Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൃഥ്വിരാജിനെ എത്തിക്കാൻ നെട്ടോട്ടമോടി താരങ്ങൾ; മമ്മൂട്ടി എത്തുമോ എന്നതിലും ആശയക്കുഴപ്പം; ക്രൗൺ പ്ലാസ ഹോട്ടലിനെ നിരീക്ഷിക്കാൻ സ്വകാര്യ രഹസ്യ പൊലീസ്; നടി-നടന്മാരാല്ലാതെ ഈച്ചയെ പോലും അകത്ത് കടത്തില്ല; മൊബൈൽ ഫോണിനും നിരോധനം; തീരുമാനങ്ങൾ ഫെയ്‌സ് ബുക്കിൽ അപ് ഡേറ്റ് ചെയ്യാൻ പ്രത്യേക സംവിധാനം; ആവശ്യമുണ്ടെങ്കിൽ താരങ്ങൾ ലൈവിലുമെത്തും; ദിലീപിന്റെ പുറത്താക്കൽ ചർച്ചയാക്കാതിരിക്കാനും നീക്കം; അമ്മയുടെ അമരത്ത് നാളെ മുതൽ മോഹൻലാൽ

പൃഥ്വിരാജിനെ എത്തിക്കാൻ നെട്ടോട്ടമോടി താരങ്ങൾ; മമ്മൂട്ടി എത്തുമോ എന്നതിലും ആശയക്കുഴപ്പം; ക്രൗൺ പ്ലാസ ഹോട്ടലിനെ നിരീക്ഷിക്കാൻ സ്വകാര്യ രഹസ്യ പൊലീസ്; നടി-നടന്മാരാല്ലാതെ ഈച്ചയെ പോലും അകത്ത് കടത്തില്ല; മൊബൈൽ ഫോണിനും നിരോധനം; തീരുമാനങ്ങൾ ഫെയ്‌സ് ബുക്കിൽ അപ് ഡേറ്റ് ചെയ്യാൻ പ്രത്യേക സംവിധാനം; ആവശ്യമുണ്ടെങ്കിൽ താരങ്ങൾ ലൈവിലുമെത്തും; ദിലീപിന്റെ പുറത്താക്കൽ ചർച്ചയാക്കാതിരിക്കാനും നീക്കം; അമ്മയുടെ അമരത്ത് നാളെ മുതൽ മോഹൻലാൽ

അർജുൻ സി വനജ്

കൊച്ചി: വാർഷിക ജനറൽ ബോഡിയുടെ വാർത്തകൾ ചോരാതിരിക്കാൻ സിപിഎം സമ്മേളനത്തിന് സമാനമായ സുരക്ഷയൊരുക്കണമെന്ന് അമ്മയുടെ തീരുമാനം. ജനറൽ ബോഡി നടക്കുന്ന ക്രൗൺ പ്ലാസാ ഹോട്ടലിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകില്ല. താരങ്ങൾക്ക് യോഗ സ്ഥലത്ത് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്നാണ് നേതൃത്വം നൽകുന്ന വിവരം. മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരങ്ങൾക്ക് കടുത്ത നിർദ്ദേശമാണ് അമ്മ നേതൃത്വം നൽകിയത്. ഇതോടെ അമ്മ നേതൃത്വവുമായി ബന്ധപ്പെടണമെന്നാണ് മാധ്യമപ്രവർത്തകരോട് താരങ്ങൾ നിർദ്ദേശിക്കുന്നത്.

അതിനിടെ യോഗത്തിൽ പൃഥ്വിരാജ് എത്തുമെന്ന് ഉറപ്പിക്കാൻ അവസാന വട്ട ശ്രമങ്ങൾ നടക്കുകയാണ്. അല്ലാത്ത പക്ഷം സംഘടനയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ വീണ്ടും സജീവമാകും. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരോടും എത്തണമെന്ന് ആവശ്യപ്പെടും. മഞ്ജു വാര്യർ അച്ഛൻ മരിച്ചതു കൊണ്ട് വന്നില്ലെന്ന ഒഴിവ് പറയാൻ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അമ്മ ഭാരവാഗികൾ. ഒരു വിവരവും ചോരില്ലെന്ന് ഉറപ്പാക്കാൻ ഏറെ കരുതലുകളും എടുക്കുന്നു. അതിനിടെ മമ്മൂട്ടിയുടെ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന ആശങ്ക സജീവമാണ്. എന്നാൽ മെഗാതാരം എത്തുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.

നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്‌ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യും. ആ പേജ് ശ്രദ്ധിച്ചാൽ മാധ്യമങ്ങൾക്ക് ഊഹാവോഹങ്ങൾ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറൽ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാർത്ത സമ്മേളനങ്ങൾ ഉണ്ടാകില്ല. ഏതെങ്കിലും വിവരങ്ങൾ താരങ്ങളെ സ്നേഹിക്കുന്നവരോട് പങ്കുവെയ്ക്കാനുണ്ടെങ്കിൽ അത് പേജിൽ ലൈവ് നൽകും. അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ വർഷം ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അമ്മ നേതൃത്വം പകച്ച് പോയിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും ഭാരവാഹികളും തമ്മിൽ കടുത്ത വാക്കേറ്റത്തിലേക്ക് നീങ്ങി. ഇത് ഒഴിവാക്കാനാണ് ഇത്തവണ വാർത്ത സമ്മേളനം റദ്ദ് ചെയ്തതെന്നാണ് അനൗദ്യോഗിക വിവരം.

ഒന്നിലധികം നോമിനേഷനുകൾ ഇല്ലാത്തതിനാൽ പ്രധാന സ്ഥാനങ്ങളിലേക്ക് തിരെഞ്ഞെടുപ്പ് ഉണ്ടാകില്ല. മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും ജനറൽ ബോഡി ഏകകണഠേന തിരെഞ്ഞെടുക്കും. സെക്രട്ടറിയായി സിദ്ദീഖും, വൈസ് പ്രസിഡന്റുമാരായി മുകേഷും ഗണേശ് കുമാറും, ട്രഷററായി ജഗദീഷും ഞായറാഴ്ച ചുമതലയേൽക്കും. നടി ആക്രമണ കേസിനെ തുടർന്ന് സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയ ദിലീപായിരുന്നു നേരത്തെ ട്രഷറർ. ദിലീപിനെ പുറത്താക്കിയതിന് ശേഷം മറ്റൊരു താരത്തിന് ചുമതല നൽകിയിരുന്നില്ല. കേസിൽ നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനാകുന്ന സാഹചര്യത്തിൽ മാത്രമേ, ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താൽ മതിയെന്നാണ് പൊതുവിൽ അമ്മ നേതൃത്വത്തിൽ ഉയർന്നുവന്ന ധാരണ. അല്ലാത്ത പക്ഷം സംഘടനയ്ക്ക് ജനമധ്യത്തിൽ നിലവാര തകർച്ചയുണ്ടാകുമെന്നും നേതൃത്വം അഭിപ്രായപ്പെടുന്നു.

എക്സിക്യൂട്ടീവിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. വുമൺ കളക്ടീവ് ഇൻ സിനിമയുടെ രൂപീകരണം കണക്കിലെടുത്ത് കൂടുതൽ വനിത പ്രതിനിത്യം നൽകും. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമുള്ള അമ്മയുടെ രണ്ടാമത്തെ യോഗമാണ് ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കുക. യോഗത്തിൽ മഞ്ജുവാര്യർ പങ്കെടുക്കില്ല. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാലാണ് മഞ്ചു മാറി നിൽക്കുന്നതെന്നാണ് ഔദ്യോഗിക വിവരം. പൃഥ്വിരാജ് പങ്കെടുക്കുന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. റിമ കല്ലിങ്കലും പാർവതിയും രമ്യ നമ്പീശനുമടക്കമുള്ള താരങ്ങൾ പങ്കെടുക്കും. വുമൺ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ യോഗം കൂടിയാണിത്. മഴവിൽ മനോരമയും അമ്മയും ചേർന്ന് നടത്തിയ അമ്മ മഴവില്ലിനെക്കുറിച്ചുള്ള റിപ്പോർട്ടിംങ്ങ് യോഗത്തിൽ നടക്കും.പരിപാടി വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് പൊതുവികാരം.

എറണാകുളം ക്രൗൺ പ്ലാസാ ഹോട്ടലിൽ ശനിയാഴ്ച രാത്രി ഏഴ് മണിക്ക് എക്സിക്യൂട്ടിവും തുടർന്ന് ഞായറാഴാഴ്ച രാവിലെ പത്ത് മണി മുതൽ ജനറൽ ബോഡിയുമാണ് ചേരുന്നത്. ജനറൽ ബോഡി യോഗത്തിന്റെ അജണ്ടകൾ സംബന്ധിച്ച് ഇന്ന് രാത്രിയിൽ ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുകയെന്ന് സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വം, ടോയ്ലറ്റ് എന്നിവ സംബന്ധിച്ച ചർച്ച അജണ്ടയിൽ ഉൽപ്പെടുത്തണമെന്ന് രമ്യാ നമ്പീശൻ ആവശ്യപ്പെടും. കുക്കുപരമേശ്വരനും ആസിഫ് അലിയും നിവിൻപോളിയും മണിയൻപിള്ളരാജുവും അടക്കമുള്ള താരങ്ങൾ ഇതിനെ പിന്തുണയ്ക്കും. ഏറെ നാളായുള്ള വനിതകൾ ഈ ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട്.

വുമൺ ഇൻ സിനിമ കളക്ടീവ് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകില്ലെന്നാണ് വിവരം. അഥവാ ഇക്കാര്യം ജനറൽ ബോഡിയിലോ, എക്സിക്യുട്ടീവിലോ ഉന്നയിച്ചാൽ സ്ത്രീകളുടെ സംഘടനയിൽപ്പെട്ടവരുമായി, യോഗത്തിൽ കനത്ത അഭിപ്രായ വ്യത്യാസത്തിലേക്ക് വഴിവെയ്ക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നിലവിൽ ഇന്നസെന്റ്, ഗണേശ് കുമാർ, മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവൻ, ലാലു അലക്സ്, മുകേഷ്, സിദ്ധീക്, മണിയൻപിള്ള രാജു, കലാഭവൻ ഷോജോൺ, പൃഥ്വിരാജ്, നിവിൻപോളി, ആസിഫ് അലി, രമ്യ നമ്പീശൻ, കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്നതാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി. എക്സിക്യൂട്ടീവിലെ ന്യൂജൻ താരങ്ങളും മോഹൻലാലും ദേവനും സ്ത്രീകളുടെ സംഘടനയെ അനുകൂലിക്കുന്നവരാണ്.

സ്ത്രീകളുടെ സംഘടന എന്ന ആശയത്തിന് മോഹൻലാൽ എല്ലാ പിന്തുണയും മഞ്ജുവാര്യർക്കും മറ്റും നൽകിയിരുന്നു. എന്തായാലും ഇന്ന് രാത്രി നടക്കുന്ന എക്സിക്യൂട്ടീവും ഞായറാഴ്ച നടക്കുന്ന ജനറൽബോഡിയും മലയാള സിനിമയെ സംബന്ധിച്ചടത്തോളം നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP