Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ കോഴ ആരോപണം ഉന്നയിച്ച അമ്പാടി സദാനന്ദൻ കുടുങ്ങും; കൈക്കൂലി നൽകിയ സദാനന്ദനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഗ്രാമരക്ഷാ സമിതി നിയമ നടപടിക്ക്: ചുമത്തിയ പിഴ ഒഴിവാക്കുന്നതിന് ഒത്തുകളി നടക്കുന്നെന്നും ആരോപണം

ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ കോഴ ആരോപണം ഉന്നയിച്ച അമ്പാടി സദാനന്ദൻ കുടുങ്ങും; കൈക്കൂലി നൽകിയ സദാനന്ദനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഗ്രാമരക്ഷാ സമിതി നിയമ നടപടിക്ക്: ചുമത്തിയ പിഴ ഒഴിവാക്കുന്നതിന് ഒത്തുകളി നടക്കുന്നെന്നും ആരോപണം

പത്തനംതിട്ട: കോന്നി ഡെപ്യൂട്ടി തഹസീൽദാർക്കെതിരെ 22 ലക്ഷം രൂപയുടെ കോഴ ആരോപണം ഉന്നയിച്ച വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സ് ഉടമ സദാനന്ദൻ കുടുങ്ങും. കൈക്കൂലി നൽകിയെന്ന് പരസ്യമായി സമ്മതിച്ച സദാനന്ദനെ കൈക്കൂലി കൊടുത്തുവെന്ന കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. കോട്ടയം ഗ്രാമരക്ഷാസമിതി നിയമനടപടിക്ക് ഒരുങ്ങുന്നു.

കൈക്കൂലി ആരോപണത്തിനു പിന്നിൽ റവന്യൂ വകുപ്പ് കമ്പനിക്കുമേൽ ചുമത്തിയിട്ടുള്ള 4.57 കോടി രൂപ പിഴ ഒടുക്കാതിരിക്കാനുള്ള തന്ത്രമാണെന്നുംഗ്രാമ രക്ഷാസമിതി ഭാരവാഹികൾ ആരോപിച്ചു. അനധികൃതഖനനം നടത്തിയ പാറമടയിൽ സർവേ നടപടികൾ നടത്താതിരിക്കാൻ ഡെപ്യൂട്ടി തഹസിൽദാർ 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും വാഗ്ദാനം പാലിക്കാൻ കഴിയാതെ വന്നപ്പോൾ പണം തിരികെ നൽകിയെന്നുമാണ് അമ്പാടി ഗ്രാനൈറ്റ്‌സ് കമ്പനി ആരോപിക്കുന്നത്. തിരികെ നൽകിയതിൽ ആയിരം രൂപയുടെ 47 കള്ളനോട്ടുകൾ ഉൾപ്പെട്ടിരുന്നതായും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇത് തെളിയിക്കാനായി അമ്പാടി ഗ്രാനൈറ്റ്‌സ് ഉടമ സദാനന്ദനും ആരോപണ വിധേയനായ ഡെപ്യൂട്ടി തഹസിൽദാരും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും കമ്പനി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നിൽ കമ്പനി ഗൂഢനീക്കങ്ങൾ നടത്തിയതായാണ് നാട്ടുകാരുടെ ആരോപണം.

സർക്കാർ ഭൂമി കൈയേറി കണക്കിൽ കവിഞ്ഞ അളവിൽ പാറ ഖനനം ചെയ്തതിന്റെ പേരിൽ അമ്പാടി ഗ്രാനൈറ്റ്‌സിന് 4.57 കോടിയുടെ പിഴ ചുമത്തി കഴിഞ്ഞ 27 നാണ് ഉത്തരവ് പുറത്തുവന്നത്. അന്ന് പ്രതികരിക്കാൻ തയാറാകാതിരുന്ന കമ്പനി, മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്ത വന്നതിനുശേഷം ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ഗ്രാമരക്ഷാ സമിതി ചൂണ്ടിക്കാട്ടുന്നു.

വള്ളിക്കോട് കോട്ടയത്ത് അമ്പാടി ഗ്രാനൈറ്റ്‌സ് നടത്തിവന്ന അനധികൃത പാറഖനനം സംബന്ധിച്ച് ഗ്രാമരക്ഷാ സമിതിയുടെ നേതൃത്വത്തിൽ വർഷങ്ങളായി സമരം നടന്നുവരുകയാണ്. ഉന്നതങ്ങളിൽ വൻ സ്വാധീനമുള്ള അമ്പാടി ഗ്രാനൈറ്റ്‌സ് നാട്ടുകാരെ ഭീഷണിപ്പെടുത്തി ഖനനം തുടർന്നു. മുപ്പത് കോടിയിലധികം രൂപ വിലമതിക്കുന്ന പാറയും പാറ ഉത്പന്നങ്ങളും സർക്കാർ ഭൂമി ഖനനം ചെയ്ത് അമ്പാടി ക്രഷർ കമ്പനി കടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുറമ്പോക്ക് പാറമടയുടെ എല്ലാ അതിർവരമ്പുകളും തകർത്തു ഖനനം നടത്തിയതിനാൽ കൃത്യമായ അളവ് കണ്ടെത്താൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. പാവപ്പെട്ട നാട്ടുകാരുടെ പ്രതിരോധ സംഘടനയായ ഗ്രാമരക്ഷാ സമിതി ഒരുകോടി രൂപ വാഗ്ദാനം ചെയ്തതിനാലാണ് കമ്പനി നൽകിയ 22 ലക്ഷം രൂപ തിരിച്ചുനൽകാൻ ഡെപ്യൂട്ടി തഹസിൽദാർ തയാറായതെന്ന് വരുത്തിത്തീർക്കാനുള്ള നുണപ്രചാരണവും കമ്പനി നടത്തിവരുന്നതായി നാട്ടുകാർ പറയുന്നു.

ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ അടൂർ ആർ.ഡി.ഒ, കോന്നി തഹസിൽദാർ, താലൂക്ക് സർവെയർമാർ എന്നിവരടങ്ങിയ സ്‌പെഷൽ ടീം കഴിഞ്ഞ ഏപ്രിൽ 22 മുതലാണ് സർക്കാർ ഭൂമിയിൽനിന്നും ഖനനം ചെയ്ത ഭാഗത്ത് സർവേ നടപടികൾ ആരംഭിച്ചത്. നടപടികൾ രണ്ടുമാസക്കാലം നീണ്ടുനിന്നു. വൈകാതെ തന്നെ അമ്പാടി ഗ്രാനൈറ്റ്‌സ് നിയമം ലംഘിച്ച് കോടികൾ വിലമതിക്കുന്ന പാറ കടത്തിയതായും കണ്ടെത്തി. ഇതിൽ നിന്നു രക്ഷപ്പെടാനാണ് ഡെപ്യൂട്ടി തഹസിൽദാർക്ക് താൻ ലക്ഷങ്ങൾ കൈക്കൂലി കൊടുത്തതെന്ന് സദാനന്ദൻ തന്നെ സമ്മതിക്കുന്നു. സർക്കാർ നിയമം മറികടക്കാൻ പണം കൊടുത്ത് സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച അമ്പാടി സദാനന്ദനെതിരേ കേസെടുക്കണമെന്ന് ഗ്രാമരക്ഷാ സമിതി ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി തഹസിൽദാർ തിരികെ നൽകിയ പണത്തിൽ ആയിരം രൂപയുടെ കള്ളനോട്ടുകൾ ഉണ്ടെന്നാണ് അമ്പാടി സദാനന്ദൻ പറയുന്നത്. ഈ പണം ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കാതെ കരിച്ചുകളയുകയാണ് സദാനന്ദൻ ചെയ്തത്. ആയിരം രൂപയുടെ 47 നോട്ടുകളുടെ ഉറവിടം കണ്ടെത്താൻ അധികാരികളെ സമീപിക്കാതെ അവ നശിപ്പിച്ചത് ഗൗരവതരമായ കുറ്റമാണ്. അതിനാൽ കള്ളനോട്ടിന് പിന്നിലെ യഥാർഥ ഉറവിടം കണ്ടെത്താൻ നടപടി വേണം. കൂടാതെ അമ്പാടി സദാനന്ദന്റെ 30 വർഷത്തെ സാമ്പത്തിക ഉറവിടത്തെപ്പറ്റി എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ്, ആദായനികുതി വകുപ്പ് എന്നിവയുടെ സഹായത്തോടെ അനേ്വഷണം നടത്തണമെന്നും ഖനനത്തിനെതിരേ രംഗത്തെത്തിയവരെ കള്ളക്കേസിൽ കുടുക്കുന്നത് തടയണമെന്നും ഗ്രാമരക്ഷാസമിതി രക്ഷാധികാരി എൻ.രാജശേഖരൻ, ചെയർമാൻ കെ.എസ്.തോമസ്, എൻ.പി. തങ്കച്ചൻ, സുജിത്ത് സുരേന്ദ്രൻ, റോയി തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP