Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിലെ സിപിഐ(എം)-ഗുണ്ടാ ബന്ധത്തിൽ ഏരിയ സെക്രട്ടറിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി പി രാജീവും വിവാദത്തിൽ; വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സക്കീർ ഹുസൈൻ മധ്യസ്ഥാനാവുന്നത് രാജീവിന്റെ നിർദ്ദേശ പ്രകാരം; രാജീവിനെ മാറ്റണമെന്ന് കോടിയേരിയോട് വി എസ് പക്ഷ നേതാക്കൾ

കൊച്ചിയിലെ സിപിഐ(എം)-ഗുണ്ടാ ബന്ധത്തിൽ ഏരിയ സെക്രട്ടറിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി പി രാജീവും വിവാദത്തിൽ; വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സക്കീർ ഹുസൈൻ മധ്യസ്ഥാനാവുന്നത് രാജീവിന്റെ നിർദ്ദേശ പ്രകാരം; രാജീവിനെ മാറ്റണമെന്ന് കോടിയേരിയോട് വി എസ് പക്ഷ നേതാക്കൾ

അർജുൻ സി വനജ്

കൊച്ചി: ഗുണ്ടകളെ ഒതുക്കാൻ കൊച്ചി സിറ്റി പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സ്, സിപിഐ(എം) കളമശ്ശേരി ഏരിയ സെക്രട്ടറിയ്‌ക്കെതിരെ ആദ്യ കേസ് എടുത്തതിന് പിന്നാലെ, അന്വേഷണം ജില്ലാ സെക്രട്ടറിയിലേക്കും നീളുമെന്ന് സൂചന. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന്, അഭ്യർത്ഥിച്ച് ജുബി രാജീവിന്റെ അടുത്ത് ചെന്നിരുന്നു. എന്നാൽ തുടർന്ന് നടന്ന ചർച്ചയിൽ പത്തോ, പന്ത്രണ്ടോ ലക്ഷം നൽകാമെന്നും, ഒരു കാരണവശാലും ഡയറി ഫാമിന്റെ കരാർ തുടരാൻ അനുവദിക്കില്ലെന്നുമായിരുന്നു കേസിലെ രണ്ടാം പ്രതിയായ സക്കീർ ഹുസൈൻ നിലപാടെടുത്തത്. കേസിലെ നാലാം പ്രത ഷീല തോമസിന് വേണ്ടി സക്കീർ ഹുസൈൻ ജുബി പൗലോസിനെ ഭീഷണിപ്പെടുത്തിയത് രാജീവിന് അറിയാമായിരുന്നു.

മുളന്തുരുത്തി ഏരിയ സെക്രട്ടറി സികെ റെജി മുഖേന വിഷയം പി രാജീവിനെ പൂർണ്ണമായും ധരിപ്പിച്ചിരുന്നുവെന്ന് ജൂബ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതാണ് അന്വേഷണം പി രാജീവിലേക്കും നീളാനുള്ള സാഹചര്യമൊരുക്കുന്നത്. സക്കീർ ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. മുൻ ഏരിയ സെക്രട്ടറി സികെ പരീതിന് പകരം സെക്രട്ടറി ചുമതല നൽകി. ജാമ്യം ലഭിക്കാത്ത വകുപ്പടക്കം എട്ട് വകുപ്പുകൾ ചേർത്താണ് കേസ്. തട്ടിക്കൊണ്ട പോകൽ, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തി പരിക്കേൽപ്പിക്കൽ എന്നിങ്ങനെയാണ് വകുപ്പുകൾ.

പി രാജീവും സക്കീർ ഹുസൈനും, കറുകപ്പള്ളി സിദ്ദീകും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റൊരു സംഭവം ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഉണ്ടായത്. ഫയേദ ട്രാവൽസ് സിഇഒ ആയ മുഹമ്മിന്റെ കാക്കനാട് രാജഗിരി കോളേജിൽ പഠിക്കുന്ന മകനെ അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റ സി.എം.ഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുടെ സംഘം തട്ടിക്കൊണ്ട് പോയി. വിഷയത്തിൽ ഇരു വ്യവസായികൾക്കും വേണ്ടി ദുബായിൽ വച്ച് മധ്യസ്ഥത പറഞ്ഞത് സക്കീർ ഹുസൈനാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. എന്നാൽ സക്കീർ ഹുസൈനും സിദ്ദീകിനും കേസ് ഒത്തുതീർപ്പിനായി കൈമാറിയത് ജില്ലാ സെക്രട്ടറി പി രാജീവാണെന്നാണ് ആരോപണം.

അഡ്വ. എംകെ ദാമോദരൻ വഴി മുൻ കൂർ ജാമ്യം നേടുന്നതിനായി ഡോ. റബിയുള്ള ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. തുടർന്ന കഴിഞ്ഞ സർക്കാരിലെ എംഎ‍ൽഎ യായ അൻവർ സാദത്ത് വഴി റബിയുള്ള മധ്യസ്ഥതയ്ക്ക് ശ്രമിച്ചു. എന്നാൽ പൊലീസ് തുടർനടപടികളുമായി പോയത് മധ്യസ്ഥ ശ്രമം പാളി. തുടർന്ന് പിണറായി സർക്കാർ അധികാരമേറ്റപ്പോൾ അൻവർ സാദത്ത് വഴി റബിയുള്ള പി രാജീവുമായി ബന്ധപ്പെട്ടു. രാജീവിന്റെ നിർദ്ദേശ പ്രകാരമാണ് ഇൻഫോപാർക്ക് സ്റ്റേഷനിൽനിന്ന് കേസ് കളമശ്ശേരി സിഐയിലേക്ക് മാറ്റുന്നതും തുടർന്ന ജാമ്യം ലഭിക്കുന്നതുമെന്നാണ് വിവരം.

മധ്യസ്ഥതയിൽ സക്കീർ ഹുസൈന് ഒരു കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് ആരോപിച്ച് കളമശ്ശേരിയിൽ നേരത്തെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുണ്ടാ നേതാവ് ഭായി നസീറിന്റെ സഹായിയാണെന്ന ആരോപണം നേരിടുന്ന സിദ്ദീക് ഡിവൈഎഫ്ഐ കറുകപ്പള്ളി മസ്ജിത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ബ്രോഡ് വേയിൽ ആർട്ടിഫിഷ്യൽ ഫ്‌ളവർ വിൽപ്പന നടത്തുന്ന സാന്ദ്ര തോമസിൽ നിന്ന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ പണം തട്ടാൻ ശ്രമിച്ചകേസിൽ സിദ്ദീക് റിമാന്റിലാണിപ്പോൾ.

അതേസമയം പി രാജീവിനെതിരെയുള്ള ആരോപണങ്ങൾ മുൻ നിർത്തി തങ്ങളുടെ നഷ്ടപ്പെട്ടുപോയ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ജില്ലയിലെ വി എസ് വിഭാഗം നേതാക്കൾ. ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള ഗുണ്ടാ ബന്ധം വ്യക്തമാക്കി സംസ്ഥാന സെക്രട്ടറിക്കും കേന്ദ്ര കമ്മിറ്റിയ്കും കത്തയക്കാനുള്ള തയ്യാറെടുപ്പിലാണിവർ. പി രാജീവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ജില്ലയിലെ വി എസ് വിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്. സക്കീർ ഹുസൈനെതിരെയുള്ള നടപടി അടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മിറ്റിയിൽ സെക്രട്ടരി റിപ്പോർട്ട് ചെയ്യും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ആരോപണ വിധേയനായ ജില്ലാ സെക്രട്ടറിയ്‌ക്കെതിരേയും നടപടി കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെടുമെന്നാണ് സൂചന. ഇതോടെ വിഷയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. ഇത് അടുത്ത ദിവസം ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ വലിയ ബഹളത്തിന് ഇടയാക്കിയേക്കും.

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ നിന്ന് എസ്.എഫ്.ഐയിലെത്തിയ സക്കീർ ഹുസൈന്റെ വളർച്ച ഞൊടിയിടയിലായിരുന്നു. ഇതിൽ പി രാജീവിന്റെ പങ്കും നിർണ്ണായകമാണ്. കളമശ്ശേരി പോളിടെക്‌നിക്കിൽ രാജീവ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതലുള്ള ബന്ധമാണ് ഇരുവരുംതമ്മിൽ. ഇതാണ് സക്കീർ ഹുസൈന് വഴി വിട്ട പല സഹായങ്ങളും ചെയ്യുന്നതിന് ഇടയാക്കിയതും. ഇരട്ട പദവി പാടില്ലെന്നും, ഒന്നിൽക്കൂടുതൽ തവണ പൊതു മേഖലാ സ്ഥാപനങ്ങളുടെ പദവികളിൽ, പാർട്ടി നേതാക്കളെ നിയമിക്കരുതെന്നുമുള്ള സിപിഐ(എം) കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശം അവഗണിച്ചാണ് സക്കീർ ഹുസൈനെ ജില്ലാ സ്‌പോഴ്‌സ് കൗൺസിൽ അദ്ധ്യക്ഷസ്ഥാനത്ത് നിയമിക്കുന്നത്. ഇതിന് പിന്നിൽ പി രാജീവിന്റെ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. ജില്ലയിൽ ഒരു യുവ നേതാവ് അമരക്കാരനായി വരുമ്പോൾ പാർട്ടി ശക്തിപ്പെടുമെന്നായിരുന്നു നേതൃത്വം കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നേരിടുന്ന ആരോപണങ്ങൾ പാർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP