Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലറിക്കരഞ്ഞ് അന്തേവാസികൾ; പുല്ലൂപ്രം ബാലികാസദനം പൂട്ടി; അമ്പിളിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു: മറുനാടൻ ഇംപാക്ട്

അലറിക്കരഞ്ഞ് അന്തേവാസികൾ; പുല്ലൂപ്രം ബാലികാസദനം പൂട്ടി; അമ്പിളിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു: മറുനാടൻ ഇംപാക്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി പുല്ലൂപ്രത്തെ കൃഷ്ണകൃപ ബാലികാസദനം അടച്ചുപൂട്ടി. അന്തേവാസികൾ അലറിക്കരഞ്ഞാണ് പുതിയ താമസസങ്കേതത്തിലേക്ക് പോയത്. അമ്പിളിയെന്ന കോളജ് വിദ്യാർത്ഥിയുടെ അതിക്രൂരമായ കൊലപാതകത്തെ തുടർന്ന് വിവാദത്തിലായ ബാലികാ സദനത്തിനെതിരേ സർക്കാർ നടപടി എടുത്തത് ലൈസൻസ് പുതുക്കിയില്ലെന്ന പേരിലാണ്. അതേസമയം, അമ്പിളിയുടെ മരണത്തിലെ പുനരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ജില്ലാ സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരാണ് കുട്ടികളെ പൊലീസ് സംരക്ഷണയിൽ ഇവിടെ നിന്ന് മാറ്റിയത്. അഞ്ചു മുതൽ ഇരുപതു വയസു വരെ പ്രായമുള്ള 28 പെൺകുട്ടികളായിരുന്നു ബാലികാസദനത്തിലെ താമസക്കാർ. ഹരിപ്രസാദ് എന്നയാളാണ് ബാലികാസദനം നടത്തിയത്. ഇവിടുത്തെ താമസക്കാരി, പുതുശേരിമല തട്ടാക്കുന്നേൽ തേവരുപറമ്പിൽ വൽസലയുടെ മകൾ അമ്പിളി(18)യുടെ മരണത്തെ തുടർന്നാണ് ബാലികാ സദനം ശ്രദ്ധാകേന്ദ്രമായത്. 2015 ഫെബ്രുവരി അഞ്ചിനാണ് ഇലന്തൂർ ബി.എഡ് കോളജ് വിദ്യാർത്ഥിനിയായിരുന്ന അമ്പിളി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇതേപ്പറ്റി വ്യക്തമായ സൂചനയുണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണം അട്ടിമറിച്ചു. ഇതു സംബന്ധിച്ച വാർത്ത മറുനാടനാണ് പുറത്തു കൊണ്ടുവന്നത്. ഇതോടെ സിപിഐഎമ്മും എസ്എഫ്‌ഐയും പ്രക്ഷോഭവുമായി രംഗത്തു വന്നു. മുഖ്യമന്ത്രി മുതൽ താഴേത്തട്ടിലേക്ക് വരെ പരാതിയും ചെന്നു. ഇതോടെയാണ് ബാലികാസദനം അടച്ചു പൂട്ടിയത്. ഇവിടുത്തെ താമസക്കാരിൽ പലരേയും രക്ഷാകർത്താക്കളോ അടുത്ത ബന്ധുക്കളോ എത്തി കൂട്ടിക്കൊണ്ടു പോയി. അടുത്ത ബന്ധുക്കൾ ഇല്ലാത്ത ഒമ്പതു കുട്ടികളെയാണ് സാമൂഹിക നീതി വകുപ്പ് നാൽക്കാലിക്കലുള്ള അനാഥ മന്ദിരത്തിലേക്കു മാറ്റിയത്.

തിരുവനന്തപുരത്തുള്ള ക്രൈംബ്രാഞ്ച് ആന്റി പൈറസി സെൽ ഡിവൈ.എസ്‌പി ഇക്‌ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പിളിയുടെ മരണത്തിൽ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സിഐമാരും എസ്‌ഐമാരും അടങ്ങുന്ന സംഘം ഇന്നലെ പുതുശേരിമലയിൽ എത്തി അന്വേഷണം തുടങ്ങി. പരാതി നൽകിയ അമ്പിളിയുടെ സഹോദരൻ അനു, ഭാര്യ അനുജ, ആക്ഷൻ കൗൺസിൽ ചെയർമാനും പഞ്ചായത്തംഗവുമായ രഞ്ജിത്ത്, അമ്പിളിയുടെ അയൽവാസികളായ ശശി, സജി കിണറ്റുകര എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശശികല, ബാലികാസദനം ഉടമ ഹരിപ്രസാദ്, അമ്പിളിയുടെ മാതാവ് വൽസല എന്നിവരെയും ചോദ്യം ചെയ്യും.

അന്വേഷണത്തിൽ വീഴ്ച വരുത്തിയ റാന്നിയിലെ മുൻ എസ്‌ഐ ലാൽ സി ബേബി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിനെപ്പറ്റി അന്വേഷണസംഘം ഒന്നുംപറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP