Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദാനിയുടെ മനസ്സ് വിഴിഞ്ഞത്തോ കുളച്ചലിലോ? മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ കൂട്ടാക്കാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയത് ആത്മ സുഹൃത്തിന്റെ ആശയക്കുഴപ്പം തിരിച്ചറിഞ്ഞെന്ന് സൂചന; കുളച്ചലിന് വേണ്ടി ചരടുവലയുമായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ

അദാനിയുടെ മനസ്സ് വിഴിഞ്ഞത്തോ കുളച്ചലിലോ? മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ കൂട്ടാക്കാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയത് ആത്മ സുഹൃത്തിന്റെ ആശയക്കുഴപ്പം തിരിച്ചറിഞ്ഞെന്ന് സൂചന; കുളച്ചലിന് വേണ്ടി ചരടുവലയുമായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗൗതം അദാനിയുടെ മനസ്സിൽ എന്താണ്? വിഴിഞ്ഞമോ കുളച്ചലോ? അദാനി ആശയക്കുഴപ്പത്തിലാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനസ്സ് തുറക്കുന്നില്ല. എന്തായാലും ഒന്നുറപ്പ്. വിഴിഞ്ഞവും കുളച്ചലും കൂടി ഒരു വണ്ടിയിൽ പോകില്ലെന്ന് അദാനി ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ സാധ്യതയും നോക്കി മാത്രമേ ഏത് തുറമുഖത്തിന് മുതൽമുടക്കണമെന്ന് അദാനി തീരുമാനിക്കൂ. ഇതിന് കൂടി വേണ്ടിയാണ് വിഴഞ്ഞത്തിന്റെ ടെൻഡർ നടപടികളിൽ പങ്കെടുക്കാതെ അദാനി മാറിയത്. കേരളം വീണ്ടും റീ ടെൻഡർ നടത്തുമെന്ന മുൻധാരണയോടെയായിരുന്നു ഇത്. അത് ഫലം കണ്ടു. പക്ഷേ എന്നിട്ടും കുളച്ചലിനെ വിട്ട് വിഴിഞ്ഞത്തിൽ പിടിക്കാൻ അദാനിയുടെ മനസ്സ് പൂർണ്ണമായും സജ്ജമായിട്ടില്ല.

ഇതു തന്നെയാണ് ഡൽഹിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വിനയായത്. വിഴിഞ്ഞം തുറമുഖ പദ്ധതി അനുകൂലമാകണമെങ്കിൽ അദാനിയെ ഒപ്പം നിർത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടിയാണ് അദാനിയുമായി വിഷയത്തിൽ ദീർഘ നേരം ഫോണിൽ നേരിട്ട് ഉമ്മൻ ചാണ്ടി സംസാരിച്ചത്. അന്ന് കംമ്പോട്ടാഷ് നിയമത്തിലെ അവ്യക്തതയാണ് തന്നെ ചിന്തിപ്പിക്കുന്നതെന്ന് അദാനി പറഞ്ഞിരുന്നു. അതു മുൻനിർത്തി പ്രധാനമന്ത്രി മോദിയെ കാര്യങ്ങൾ ധരിപ്പിക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ നീക്കം. എല്ലാം മോദിക്ക് അറിയാമെന്നതിനാൽ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത്. അതിന് ശേഷം കമ്പോട്ടാഷ് നിയത്തിൽ ഇളവ് വാങ്ങി അദാനിയെ അറിയിച്ച് വിഴിഞ്ഞത്തെ സജീവമാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. എന്നാൽ അദാനിയുടെ മനസ്സ് വിഴിഞ്ഞത്തിനൊപ്പം പൂർണ്ണമായും എത്തിയില്ലെന്ന് മനസ്സിലാക്കി മോദി, ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയെന്നാണ് സൂചന.

കമ്പോട്ടാഷ് നിയമത്തിൽ ഇളവ് അനുവദിച്ചാൽ ഉമ്മൻ ചാണ്ടി വീണ്ടും അദാനിയെ വിളിക്കും. ഈ സാഹചര്യത്തിൽ വിഴിഞ്ഞം ടെൻഡറിൽ പങ്കെടുക്കേണ്ടിയും വരും. ഈ അവസ്ഥ ഒഴിവാക്കാനായിരുന്നു മോദിയുടെ നീക്കമെന്നാണ് സംസ്ഥാന സർക്കാരിലെ ഉന്നതരുടെ നിഗമനം. കമ്പോട്ടാഷ് നിയമത്തിൽ ഇളവ് വന്നാലും വിഴിഞ്ഞത്തിൽ അദാനിയെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. തൊഴിലാളി പ്രശ്‌നങ്ങളും ക്വാറി ഉടമകളുടെ ഭീഷണിയും മൂലം കൊച്ചി മെട്രോ പോലും ഇഴയുന്നു. ഈ സാഹചര്യത്തിൽ വിഴഞ്ഞത്തിൽ പങ്കാളിയാകണമോ എന്ന സംശയം അദാനിക്കുണ്ട്. ഇതു തന്നെയാണ് കുളച്ചലിൽ കണ്ണെറിയാനുള്ള താൽപ്പര്യവും. ഇതിനൊപ്പം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലത്തിലാണ് കുളച്ചലെന്ന പ്രത്യേകതയുമുണ്ട്.

കന്യാകുമാരി ബിജെപിയ്‌ക്കൊപ്പം ഉറപ്പിച്ച് നിർത്താൻ കുളച്ചൽ തുറമുഖമാണ് നല്ലതെന്നാണ് പൊൻ രാധാകൃഷ്ണന്റെ നിലപാട്. കേരളത്തിൽ വിഴഞ്ഞത്തിലൂടെ ബിജെപിക്ക് വേരോട്ടമുണ്ടാക്കാമെന്ന ഉറപ്പ് വേണ്ടെന്നും പറയുന്നു. ഈ രാഷ്ട്രീയ കാരണവും വിഴിഞ്ഞത്തിന് തിരിച്ചടി തന്നെയാണ്. ഈ സാഹചര്യത്തിൽ വിഴിഞ്ഞത്തിൽ ഇനി കരുതലോടെ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ ഇടയുള്ളൂ. വിഴിഞ്ഞം തുറമുഖം ലാഭകരമല്ലെന്ന നിലപാടെടുത്ത കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും തൊട്ടടുത്തുള്ള കുളച്ചലിനുവേണ്ടി നിലകൊള്ളുന്നുവെന്നാതാണ് ശ്രദ്ധേയം. വാൻകൂവർ ആസ്ഥാനമായ കോസ്റ്റൽ കൺസൾട്ടിങ് ഗ്രൂപ്പ് കുളച്ചലിൽ സാധ്യതാപഠനം തുടങ്ങി. മൂന്നുമാസംകൊണ്ടുള്ള തിരക്കിട്ട പഠനം മാർച്ചിൽ പൂർത്തിയാവും. ഇതുവരെ വിഴിഞ്ഞത്തെ നീട്ടികൊണ്ട് പോകാനാകും അദാനിയുടെ ശ്രമം. സാധ്യതാ പഠനത്തിൽ കുളച്ചലിന്റെ സാധ്യത മനസ്സിലാക്കുകയാണ് ലക്ഷ്യം.

കേന്ദ്ര ഉപരിതകപ്പൽ ഗതാഗത സഹമന്ത്രി കൂടിയായ പൊൻ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് ഇവിടത്തെ തുറമുഖം വികസിപ്പിക്കാൻ ശ്രമം നടത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം തുറമുഖ വ്യവസായത്തിൽ താൽപ്പര്യമുള്ള അദാനിക്ക് പൊൻ രാധാകൃഷ്ണനെ പിണക്കാനും കഴിയില്ല. കുളച്ചൽ തുറമുഖത്തിനായുള്ള പഠനത്തിന് കഴിഞ്ഞ ഡിസംബറിൽ ആഗോള ടെൻഡർ പുറപ്പെടുവിച്ചത് കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലൊന്നായ തൂത്തുക്കുടി ചിദംബരിനാർ പോർട് ട്രസ്റ്റാണ്. കുളച്ചൽ തുറമുഖം വികസിപ്പിക്കാൻ കേന്ദ്ര മന്ത്രാലയം താത്പര്യപ്പെടുന്നു എന്ന് ഈ ടെൻഡറിൽ വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ പുതിയ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ ടെർമിനൽ സ്ഥാപിക്കുക അല്ലെങ്കിൽ തൂത്തുക്കുടിയുടെ ഉപഗ്രഹ തുറമുഖമാക്കുക എന്നതാണ് നിർദ്ദേശം.

വിഴിഞ്ഞത്തിന് കിട്ടിയതുപോലുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് കുളച്ചൽ തുറമുഖത്തിന് കിട്ടാനും സാധ്യതയുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതും നിക്ഷേപകരെ അടുപ്പിക്കാനും വിഴിഞ്ഞത്തിന്റെ സാധ്യതകൾ അടയ്ക്കാനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP