Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുധാകരന്റെ ഉപവാസത്തിന് പിന്തുണയുമായി എകെജിയുടെ ഡ്രൈവർ; എകെജിയുടെ സാരഥി മൊയ്തു എന്ന് പോക്കറ്റിൽ രേഖപ്പെടുത്തി സമരവേദിയിൽ ; ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിന് എതിരെ സമരവേദിയിൽ എത്തുന്നത് 40 വർഷം മുമ്പ് പാർട്ടി അംഗമായ സഖാവ്

കെ സുധാകരന്റെ ഉപവാസത്തിന് പിന്തുണയുമായി എകെജിയുടെ ഡ്രൈവർ; എകെജിയുടെ സാരഥി മൊയ്തു എന്ന് പോക്കറ്റിൽ രേഖപ്പെടുത്തി സമരവേദിയിൽ ; ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിന് എതിരെ സമരവേദിയിൽ എത്തുന്നത് 40 വർഷം മുമ്പ് പാർട്ടി അംഗമായ സഖാവ്

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ ഉപവാസമനുഷ്ഠിക്കുന്ന വേദിയിൽ എ.കെ.ജി.യുടെ ഡ്രൈവർ എത്തിയത് കൗതുകമായി. കറുത്ത കൂളിങ് ഗ്ലാസും തൂവെള്ള ഷർട്ടിൽ ഇടതു ഭാഗത്ത് മാനിഷാദ എന്നും വലതു ഭാഗത്തെ കീശക്കു മുകളിൽ ചുവന്ന അക്ഷരത്തിൽ എ.കെ.ജി.യുടെ സാരഥി മൊയ്തു എന്ന് രേഖപ്പെടുത്തിയുമാണ് ഈ 81 കാരൻ ഉപവാസ പന്തലിലെത്തിയത്. ഏഴോം സ്വദേശിയായ മുണ്ടായാട്ടു പുരയിൽ മൊയ്തു കൊലപാതക രാഷ്ട്രീയത്തെ തള്ളി പറയുന്നു. ഒപ്പം കമ്യൂണിസത്തേയും. 1963 മുതൽ 12 വർഷക്കാലം എ.കെ. ജി.യെ അവിഭക്ത കണ്ണൂർ ജില്ലയിലും പുറത്തും കൊണ്ടു പോയത് മൊയ്തുവായിരുന്നു. മിലിട്ടറിയിൽ നിന്നും ഓക്ഷൻ ചെയ്തു വാങ്ങിച്ച മാടായി സഹകരണ ബാങ്കിന്റെ ജീപ്പിലാണ് മൊയ്ത് എ.കെ. ജി.യെ കൊണ്ടു പോകാറ്. കെ.എൽ.പി. 6008 എന്ന ജീപ്പിന്റെ നമ്പർ പോലും മൊയ്തു ഓർക്കുന്നു.

കേരളത്തിന്റെ അതിർത്തി പങ്കിടുന്ന രാജപുരത്തും ചെറുപുഴയിലും അക്കാലത്ത് പൊതുയോഗങ്ങളിൽ എ.കെ. ജി.യെ കൊണ്ടു പോയിട്ടുണ്ട് മൊയ്തു. എ.കെ.ജി.യുടെ മരണ ശേഷം കാഞ്ഞങ്ങാട് വെച്ച് കവി പി.കുഞ്ഞിരാമൻ നായർ സ്മാരകത്തിൽ എ.കെ. ജി.യുമായി അടുത്തറിയാവുന്നവരുടെ ഒരു യോഗം വിളിച്ചിരുന്നു. ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ എ.കെ.ജി.യെക്കുറിച്ച് ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാനും അവിടെയെത്തി. എ.കെ.ജി.യെക്കുറിച്ച് തനിക്കുള്ള അനുഭവങ്ങൾ വിശദമായി പറഞ്ഞു. അതോടെ ചടങ്ങിൽ വെച്ച് എ.കെ. ജി.യുടെ സാരഥി എന്ന് ചിലർ തന്നെ അഭിസംബോധന ചെയ്തു. അങ്ങിനെ ആ പേര് താനും അംഗീകരിച്ചു. അത് തന്റെ ഷർട്ടിലും രേഖപ്പെടുത്തി. മൊയ്തു പറയുന്നു.

ചെറുതാഴം വില്ലേജ് കമ്മിറ്റിയിൽ 1978 ലാണ് മൊയ്തു സിപിഐ.(എം). അംഗമായത്. അംഗത്വം നൽകിയത് കെ.പി. പത്മനാഭൻ മാസ്റ്ററാണ്. 14 വർഷം പാർട്ടി അംഗമായി തുടർന്ന് മൊയ്തു സിപിഐ.(എം). ലെ വർഗ്ഗീയ സ്വഭാവം കൊണ്ടാണ് പാർട്ടിയെ ഉപേക്ഷിച്ചതെന്ന് പറയുന്നു. പ്രാദേശികമായി മുസ്ലിം വിരോധം പാർട്ടിക്കകത്ത് ഉണ്ടെന്ന് മൊയ്തു ആരോപിക്കുന്നു. അതിൽ മനം മടുത്താണ് താൻ പാർട്ടിയെ ഉപേക്ഷിച്ചത്. എന്നാൽ മൊയ്തു മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. വി എസ്. അച്ച്യൂതാനന്ദൻ ചീമേനി എസ്റ്റേറ്റ് ഉടമക്കെതിരെ ആരോപണവുമായി വന്നപ്പോൾ ജീപ്പിൽ കൊണ്ടുപോയതും താനാണെന്ന് മൊയ്തു പറയുന്നു. അടുത്ത ദിവസം പോലും താൻ വി.എസിനെ കണ്ടു വെന്നും അദ്ദേഹവുമായി ഉള്ള ബന്ധം ഇപ്പോഴും തുടരുന്നതായും മൊയ്തു പറയുന്നു. എ.കെ. ജി. വളർത്തിയ പ്രസ്ഥാനം ഇപ്പോൾ മനുഷ്യനെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നത്. അതിനോട് യോജിക്കാൻ കഴിയില്ലെന്ന് മൊയ്തു പറയുന്നു. രാവിലെ മുതൽ ഉച്ച വരെ മൊയ്തു ഉപവാസ പന്തലിൽ അനുഭാവ ഉപവാസം നടത്തി. എ.പി. അബ്ദുള്ളക്കുട്ടിക്കൊപ്പം ഇരുന്നാണ് മൊയ്തു ഉപവാസം അനുഷ്ഠിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP