ്മാണം വിവാദത്തിൽ

റിസോർട്ട് പണിയാൻ വേമ്പനാട് കായൽ കൈയേറിയത് മോദിയുടെ സ്വന്തം 'രാജശേഖരൻ'; സിനിമാ നടി രാധയുടെ ഭർത്താവിനെതിരെ കൊടി പിടിച്ച് വെട്ടിലായ ആലപ്പുഴയിലെ ബിജെപിക്കാർ ഉന്നതബന്ധം അറിഞ്ഞപ്പോൾ പതിയെ തലയൂരി; കോവളത്തെ ഉദയസമുദ്ര മുതലാളിയുടെ ചെമ്പന്തറയിലെ റിസോർട്ട് നിർമ്മാണം വിവാദത്തിൽ

അരുൺ ജയകുമാർ

ആലപ്പുഴ: പഴയകാല സിനിമാ നടി രാധയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ റിസോർട്ട് നിർമ്മാണത്തിനായി അനധികൃതമായി ജലാശയം കൈയേറി. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയാണ് കായൽ കൈയേറ്റം. ആലപ്പുഴ ആര്യാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ചെമ്പന്തറ ഭാഗത്താണ് വേമ്പനാട് കായലിന്റെ കൈത്തോടായ പൊതുതോട് കൈയേറി റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. നാട്ടുകാരുടെ എതിർപ്പ് മനസ്സിലാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിനെത്തി. ബിജെപിയായിരുന്നു വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതിന് കാരണം സംസ്ഥാന സർക്കാറാണ് എല്ലാറ്റിനും ഒത്താശ ചെയ്യുന്നതെന്ന ധാരണയിലായിരുന്നു ബിജെപിക്കാർ. എന്നാൽ, സമരം തുടങ്ങിയപ്പോഴാണ് സംഗതിയുടെ വസ്തുത പുറത്തുവന്നത്. ബിജെപിയുടെ ഉന്നത നേതാക്കൾക്ക് വേണ്ടപ്പെട്ട വ്യവസായി ആണ് കയ്യേറ്റക്കാരനെന്ന് ബോധ്യമായതോടെ പ്രതിഷേധമെല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് അവർ. ആര്യാട് ഒമ്പതാംവാർഡിൽ പഞ്ചായത്ത് പാലത്തിന് സമീപത്താണ് കൈയേറ്റം.

വേമ്പനാട് കായൽ കയ്യേറ്റത്തിന് പിന്നിൽ നടി അംബികയുടെ സഹോദരിയായ രാധയുടെ ഭർത്താവാണ്. രാധയുടെ ഭർത്താവും ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമായ രാജശേഖരനാണ് റിസോർട്ടിന് ഉടമ. തിരുവനന്തപുരം കോവളം ഉദയസമുദ്ര ഹോട്ടൽ ഉടമയാണ് രാജശേഖരൻ നായർ. അംബിക, രാധ, മല്ലിക സഹോദരിമാർ ഏറെ ചർച്ചയായ പേരുകളാണ്. അംബികയും രാധയും തെന്നിന്ത്യയെ അടക്കി വാണ സിനിമാതാരങ്ങളായിരുന്നു. മല്ലികയാകട്ടെ ബിസിനസ്സിലായിരുന്നു ശ്രദ്ധവച്ചത്. കോൺഗ്രസ് നേതാവായിരുന്ന കല്ലറ സരസമ്മയാണ് ഇവരുടെ അമ്മ. മുഖ്യമന്ത്രിമാരായിരുന്ന കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവ്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. എന്നാൽ രാധയ്ക്ക് ബിജെപിയോടാണ് താൽപ്പര്യം. ഇടത് മുന്നണിയിലും ഈ കുടുംബത്തിന് അടുത്ത വ്യക്തിബന്ധമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നതും രാജശേഖരനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ബിജെപി ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാജശേഖരൻ നായർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരതെത്തുമ്പോൾ വിശ്രമിക്കുന്നത് രാജശേഖരൻ നായരുടെ ശംഖുമുഖത്തെ ഹോട്ടലിലാണ്.നേരത്തെ ആലപ്പുഴ ആര്യാട് പഞ്ചായത്തിൽ അനധികൃതമായി സ്ഥലം കൈയേറിയതിനെതിരെ ബിജെപി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ റിസോർട്ടാണ് പണികഴിപ്പിക്കുന്നതെന്ന സ്ഥിരീകരണമെത്തിയതോടെ പ്രക്ഷോഭത്തിൽ നിന്നും ബിജെപി പിന്നോട്ട് പോയതായും ആരോപണമുണ്ട്.സമരത്തിൽ നിന്നും ബിജെപി പിന്നോട്ട് പോയതിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തെ സജീവ സാന്നിധ്യമാണ് രാജശേഖരൻ നായരുടെ സംരംഭം. രാജസേഖരൻ നായരുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഇവരുടെ ഗ്രൂപ്പ് സംസ്ഥാനത്തെ തന്നെ മികച്ച ഹോട്ടൽ ഗ്രൂപ്പായി മാറുകായിരുന്നു.കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫൈവ് സ്റ്റാർ ഹോട്ടലിനുള്ള അവാർഡും സംസ്ഥാന സർക്കാരിന്റെ ടൂറിസം ഡിപ്പാർട്‌മെന്റ അവാർഡും ലഭിച്ചിട്ടുണ്ട്.തെന്നിന്ത്യൻ നായികയായിരുന്നു രാധയെയാണ് രാജശേഖരൻ നായർ വിവാഹം കഴിച്ചത്. ഇവരുടെ നമൂന്നു മക്കളിലൊരാലായ കാർത്തിക ചച്ചിത്രതാരവുമാണ്. തമിഴ് നടൻ ജീവയ്‌ക്കൊ്പപം കൊ എന്ന ചിത്രത്തിലാണ് കാർത്തിക നായികയായി അഭിനയിച്ചിട്ടുള്ളത്. ഹോട്ടൽ ബിസിനസുകൾക്ക് പുറമേ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് നടിയുടെ കുടുംബം ഇവിടെ 50 സെന്റോളം ഭൂമി വിലയ്ക്ക് വാങ്ങുകയായിരുന്നു. വേമ്പനാട് കായലിൽ നിന്ന് തേവത്തോട് പാടശേഖരത്തിലേക്കുള്ള തോടിന്റെ ഇരുകരകളിലുമായാണ് ഇവരുടെ വസ്തു. ഒരു കരയിൽ മൂന്നുനില കെട്ടിടം നിർമ്മിച്ചുകഴിഞ്ഞു. മറുഭാഗത്ത് ബഹുനില കെട്ടിടത്തിനായുള്ള അടിത്തറയുമൊരുക്കി. മധ്യഭാഗത്തുള്ള തോടുകൈയേറി കോൺക്രീറ്റ് ഉപയോഗിച്ച് കലുങ്ക് നിർമ്മാണം ആരംഭിച്ചത്.ഇതോടൊപ്പം തോട്ടിലേക്കിറക്കി കൽകെട്ടും തീർത്തിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ രംഗത്തുവന്നു. തേവാത്തോട് പാടശേഖരത്തുനിന്നുള്ള വെള്ളം ഈ തോട്ടിലൂടെയാണ് കായലിൽ എത്തുന്നത്. കൈയേറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ പ്രതികരിക്കാൻ പ്രാദേശിക നേതാക്കളുമെത്തി. എന്നാൽ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ സമരത്തിനെതിരെ നിലപാട് എടുത്തതയാണ് സൂചന.

ഏറെ രാഷ്ട്രീയ ബന്ധമുള്ള രാജശേഖരൻ നായർ മുംബൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. സിനിമാ നിർമ്മാണം ഉൾപ്പെടെയുള്ള വമ്പൻ ഡീലുകൾ ബോളിവുഡിൽ പോലും നടത്തുന്ന വ്യക്തിയാണ് രാജശേഖരൻ നായർ. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന രാജശേഖരൻ നായർക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് തന്നെ കൈയേറ്റത്തിനെതിരായ സമരങ്ങളുടെ മുന ഒടിയുകയാണ്. സംഭവത്തിൽ പഞ്ചായത്ത് സമിതി അന്വേഷണം നടത്തുന്നുണ്ട്. ഇത് അനുകൂലമാക്കി റിസോർട്ട് നിർമ്മാണവുമായി രാജശേഖരൻ നായർ മുന്നോട്ട് പോകുമെന്നാണ് സൂചന.

ലോകത്തെ മികച്ച ബീച്ച് ഹോട്ടലിനുള്ള അന്തർദേശീയ പുരസ്‌കാരം കഴിഞ്ഞ നാല് വർഷങ്ങളായി ഉദയ സമുദ്ര ഗ്രൂപ്പിനായിരുന്നു. കോവളത്ത് പഞ്ചനക്ഷത്ര പദവിയുള്ള ഉദയസമുദ്ര ഹോട്ടൽ ആൻഡ് സ്പാ, ശംഖുമുഖത്ത് എയർപോർട്ട് ഹോട്ടലായ ഉദയ സ്യൂട്ട്‌സ്, വിമാന യാത്രികർക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്‌ളൈറ്റ് കാറ്ററിങ് യൂണിറ്റ്, പാറശാലയിൽ ഉദയസൂര്യ, മുംബയിൽ റസ്റ്റോറന്റ ്ശൃംഖല എന്നിവയും ഈ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമത്തിൽ ഉദയ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ രാധാ നായർ സ്ഥാപിച്ച സി.ബി.എസ്.ഇ സ്‌കൂളാണ് സായികൃഷ്ണ പബഌക് സ്‌കൂൾ. രാധയും ബിസിനസ്സിൽ സജീവമായി ഇടപെടുന്നു. വിഘ്‌നേഷ് നായരും തെന്നിന്ത്യൻ നായികമാരായ കാർത്തിക നായരും തുളസീനായരുമാണ് രാധയുടേയും രാജശേഖരൻ നായരുടേയും മക്കൾ.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു നടിയാണ് രാധ. മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമാണ് രാധയ്ക്ക് പറയാനുള്ളത്. ചിരഞ്ചീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമൽഹാസൻ, ശിവാജി ഗണേശൻ, പി. ഭാരത രാജ, കാർത്തിക്, മോഹൻലാൽ, മുകേഷ്, ഭരത് ഗോപി, നസീർ, നാഗാർജുന, വിഷ്ണു വർദ്ദൻ, വെങ്കടേഷ്, മോഹൻ ബാബു തുടങ്ങി എണ്ണിയാൽ തീരാത്ത നായകന്മാർക്കൊപ്പം രാധ അഭിനയിച്ചു. ഭർത്താവ് രാജശേഖരൻ നായർക്കും സിനിമ ബന്ധമുണ്ടായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP