Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ മൂലകാരണം പത്രക്കാർ പണി കൊടുത്തതു കൊണ്ടു ചുമതലയെടുക്കാതെ പോയ മുഖ്യമന്ത്രിയുടെ ഉപദേശകനോ? തർക്കം വഷളാക്കിയത് എം കെ ദാമോദരന്റെ ഇടപെടലെന്ന് ആരോപണം

പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ മൂലകാരണം പത്രക്കാർ പണി കൊടുത്തതു കൊണ്ടു ചുമതലയെടുക്കാതെ പോയ മുഖ്യമന്ത്രിയുടെ ഉപദേശകനോ? തർക്കം വഷളാക്കിയത് എം കെ ദാമോദരന്റെ ഇടപെടലെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആട് ആന്റണിയുടെ അറസ്റ്റും മറ്റും വലിയ ആഘോഷത്തോടെയാണ് പത്രങ്ങൾ നൽകിയത്. എന്നിട്ടും. ആട് ആന്റണിയെ ശിക്ഷിക്കുമ്പോൾ ഒരു പത്രക്കാരന് പോലും കൊല്ലത്തെ കോടതിയിൽ കയറാനായില്ല. ഇത്തരമൊരു സാഹചര്യം മാദ്ധ്യമ ലോകത്തിന് തീർത്തും അപ്രതീക്ഷിതമായിരുന്നു.

അഭിഭാഷകരുമായുള്ള തർക്കത്തിൽ സർക്കാരിന്റെ പിന്തുണയും പത്രക്കാർക്ക് നഷ്ടമാകുന്നതിന്റെ നേർ ചിത്രമായി ഇതിനെ വിലയിരുത്തുകയാണ് ഒരുകൂട്ടം മാദ്ധ്യമ പ്രവർത്തകർ. അതുകൊണ്ടാണ് കോടതിയിലേക്ക് മാദ്ധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കില്ലെന്ന അഭിഭാഷകരുടെ നിർബന്ധത്തിന് മുന്നിൽ പൊലീസും വഴങ്ങുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒരു കോടതികളിലും പത്രക്കാർക്ക് പ്രവേശനം ഉടനൊന്നും ഉണ്ടാകാനും ഇടയില്ല. ഇതിനെല്ലാം പ്രവർത്തിക്കുന്നത് അഡ്വക്കേറ്റ് എം കെ ദാമോദരനാണെന്ന വാദം സജീവമാക്കുകയാണ് മാദ്ധ്യമ പ്രവർത്തകർ.

ഇത് മനസ്സിലാക്കിയാണ് കൊല്ലത്തെ കോടതിയിൽ പത്രക്കാർ പ്രശ്നങ്ങൾക്ക് പോകാത്തതും. അഭിഭാഷകരുമായി കൊമ്പുകോർക്കാൻ നിന്നാൽ പൊലീസിന്റെ പിന്തുണ കിട്ടില്ലെന്ന് മാദ്ധ്യമപ്രവർത്തകർ മനസ്സിലാക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയിൽ ഭീകരക്കേസിൽ അറസ്റ്റിലായവരെ കൊണ്ടു വന്നപ്പോഴും മാദ്ധ്യമപ്രവർത്തരെ കയറാൻ അനുവദിച്ചില്ല. പൊലീസാണ് മാദ്ധ്യമ പ്രവർത്തകരോട് കോടതിയിൽ കയരുതെന്ന് ആവശ്യപ്പെടുന്നത്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നും ഉപദേഷ്ടാവ് സ്ഥാനം നഷ്ടമായ ദാമോദരനാണ് ഇതിന് പിന്നിലെന്നും പത്ര പ്രവർത്തകർ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ പൊലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ കോടതികളിൽ റിപ്പോർ്ട്ടിംഗിനായി പത്രലേഖകർ പ്രവേശിക്കൂ. അതു തന്നെയാണ് കൊല്ലത്ത് സംഭവിച്ചതും.

കൊച്ചിയിലെ ഹൈക്കോടതിയിലും തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും വച്ച് നടന്ന അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ എം.കെ ദാമോദരൻ സ്പോൺസർ ചെയ്തതാണെന്നു പി.സി ജോർജ്ജ് എംഎ‍ൽഎ നേരത്തെ തന്നെ ആരോപിച്ചിരുന്നു. വക്കീൽ ഗുണ്ടാ വിളയാട്ടം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് പറഞ്ഞ ജോർജ്ജ് നിയമോപദേശ സ്ഥാനം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയുടെ ബാക്കിപത്രമാണിതെന്നും പറഞ്ഞിരുന്നു. അന്ന് ഈ പ്രസ്താവനയെ ആരും കാര്യമായി ചർച്ചയാക്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകളായിരുന്നു ഇതിന് കാരണം. മാദ്ധ്യമ-അഭിഭാഷക തർക്കത്തിൽ ചർച്ച വിളിച്ച മുഖ്യമന്ത്രി ചിലതെല്ലാം ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ആട് ആന്റണിക്ക് ശിക്ഷ വിധിക്കുന്ന നിർണ്ണായക നിമിഷം പോലും മാദ്ധ്യമങ്ങൾക്ക് അന്യമായി. ഇതിനെല്ലാം പിറകിൽ ദാമോദരന്റെ കറുത്ത കരങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

അഭിഭാഷകരിൽ ഒരു വിഭാഗവുമായി ദാമോദരന് അടുത്ത ബന്ധമുണ്ട്. സീനിയർ അഭിഭാഷകരെയെല്ലാം കൂടെ നിർത്തി ദാമോദരനാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിൽക്കുന്നതെന്നാണ് വാദം. മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവായി തന്നെ ചുമതലയേൽക്കാൻ അനുവദിക്കാത്തത് പത്രക്കാരുടെ ഗൂഢാലോചനയാണ്. സാന്റിയാഗോ മാർട്ടിൻ വിഷയവും മറ്റും വാർത്തയാക്കി വിവാദമാക്കിയത് മാദ്ധ്യങ്ങളാണെന്ന് ദാമോദരൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിലുള്ള പകയാണ് കൊച്ചിയിൽ നടന്നതെന്നാണ് പത്രക്കാരുടെ നിലപാട്. സർക്കാർ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാൻ കേസിനെ സമർത്ഥമായി ഇതിനെ ഉപയോഗിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകർക്കിടിയിൽ ഇത് സംബന്ധിച്ച് ഭിന്നതയുണ്ടെന്ന വാർത്തകളെ വഴി തിരിച്ചുവിട്ട് പ്രശ്നമാക്കിയത് ദാമോദരനാണെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ പുതിയ വിലയിരുത്തൽ.

കൊച്ചിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഹൈക്കോടതിയിലേക്ക് മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ചോദ്യം ചെയ്ത അഭിഭാഷകരെ തല്ലിചതച്ച് പൊലീസുകാരായിരുന്നു. അഭിഭാഷകരെ മാദ്ധ്യമ പ്രവർത്തകർ കൈകാര്യം ചെയ്തുവെന്ന് അവരും പറയുന്നില്ല. എന്നിട്ടും പൊലീസിനെതിരെ തിരിയേണ്ട പ്രതിഷേധം മാദ്ധ്യമങ്ങൾക്കെതിരെ മാത്രമായി. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. തൊട്ടു പിറകേ പ്രകോപനമൊന്നുമില്ലാതെ തിരുവനന്തപുരം കോടതിയിൽ സംഘർഷമുണ്ടായി. ഇത് ബോധപൂർവ്വം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. ഇവിടേയും പൊലീസിന്റെ ഭാഗത്ത് നിന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നീതി ലഭിച്ചില്ല. ഇതിനെല്ലാം പിന്നിൽ പിണറായിയുടെ അഭിഭാഷകനായ ദാമോദരന്റെ ഇടപെടലാണെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. മിഡിയാ റൂം തുറക്കാൻ അനുവദിക്കരുതെന്ന നിർദ്ദേശം എല്ലാ കോടതികളിലേയും അഭിഭാഷകർക്ക് രഹസ്യമായി നൽകിയിട്ടുണ്ട്. അതിനാൽ ഉടനൊന്നും അത് തുറക്കില്ല.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആക്കാതിരിക്കാൻ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് അഡ്വ എം.കെ ദാമോദരൻ ആരോപിച്ചിരുന്നു. വ്യക്തിഹത്യ നടത്തിയത് ആരാണെന്ന് പറയുന്നില്ല. ഐസ്‌ക്രീം കേസിലെ വിധി വരുന്നതുവരെ തന്നെ ആരും എതിർത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അഡ്വ. എം.കെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആരോപണം. ഐസ്‌ക്രീം കേസിൽ വി എസ് അച്യുതാനന്ദന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തനിക്കെതിരെ എതിർപ്പ് ഉയർന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടശേഷം അഡ്വ.എം.കെ ദാമോദരൻ സർക്കാരിന് എതിരായ കേസുകളിൽ ഹാജരായത് വിവാദമായിരുന്നു. ക്വാറി ഉടമകൾക്കുവേണ്ടിയും, ലോട്ടറി ഏജന്റ് സാന്റിയാഗോ മാർട്ടിനുവേണ്ടിയും കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ ചന്ദ്രശേഖരനുവേണ്ടിയും അദ്ദേഹം ഹാജരാകുന്നത് ചർച്ചയായിരുന്നു.

ഈ ഘട്ടത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നിയമനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം നിയമോപദേഷ്ടാവ് ആകില്ലെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. ഇതിനെല്ലാം പിന്നീൽ ചില മാദ്ധ്യമ പ്രവർത്തകരും വി എസ് അച്യുതാനന്ദനുമാണെന്നായിരുന്നു ദാമോദരൻ പരോക്ഷമായി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ പ്രശ്നങ്ങളുടേയും തുടക്കം. ധനേഷ് മാത്യൂ മാഞ്ഞൂരാനിൽ സമർത്ഥമായ കരുനീക്കമാണ് നടന്നത്. ഇതിലേക്ക് മാദ്ധ്യമ പ്രവർത്തകരും ചെന്നു വീണു. ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിലെ പ്രതിഷേധ പ്രകടനം കളി കൈവിട്ട് പോകുന്ന അവസ്ഥയിലെത്തിച്ചു. സർക്കാരും പൊലീസും ഒപ്പമാണെന്നും കരുതി. എന്നാൽ തിരുവനന്തപരത്തെ സംഭവങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചു. കൊച്ചിയിൽ പിണറായിയുടെ നേതൃത്വത്തിലെ ചർച്ചയിലെ തീരുമാനം കൊല്ലത്തും നടപ്പായില്ല. ഇതോടെയാണ് ദാമോദരന്റെ കള്ളക്കളികളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന പ്രചരണം മാദ്ധ്യമങ്ങൾ സജീവമാക്കുന്നത്.

പിസി ജോർജിന്റെ ആരോപണങ്ങളെ ഗൗരവത്തോടെ എടുക്കണമെന്ന നിലപാടിലേക്ക് മാദ്ധ്യമ പ്രവർത്തകരും മാറുകയാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ചർച്ചക്കു പോകരുതായിരുന്നുവെന്നായിരുന്നു ജോർജ് പറഞ്ഞിരുന്നത്. അഭിഭാഷകരാണ് ആക്രമണം നടത്തിയത്. പിന്നെന്തിനാണ് മധ്യസ്ഥ ചർച്ച. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന നിലക്കാണ് മധ്യസ്ഥ ചർച്ചയുമായി മുഖ്യമന്ത്രി പോയത്. എം.കെ. ദാമോദരന്റെ മര്യാദകേടിന് വെള്ളപൂശാൻ മധ്യസ്ഥ ചർച്ച നടത്തുകയായിരുന്നു. കോടതി കോംപ്ലക്സിൽ മദ്യക്കുപ്പി എങ്ങനെയെത്തിയെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടത്. മദ്യക്കുപ്പികളുമായി ഗുണ്ടാവിളയാട്ടം നടത്തിയ അഭിഭാഷകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജോർജ് ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് ഇപ്പോൾ മാദ്ധ്യമ പ്രവർത്തരകരും. മാദ്ധ്യമ പ്രവർത്തകർ കേസിൽ കുടുങ്ങിയാൽ വാദിക്കാൻ അഭിഭാഷകരെ കിട്ടില്ല. ഈ ഭീഷണിയുമായാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷക സംഘടനകൾ ഉയർത്തുന്നത്.

മാദ്ധ്യമപ്രവർത്തകരെ ഹൈക്കോടതി അഭിഭാഷകർ മർദ്ദിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി പരിസരത്ത് 15 ദിവസത്തേക്ക് സംഘം ചേരുന്നതു വിലക്കിക്കൊണ്ട് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയുടെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് (മത്തായി മാഞ്ഞുരാൻ റോഡ്, ഇആർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഡോ. സലിം അലി റോഡ് എന്നിവിടങ്ങളിലായി ന്യായവിരുദ്ധമായി സംഘം ചേർന്ന് നിൽക്കുന്നതും പൊതുയോഗങ്ങൾ, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനും കേരള പൊലീസ് നിയമം വകുപ്പ് 79(1) പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിത്. ഇതെല്ലാം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി പത്ര പ്രവർത്തകർ തിരിച്ചറിയുകയാണ്. ഹൈക്കോടതിയിൽ നിന്ന് മാദ്ധ്യങ്ങളെ ഒഴിവാക്കാനുള്ള ഗൂഡമായ പൊലീസ് നീക്കത്തിന് പിന്നിലും ദാമോദരൻ എന്നാണ് ഉയർത്തുന്ന വിമർശനം.

ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നു പിടിച്ചതിനെതിരേ പൊലീസ് കേസെടുത്തത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയതു മുതലാണ് ഒരു വിഭാഗം അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്കു നേരെ തിരിഞ്ഞത്. തുടർന്ന്, ഹൈക്കോടതിക്കുള്ളിലിട്ടും പുറത്തുവച്ചും മാദ്ധ്യമപ്രവർത്തകരെ ഇവർ മർദ്ദിച്ചു. വിഷയത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് പരാതി നൽകുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മാദ്ധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റില്ലെന്നവിധത്തിലുള്ള നിലപാട് സ്വീകരിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP