Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുല്ലൂപ്രത്തെ ബാലികാസദനം രണ്ടു വർഷമായി പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; അമ്പിളിയുടെ മരണം വിവാദമായതോടെ അധികൃതർ സട കുടഞ്ഞെണീറ്റു; 31 നകം ബാലികാസദനം അടച്ചു പൂട്ടാൻ ഉത്തരവ്; ക്രൂരമായ കൊലപാതകത്തിൽ കണ്ണു തുറക്കാതെ പൊലീസ്

പുല്ലൂപ്രത്തെ ബാലികാസദനം രണ്ടു വർഷമായി പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; അമ്പിളിയുടെ മരണം വിവാദമായതോടെ അധികൃതർ സട കുടഞ്ഞെണീറ്റു; 31 നകം ബാലികാസദനം അടച്ചു പൂട്ടാൻ ഉത്തരവ്; ക്രൂരമായ കൊലപാതകത്തിൽ കണ്ണു തുറക്കാതെ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അമ്പിളിയെന്ന കോളജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും പിന്നീട് പൊലീസ് സഹായത്തോടെ ആത്മഹത്യയാക്കി മാറ്റുകയും ചെയ്ത പുല്ലൂപ്രത്തെ കൃഷ്ണകൃപ ബാലികാ സദനം 31 ന് അടച്ചു പൂട്ടും. കഴിഞ്ഞ രണ്ടു വർഷമായി ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഇതിന് എല്ലാ സർക്കാർ വകുപ്പുകളും വഴിവിട്ട് ഒത്താശ ചെയ്തിരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും പൊലീസും സാമൂഹിക സുരക്ഷാവകുപ്പുകളുമെല്ലാം കൈകോർത്ത് ബാലികാ സദനത്തെ രക്ഷിച്ചപ്പോൾ ഇവിടെ വീണ കണ്ണീർ അമ്പിളിയുടേത് മാത്രമല്ലെന്ന ആരോപണവും ശക്തമായി. അമ്പിളിയുടെ മരണം കൊലപാതകമാണെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതിന് ശേഷം അത് ഏറ്റെടുത്ത് സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തുന്ന സമരം ശക്തമാകുമെന്ന് മനസിലാക്കിയാണ് സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും റാന്നിയുടെ എംഎൽഎ രാജു ഏബ്രഹാമിനും ജില്ലാ പൊലീസ് മേധാവിക്കും ഒരു കുലുക്കവുമില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രം ഉപയോഗിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യാമെന്നിരിക്കേ ദുർബലനായ പൊലീസ് മേധാവി ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയാണ്-എന്തു ചെയ്യണം?

പൂല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനം 31ന് അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ നൂറ്റി നാല്പതോളം അനാഥ മന്ദിരങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ഉൾപ്പെടുത്തിയാണ് കൃഷ്ണകൃപയും പൂട്ടുന്നത്. ഇവിടെ താമസിച്ചു വരുന്ന കുട്ടികളെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുള്ള വിവിധ മന്ദിരങ്ങളിലേക്കു മാറ്റും.

കഴിഞ്ഞ രണ്ടു വർഷമായി രജിസ്‌ട്രേഷൻ പുതുക്കാത്തതാണ് അടച്ചു പൂട്ടലിന് കാരണമായി അധികൃതർ പറയുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ലൈസൻസാണ് വ്യക്തി നടത്തുന്ന പുല്ലൂപ്രം ബാലികാസദനത്തിന് ഉണ്ടായിരുന്നത്. 2011 ഏപ്രിലിലാണ് അവസാനം ലൈസൻസ് പുതുക്കിയത്. ഇതിന്റെ കാലാവധി 2015 ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് പുതുക്കാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നായിരുന്നു സ്ഥാപനം ഉടമ ഹരിപ്രസാദ് അധികൃതർക്കു നൽകിയ മറുപടി.

ബാലികാ സദനത്തിലെ അന്തേവാസിയായിരുന്ന പുതുശേരിമല തേവരുകുന്നേൽ വൽസലയുടെ മകളും ഇലന്തൂർ ഗവ. കോളജിലെ വിദ്യാർത്ഥിനിയുമായിരുന്ന അമ്പിളി (18) 2015 ഫെബ്രുവരി അഞ്ചിനാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമ്പിളി അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക പീഡനം ഡോക്ടർ അക്കമിട്ടുനിരത്തിയിരുന്നു. ഇൻക്വസ്റ്റിൽ തിരിമറി കാണിച്ച പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൗകര്യപൂർവം മറച്ചുവച്ചു. പരാതിയില്ലെന്നും ആത്മഹത്യയാണെന്നും ബന്ധുക്കളിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇതോടെ കേസ് അട്ടിമറിക്കപ്പെട്ടു.

ബന്ധുക്കൾക്ക് പണം നൽകിയാണ് കേസ് ഒതുക്കിയതെന്ന പ്രചാരണവും ശക്തമാണ്. ഇതിനിടെ ബാലികാ സദനത്തിലെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് ഇവിടെ നടക്കുന്ന കാര്യങ്ങൾ പുറംലോകത്ത് എത്തിച്ചു. അങ്ങനെയാണ് അമ്പിളിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തു വന്നത്. ഈ വിവരം മറുനാടൻ വാർത്തയാക്കിയതോടെ ബന്ധുക്കളും ഇളകി. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകിയെങ്കിലും തുടരന്വേഷണം അട്ടിമറിച്ചു. ഇതിനെതിരേ ഇന്ന് ബാലികാ സദനത്തിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടക്കുന്നുണ്ട്.

വിവിധ ജില്ലകളിൽ നിന്നുള്ള അഞ്ചു മുതൽ 20 വയസു വരെയുള്ള 28 കുട്ടികളാണ് ബാലികാസദനത്തിൽ താമസക്കാരായി ഉള്ളത്. സ്ഥാപനം അടച്ചു പൂട്ടുതോടെ ഇവരെ ഇലന്തൂരിലേതടക്കം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ അനാഥാലയങ്ങളിലേക്കു മാറ്റും. പുല്ലൂപ്രത്തെ ബാലികാ സദനത്തിനെതിരെ ഗുരുതര ആരോപണം ഉണ്ടായ ഉടൻതന്നെ സാമൂഹിക നീതി വകുപ്പ് പ്രശ്‌നത്തിൽ ഇടപെട്ടു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

പൊലീസിൽ നിന്നും സാമൂഹ്യനീതി വകുപ്പിലേക്കു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലികാസദനത്തിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവിടെ സാമൂഹ്യനീതി വകുപ്പ് വനിതാ കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ നിയമിച്ച വിവരം അതീവ രഹസ്യമായാണ് അധികൃതർ സൂക്ഷിക്കുന്നത്. വിവിധ സ്‌കൂളുകളിലെ കൗൺസിലർമാരായ നാലു പേർക്കാണ് 24 മണിക്കൂർ വീതം ഡ്യൂട്ടി നൽകിയിട്ടുള്ളത്. രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് രാവിലെ വരെ ബാലികാസദനത്തിലെ പെൺകുട്ടികളോടൊപ്പം കൗൺസിലറും ഉണ്ടാകും.

കൃഷ്ണകൃപാ ബാലികസദനത്തിനെതിരെ രൂക്ഷമായ ആരോപണം ഉണ്ടായ പശ്ചാത്തലത്തിൽ രണ്ടാഴ്ച മുമ്പുതന്നെ സ്ഥാപനം അടച്ചുപൂട്ടാൻ സാമൂഹ്യ നീതിവകുപ്പ് തീരുമാനം എടുത്തിരുന്നു. എന്നാൽ ഇവിടെ താമസിക്കുന്ന ചില വിദ്യാർത്ഥിനികൾ പത്താം ക്ലാസ് പരീക്ഷ എഴുതി വരികയാണ്. മാറ്റി വച്ച ഒരു പരീക്ഷ നാളെ നടക്കാനുള്ളതിനാൽ അതു കഴിഞ്ഞു മാത്രം കുട്ടികളെ മാറ്റി സ്ഥാപനം പൂട്ടിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP