Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിച്ചതിന്റെ പേരിൽ വയനാട്ടിൽ നിരവധി ആദിവാസികൾ ജയിലിൽ! ആധാരവും നികുതിച്ചീട്ടുമില്ലാത്തതിനാൽ ജാമ്യം കിട്ടുന്നില്ല;'പോക്‌സോ' നിയമത്തിനെതിരെ പ്രതിഷേധം ശക്തം; വിശദമായ പഠനം നടത്താമെന്ന് ഒടുവിൽ മന്ത്രി ജയലക്ഷ്മി

വിവാഹം കഴിച്ചതിന്റെ പേരിൽ വയനാട്ടിൽ നിരവധി ആദിവാസികൾ ജയിലിൽ! ആധാരവും നികുതിച്ചീട്ടുമില്ലാത്തതിനാൽ ജാമ്യം കിട്ടുന്നില്ല;'പോക്‌സോ' നിയമത്തിനെതിരെ പ്രതിഷേധം ശക്തം; വിശദമായ പഠനം നടത്താമെന്ന് ഒടുവിൽ മന്ത്രി ജയലക്ഷ്മി

കെ വി നിരഞ്ജൻ

കൽപ്പറ്റ:. കോടികൾ കട്ടുമുടിച്ചവരും കൊലപാതകികളും നെഞ്ച് വിരിച്ച് നടക്കുന്ന ഈ നാട്ടിൽ ആചാരപ്രകാരം വിവാഹം കഴിച്ചു എന്ന കുറ്റത്തിന് ജയിലിൽ കിടക്കുന്നവരുണ്ടെന്ന് കേട്ടാൽ ഞെട്ടരുത്.! അതും നിർധനരും നിരാംലംബരുമായ ആദിവാസികൾ. ആഫ്രിക്കയിലൊന്നുമല്ല. പ്രബുദ്ധകേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് ഒരു മന്ത്രിയുള്ള വയനാട്ടിൽ നിന്നാണ് സംഭവം. ഇവിടെ പണിയ കാട്ടുനായ്ക്ക സമുദായത്തിൽ പെട്ട നിരവധിപേർ ഇന്ന് കല്യാണം കഴിച്ചതിന്റെ പേരിൽമാത്രം ജയിലാണ്.പ്രായപൂർത്തിയാകാത്ത പെണ്ണിനെ കല്യാണം കഴിച്ചതാണ് ഇവരെ കുടുക്കിയത്. ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്‌സോ) ചുമത്തിയാണ് ഈ യുവാക്കളെ ജയിലിലാവുന്നത്.

പണിയ വിഭാഗത്തിൽ പെണ്ണും ചെക്കനും ഇഷ്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി വയസ്സറിയിച്ചാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം താമസിക്കാമെന്നതാണ് സമുദായ കീഴ് വഴക്കം. ഊരിൽ ഉത്സവമോ മറ്റെന്തെങ്കിലും പരിപാടികളോ നടക്കുമ്പോൾ പെൺകുട്ടി ചെറുക്കന്റെ വീട്ടിലത്തെി താമസം തുടങ്ങും. ഇങ്ങനെ ഒന്നിച്ചു താമസിക്കുന്ന വിവരം ലഭിച്ചാൽ പൊലീസ് യുവാക്കളെ പിടിച്ചുകൊണ്ടുപോയി കടുത്ത കുറ്റകൃത്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർക്കുകയാണെന്നാണ് ആക്ഷേപം. 'ഭർത്താവ്' ജയിലിലാകുന്നതോടെ പെൺകുട്ടികളുടെ ജീവിതവും നിയമക്കുരുക്കിലാകും. കൈക്കുഞ്ഞുങ്ങളുമായി കേസ് നടത്താനത്തെുന്നവരുമുണ്ട്. വയനാട്ടിൽ മുപ്പതിലധികം ആദിവാസി യുവാക്കളാണ് 'പോക്‌സോ' പ്രകാരം ജയിലിലുള്ളത്. ഇവരിലേറെയും പണിയ വിഭാഗക്കാരാണ്.

മിക്കവരും 'പോക്‌സോ'യും ഒപ്പം 376ാം വകുപ്പും ചുമത്തുന്നതോടെ പിന്നീട് ജാമ്യം പോലും കിട്ടാത്ത അവസ്ഥയിൽ കാലങ്ങളായി തടവറയിൽ കഴിയുന്നവർ ഒരുപാട്. ജാമ്യ ഉടമ്പടി പൂർത്തിയാകണമെങ്കിൽ ഒറിജിനൽ ആധാരം വേണമെന്നതിനാൽ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി യുവാക്കൾ ജാമ്യം കിട്ടിയാലും ജയിലഴികൾക്കുള്ളിൽ തന്നെയാവും. പണിയ വിഭാഗക്കാർ പരമ്പരാഗതമായി ചെറുപ്രായത്തിൽ വിവാഹിതരാവുന്നത് പതിവാണ്. ഇതിനെതിരെ ബോധവത്കരണവും നടക്കാറില്ല. ഈ സാഹചര്യത്തിൽ, 'പോക്‌സോ' കേസുകൾ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.വയനാട് ചൈൽഡ് ലൈനിന്റെ കണക്കനുസരിച്ച് 2010 ഏപ്രിൽ മുതൽ 2015 മാർച്ച് വരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 66 പരാതികളാണ് ലഭിച്ചത്. ഇതിലേറെയും ആദിവാസി കോളനികളിൽനിന്നാണ്.

മാദ്ധ്യമം ദിനപ്പത്രത്തിന്റെ വയനാട് ലേഖകൻ എൻ.എസ് നിസാർ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ വെളിപ്പെട്ടത്.മുത്തങ്ങ കാടിനോടടുത്ത കല്ലൂർ തിരുവണ്ണൂർ കോളനിയിലെ കൊച്ചുകൂരയിൽ വെള്ളയും കുടുംബവും പട്ടിണിയിലായത് നിസാർ ഉദാഹരണ സഹിതം ചുണ്ടജക്കാട്ടുന്നു. വികലാംഗനായ വെള്ളക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻപോലും കഴിയില്ല. മൂത്ത മകൻ ബാബുവും ജന്മനാ വികലാംഗനാണ്. ഇഷ്ടികക്കളത്തിൽ പണിക്കുപോകുന്ന 19 വയസ്സുള്ള രണ്ടാമത്തെ മകൻ ശിവദാസാണ് ഒമ്പതംഗങ്ങളുള്ള ഈ കുടുംബത്തിന്റെ അത്താണി. ഇളയ മൂന്നു സഹോദരങ്ങളുടെ പഠനഭാരവും ശിവദാസിന്റെ ചുമലിലാണ്. എന്നാൽ, ഒന്നര മാസമായി ശിവദാസ് പോക്‌സോ നിയമപ്രകാരം ജയിലിലാണ്. അതോടെ കുടുംബം പട്ടിണിയിലായി.

ഈ നിയമത്തിന്റെ കുരുക്കിൽപെട്ട് യുവതികളും ദുരതത്തിലായെന്ന് തുടർ അന്വേഷണങ്ങൾ വ്യക്തമാവുന്നു. മുത്തങ്ങ കാടിനോടടുത്ത കല്ലൂർ തിരുവണ്ണൂർ കോളനിയിലെ വെള്ളയുടെ 19 വയസ്സുള്ള മകൻ ശിവദാസാണ് ഗോത്രാചാരപ്രകാരം വിവാഹം കഴിച്ചപെൺകുട്ടിയിപ്പോൾ റെസ്‌ക്യൂഹോമിലാണ്. പോക്‌സോ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതൽ ശിവദാസൻ മാനന്തവാടി ജില്ലാ ജയിലിലായത്. രണ്ടുതവണ ജാമ്യഹരജി നൽകിയെങ്കിലും കോടതി തള്ളി. ബുധനാഴ്ച വീണ്ടും ജാമ്യഹരജി കോടതി പരിഗണിക്കുന്നുണ്ട്. ശിവദാസൻ ജയിലിലായതോടെ ഭാര്യയായ പെൺകുട്ടിയെ നിയമം അനുശാസിക്കുന്ന തരത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്‌ള്യു.സി) നിർദേശ പ്രകാരം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

നിയമപ്രകാരം ഇത്തരത്തിലുള്ള പെൺകുട്ടികളെ കോടതി മൊഴിയെടുക്കുന്നതുവരെ വീട്ടിലേക്ക് പറഞ്ഞയക്കില്ല. അടുത്ത ബന്ധുക്കളല്ലാതെ ആരെയും കാണിക്കുകയുമില്ല. പെൺകുട്ടിയുടെ സുരക്ഷ മുൻനിർത്തിയും കുറ്റക്കാർ സ്വാധീനിക്കുന്നത് ഒഴിവാക്കാനും കൂടിയാണിത്. അന്നുമുതൽ കോളനിയിലുള്ള അമ്മയും അച്ഛനും മകളെ കാണണമെന്ന് ഏറെ കൊതിച്ചു. ദുരിതം പിടിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി, കിലോമീറ്ററുകൾ താണ്ടി അത്താഴപ്പട്ടിണിക്കാരായ അവർ കൽപറ്റയിൽ സി.ഡബ്‌ള്യു.സിയുടെ സിറ്റിങ്ങിനത്തെി അപേക്ഷ നൽകി. ഇവിടെനിന്നുള്ള കത്തുമായി പിന്നീട് മാനന്തവാടിയിലെ 'സമഖ്യ' കേന്ദ്രത്തിൽ നേരിട്ടത്തെണം. നിരവധി അസുഖങ്ങളുള്ള അമ്മക്ക് ഇതിന് കഴിയില്‌ളെന്നറിയിച്ചതോടെ പെൺകുട്ടിയെ നേരിട്ട് കോളനിയിലത്തെിക്കണമെന്ന് സി.ഡബ്‌ള്യു.സി ഡിസംബർ ഏഴിന് നിർദേശിച്ചു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.

തിങ്കളാഴ്ച നടന്ന സിറ്റിങ്ങിലും വീട്ടുകാർ അപേക്ഷ നൽകി. അപ്പോഴാണ് പെൺകുട്ടിയെ ഇതുവരെ അമ്മയെ കാണിച്ചില്‌ളെന്ന കാര്യം സി.ഡബ്‌ള്യു.സി പോലും അറിയുന്നത്. ഇതോടെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പെൺകുട്ടിയുമായി അധികൃതർ കോളനിയിലത്തെിയത്. ഒരു മണിക്കൂറോളം അമ്മയും മകളും സംസാരിച്ചു. കുട്ടിത്തം വിട്ടുമാറാത്ത അവൾ അമ്മയോട് ചേർന്നുനിന്നു. വാക്കുകൾ മുറിഞ്ഞു. ഉടൻ തന്നെ തിരിച്ചുപോവുകയും ചെയ്തു. ആദിവാസികൾക്കു മേൽ പോക്‌സോ നിയമം കൃത്യമായി ചാർത്തുന്ന അധികൃതർ ഇതിനുശേഷമുള്ള നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്നുവെന്ന് ആക്ഷേപമുണ്ട്. വയനാട് ജില്ലാ കോടതിയിൽ ഇപ്പോൾ 90 പോക്‌സോ കേസുകളാണുള്ളത്.

ഇതിൽപ്പെട്ട മുപ്പതോളം യുവാക്കൾ മാനന്തവാടി ജില്ലാ ജയിലിലും വൈത്തിരി സബ് ജയിലിലും കഴിയുകയാണ്. ഒരു വർഷത്തിനുള്ളിൽ വിചാരണ തീർക്കണമെന്നാണ് നിയമമെങ്കിലും ഇത് നീളുകയാണ്. ജാമ്യത്തിന് സ്വന്തം ആധാരം ഈട് വെക്കണം. ഇതില്ലാത്തതിനാൽ യുവാക്കൾക്ക് ജാമ്യം പോലും കിട്ടുന്നില്ല. അഴിക്കുള്ളിലായ യുവാക്കളുടെ ദുരിതം പോലത്തെന്നെയാണ് പുറത്ത് കഴിയുന്ന ഭാര്യമാരായ പെൺകുട്ടികളുടെ അവസ്ഥയും. ചിലർ ഗർഭിണികളാണ്. മറ്റു ചിലർ കൈക്കുഞ്ഞുങ്ങളുള്ളവരും. ജയിലിൽ കഴിയുന്ന ഭർത്താക്കന്മാരെ കാണാൻ എത്തുന്ന ഈ ബാലികമാർ ജയിൽ ജീവനക്കാർക്കും വേദനക്കാഴ്ചയാണ്.

അതേസമയം വിഷയം സേഷ്യൽമീഡിയയിലടക്കം കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ മന്ത്രി ജയലക്ഷ്മി പ്രതികരണവുമായി രംഗത്തത്തെിയിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ 2012ൽ നിലവിൽ വന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് പ്രകാരം നിരപരാധികളായ ആദിവാസികൾ തടവറയിലാക്കപ്പെടുന്നതിനെതിരെ വിശദമായ പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി തിരുവനന്തപുരത്ത് അറിയിച്ചത്. പണിയകാട്ടുനായ്ക്ക ഗോത്രവിഭാഗത്തിൽപെട്ട നിരവധി യുവാക്കൾ ജയിലിൽ കഴിയുന്നതായ വാർത്തയത്തെുടർന്ന് ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി (പട്ടികവർഗ വകുപ്പ്) സുബ്രതോ ബിശ്വാസിന് മന്ത്രി നിർദ്ദേശം നൽകി.

ഇത്തരം സമൂഹങ്ങൾക്കിടയിൽ ഇത് തടയാൻ ശക്തമായ ബോധവത്കരണം നടത്താനും കേസിൽ കുടുങ്ങി ജയിലിൽ കഴിയുന്ന നിരപരാധികൾക്ക് നിയമപരിരക്ഷ നൽകാനും പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വിവാഹപ്രായമത്തെുന്നതിനുമുമ്പ് ഗോത്രാചാരപ്രകാരം വിവാഹിതരാകുന്നവർക്ക് ജയിൽ ശിക്ഷയിൽനിന്ന് നിയമപരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് വിശദമായി പഠിക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജയലക്ഷ്മി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP