Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗളം ചാനലിൽ നടക്കുന്നത് പത്രപ്രവർത്തനമല്ല മറ്റു പലതും; മന്ത്രിമാരെയും മറ്റും കുടുക്കാൻ രൂപീകരിച്ച അഞ്ചംഗ ടീമിൽ ചേരാൻ നിർബന്ധിച്ചെങ്കിലും മാറിനിന്നു; സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടും എന്നതിനാൽ പടിയിറങ്ങുന്നു; ഉന്നതർക്ക് കെണിയൊരുക്കാൻ മംഗളം ചാനൽ രൂപീകരിച്ച 'ഹണി ട്രാപ്പ്' ടീമിന് പിടികൊടുക്കാതെ രാജിവച്ച് ചാനലിലെ മാധ്യമപ്രവർത്തക അൽ നീമ

മംഗളം ചാനലിൽ നടക്കുന്നത് പത്രപ്രവർത്തനമല്ല മറ്റു പലതും; മന്ത്രിമാരെയും മറ്റും കുടുക്കാൻ രൂപീകരിച്ച അഞ്ചംഗ ടീമിൽ ചേരാൻ നിർബന്ധിച്ചെങ്കിലും മാറിനിന്നു; സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടും എന്നതിനാൽ പടിയിറങ്ങുന്നു; ഉന്നതർക്ക് കെണിയൊരുക്കാൻ മംഗളം ചാനൽ രൂപീകരിച്ച 'ഹണി ട്രാപ്പ്' ടീമിന് പിടികൊടുക്കാതെ രാജിവച്ച് ചാനലിലെ മാധ്യമപ്രവർത്തക അൽ നീമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരെ മംഗളം നടത്തിയത് ഹണി ട്രാപ്പ് തന്നെയെന്ന സൂചനകൾ നൽകിക്കൊണ്ട്, ഇത്തരം ഇടപാടുകൾ ജേർണലിസമല്ലെന്ന് വെളിപ്പെടുത്തി ചാനലിലെ യുവ മാധ്യമ പ്രവർത്തക രാജി വച്ചു. അൽ നീമ അഷ്റഫ് എന്ന വനിതാ മാധ്യമപ്രവർത്തകയാണ് രാജിവച്ചത്. അവർ ഇക്കാര്യം ഫെയ്സബുക്കിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

തന്റെ സങ്കൽപത്തിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തനമല്ല മംഗളത്തിൽ നടന്നതെന്നും മാധ്യമപ്രവർത്തക എന്ന നിലയിൽ മാത്രമല്ല, സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യത്തിലാണ് രാജിയെന്നും വ്യക്തമാക്കിയാണ് അൽ നീമ പോസ്റ്റിട്ടത്. മന്ത്രിമാരെ ഉൾപ്പെടെ കുടുക്കാൻ ഉദ്ദേശിച്ച് വാർത്തകൾ സൃഷ്ടിക്കാൻ രൂപീകരിച്ചത് അഞ്ചംഗ സംഘത്തെയാണെന്നും ഇവർ വെളിപ്പെടുത്തുന്നു.

ഇത്രയ്ക്കും തരംതാഴ്ന്ന വാർത്തയാണ് പുറത്തുവിടുകയെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അസഹ്യമായ സാഹചര്യമായതിനാലാണ് രാജിയെന്നും അൽ നീമ പറയുന്നു. കഴിഞ്ഞവർഷം മെയ്മാസം ചാനലിൽ ചേർന്നതായിരുന്നു അൽ നീമ. ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചപ്പോൾ ഇതിൽ ചേരാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മാധ്യമപ്രവർത്തനമല്ല അവർ ഉദ്ദേശിക്കുന്നതെന്ന് തോന്നിയതിനാലാണ് അതിൽ നിന്ന് പിന്മാറിയെന്നും വ്യക്തമാക്കിയാണ് അൽ നീമയുടെ പോസ്റ്റ്.

ശശീന്ദ്രനെതിരെ മാധ്യമസദാചാരമെല്ലാം കാറ്റിൽപറത്തി മംഗളം ചാനൽ നൽകിയ വാർത്തയിൽ ചാനലിലെ പ്രവർത്തകർ, പ്രത്യേകിച്ച് വനിതാ ജേർണലിസ്റ്റുകൾ മിക്കവരും വൻ പ്രതിഷേധത്തിലാണെന്നാണ് വിവരം. ഇതിന്റെ ആദ്യ പ്രതിഫലനമായി അൽ നീമയുടെ രാജിയെന്നാണ് മാധ്യമപ്രവർത്തകരും പറയുന്നത്.

ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവിട്ടതോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായെന്ന് അൽ നീമ പറയുന്നു. ശശീന്ദ്രനെ കുടുക്കിയ ട്രാപ്പിൽ ആരാണ് ആ പരാതിക്കാരിയായ സ്ത്രീയെന്നും എന്ത് പരാതി പറയാനാണ് അവർ ട്രാൻസ്‌പോർട്ട് മന്ത്രിയെ വിളിച്ചതെന്നും ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയതെന്നും ചോദിച്ചുകൊണ്ടാണ് അൽ നീമ രാജിവച്ചിരിക്കുന്നത്.

ഇതിൽ നിന്നുതന്നെ മന്ത്രിയെ കുടുക്കാൻ മംഗളം സൃഷ്ടിച്ചതാണ് ഇത്തരമൊരു ഫോൺസംഭാഷണമെന്ന് വ്യക്തമാകുന്നതായും വിലയിരുത്തലുകൾ വരുന്നുണ്ട്. സർക്കാരും ഇതേ സംശയത്തിലാണ്. അതിനാലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും മംഗളത്തിനെതിരെ അനധികൃത ഫോൺചോർത്തലിനും മറ്റുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തേക്കുമെന്നുമുള്ള നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇതിനിടെ കഴിഞ്ഞദിവസം മംഗളം സിഇഒ അജിത്കുമാർ മന്ത്രി ശശീന്ദ്രനും ഒരു പെൺകുട്ടിയുമായി നിൽക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. മന്ത്രി ശശീന്ദ്രനെ മനപ്പൂർവം അപമാനിക്കാനായി നൽകിയതാണ് ഈ ചിത്രമെന്ന് വിമർശനം ഉയർന്നു.

അതോടൊപ്പം ആ പെൺകുട്ടിയും അപമാനിതയാകുന്ന രീതിയിലാണ് കാര്യങ്ങൾ എത്തിയത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മംഗളം സിഇഒയ്ക്കും ആ ഫോട്ടോ ഷെയർ ചെയ്ത മംഗളത്തിലെ മാധ്യമ പ്രവർത്തകർക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ സഭ്യമല്ലാത്ത വാർത്ത പീക് ടൈമിൽ പുറത്തുവിട്ടത് ചാനൽ നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് കാട്ടി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നടപടികൾ ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ചാനലിൽ നടക്കുന്നത് മാധ്യമ വ്യഭിചാരം തന്നെയാണെന്ന് സൂചനകൾ നൽകിക്കൊണ്ട് ഒരു വനിതാ മാധ്യമ പ്രവർത്തക തന്നെ രാജിവയ്ക്കുകയും ചാനലിൽ നടന്നകാര്യങ്ങൾ ഫേസ്‌ബുക്കിൽ തുറന്നെഴുതുകയും ചെയ്തിട്ടുള്ളത്.

അൽ നീമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്.

എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് transport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്. ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.

അത് സങ്കടകരമാണ്. ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ journalism ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.

ഇത്തരമൊരു പോസ്റ്റ് ഇട്ടതിനു പിന്നാലെ നൂറു കണക്കിനു പേരാണ് അൽ നീമയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP