Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജീവ് വധക്കേസിൽ പ്രതി ചേർത്തിട്ടും മുതിർന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി; അറസ്റ്റ് ചെയ്യേണ്ട ചോദ്യം ചെയ്താൽ മതിയെന്ന നിലപാട് അസ്വസ്ഥമാക്കുന്നത് സമാന കുറ്റത്തിന് 85 ദിവസം ജയിലിൽ കിടന്ന ദിലീപിന്റെ അനുയായികൾക്ക്; ജിഷ്ണു കേസിലെ പബ്ലിക് പ്രോസിക്യൂഷൻ പദവിയിൽ നിന്നും ഈ ആഴ്ച തന്നെ ഉദയഭാനുവിനെ പുറത്താക്കിയേക്കും

രാജീവ് വധക്കേസിൽ പ്രതി ചേർത്തിട്ടും മുതിർന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി; അറസ്റ്റ് ചെയ്യേണ്ട ചോദ്യം ചെയ്താൽ മതിയെന്ന നിലപാട് അസ്വസ്ഥമാക്കുന്നത് സമാന കുറ്റത്തിന് 85 ദിവസം ജയിലിൽ കിടന്ന ദിലീപിന്റെ അനുയായികൾക്ക്; ജിഷ്ണു കേസിലെ പബ്ലിക് പ്രോസിക്യൂഷൻ പദവിയിൽ നിന്നും ഈ ആഴ്ച തന്നെ ഉദയഭാനുവിനെ പുറത്താക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജനപ്രിയ നായകനായിട്ടും ദിലീപിന് ഇരട്ട നീതിയാണോ ലഭിച്ചത്? അതേ എന്നാണ് ഫാൻസുകാർ പറയുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ വി.എ. രാജീവ് ചാലക്കുടിയിൽ കൊല്ലപ്പെട്ട കേസിൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിന് നോട്ടീസ് നൽകി ചോദ്യംചെയ്യാൻ തടസ്സമില്ലെന്ന് ഹൈക്കോടതി പറയുന്നു. അറസ്റ്റിനുള്ള വിലക്കുണ്ട്. ഉദയഭാനുവിനെതിരെ ആരോപിച്ച അതേ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. എന്നിട്ടും ദിലീപിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചത് 85 ദിവസമാണ്. ഹൈക്കോടതി ഉദയഭാനുവിനോട് കാട്ടിയ നീതി ദിലീപിന് നിഷേധിച്ചുവെന്നാണ് ഫാൻസുകാരുടെ നിലപാട്. ഇതും വരും ദിനങ്ങളിൽ ചർച്ചയാക്കും.

ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജിയിലാണ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിലപാട് എടുത്തത്. കേസിൽ ഉദയഭാനു പ്രതിയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഒന്നുമുതൽ ആറുവരെ പ്രതികളെ അറസ്റ്റ് ചെയ്തു. അതിനാൽ സ്വാഭാവികമായും ഏഴാംപ്രതിയാകും. ഫോൺസംഭാഷണങ്ങളുടെ വിവരം ഉൾപ്പെടെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ പൊലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ഹർജി 23-ലേക്ക് മാറ്റി. ഇതേ ആരോപണങ്ങൾ തന്നെയാണ് ദിലീപിനെതിരേയും ഉന്നയിച്ചത്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ എടുത്ത അതേ നിലപാട് ഉദയഭാനുവിനെതിരെ പ്രോസിക്യൂഷൻ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുൻകൂർജാമ്യഹർജിയിൽ കക്ഷിചേരാൻ കൊല്ലപ്പെട്ട രാജീവിന്റെ മകൻ വി.ആർ. അഖിൽ കോടതിയെ സമീപിച്ചത്. അപേക്ഷ കോടതി അനുവദിച്ചു. മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് അപേക്ഷയിൽ പറയുന്നത്.

അതായത് മരിച്ചയാളുടെ കുടുംബം തന്നെ ഉദയഭാനുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ദിലീപിന്റെ കാര്യത്തിൽ ആക്രമണത്തിന് ഇരയായ നടിക്ക് ദിലീപിനെതിരെ പ്രത്യക്ഷ പരാതികളൊന്നും ഇല്ല. തെളിവുകളും ഇല്ല. ചില സംശയങ്ങൾ മാത്രം. അത്തരമൊരു കേസിൽ ദിലീപിനെ 85 ദിവസം ജയിലിലടച്ചത് നീതി നിഷേധമല്ലേ എന്നാണ് ഫാൻസുകാരുടെ ചോദ്യം. ചാലക്കുടി പരിയാരം തവളപ്പാറയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29-നാണ് രാജീവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തെളിവുകൾ എല്ലാം ഉദയഭാനുവിന് എതിരാണെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രോസിക്യൂഷൻ കോടതിയിലെത്തുമ്പോൾ വീറും വാശിയും നഷ്ടമാകുന്നു. ഇതാണ് ദിലീപ് ഫാൻസ് ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ജിഷ്ണു പ്രണോയ് കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു സി.പി.ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ടു സർക്കാരിനു പൊലീസ് റിപ്പോർട്ട് നൽകി. ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനു പ്രതിയായ സാഹചര്യത്തിലാണ് നടപടി. ജിഷ്ണു കേസ് അന്വേഷിക്കുന്ന സംഘത്തിലംഗമായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് വധക്കേസിലെ സാക്ഷിയാണ്. വ്യത്യസ്ത കേസുകളിലാണെങ്കിലും പ്രതിയും സാക്ഷിയും ഒന്നിച്ചു പ്രവർത്തിക്കേണ്ടി വരുന്നതിലെ വൈരുധ്യവും പൊലീസ് റിപ്പോർട്ടിന് ഇടയാക്കിയതായി വിവരമുണ്ട്. ചേലക്കര പാമ്പാടി നെഹ്‌റു കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണക്കേസിൽ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഉദയഭാനുവിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കേസന്വേഷണത്തിലും നടത്തിപ്പിലും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശത്തോടെയാണ് സർക്കാർ ഉദയഭാനുവിന്റെ നിയമനം പ്രഖ്യാപിച്ചത്. എന്നാൽ, രാജീവ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഉദയഭാനുവിനെ മാറ്റണമെന്നു പൊലീസ് നിലപാടെടുത്തു. രാജീവ് കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതി ചക്കര ജോണിയും ഉദയഭാനുവും തമ്മിൽ 19 തവണ ഫോൺവിളികൾ ഉണ്ടായെന്ന സൈബർസെൽ കണ്ടെത്തലും പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയത്. കേസ് അന്വേഷണം തുടരാൻ തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 41 (എ) പ്രകാരം നോട്ടിസ് നൽകി അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും പറഞ്ഞു. കേസ് 23ലേക്കു മാറ്റി.

ഒന്നു മുതൽ ആറു വരെ പ്രതികളെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. ഉദയഭാനു പ്രതിയാണോ എന്ന ചോദ്യത്തിന് ആണെന്നും ഏഴാം പ്രതിയാകുമെന്നും മറുപടി പറഞ്ഞു. മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അറിയിച്ചു. മുൻ ഉത്തരവിൽ കേസന്വേഷണം നടത്തരുതെന്നോ പ്രതിയാക്കാൻ പറ്റില്ലെന്നോ പറഞ്ഞിരുന്നില്ലെന്നു കോടതി പ്രതികരിച്ചു. വ്യക്തിക്കെതിരെ അറസ്റ്റ് നടപടി പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും പൊലീസിന് ആശയക്കുഴപ്പമുണ്ടെന്നു തോന്നുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷണത്തിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ ഹാജരാക്കി. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോൺകോൾ വിശദാംശങ്ങളുടെ വിവരണവും ഹാജരാക്കി. ഉദയഭാനു കൊലപാതകത്തിന്റെ സൂത്രധാരനാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും രാജീവിന്റെ മകൻ അഖിലിന്റെ അപേക്ഷയിൽ പറയുന്നു.

കഴിഞ്ഞ 29നു രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ചാലക്കുടി പൊലീസ് ആണു കേസെടുത്തത്. കൊലക്കേസുമായി ബന്ധമില്ലെന്നും പൊലീസ് കേസിലുൾപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി. മരിച്ച രാജീവ് തന്റെ കക്ഷിയായിരുന്നുവെന്നും ചില കേസുകൾ നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP