Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനവും ദേവസ്വം ബോർഡിന്റെ ഒൻപതു ലക്ഷവും പാഴായി; ആലുവ ശിവരാത്രി മണപ്പുറത്തു പുതുതായി നിർമ്മിച്ച പൊലീസ് എയിഡ് പോസ്റ്റ് തുറക്കില്ല

ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനവും ദേവസ്വം ബോർഡിന്റെ ഒൻപതു ലക്ഷവും പാഴായി; ആലുവ ശിവരാത്രി മണപ്പുറത്തു പുതുതായി നിർമ്മിച്ച പൊലീസ് എയിഡ് പോസ്റ്റ് തുറക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവ ശിവരാത്രിക്കു മുൻപ് തുറക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച്, തിരുവതാംകൂർ ദേവസ്വം ബോർഡ് 9 ലക്ഷം രൂപ ചെലവാക്കി ആവേശപൂർവ്വം പണികഴിപ്പിച്ച പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാക്കി ആലുവാ മണപ്പുറം ശിവരാത്രിക്കൊരുങ്ങുന്നു.

അഞ്ചു മാസം മുൻപ് ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള പാലത്തിന്റെ ശിലസ്ഥാപന ചടങ്ങിന്റെ വേദിയിൽ വച്ച്, ഇവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിരമായി വേണമെന്ന നാട്ടുകാരുടെ പരാതിയിൽ ദേവസ്വംബോർഡ് കെട്ടിടം നിർമ്മിച്ചു നൽകിയാൽ ഇവിടെ സ്ഥിരം എയ്ഡ് പോസ്റ്റ് തുറക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ സൗകര്യം റെഡിയാക്കാമെന്നും അതേ വേദിയിൽ വച്ചു ദേവസ്വംബോർഡ് പ്രസിഡണ്ട് ആയിരുന്ന അഡ്വ ഗോവിന്ദൻ നായരും ഉറപ്പു നൽകി. 

തുടർന്ന് മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ദേവസ്വം ബോർഡ് മണപ്പുറം അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് ഓഫീസിന്റെ മുകളിൽ പൊലീസ് എയ്ഡ് പോസ്റ്റ് എന്ന ലക്ഷ്യം വച്ചു 9 ലക്ഷം രൂപ ചെലവിട്ടു കെട്ടിടം പണികഴിപ്പിച്ചു റെഡിയാക്കി. എന്നാൽ ഇത് ആലുവ ശിവരാത്രിക്കു തുറക്കില്ലെന്നുറപ്പായി. ആഭ്യന്തരമന്ത്രി നേരിട്ടുനിർദ്ദേശിച്ചിട്ടും പുതിയ കെട്ടിടത്തിൽ എയ്ഡ് പോസ്റ്റ് തുറക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ പൊലീസും

മണപ്പുറം അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിലിരുന്നാൽ പൊലീസിന്റെ പണി നടക്കില്ലെന്നും, സാധാരണയായി പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുന്ന രീതിയിലല്ല ഇതിന്റെ പണിയെന്നും, പൊലീസിന്റെ സാന്നിധ്യം അറിയണമെങ്കിൽ അതു ഗ്രൗണ്ട് ഫ്ളോറിലാകണമായിരുന്നു വെന്നുമാണ് ് ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാനാവില്ലെന്നുള്ളതിനു കാരണമായി പൊലീസ് പറയുന്നത്. മാത്രമല്ല പുതിയ നിയമനങ്ങൾ ഇല്ലാതെയാണ് എടത്തല പൊലീസ് സ്റ്റേഷൻ നിലവിൽ തുറന്നിട്ടുള്ളത്. ചുറ്റുപാടുമുള്ള പല സ്റ്റേഷനുകളിൽ നിന്നായാണ് ഇവിടെ പൊലീസുകാരെ നിയമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പൊലീസ് എയ്ഡ് പോസ്റ്റിനായി നാലു പൊലീസുകാരെ കൂടി ഡ്യൂട്ടിക്കിടാൻ കഴിയില്ലെന്നാണു പൊലീസിന്റെ ഭാഷ്യമെന്നും അറിയുന്നു. ഒപ്പം ദേവസ്വംബോർഡ് ഇതിൽ വേണ്ടത്ര താല്പര്യം കാണിക്കാൻ മടി പലപ്പോഴും കാണിച്ചുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ആലുവ ശിവരാത്രി ആസന്നമായപ്പോൾ ഇപ്പോഴത്തെ ദേവസ്വംബോർഡ് മെമ്പർ അജയ് തറയിൽ സംഗതി ഗുലുമാലാകുമെന്ന് മനസിലാക്കി ആഭ്യന്തരമന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞു. ഇതിനെ തുടർന്ന് മന്ത്രി നേരിട്ട് എസ്‌പി യെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കില്ലെന്ന നിലപാടിൽ തന്നെയാണ് പൊലീസും. ആലുവ ശിവരാത്രിയുടെ തിരക്ക് കണക്കിലെടുത്ത് ഈ വർഷത്തെ ശിവരാത്രി ഉത്സവത്തിനു മുൻപ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായിരിക്കുകയാണ്. ശിവരാത്രിയുമായി ബന്ധപ്പെട്ടു മണപ്പുറത്തു നടക്കുന്ന മോഷണങ്ങൾ, മാൻ മിസിങ്ങ് കേസുകൾ ഉൾപ്പെടെ ഒരുപാട് പ്രശങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. മണപ്പുറത്തു സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നത് ഒരു ജനകീയാവശ്യം കൂടിയാണ്.

ആലുവ മണപ്പുറത്തെ കേന്ദ്രികരിച്ച് നടക്കുന്ന പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടത്തെ ജനങ്ങളുടെ തലവേദനയാണ്. ശിവരാത്രിക്കു പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. എന്നാൽ നിലവിലൂള്ള പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം ശിവരാത്രി മണപ്പുറത്തെത്തുന്നവർക്ക് നോക്കുകുത്തി മാത്രമാകുമെന്നുറപ്പായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP