Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും

ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മഴയ്ക്ക് പെയ്‌തൊഴിയാനുള്ള ഭാവമില്ല. അതുകൊണ്ട് തന്നെ കണക്ക് കൂട്ടൽ എല്ലാം തെറ്റി. എത്ര ദിവസം എത്ര തോതിൽ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ലെന്നും വ്യക്തമാകുന്നു. മഴ പെയ്യില്ലെന്ന കണക്ക് കൂട്ടലിൽ ഇടുക്കിയിൽ വെള്ളം കെട്ടി നിർത്തിയ അധികൃതർക്ക് തെറ്റുകയാണ്. രൗദ്രഭാവത്തോടെ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു. ഇതിനെ സമാനതകളില്ലാതെ പുറത്തേക്ക് ഒഴുക്കി വിടേണ്ട അവസ്ഥയിലാണ് വൈദ്യുത ബോർഡ്. ഇതിന്റെ ദുരിതം മുഴുവൻ ഏറ്റുവാങ്ങുന്നത് ആലുവയും കാലടിയുമാണ്. ഡാമിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ പാച്ചലിൽ ചെറുതോണി അടക്കമുള്ള ടൗണുകൾ അപ്രത്യക്ഷമാകുമെന്നും ഉറപ്പ്. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകും. ആലവുയും കാലടിയിലും ദുരന്തം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കടക്കുകയും ചെയ്യും. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് പോലും സർക്കാരിന് അറിയില്ല.

ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയർത്തിയത്. ഇതോടെ ചെറുതോണി ടൗണിൽ വെള്ളം കയറി. ഇതു തന്നെ താങ്ങാൻ പെരിയാറിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ആറുലക്ഷം വെള്ളം കുതിച്ചെത്തുന്നതോടെ പെരിയാറിന്റെ തീരം നാമാവിശേഷമാകും, നിലവിൽ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയിൽ നിന്നും വെള്ളം കൂടുതൽ ഒഴുക്കിവിടുകയാണെങ്കിൽ ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ ഇടലയാറിലും വെള്ളം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇതും നടക്കാതെ പോയി.

നിലവിൽ പെരിയാർ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടർ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. പെട്ടെന്ന് തന്നെ അഞ്ചാം ഷട്ടറും. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. പാലത്തിൽ വെള്ളം കയറി. ഈ വെള്ളം ആലുവയിലെത്തുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ആർക്കും ്അറിയാത്തത്. തീരത്ത് അതീവജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ചെറുതോണിയിലെയും തടിയമ്പാട്, കീരിത്തോട് പ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലുവയിലും കാലടിയിലും ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്. ഇന്ന് മഴ അവസാനിച്ചില്ലെങ്കിൽ അതീവ ഗൗരവതരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തും.

ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി ഷട്ടറുകൾ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായി ഉയരാത്തത് ആശ്വാസമാണ്. തമിഴ്‌നാട്ടിൽ മഴ തീരെ കുറവായതിനാൽ അവർ നല്ലതോതിൽ വെള്ളം എടുക്കുന്നതാണ് രക്ഷയായത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 134.50 അടിയായി ഉയർന്നു. വ്യാഴാഴ്ചയിത് 133.60 അടിയായിരുന്നു. തേനി ജില്ലയിലും നേരിയ തോതിലുള്ള മഴയാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്‌നാടിന് രണ്ട് മാർഗങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകാൻ കഴിയുന്നത്. ആകെയുള്ള നാല് പെൻസ്റ്റോക്ക് പൈപ്പ് വഴി മൊത്തം 1600 ഘനയടിയും ഇറച്ചൽപ്പാലം കനാലിലൂടെ സെക്കൻഡിൽ 800 ഘനയടിയും കൊണ്ടുപോകാനാവും.. ഇതിൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ കഴിയില്ല.

അണക്കെട്ട് പ്രദേശത്ത് 24.8 മില്ലീമീറ്ററും തേക്കടിയിൽ 12.4 എംഎം ഉം മഴ പെയ്തു. വ്യാഴാഴ്ചയിത് യഥാക്രമം 115.6 ഉം 56.40 ഉം ആയിരുന്നു. തമിഴ്‌നാട് സെക്കൻഡിൽ 2000 ഘന അടി കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്ക് 4167.87 ഘനയടി ഒഴുകിയെത്തുന്നുണ്ട്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയാണ് പെയ്യുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഏതാനും ദിവസം മുമ്പ് ജലനിരപ്പ് 136 അടിക്ക് അടുത്തെത്തിയിരുന്നു. തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോയതോടെ ജലനിരപ്പ് പടിപടിയായി കുറഞ്ഞ് ബുധനാഴ്ച രാവിലെ ആറിന് 132.80 അടിയെത്തിയിരുന്നു. തുടർന്ന് അവർ വെള്ളം കൊണ്ടുപോകുന്നത് കുറച്ചിരുന്നു.ഇപ്പോൾ വീണ്ടും കൂട്ടി. 2500 ഘന അടി വരെ വെള്ളം കൊണ്ടുപോകാമെങ്കിലും അങ്ങനെ ചെയ്താൽ റോഡ് തകരാനും മറ്റും സാധ്യതയുണ്ട്. മുമ്പ് ഇറച്ചൽപാലത്തും മറ്റും ഇങ്ങനെ റോഡ് തകർന്നിരുന്നു.

മഴ കനത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ തമിഴ്‌നാട് അത് നന്നായി പ്രയോജനപ്പെടുത്തി. ലോവർ ക്യാമ്പിലെ ആകെയുള്ള നാല് പവർഹൗസിലും വൈദ്യുതോൽപാദനം പൂർണ അളവിൽ നടത്തി. തേക്കടിയിൽ നിന്നും ഭൂഗർഭ ടണൽ വഴി ഒഴുക്കുന്ന വെള്ളം റോസാപ്പൂക്കണ്ടത്തിന് സമീപത്തുള്ള ഫോർബേ അണക്കെട്ടിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ലോവർ ക്യാമ്പിൽ പൂർണതോതിൽ വൈദ്യുതോൽപാദനം നടത്തുന്നു. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്‌നാട് ദിവസവും ഉൽപാദിപ്പിച്ചിരുന്നത്. ഇതിന് പുറമെ ഇറച്ചൽപാലം കനാലിലൂടെ കാർഷികാവശ്യത്തിനായി തമിഴ്‌നാട് 700 ഘനയടി വീതം വെള്ളവും കൊണ്ടുപോയി. ഇതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് നിർത്താൻ തമിഴ്‌നാടിന് കഴിഞ്ഞു. സാധാരണ മുല്ലപ്പെരിയാർ മേഖലയിൽ നവംബർ, ഡിസംബർ മാസങ്ങളിലാണ് കനത്ത മഴ പെയ്യാറുള്ളത്. ആ ഘട്ടത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അസാധാരണമായി ഉയരുന്നതും. ഇത്തവണ കാലവർഷം തിമിർത്തതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.

എന്നാൽ ജലം കൊണ്ടു പോകുന്നതിലുള്ള തമിഴ്‌നാടിന്റെ മാനേജ്‌മെന്റ് കേരളത്തെ തുണച്ചു. അതുകൊണ്ട് മാത്രം മുല്ലപ്പെരിയാറിൽ നിന്ന് ജലം നിറഞ്ഞു കവിഞ്ഞില്ല. ഇതു സംഭവിച്ചിരുന്നുവെങ്കിൽ ഇടുക്കിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇനിയും കൂടിയേനേ. മുല്ലപ്പെരിയാറിൽ മഴ അതിശക്തമായി തുടർന്നാൽ കാര്യങ്ങൾ തമിഴ്‌നാടിന്റേയും കൈവിടും. ഇത് വലിയ പ്രളയത്തിലേക്ക് കേരളത്തെ എത്തിക്കും. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ മലയോര മേഖലയിലും സംസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നും തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ നിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ 11 സെന്റീമീറ്റർ കനത്തമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന വാൽപ്പാറയിൽ 17 സെന്റീമീറ്ററും ചിന്നക്കനാൽ, ദേവാല 12, 10 സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരിയിൽ ചേച്ചിപ്പാറയിൽ അഞ്ച് സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മസ്ഥലയിൽ 15സെന്റീമീറ്ററും മടിക്കേരിയിൽ 14സെന്റീമീറ്ററും അഗുംബെയിൽ 13 സെന്റീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

ആലുവയിൽ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്ക്

കൊച്ചി: ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ , പ്രത്യേക റോപുകൾ, സ്‌കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മൂവാറ്റുപുഴ ആർ ഡി ഒ എം ടി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്. കോസ്റ്റ് ഗാർഡ് ടീമിനെ ഇന്നലെ അർധരാത്രി മുതൽ ഇവിടെ വിന്യസിച്ചു. ഫയർ ഫോഴ്സും സംസ്ഥാന പൊലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയർമാരും ഇവിടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ബാരിക്കേഡുകൾ കെട്ടി ബലിതർപ്പണത്തിനെത്തുന്നവർ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാൻ എത്തുന്നവർക്കെല്ലാം കർമം നിർവഹിക്കുന്നതിനും മറ്റു തടസങ്ങൾ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ താലൂക്കിൽ കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച അവലോകന യോഗം ചേർന്നു. ഡപ്യൂട്ടി കളക്ടർ കെ.മധു, തഹസിൽദാർ കെ ടി സന്ധ്യാദേവി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP