Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ കൂട്ടായ്മയിൽ അംഗമായ രമ്യ നമ്പീശൻ ശക്തമായ നിലപാടെടുക്കും; കൂട്ടായ്മയെ പിന്തുണച്ച പൃഥ്വിരാജ് എന്തു പറയും എന്നറിയാനും ആകാംക്ഷ; നിർണായകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് ഇന്ന് ചേരും; ദിലീപും പങ്കെടുക്കും

വനിതാ കൂട്ടായ്മയിൽ അംഗമായ രമ്യ നമ്പീശൻ ശക്തമായ നിലപാടെടുക്കും; കൂട്ടായ്മയെ പിന്തുണച്ച പൃഥ്വിരാജ് എന്തു പറയും എന്നറിയാനും ആകാംക്ഷ; നിർണായകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് ഇന്ന് ചേരും; ദിലീപും പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കുമ്പോൾ താരസംഘടനയുടെ നിർണായകമായ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സംഘടനയുടെ 23 ാമത് വാർഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള എക്സിക്യൂട്ടീവ് യോഗമാണ് കൊച്ചിയിൽ ചേരുന്നത്. വാർഷിക പൊതുയോഗത്തിന്റെ അജണ്ട യോഗത്തിൽ നിശ്ചയിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളസിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് യോഗം. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യണമെന്നം അജണ്ടയിലെ വിഷയമായി ഉൾപ്പെടുത്തണം എന്നുള്ള ആവശ്യം ശക്തമായി ഉയരാൻ തന്നെയാണ് സാധ്യത. മലയാള സിനിമയിലെ വനിതാ കൂട്ടായമയുടെ ഭാഗമായ രമ്യാ നമ്പീശനാകും ഇക്കാര്യം ശക്തമായി ഉന്നയിക്കുക. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങൾ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.

18 അംഗങ്ങളാണ് എക്‌സിക്യൂട്ടീവിൽ ഉള്ളത്. ഇതിൽ രമ്യനമ്പീശൻ വിഷയം വാർഷിക പൊതു യോഗത്തിൽ ചർച്ച ചെയ്യണമെന്ന് എക്സിക്യൂട്ടിൽ ആവശ്യപ്പെട്ടേക്കും. ഈ വിഷയം അജണ്ടയായി ഉൾക്കൊള്ളിച്ചില്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്' രൂപീകരിച്ച ശേഷം താരങ്ങൾ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. വനിതാ കൂട്ടായ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകുകയും നടിയെ ആക്ഷേപിച്ച സലീം കുമാർ അജു വർഗീസ് എന്നിവർക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

വാർഷിക പൊതുയോഗത്തിൽ വിഷയം ഉന്നയിക്കുന്നതിന് മുന്നോടിയായാണ് വനിതാ കൂട്ടായ്മ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അക്രമിക്കപ്പെട്ട നടിക്ക് പ്രതി പൾസർസുനിയുമായി ബന്ധമുണ്ടെന്ന ദിലീപിന്റെ പ്രസ്താവനയും ചർച്ചയായേക്കും. അക്രമണത്തിന് ഇരയായ നടിക്ക് അമ്മ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദീലീപിന്റെ പ്രസ്താവന ഗൗരവമായി സംഘടനക്ക് കാണേണ്ടിവരും. വിവാദങ്ങളിൽ അമ്മയുടെ നിലപാട് വാർഷിക പൊതുയോഗത്തിന് ശേഷം വ്യക്തമാക്കും. വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് അംഗങ്ങളെ സംഘടന വിലക്കിയേക്കും അനാവശ്യ പ്രതികരണങ്ങൾ താരങ്ങൾക്കിടയിൽ വലിയ തോതിൽ അഭിപ്രായഭിന്നതയുണ്ടാക്കയതാണ് സംഘനയുടെ വിലയിരുത്തൽ.

വൈകീട്ട് ഏഴ് മണിക്ക് ഹോട്ടൽക്രൗൺ പ്ലാസയിലാണ് യോഗം ചേരുന്നത്. അമ്മയിൽ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയർന്ന് കേൾക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. യോഗത്തിൽ നിർണായകമാകുക മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തീരുമാനങ്ങൾ തന്നെയാകും.

പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിർത്താത്ത ദിലീപിനെതിരെ ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ധാർമിക പിന്തുണ നൽകണം എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ നാളത്തെ യോഗത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. പ്രത്യേകിച്ചും ഇന്നലെ നടിയുടെ വാർത്താക്കുറിപ്പു കൂടി പുറത്തുവന്ന സാഹചര്യത്തിൽയ നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തിൽ അമ്മ നേതൃത്വം ശ്രമിക്കുക.

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയിൽ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടർന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേർന്ന് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറൽ ബോഡിയാണ് ഇന്ന് ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കിൽ അമ്മയ്ക്കുള്ളിലെ പെൺപട തങ്ങളുടെ പ്രവർത്തനം ശക്തമാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നടിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ അമ്മയുടെ നേതൃത്വത്തിൽ താരങ്ങൾ ഒത്തുചേർന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂണ്ടാലോചന നടന്നിട്ടുണ്ടെന്ന് മഞ്ചുവാര്യർ അന്നാണ് ആദ്യമായി ആരോപിച്ചത്. മമ്മൂട്ടിയും ദിലീപുമടക്കമുള്ള താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. എക്‌സിക്യൂട്ടിവിൽ രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. അതിനാൽ വിവാദ വിഷയങ്ങൾ സംബന്ധിച്ച ചർച്ച ഉയർത്തികൊണ്ടുവരുക അസാധ്യമായാണ് വനിത സംഘടന താരങ്ങൾ കാണുന്നത്. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ചർച്ച അജണ്ടയിൽ ഉൽപ്പെടുത്തണമെന്ന് രമ്യാ നമ്പീശൻ ആവശ്യപ്പെടും. കുക്കുപരമേശ്വരനും പൃഥ്വിരാജും ആസിഫ് അലിയും നിവിൻപോളിയും മണിയൻപിള്ള രാജുവും അടക്കമുള്ള താരങ്ങൾ ഇതിനെ പിന്തുണയ്ക്കും. അജണ്ട ജനറൽ ബോഡിയിലെത്തുന്നതോടുകൂടി വലിയ ചർച്ചകൾക്ക് വഴിതുറക്കാനാകുമെന്നാണ് സ്ത്രീ സംഘടന താരങ്ങൾ കണക്കുകൂട്ടുന്നത്.

വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉടനെ കത്ത് നൽകുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച ചർച്ച ജനറൽ ബോഡിയിൽ ഉയർത്തിക്കൊണ്ടുവരാനാണ് വനിത സംഘടനയുടേ നേതൃത്ത്വത്തിൽ ശ്രമിക്കുന്നത്. നടിക്ക് നേരെ കൊച്ചിയിൽ ആക്രമണമുണ്ടായതിന് പിന്നാലെ മറ്റുചില നടിമാരും തങ്ങൾക്കുനേരേയും അപമാന ശ്രമം ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതും സിനിമ സെറ്റുകളിലെ വനിത താരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചർച്ചയ്ക്ക് കൊഴുപ്പേകും.

ഇന്നസെന്റ്, ഗണേശ് കുമാർ, മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവൻ, ലാലു അലക്‌സ്, മുകേഷ്, സിദ്ധീക്, മണിയൻപിള്ള രാജു, കലാഭവൻ ഷോജോൺ, പൃഥ്വിരാജ്, നിവിൻപോളി, ആസിഫ് അലി, രമ്യ നമ്പീശൻ, കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്നതാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP