Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാമൻപിള്ള വക്കാലത്ത് എടുത്തത്‌ ജാമ്യ പ്രതീക്ഷ വേണ്ടന്ന് നടനോട് ഉപദേശിച്ച ശേഷം മാത്രം; വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകുമെങ്കിലും ആർക്കും പ്രതീക്ഷയില്ല; ഉടൻ കുറ്റപത്രം നൽകി ജാമ്യ സാധ്യത അടക്കാൻ പൊലീസും; ദിലീപിന് ഇനി പുറം ലോകം കാണാൻ കുറ്റവിമുക്തനാകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

രാമൻപിള്ള വക്കാലത്ത് എടുത്തത്‌ ജാമ്യ പ്രതീക്ഷ വേണ്ടന്ന് നടനോട് ഉപദേശിച്ച ശേഷം മാത്രം; വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകുമെങ്കിലും ആർക്കും പ്രതീക്ഷയില്ല; ഉടൻ കുറ്റപത്രം നൽകി ജാമ്യ സാധ്യത അടക്കാൻ പൊലീസും; ദിലീപിന് ഇനി പുറം ലോകം കാണാൻ കുറ്റവിമുക്തനാകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് അറസ്റ്റിലായപ്പോൾ തന്നെ വക്കാലത്തുകൊടുക്കാൻ  സുഹൃത്തുക്കൾ മനസ്സിൽ ഉദ്ദേശിച്ചത് ബി രാമൻപിള്ളയെയായിരുന്നു. ഓടി അദ്ദേഹത്തിന്റെ അടുത്തെത്തുകയും ചെയ്തു. എന്നാൽ വക്കീൽ ആദ്യം വഴങ്ങിയില്ല. താരരാജാവിന്റെ കേസിലെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് മാത്രമായിരുന്നു ഇത്. അതിനായി കാവ്യാ മാധവന്റെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്രന്റെ വക്കീലായിരുന്നു താനെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനില്ലെന്നും നിലപാട് എടുത്തു. അങ്ങനെ അഡ്വക്കേറ്റ് രാംകുമാർ എത്തി. ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പിഴച്ചതോടെ വീണ്ടും രാമൻപിള്ളയെ തേടി ദിലീപിന്റെ ബന്ധുക്കളെത്തി. കുടുംബത്തിന്റെ കണ്ണീര് കണ്ടപ്പോൾ വക്കീൽ കേസ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈ കേസിൽ ജാമ്യത്തിനുള്ള സാധ്യതകളിൽ ബന്ധുക്കളോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

വിശദമായ വിധിയാണ് ജാമ്യ ഹർജിയിൽ ഹൈക്കോടതി രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് ഡയറി പരിശോധിച്ച് തെളിവുകൾ ഉണ്ടെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. പ്രോസിക്യൂഷൻ അനുകൂല നിലപാട് എടുത്താൽ മാത്രമേ സാധ്യതയുള്ളൂ. എന്നാൽ എത്രയും വേഗം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. ജാമ്യം കിട്ടാതെ ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് ഇത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവ്. ഒരിക്കൽ കൂടി ഹർജി തള്ളിയാൽ പിന്നെ സുപ്രീംകോടതി മാത്രമാണ് ആശ്വാസം. എന്നാൽ പീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് വളരെ കടുത്തതാണ്. അവിടേയും സാധ്യത കുറവ്. അതിനാൽ ദിലീപിന് ജാമ്യംകിട്ടാൻ ഒരു വഴിയേയുള്ളൂ. കുറ്റപത്രം 90 ദിവസങ്ങൾക്കുള്ളിൽ നൽകാതിരിക്കുക. അതിന് സാധ്യത കുറവും. അങ്ങനെ കുറ്റവിമുക്തനായാൽ മാത്രമേ ദിലീപ് അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യതയുള്ളൂവെന്നതാണ് അവസ്ഥ.

ഇത് കുടുംബത്തെ ബോധ്യപ്പെടുത്തിയാണ് രാമൻപിള്ള കേസെടുത്തതെന്ന് ദിലീപിന്റെ ഒരു കുടുംബാഗം മറുനാടനോട് സൂചന നൽകി. അപ്പുണ്ണിയെ ചോദ്യം ചെയ്തതും ദൃശ്യ തെളിവ് കിട്ടില്ലെന്ന് ഉറപ്പായതുമൊന്നും ജാമ്യത്തിന് അനുകൂല ഘടകമല്ല. കേസ് അന്വേഷണം അട്ടിമറിക്കുമെന്നതും നടിയുടെ ജീവൻ പോലും ഭീഷണിയിലാകുമെന്നുമുള്ള വാദം പ്രോസിക്യൂഷൻ ശക്തിയായി ഉയർത്തും. ദിലീപിനെ അലുവ ജയിലിൽ കിടത്താനാകുന്നത് സർക്കാരിനും ഗുണകരമാകും. ഈ സാഹചര്യത്തിൽ പ്രതിച്ഛായ കൂട്ടാൻ ദിലീപിന്റെ ജയിൽവാസത്തെ സർക്കാർ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ജാമ്യ ഹർജിയിൽ പ്രതീക്ഷ വേണ്ടെന്നാണ് പൊതുവേയുള്ള വികാരം. എന്നാൽ ജാമ്യ ഹർജി നൽകണമെന്ന് തന്നെയാണ് ദിലീപിന്റെ കുടുംബത്തിന്റെ ആഗ്രഹം. ഈ പശ്ചാത്തലത്തിൽ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ രാമൻപിള്ള സമീപിക്കും.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടിയിട്ടുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് ദിലീപിന്റെ റിമാൻഡ് നീട്ടുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ എത്തിയില്ല. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിമാൻഡ് നീട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടു പോവുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. നേരത്തെ ജൂലായ് 15 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഓഗസ്റ്റ് എട്ടുവരെയായിരുന്നു അന്ന് റിമാൻഡ് ചെയ്തത്. ദിലീപിനെ പുറത്തിറക്കരുതെന്ന പൊലീസിന്റെ നിലപാടാണ് വീഡിയോ കോൺഫറൻസിൽ നിഴലിക്കുന്നത്. എത്രയും വേഗം കുറ്റപത്രം നൽകാനാണ് നീക്കം. ഇതെല്ലാം രാമൻപിള്ള വക്കീലിനും നല്ല ബോധ്യമുണ്ട്.

ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്. കേസ് നടത്തിപ്പിൽ ഏറെ പിഴവുകൾ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ട്. സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാത്തതാണ് ഇതിലൊന്ന്. എന്നാൽ ഹൈക്കോടതിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിശദമായ വിധിയാണ് പുറപ്പെടുവിച്ചത്. കേസിന്റെ മെരിറ്റിലേക്ക് കടക്കുകയും ചെയ്തു. വിധി ന്യായത്തിലെ ഈ പരാമർശങ്ങൾ ദിലീപിന് എതിരാണ്. അതിനാൽ നേരിട്ട് സുപ്രീംകോടതിയിൽ പോയി ജാമ്യ ഹർജി തള്ളിയാൽ അത് പുറത്തിറങ്ങുകയെന്ന ദിലീപിന്റെ മോഹങ്ങളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും. ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്.

രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു പൊലീസ്. ഇതും ദിലീപിന്റെ ജാമ്യത്തിന് തടസ്സമായി മാറും. ജയിലിലെത്തി ദിലീപിനോടും രാമൻപിള്ളയുടെ ജൂനിയർമാർ സംസാരിച്ചിരുന്നു. അവരും പ്രതികൂല സാഹചര്യങ്ങൾ ദിലീപിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP