Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഊഹാപോഹങ്ങൾ; തമിഴ്‌നാടു മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുരൂഹത അവസാനിപ്പിക്കണം: പരമോന്നത നീതിപീഠത്തെ സമീപിക്കാനൊരുങ്ങി മലയാളി അഭിഭാഷകൻ ശ്രീജിത് പെരുമന

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഊഹാപോഹങ്ങൾ; തമിഴ്‌നാടു മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുരൂഹത അവസാനിപ്പിക്കണം: പരമോന്നത നീതിപീഠത്തെ സമീപിക്കാനൊരുങ്ങി മലയാളി അഭിഭാഷകൻ ശ്രീജിത് പെരുമന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് വിവിധ മാദ്ധ്യമങ്ങളിടക്കം പ്രത്യക്ഷപ്പെടുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ മലയാളി അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിക്കുന്നു. വിവരാവകാശ നിയമമടക്കമുള്ളവ പ്രയോജനപ്പെടുത്തി ജയലളിതയുടെ മരണത്തിലെ ദുരൂഹത അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ശ്രീജിത് പെരുമന.

അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ജയലളിത മരണത്തിനു കീഴടങ്ങിയശേഷം ഇന്ത്യൻ മാദ്ധ്യമരംഗത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നത് സംഭവത്തിലെ ദുരൂഹത സംബന്ധിച്ചാണ്. പ്രമുഖ നടി ഗൗതമിയും പാർലമെന്റ് അംഗമായ ശശികല പുഷ്പയും മാത്രമാണ് ദുരൂഹത നീക്കം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെടാൻ ധൈര്യപ്പെട്ടത്. നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അഭ്യർത്ഥന നടത്തിയതെങ്കിലും കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഗൗതമിയുടെ അഭ്യർത്ഥന പുറത്തായതിനു പിന്നാലെ അണ്ണാഡിഎംകെയിലെ ഒരു വിഭാഗം പ്രവർത്തകർ ശബ്ദമുയർത്താൻ തയാറായിട്ടുണ്ട്.

ജയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം കാണാൻ ലക്ഷ്യമിട്ടാണ് താൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന് അഡ്വ. ശ്രീജിത് പെരുമന വ്യക്തമാക്കുന്നു. ദുരൂഹത സംബന്ധിച്ച് പലവിധ കഥകളും മാദ്ധ്യമങ്ങൾ മെയുന്നുണ്ട്. തമിഴ് മാദ്ധ്യമങ്ങൾ ദിവസേന പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പല അഭ്യൂഹങ്ങളും ശക്തിപ്രാപിക്കുകയും പ്രചരിക്കുകയും ചെയ്യുന്നത്.

ജയയുടെ ആശുപത്രിവാസവും ചികിത്സയും മരണവുമെല്ലാമടങ്ങുന്ന വിവരങ്ങൾ വിവരാവകാശനിയമപ്രകാരം ശേഖരിച്ചു വിശദമായ പരിശോധന നടത്തി സത്യം ജനത്തെ അറിയിക്കുകയാണ് തന്റെ ഉദ്ധേശ്യമെന്ന് ശ്രീജിത് പെരുമന വ്യക്തമാക്കി. വിശദമായ നിവേദനത്തോടൊപ്പമുള്ള വിവരാവകാശ അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ജയലളിതയുടെ ആശുപത്രിവാസവും മരണവും താങ്ങാനാകാതെ നിരവധിപ്പേർ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരിക്കും അപേക്ഷ സമർപ്പിക്കുക. വിവരങ്ങൾ ലഭ്യമായാൽ അതു പരിശോധിച്ച് ശേഷം മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കും.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് അപ്പോളോ ആശുപത്രി കനത്ത സുരക്ഷാവലയത്തിലായിരുന്നു. അപ്പോളോ സ്വകാര്യ ആശുപത്രിയായതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ സംസ്ഥന മെഡിക്കൽ ബോർഡിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. മെഡിക്കൽ ബോർഡ് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും കീഴിലാണ്. അതിനാൽ ആരോഗ്യ വകുപ്പിൽനിന്നായിരിക്കും വിവരങ്ങൾ തേടുക.

ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം ലഭ്യമാകുമെന്ന പ്രതീക്ഷ ഇദ്ദേഹത്തിനില്ല. സംസ്ഥാനം അക്രമത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടപ്പെടുന്നത് ഒഴിവാക്കാനായി ചില വിവരങ്ങൾ മറച്ചുവയ്ക്കാൻ അധികൃതർ തുനിഞ്ഞേക്കും. ഇങ്ങനെ സംഭവിച്ചാൽ വിവരാവകാശ നിയമത്തിലെ വകുപ്പ് 2(ജെ) പ്രകാരം രേഖകൾ നേരിട്ടു പരിശോധിക്കാൻ അവസരം നല്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെത്തന്നെ സമീക്കുമെന്ന് ശ്രീജിത് പെരുമന കൂട്ടിച്ചേർത്തു.

എന്നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പരിശോധനയിൽ എന്തു രോഗം കണ്ടെത്തി, വിവിധ ഘട്ടങ്ങളിൽ എന്തുതരം ചികിത്സകളാണു നല്കിയത്, ഏതെങ്കിലും തരത്തിലുള്ള സർജറി നടത്തിയിരുന്നോ, ജയയെ ചികിത്സിക്കാൻ ഡൽഹിയിൽനിന്നെത്തിയ ഡോക്ടർമാർ ആരൊക്കെ, ചികിത്സയ്ക്കു മൊത്തം ചെലവായത് എത്ര തുക, മുഖ്യമന്ത്രി ആശുപത്രിയിലായിരുന്നപ്പോൾ സംസ്ഥാന ഭരണകൂടത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നു, അപ്പോളോ ആശുപത്രി ഏതെങ്കിലും സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാക്കി പ്രവർത്തിച്ചിരുന്നോ, ഈ ഓഫീസിൽവച്ച് ഏതെങ്കിലും തരത്തിലുള്ള മന്ത്രിതല തീരുമാനങ്ങളോ നയങ്ങളോ എടുത്തിട്ടുണ്ടോ, ജയലളിതയെ കാണാനെത്തിയ ഗവർണർക്കും ബന്ധു ദീപ ജയകുമാറിനും പ്രവേശനം നിഷേധിച്ചത് എന്തിന്, മരണശേഷം ജയലളിതയുടെ മൃതദേഹം എംബാം ചെയ്തിരുന്നോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ജയലളിതയെ പ്രവേശിപ്പിച്ചതുമുതൽ അപ്പോളോ ആശുപത്രിയിലെ കാമറാ ദൃശ്യങ്ങളും ആവശ്യപ്പെട്ടായിരിക്കും സുപ്രീംകോടതിയിൽ ഹർജി സർപ്പിക്കപ്പെടുകയെന്ന് ശ്രീജിത് പെരുമന വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP