Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്; അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയിലല്ലേ? ദിലീപിനെ തിരിച്ചെടുത്ത 'അമ്മയെ' ചോദ്യം ചെയ്ത് ഡബ്ല്യൂ.സി.സി

അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്; അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയിലല്ലേ? ദിലീപിനെ തിരിച്ചെടുത്ത 'അമ്മയെ' ചോദ്യം ചെയ്ത് ഡബ്ല്യൂ.സി.സി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൃഥ്വിരാജിനെ കടക്ക് പുറത്തു പറഞ്ഞ് പടിക്ക് പുറത്തു നിർത്തിയായിരുന്നു അമ്മയുടെ വാർഷിക പൊതുയോഗം നടന്നത്. അതിൽ ദിലീപിനെ സംഘടനയുടെ ഭാഗമാക്കാൻ തീരുമാനിക്കുകയും ചെയ്തു. വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ആളുകളൊന്നും ഈ യോഗത്തിൽ പങ്കെടുത്തില്ല. ദിലീപിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന തിരിച്ചറിവിൽ സ്ത്രീ കൂട്ടായ്മ വിട്ടു നിൽകുകയായിരുന്നു. പൃഥ്വി രാജും ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നും യോഗത്തിൽ പങ്കെടുത്തില്ല. ഇവിടെയാണ് ദിലീപിനെ സംഘടനയുടെ ഭാഗമാക്കാനുള്ള തീരുമാനം ഉണ്ടായത്. ഏതായാലും ഇത് സിനിമാക്കാർക്കിടയിൽ പൊട്ടിത്തെറിക്ക് കാരണമാകുന്നു.

തീരുമാനത്തെ ചോദ്യം ചെയ്ത് വനിതാ കൂട്ടായ്മയും രംഗത്തു വന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അവർ ഫെയ്‌സ് ബുക്കിലൂടെ ഉയർത്തുന്നത്. നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾ ഇരയ്‌ക്കൊപ്പമാണെന്നും അവർ വ്യക്തമാക്കുന്നു. ദിലീപിനെ തിരിച്ചെടുത്തതിലുള്ള പ്രതിഷേധം തന്നെയാണ് ഇത്. മഞ്ജു വാര്യരും പാർവ്വതിയും അടക്കമുള്ള നടികൾ ഈ സംഘടനയുടെ ഭാഗമാണ്. അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചുവടെ

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

അമ്മയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം വനിതാ അംഗമായ ഊർമിളാ ഉണ്ണിയെ കൊണ്ടാണ് വേദിയിൽ ഉയർത്തിയത്. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയിൽ പോയാൽ സംഘടന കുടുങ്ങുമെന്നും പറഞ്ഞു. നേരത്തെ ഇത്തരത്തിൽ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോൾ സസ്പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കിൽ അതിന് സങ്കീർണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപിൽ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നൽകിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്.

ദിലീപിന്റെ പുറത്താക്കലിനെ എക്സിക്യൂട്ടീവ് അസാധുവാക്കുമന്ന സൂചനയും നൽകി. തൽകാലം വിവാദം ഒഴിവാക്കാൻ ദിലീപിനെ സസ്പെൻഷനിൽ നിർത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാൽ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്സിക്യൂട്ടീവിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തിൽ ദിലീപ് അനുകൂലികൾ മാത്രമുള്ള എക്സിക്യൂട്ടീവ് പുറത്താക്കൽ തീരുമാനം റദ്ദാക്കും. അതിന് ശേഷം സസ്പെൻഷനും. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദിലീപിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് വരുത്താനായി ദിലീപിനെ സസ്പെന്റ് ചെയ്യും. അങ്ങനെ സസ്പെന്റ് ചെയ്താൽ കുറ്റപത്രം പോലും കൊടുക്കേണ്ടി വരില്ല. വിചാരണ തീരും വരെ അത് തുടരാനാണ് നീക്കം. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താനാണ് നീക്കം. ഈ സാഹചര്യത്തിലാണ് അമ്മയുടെ തീരുമാനത്തെ ഡബ്ല്യൂ സി സിയും ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അങ്ങനെയാണ് പുറത്താക്കൽ തീരുമാനം വന്നത്. എട്ട് പേർ മാത്രമാണ് ഈ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷ തീരുമാനമായി എത് കണക്കാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടെന്നാണ് അമ്മയിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്.

ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ അമ്മയുടെ നേതൃത്വത്തിൽ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത്. ആസിഫ് അലിയെ മാത്രം നിലനിർത്തി. രമ്യാ നമ്പീശനും ഇല്ല. ദിലീപിന്റെ വിശ്വസ്തരെ മാത്രമാണ് ഉൾപ്പെടുത്തിയത്. മമ്മൂട്ടിയും പുറത്തേക്ക് പോയി. ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയാക്കിയതോടെ അമ്മയുടെ നിയന്ത്രണം ദിലീപിലേക്ക് വരികയാണ്. അതിനിടെ ദിലീപിനെതിരെ മൊഴി കൊടുത്ത താരങ്ങൾ ആരും അമ്മയുടെ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഇനി ഒരിക്കലും അമ്മയിലേക്കില്ലെന്ന നിലപാടിലാണ് ദിലീപ് ഉറച്ച് നിൽക്കുന്നത്. എന്നാലും തനിക്ക് അവിടെ ഭൂരിപക്ഷം ഉണ്ടെന്ന് താരങ്ങളെ ദിലീപ് ഓർമിപ്പിക്കുന്നുണ്ട്. ജഗദീഷ് ട്രഷററായതും ദിലീപിന്റെ പിന്തുണയോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP