Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപദേശകനായി ബെഹ്‌റ; സംവിധായികയായി സന്ധ്യ; പിഴക്കാതെ ചുവടുകൾ വച്ച് ശ്രീജിത്ത്; ഈഗോകൾ മാറ്റി വച്ച് എസ്‌പിമാരും ഡിവൈഎസ്‌പിമാരും സിഐമാരും അടങ്ങിയ സംഘം; ജിഷയുടെ കൊലപാതകിയെ പിടിച്ചത് പഴുതുകൾ ഇല്ലാത്ത അന്വേഷണ സംഘത്തിന്റെ മികവ് തന്നെ

ഉപദേശകനായി ബെഹ്‌റ; സംവിധായികയായി സന്ധ്യ; പിഴക്കാതെ ചുവടുകൾ വച്ച് ശ്രീജിത്ത്; ഈഗോകൾ മാറ്റി വച്ച് എസ്‌പിമാരും ഡിവൈഎസ്‌പിമാരും സിഐമാരും അടങ്ങിയ സംഘം; ജിഷയുടെ കൊലപാതകിയെ പിടിച്ചത് പഴുതുകൾ ഇല്ലാത്ത അന്വേഷണ സംഘത്തിന്റെ മികവ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ്‌ 26നാണ് ദക്ഷിണമേഖലാ എഡിജിപിയായി ബി സന്ധ്യ ചുമതലയേറ്റത്. അന്ന് തന്നെ ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതൽ തുടങ്ങുമെന്ന് സന്ധ്യ വ്യക്തമാക്കുകയും ചെയ്തു. പിണറായി മന്ത്രിസഭയുടെ ആദ്യ യോഗ തീരുമാനങ്ങളിൽ ഒന്നും ജിഷാക്കേസ് അന്വേഷണം സന്ധ്യയെ ഏൽപ്പിക്കാനായിരുന്നു. കേസ് അന്വേഷണത്തിൽ സർക്കാർ കാട്ടിയ വിശ്വാസ്യതയോട് സന്ധ്യ നൂറു ശതമാനവും കൂറുപുലർത്തി. അന്വേഷണ സംഘത്തിൽ തനിക്ക് തൊട്ടു താഴെ ഐജിയായി എസ് ശ്രീജിത്ത് എത്തിയതോടെ ആത്മവിശ്വാസം കൂടി. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ പെൺവാണിഭ സംഘത്തിന്റെ ഉറക്കം കെടുത്തിയ ശ്രീജിത്തിനെ പ്രത്യേക ഉത്തരവിലൂടെ എറണാകുളം റേഞ്ച് ഐജിയാക്കിയതോടെ സന്ധ്യയ്ക്ക് മികച്ച കീഴുദ്യോഗസ്ഥനുമായി. മുകളിൽ അന്വേഷണത്തിന് വേണ്ട നിർദ്ദേശം നൽകാൻ ലോക്‌നാഥ് ബെഹ്‌റയെന്ന ഡിജിപിയും.

അതീവ രഹസ്യമായി അന്വേഷണം നടത്താനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം റൂറൽ എസ്‌പിയായി ഉണ്ണിരാജയെ നിയമിച്ചു. അന്വേഷണ സംഘത്തിലുള്ളവർ തന്നെ അതത് പ്രദേശത്തിലെ ക്രമസമധാന ചുമലത നയിക്കുന്നതാണ് ഉത്തമമെന്ന ബെഹ്‌റയുടെ വിലയിരുത്തലായിരുന്നു ഇതിന് കാരണം. ഇതോടെ അന്വേഷണ വിവരങ്ങൾ മറ്റൊരു പ്രധാനിയിലേക്ക് അനാവശ്യമായി ചോർന്നെത്താനുള്ള സാധ്യത കുറഞ്ഞു. ലോക്കൽ പൊലീസും അന്വേഷണത്തിൽ സജീവമാകേണ്ട അവസ്ഥ വന്നു. അന്വേഷണത്തിലെ ഓരോ ഘട്ടവും സന്ധ്യ നേരിട്ട് വിലയിരുത്തി. ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോലും സന്ധ്യ പോയില്ല. മുഴുവൻ സമയവും കേസിന്റെ ഏകോപനമാണ് സന്ധ്യ നടത്തിയത്. ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്ന് സന്ധ്യ തന്നെ നിശ്ചയിച്ചു. ഇതിലൂടെ ആരും സ്വന്തം നിലയിൽ അന്വേഷണത്തിൽ ഇടപെടൽ നടത്തിയില്ലെന്ന് ഉറപ്പിച്ചു.

എഡിജിപിയുടെ നിർദ്ദേശമാണ് ഓരോരുത്തരും അനുസരിക്കുന്നതെന്ന തിരിച്ചറിവ് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഈഗോ ഇല്ലാതാക്കി. അങ്ങനെ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആദ്യ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഈഗോയുടെ പേരിൽ കണ്ടില്ലെന്ന് നടിക്കാൻ സന്ധ്യ തയ്യാറായില്ല. ഇതിനൊപ്പം അതിസൂക്ഷ്മമായ അന്വേഷണവും ഈ കേസിൽ ഒത്തുചേർന്നതോടെ കൊല നടന്ന് 47-ാം ദിവസം കൊലയാളി വലയിലായി. ഇവിടെ യഥാർത്ഥ താരം സന്ധ്യയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ സമ്മതിക്കുന്നു. ആരും വേണ്ടാതെ ഉപേക്ഷിച്ച ചെരുപ്പിനെ ചൂണ്ടിക്കാട്ടിയത് ബഹ്‌റയാണ്. എന്നാൽ ചെരുപ്പിനെ പിന്തുടർന്ന് പ്രതിയെ കണ്ടെത്തിയത് സന്ധ്യയുടെ അന്വേഷണ ബുദ്ധി തന്നെയാണ്.

ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അതി സമർത്ഥമായി തന്നെ ചെയ്യാൻ എറണാകുളം റേഞ്ച് ഐജി ശ്രീജിത്തും ഒപ്പം കൂടി. ക്രൈംബ്രാഞ്ചിലെ ഐജിയെന്ന അന്വേഷണ പരിചയം ജിഷാക്കേസ് അന്വേഷണത്തിലേക്ക് ശ്രീജിത്തുകൊണ്ടു വന്നു. എസ്‌പിയായെത്തിയ ഉണ്ണിരാജയും ക്രൈംബ്രാഞ്ചിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥനാണ്. ഈ ഏകോപനങ്ങൾ പ്രതിയിലേക്ക് എത്താൻ സഹായകമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി പി.കെ.മധു, ഡിവൈഎസ്‌പിമാരായ ശശിധരൻ, സോജൻ എന്നിവരും സത്യസന്ധമായി തന്നെ ഉപദേശങ്ങൾ പിന്തുടർന്നു. പെരുമ്പാവൂർ, കുറുപ്പംപടി സിഐമാരായി പുതിയ സംഘത്തിലെ അംഗങ്ങളായ ബൈജു പൗലോസിനെയും ഷംസുവിനെയും നിയമിച്ചതോടെ എല്ലാം അതിവേഗത്തിലായി. പെരുമ്പാവൂർ ഡിവൈഎസ്‌പിയായി കെ.എസ്.സുദർശനും അന്വേഷണത്തിലെ പ്രധാന പങ്കാളിയായി.

സമീപവാസികളുടെ മൊഴി രേഖപ്പെടുത്താൻ എഡിജിപി ബി.സന്ധ്യ നേരിട്ടെത്തി. കൊലയാളിയെ കണ്ടെത്താൻ അറിയാവുന്ന മുഴുവൻ വിവരങ്ങളും പൊലീസിനെ അറിയിക്കേണ്ടത് ആവശ്യമാണെന്ന് എഡിജിപി വിശദീകരിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ച ബി.സന്ധ്യ കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂർ ചെലവഴിച്ചു. അറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും റൂറൽ എസ്‌പി പി.എൻ.ഉണ്ണിരാജൻ, എസ്‌പി പി.കെ.മധു എന്നിവരടക്കമുള്ളവർക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യർത്ഥിച്ചു. കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം, കേസിൽ മൊഴി കൊടുത്ത അയൽവാസികളുമായി എ!ഡിജിപി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇതോടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്ന് ഉറപ്പിച്ചു. ബെഹ്‌റ എത്തിയതോടെ ചെരുപ്പും നിർണ്ണായക തെളിവായി. രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നീക്കം റവന്യു വകുപ്പ് ഉപേക്ഷിച്ചതും സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്നാണ്. കൊലയാളിയെ പിടികൂടുംവരെ രാജേശ്വരിയുടെ സുരക്ഷ ഉറപ്പാക്കാൻ അതാണു നല്ലതെന്ന പൊലീസിന്റെ അഭിപ്രായം മാനിച്ചാണു വാടകവീടു കണ്ടെത്താനുള്ള നീക്കം ഉപേക്ഷിച്ചത്.

പിന്നീട് കണ്ടതു കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശാസ്ത്രീയമായ തെളിവുശേഖരണം. കൊല നടന്ന ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം പാളിയെന്ന ആരോപണം നിലനിൽക്കെയാണു കുറ്റാന്വേഷണത്തിലെ ഏറ്റവും വിശ്വസനീയമായ ഡിഎൻഎ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് വിജയിച്ചത്. ജിഷയുടെ കടിയേറ്റ കൊലയാളി തിരികെ കടിച്ചപ്പോൾ ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരാണ് കേസിൽ പൊലീസിനു ലഭിച്ച ആദ്യ പിടിവള്ളി. അതിൽ കൊലയാളിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞു. എന്നാൽ ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോവാൻ വീട്ടിൽനിന്ന് ആംബുലൻസിലേക്കു നീക്കിയ ആരെങ്കിലും അറിയാതെ തുപ്പിയപ്പോൾ തെറിച്ചു വീണതാണോ ഈ ഉമിനീരെന്നു സംശയിച്ചിരുന്നു. മൃതദേഹത്തിനു ദുർഗന്ധമുണ്ടായിരുന്നതിനാൽ അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലായിരുന്നു. എന്നാൽ ജിഷ കൊലയാളിയെ മാന്തിയപ്പോൾ നഖത്തിനുള്ളിൽ പറ്റിയ ചർമ്മ കോശങ്ങളിലെ ഡിഎൻഎയും ഉമിനീരിലെ ഡിഎൻഎയും പൊരുത്തപ്പെട്ടതോടെ ഈ ഫൊറൻസിക് തെളിവ് അതിശക്തമായി. ചെരുപ്പിലെ ഡിഎൻഎ കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു.

കഴുത്തിൽ കുത്തേറ്റു താഴേക്കുവീണ ജിഷയുടെ രക്തത്തുള്ളി കൊലയാളിയുടെ റബർ ചെരിപ്പിലേക്കു തെറിച്ചു വീണിരുന്നു. ഇതു ശ്രദ്ധിക്കാതിരുന്ന കൊലയാളി വീടിനു സമീപത്തെ കനാലിലേക്ക് ഇറങ്ങി. കനാലിലെ നീരൊഴുക്ക് അപ്പോൾ നിലച്ചിരുന്നതിനാൽ ചെരിപ്പിലെ രക്തത്തുള്ളി കഴുകിപ്പോയില്ല. കനാലിലെ പശിമയുള്ള ചെളിയിൽ ചെരിപ്പു പുതഞ്ഞതോടെ കൊലയാളിക്കു വേഗത്തിൽ നടക്കാൻ കഴിയാതെയായി. ചെരിപ്പ് കയ്യിൽ ഊരിപ്പിടിച്ചു കനാൽ വരമ്പിലേക്കു കയറിയ കൊലയാളി ചെളിപുരണ്ട ചെരിപ്പ് റോഡരികിൽ ഉപേക്ഷിച്ചു. എന്നാൽ കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള തെളിവായി മാത്രം ആദ്യ അന്വേഷണ സംഘം ഇതിനെ കണ്ടു. ഈ ചെരുപ്പുകളെ കാനാലിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടുകാരണം പ്രതി അഴിച്ചു വച്ചതാണെന്ന ബെഹ്‌റയുടെ അന്വേഷണ ബുദ്ധി സന്ധ്യ അക്ഷരംപ്രതി ഉൾക്കൊണ്ടു. അങ്ങനെയാണ് ചെരുപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എല്ലാ ഡിഎൻഎയും ഒന്നാണെന്ന് വന്നതോടെ ഈ നീക്കവും ഫലം കണ്ടു.

ജിഷ കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഏപ്രിൽ 27 മുതൽ പിറ്റേന്ന് 29 വരെ പെരുമ്പാവൂർ കുറുപ്പംപടി മേഖലയിലെ സെൽ ഫോൺ ടവറുകൾ വഴി 27 ലക്ഷം മൊബൈൽ ഫോൺ സിഗ്‌നലുകളാണ് കടന്നു പോയത്. ഇവ ഓരോന്നും പരിശോധിച്ച സൈബർ പൊലീസ് 38–ാം ദിവസം സംശയകരമായ 200 ഫോൺ നമ്പറുകളും അവയുടെ ഉടമകളുടെ പേരുകളും അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണ സംഘം ആദ്യം ചെയ്തത് ഇതിൽ ഏതെല്ലാം നമ്പറുകൾ, ജിഷ കൊല്ലപ്പെട്ട 28 നു ശേഷം നിർജീവമാണെന്നു കണ്ടെത്തുകയാണ്. ഇത്തരത്തിലുള്ള 26 നമ്പറുകൾ കണ്ടെത്തി. അതിൽ ജിഷയുടെ വീടിന് ഏറ്റവും സമീപമുള്ള 10 നമ്പറുകൾ ഉണ്ടായിരുന്നു. അതിൽ ഒരു നമ്പറിന്റെ പ്രത്യേകത അന്വേഷണ സംഘം ശ്രദ്ധിച്ചു. സംഭവം നടന്ന രാത്രി അതിൽനിന്ന് ഒരു കോൾ പുറത്തേക്കു പോയിട്ടുണ്ട്. അത് അസമിലേക്കാണ്.

ഈ നമ്പർ ഉപയോഗിച്ച ഫോൺ തിരിച്ചറിഞ്ഞതോടെ അതേ ഫോണിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റു രണ്ടു പുതിയ സിമ്മുകൾ കൂടി ഉപയോഗിച്ചതായി കണ്ടെത്തി. പിന്നീട് ഈ ഫോൺ ഉപയോഗിച്ചയാളുടെ സഞ്ചാരം പിൻതുടർന്ന് ഒരു സംഘം പൊലീസുകാർ അസമിലേക്കു തിരിച്ചു. അതിനിടയിൽ അതേ ഫോൺ പുതിയ സിം നമ്പറിൽ തമിഴ്‌നാട് കാഞ്ചീപുരത്തെ ടവർ ലൊക്കേഷനിൽ തെളിഞ്ഞു. അങ്ങനെ പ്രതി പടിയിലൂമായി. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബെഹ്‌റയുടെ വിദഗ്ധ ഉപദേശത്തിന്റെ കരുത്തിൽ സന്ധ്യ തന്നെയാണ് ഈ നീക്കങ്ങൾക്ക് ബുദ്ധി പകർന്നത്. കണ്ണൂരിലെ സൈബർ വിദഗ്ധരാണ് ഇതിന് തുണയായ മറ്റൊരു ഘടകം. മൊബൈൽ ഫോണുകളുടെ വിലയിരത്തലും വിവര ശേഖരണവും അതിവേഗം ഇവർ നിർവ്വഹിച്ചു. ഇതും പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്താൻ കാരണമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP