Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലുവയിലും പറവൂരിലും ജലനിരപ്പ് താഴ്ന്നു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി; അണക്കെട്ടുകളിൽ എല്ലാം വെള്ളം താഴ്ന്നു; റാന്നിയിൽ വീണ്ടും വെള്ളം ഉയർന്നപ്പോൾ പന്തളത്തെ വെള്ളം താഴ്ന്നില്ല; ചെങ്ങന്നൂരിൽ എന്തു സംഭവിച്ചു എന്നു മാത്രം ഇപ്പോഴും ആർക്കും ഒരു നിശ്ചയവും ഇല്ല; മഴ സാധ്യതയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടറിൽ ഭക്ഷണവും വെള്ളവും എത്തിക്കും

ആലുവയിലും പറവൂരിലും ജലനിരപ്പ് താഴ്ന്നു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി; അണക്കെട്ടുകളിൽ എല്ലാം വെള്ളം താഴ്ന്നു; റാന്നിയിൽ വീണ്ടും വെള്ളം ഉയർന്നപ്പോൾ പന്തളത്തെ വെള്ളം താഴ്ന്നില്ല; ചെങ്ങന്നൂരിൽ എന്തു സംഭവിച്ചു എന്നു മാത്രം ഇപ്പോഴും ആർക്കും ഒരു നിശ്ചയവും ഇല്ല; മഴ സാധ്യതയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടറിൽ ഭക്ഷണവും വെള്ളവും എത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കേരളം പതിയെ കരകയറുന്നു. പതിനായിരങ്ങൾ ഇപ്പോഴും വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും നദികളിലും അണക്കെട്ടുകളിലും ഉയർന്നു ജലനിരപ്പ് താഴ്ന്നു തുടങ്ങിയതാണ് ആശ്വാസത്തിന് വക നൽകുന്നത്. രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറെ ആത്മവിശ്വാസം പകരുന്നതാണ്. ആലുവയിലും പറവൂരും വീടുകളിൽ നിന്നും ജലം പിൻവലിഞ്ഞു തുടങ്ങിയിട്ടുണ്ട്.

അതേസമയം റാന്നിയിൽ വെള്ളം വീണ്ടും ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി പന്തളം ടൗണിൽ കയറിയെ വെള്ളം ഇനിയും താഴ്ന്നുമില്ല. മഴക്കെടുതിയിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടറിൽ ഭക്ഷണവും വെള്ളവും എത്തിക്കും. തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടറിലാണ് വെള്ളം എത്തിക്കുക. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാംഭിക്കുകയും ചെയ്യും. അതിനിടെ ഇന്ന് പലയിടങ്ങളിലുമായി നാമമാത്രമായ മഴയേ ഉണ്ടാകുകയുള്ളൂ എന്നാണ് പൊതുവിലയിരുത്തൽ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനത്തിനാണ് സാധ്യത.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രളയദുരിതത്താൽ വലയുന്ന കേരളത്തിന് ആശ്വാസവുമായി കാലാവസ്ഥാ കേന്ദ്രം. അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമായി ചുരുക്കിയത് മഴയുടെ തീവ്രത കുറഞ്ഞതിനെ തുടർന്നാണ്. നേരത്തേ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എട്ടു ജില്ലകളിൽ യെല്ലോ് അലർട്ടുണ്ട്. അതേസമയം മഴക്കെടുതിയിൽ എത്രപേർ മരിച്ചെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ആരുടെയും പക്കലില്ല. സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച ്ഇന്നലെ 33 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറര ലക്ഷം പേരാണുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 166 പേർ മരിച്ചു. 38 പേരെ കാണാതായി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി സംഘങ്ങൾ എത്തുന്നുണ്ട്. കേരളത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി.

ആലുവയിൽ ജലനിരപ്പ് താഴ്ന്നു. കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പലയിടത്തും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട റാന്നി മേഖലയിൽ ജനങ്ങളെ ഒഴിപ്പിച്ചു. പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ചെങ്ങന്നൂരിലും ചാലക്കുടിയിലും വിവിധ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. അണക്കെട്ടുകളിൽ സ്ഥിതി നിയന്ത്രണവിധേയം. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യത.

ആലുവ, പറവൂർ മേഖലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങി

ശനിയാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ എറണാകുളം ജില്ലയിൽ നിന്നു ശുഭകരമായ വാർത്തകളാണ് പുറത്തു വരുന്നത്. ആലുവ, കാലടി, പറവൂർ മേഖലകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവർത്തനവും ഉർജ്ജിതമായി. ഈ മേഖലയിൽ നിന്നും മാത്രം നൂറിലേറെ ആളുകളെയാണ് ഇന്നലെ രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ മുതൽ തോരാതെ നിന്ന മഴ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും ഉച്ചയോടെ മഴ മാറിയതും ആശ്വാസമായി. എറണാകുളത്തു നിന്നും പറവൂർ, വടക്കേക്കര വഴി കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങൾക്കു കടന്നു പോകാവുന്ന സാഹചര്യമാണു നിലനിൽക്കുന്നത്. എന്നാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

തൃശൂർഭാഗത്തേയ്ക്കു നടത്തിയ പരീക്ഷണ ഓട്ടം വിജയകരമല്ലാതിരുന്നതിനാൽ ഇന്നും ഈ ഭാഗത്തേയ്ക്കുള്ള സർവീസുകൾ കെഎസ്ആർടിസി ഉപേക്ഷിച്ചു. അതേസമയം വടക്കൻ ജില്ലകളിൽ നിന്നെത്തി എറണാകുളം ഭാഗത്തു കുടുങ്ങിക്കിടക്കുന്നവർ നിരവധിയാണ്. കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ മറ്റുഭാഗങ്ങളിലേയ്ക്കുള്ള ബസ് തടഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. കോട്ടയംഭാഗത്തേയ്ക്കുള്ള ട്രെയിൻ ഗതാഗതം ഞായറാഴ്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കടൽക്ഷോഭം ശക്തമായതോടെ എറണാകുളം ടൗണിനു പരിസരപ്രദേശങ്ങളിൽ വെള്ളം കയറിയതു നഗരത്തിലുള്ളവരെയും ആശങ്കയിലാക്കിയിരുന്നു. ജലവിതരണം മുടങ്ങിക്കിടക്കുന്നതിനാൽ നഗരത്തിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭ്യത പര്യാപ്തമല്ല. എറണാകുളം നഗരത്തിൽ ഇന്നും നിരവധി ക്യാംപുകൾ തുറന്നു. എളമക്കര, പോണേക്കര, പച്ചാളം മേഖലകളിൽ നി്ന്നുള്ളവരെയാണ് ഇന്ന് ക്യാംപുകളിലെത്തിച്ചത്. എറണാകുളം നഗരത്തിലും മറ്റുമായുള്ള ക്യാംപുകളിൽ ദുരിതാശ്വാസവുമായി നിരവധിപ്പേരാണ് എത്തുന്നത്. ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് ക്യാംപുകളിൽ നിന്നുള്ള വിവരം.

അഞ്ചാം ദിനത്തിലും ചെങ്ങന്നൂരിനെ കുറിച്ച് കടുത്ത ആശങ്ക

രക്ഷാപ്രവർത്തനത്തിനു വേഗമേറിയെങ്കിലും പ്രളയക്കെടുതികളുടെ അഞ്ചാം ദിവസം രക്ഷാപ്രവർത്തകർ ഇറങ്ങുമ്പോൾ അതീവ ആശങ്കയാണ് ബാക്കിയാകുന്നത്. ദുരിതത്തെ അതിജീവിച്ചവർക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് സുപ്രധാനമായ വിഷയം. ചെങ്ങന്നൂർ മേഖലയടക്കമുള്ള പമ്പാതടത്തിൽ രണ്ടായിരത്തിയഞ്ഞൂറോളംപേരെ രക്ഷിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ആയിരങ്ങൾ ഇപ്പോഴും ബാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ബാധിച്ച കുട്ടനാട്ടിൽനിന്ന് ആയിരക്കണക്കിനുപേരെ ഇന്നലെയും ഒഴിപ്പിച്ചു. 2.10 ലക്ഷം ജനസംഖ്യയുള്ള മേഖലയിൽ ഒന്നരലക്ഷത്തിലേറെപ്പേരും വീടൊഴിഞ്ഞു പോയി.

വെള്ളമിറങ്ങിയ ചാലക്കുടി മേലൂർ മേഖലയിൽ കുടുങ്ങിക്കിടന്നിരുന്ന ഭൂരിഭാഗംപേരെയും രക്ഷിച്ചു. പാലക്കാട്ട് നെല്ലിയാമ്പതിയിലേക്കുള്ള പാത തകർന്നു മൂവായിരത്തോളംപേർ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു. സംസ്ഥാനത്ത് ഇന്നലെ മാത്രം 58,506 പേരെ രക്ഷിച്ചെന്നും 388 പേരെ കാണാനില്ലെന്നും സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏറ്റവും വെല്ലുവിളി നേരിടുന്നതു പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായുള്ള പമ്പാതടത്തിലാണ്. ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലാണു കൂടുതൽപേർ കുടുങ്ങിയത്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തകർ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. ഇവിടെ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അറിയുന്നത്. അഞ്ചു മൃതദേഹങ്ങൾ പാണ്ടനാട് ഇല്ലിമല പാലത്തിനു സമീപമാണു കണ്ടെത്തിയത്. ഒൻപതു മൃതദേഹങ്ങളും ജീർണിച്ചതിനാൽ തിരിച്ചറിഞ്ഞിട്ടില്ല.

ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ശാന്തിപുരം കെയർ സെന്ററിൽ രണ്ട് അന്തേവാസികളെ മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു ദിവസത്തെ പഴക്കം കണക്കാക്കുന്നു. ആളുകൾ അഭയം തേടിയ നെടുമ്പാശേരി നോർത്ത് കുത്തിയതോട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ആറുപേർ മരിച്ചതായാണു വിവരമെന്നു വി.ഡി.സതീശൻ എംഎൽഎ പറയുന്നതും ആശങ്കയുളവാക്കുന്നു.
ഇടുക്കി ചെറുതോണിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ഔദ്യോഗിക വിവരപ്രകാരം 6.61 ലക്ഷം പേരാണു ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. എന്നാൽ, ജില്ലകളിൽനിന്നുള്ള കണക്കുകൾ പ്രകാരം സംഖ്യ 8.87 ലക്ഷത്തോളമാണ്. ആലപ്പുഴയിൽ 2.10 ലക്ഷം, തൃശൂരിൽ രണ്ടു ലക്ഷം, എറണാകുളത്ത് 1.81 ലക്ഷം, കോട്ടയത്ത് 67,692 എന്നിങ്ങനെയാണു കണക്ക്. ചെങ്ങന്നൂരിൽ രക്ഷിച്ച പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്. ഇവിടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന പരാതിക്കിടെ, മേൽനോട്ടം വഹിക്കാൻ മന്ത്രി ജി.സുധാകരനെത്തി.

എറണാകുളം - തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു, കെഎസ്ആർടിസി സർവീസ് തുടങ്ങി

വെള്ളമിറങ്ങിയതോടെ എറണാകുളത്തുനിന്നു തൃശൂർ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വെകിട്ടോടെ സർവീസുകൾ നിർത്തലാക്കിയെങ്കിലും പിന്നീട് ഗതാഗതം പതവുപോലെയായി. ഇന്ന് രാവിലെ മുതൽ തന്നെ കെഎസ്ആർടിസി എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. അങ്കമാലിയിൽനിന്നു തൃശൂരിലേക്കു കെഎസ്ആർടിസി ബസുകളോടിക്കുന്നുണ്ട്. എന്നാൽ, ആലുവ വഴിയുള്ള യാത്ര വൈകിട്ടോടെ പൊലീസ് ഇടപെട്ട് നിർത്തലാക്കി. എറണാകുളം പറവൂർ റോഡിൽ ചെറിയപ്പിള്ളി പാലം വരെ വാഹനങ്ങൾ പോകുന്നുണ്ട്. ചെറിയപ്പള്ളിയിലെ ഗതാഗതതടസ്സം മൂലം കൊടുങ്ങല്ലൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്കു വാഹനങ്ങൾ പോകുന്നില്ല. പറവൂർ നെടുമ്പാശേരി റൂട്ടിലും പറവൂർ ആലുവ റൂട്ടിലും ഗതാഗത തടസ്സമുണ്ട്. എംസി റോഡിൽ പെരുമ്പാവൂർ വല്ലം ഭാഗത്തു 10 മീറ്റർ റോഡിന്റെ മുകൾഭാഗം ഒലിച്ചു പോയി. ബസുകളും ചരക്കു വാഹനങ്ങളും കടത്തിവിടുന്നില്ല.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മൂവാറ്റുപുഴ മേഖലയിൽ ഗതാഗതതടസ്സം തുടരുകയാണ്. കോതമംഗലത്തു മൂവാറ്റുപുഴ മുതൽ നേര്യമംഗലം വരെ ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കി റോഡിൽ നേര്യമംഗലം മുതൽ പലഭാഗത്തും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്പാവൂർ റോഡിലും വാഹനങ്ങൾ ഓടുന്നില്ല. കോതമംഗലത്ത് ആലുവ മൂന്നാർ റോഡിൽ പെരുമ്പാവൂർ വരെ ഗതാഗതം പുനഃസ്ഥാപിച്ചു. വൈറ്റില മൊബിലിറ്റി ഹബിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കെഎസ്ആർടിസി അര മണിക്കൂർ ഇടവേളയിൽ തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സൂപ്പർഫാസ്റ്റ്, എസി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓടിച്ചു. എസിയിൽവരെ നിന്നാണ് ആളുകൾ യാത്ര ചെയ്തത്.

കോട്ടയത്തു നിന്നും പാലായിൽ നിന്നും മൂന്നു വീതം ബസുകൾ വൈറ്റിലയിലേക്കു സർവീസ് നടത്തി. കൊടുങ്ങല്ലൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കു സർവീസുകളുണ്ടായില്ല. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. പെരുമ്പാവൂർ, മൂവാറ്റുപുഴ സർവീസുകൾ കെഎസ്ആർടിസി നടത്തി. തൊടുപുഴ, കൂത്താട്ടുകുളം, പിറവം സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വരുന്ന ബസുകൾ അരമണിക്കൂർ ഇടവേളകളിൽ തിരുവനന്തപുരത്തേക്കു സർവീസ് നടത്തുന്നതായി അധികൃതർ അറിയിച്ചു.

നാവിക സേനാ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ വിമാന സർവീസുകൾ

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ സബ്‌സിഡറിയായ അലയൻസ് എയർ ബെംഗളൂരുവിൽ നിന്നു കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുക. 70 പേർക്കു യാത്ര ചെയ്യാവുന്ന എടിആർ വിമാനങ്ങളാണു സർവീസിന് ഉപയോഗിക്കുക.

രാവിലെ ആറിനും പത്തിനും ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സർവീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂർ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

മൂന്ന് ദിവസമായി ട്രെയിൻ തടസ്സപ്പെട്ട കോട്ടയം റൂട്ടിൽ ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു. എറണാകുളം കായംകുളം റൂട്ടിൽ ഇന്ന് മുതൽ സ്‌പെഷ്യൽ ട്രെയിനുകളാണ് ഓടിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരത്തു നിന്നും എം,സി റോഡ് വഴി അടൂർ വരെ സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

രക്ഷാദൗത്യത്തിന് കൂടുതൽ സൈന്യം വരുന്നു

അതിനിടെ ഇന്ന് രക്ഷാ ദൗത്യവുമായി കൂടുതൽ സൈന്യം രംഗത്തെത്തും. കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. 86 ബോട്ടുകൾ, എട്ട് ഹെലികോപ്റ്റർ, എട്ട് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സ്, 19 റെസ്‌ക്യു ടീം എന്നിവയാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ 15000 ഭക്ഷണപൊതികൾ കൂടുതലായി വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ ഒരു വലിയ കപ്പലും കേരള തുറമുഖത്ത് എത്തിയിട്ടുണ്ട് കോസ്റ്റ് ?ഗാർഡ് വക്താവാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്ക് വച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP