Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീരവാസികളെ വരുതിയിലാക്കാൻ പണമൊഴുക്കും; സ്‌കൂളും ആശുപത്രികളും ഏറ്റെടുക്കും; മാലിന്യപ്രശ്‌നം പരിഹരിക്കാൻ നൂതന പദ്ധതി; യുവാക്കൾക്ക് തൊഴിലും; വിഴിഞ്ഞത്ത് അദാനിയുടെ ലക്ഷ്യം കിഴക്കമ്പലം മോഡൽ?

തീരവാസികളെ വരുതിയിലാക്കാൻ പണമൊഴുക്കും; സ്‌കൂളും ആശുപത്രികളും ഏറ്റെടുക്കും; മാലിന്യപ്രശ്‌നം പരിഹരിക്കാൻ നൂതന പദ്ധതി; യുവാക്കൾക്ക് തൊഴിലും; വിഴിഞ്ഞത്ത് അദാനിയുടെ ലക്ഷ്യം കിഴക്കമ്പലം മോഡൽ?

തിരുവനന്തപുരം: എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റക്‌സ് കമ്പനി പിടിച്ചെടുത്തതുപോലെ വിഴിഞ്ഞത്ത് പണമൊഴുക്കി പ്രദേശവാസികളെ വശത്താക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഭരണം മാറിയാൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകളെ പ്രദേശവാസികളെ കൂടെ നിർത്തി പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് കർമ്മപദ്ധതികളുമായി രംഗത്തിറങ്ങുന്നത്.

തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങൾ പഠിക്കാൻ അദാനി ഗ്രൂപ്പ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു. ജനങ്ങളിൽനിന്ന് നാട്ടിലെ പ്രശ്‌നങ്ങൾ മനസിലാക്കിയ ശേഷം അവ പരിഹരിച്ചുകൊടുത്ത് അവരെ കൂടെ നിർത്താനാണ് കമ്പനിയുടെ ലക്ഷ്യം.
'സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ' എന്ന പേരിൽ കമ്പനി വിഭാവനം ചെയ്യുന്ന പദ്ധതിയോട് പ്രദേശവാസികൾ ഐക്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയിൽ പ്രദേശത്തെ നാല് സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതികൾ ഉടൻ തുടങ്ങുമെന്നാണ് സൂചന.

വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം, മുക്കോല സാമൂഹികാരോഗ്യകേന്ദ്രം, മുക്കോല ഹോമിയോ ആശുപത്രി, കോട്ടുകാൽ സാമൂഹികാരോഗ്യകേന്ദ്രം എന്നിവ ഉയർന്ന നിലവാരത്തിലാക്കാമെന്ന് കമ്പനി അധികൃതർ പ്രദേശവാസികൾക്ക് വാക്ക് നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരോട് സംസാരിച്ച് ആശുപത്രികളുടെ ശോചനീയാവസ്ഥ കമ്പനി അധികൃതർ മനസിലാക്കിയ ശേഷമാണ് നടപടി. തീരപ്രദേശത്തെ സ്‌കൂളുകളാണ് കമ്പനിയുടെ അടുത്തലക്ഷ്യം. സ്‌കൂളുകൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാമെന്ന് കമ്പനി അധികൃതർ വാഗ്ദാനം നൽകിയിട്ടുണ്ട്.

യുവാക്കളെയാണ് പ്രധാനമായും കമ്പനി ലക്ഷ്യമിടുന്നത്. യുവാക്കൾക്ക് അന്താരാഷ്ട്രതുറമുഖത്തിൽ ജോലി ലഭ്യമാക്കാമെന്ന കമ്പനിയുടെ വാഗ്ദാനത്തിൽ ആകൃഷ്ടരായിരിക്കുകയാണ് തീരപ്രദേശത്തെ നൂറോളം യുവാക്കൾ. ഇവർക്കുവേണ്ടി ഉടൻ അദാനി ഗ്രൂപ്പിന്റെ തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങും. തുറമുഖത്തിലേക്ക് ആവശ്യമായ തൊഴിലാളികൾക്ക് തങ്ങൾതന്നെ പരിശീലനം നൽകുമെന്ന് കമ്പനി സർക്കാരുമായി ഒപ്പിട്ട കരാറിൽ പറഞ്ഞിട്ടുണ്ട്. തീരസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി തീരദേശ മേഖലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുള്ള കർമ്മ പദ്ധതികളും കമ്പനി നടപ്പാക്കും.

എന്തായാലും ഈ നീക്കത്തോടെ തുറമുഖ നിർമ്മാണത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗത്തെ വശത്താക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള പുനരധിവാസം മാത്രമാണ് ഇപ്പോൾ തുറമുഖത്തിനെതിരേ ഉയരുന്ന പ്രധാന പ്രശ്‌നം. സർക്കാരാണ് ഇക്കാര്യത്തിൽ വീഴ്ചവരുത്തിയത്. സർക്കാർ അനുവദിക്കുകയാണെങ്കിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനും കമ്പനി പണമൊഴുക്കിയേക്കുമെന്നാണ് സൂചന.

അതോടെ എല്ലാ പ്രതികൂല ഘടകങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് കമ്പനി അധികൃതർക്ക് ഉറപ്പുണ്ട്. അത് സംഭവിച്ചാൽ വിഴിഞ്ഞം തീരദേശ മേഖലയിലും അനുബന്ധപ്രദേശങ്ങളിലും തങ്ങൾക്കുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. വികസന പ്രവർത്തനങ്ങളെല്ലാം അദാനി ഗ്രൂപ്പ് ഏറ്റെടുത്താൽ തദ്ദേശഭരണ സ്ഥപനങ്ങളും ഇതോടെ നോക്കുകുത്തിയാകും. അതോടെ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം കിറ്റെക്‌സ് കമ്പനി കൈക്കലാക്കിയതുപോലെ വിഴിഞ്ഞത്തും സംഭവിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP