Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏതോ വാഹനം അമിതവേഗതയിൽ പാഞ്ഞതിനു പിന്നാലെ വന്ന മരുന്നുവിതരണ കമ്പനി ഉടമയെ വാഹനം തടഞ്ഞ് പൊലീസ് മർദിച്ചു: ഭാഗികമായി കേൾവിശക്തി നഷ്ടമായ യുവാവ് ചികിൽസയിൽ; പൊലീസ് രാജ് നടപ്പാക്കിയത് പന്തളത്ത്

ഏതോ വാഹനം അമിതവേഗതയിൽ പാഞ്ഞതിനു പിന്നാലെ വന്ന മരുന്നുവിതരണ കമ്പനി ഉടമയെ വാഹനം തടഞ്ഞ് പൊലീസ് മർദിച്ചു: ഭാഗികമായി കേൾവിശക്തി നഷ്ടമായ യുവാവ് ചികിൽസയിൽ; പൊലീസ് രാജ് നടപ്പാക്കിയത് പന്തളത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എംസി റോഡിലൂടെ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി പാഞ്ഞ ഏതോ ഒരു വാഹനത്തിന് പിന്നാലെ വന്ന യുവവ്യവസായിയെ വാഹനം തടഞ്ഞ് പൊലീസ് ക്രൂരമായി മർദിച്ചു. സ്റ്റേഷനിൽ തടഞ്ഞു വച്ചു. ഭാഗികമായി കേൾവിശക്തി നഷ്ടപ്പെട്ടു ചികിൽസയിൽ കഴിയുന്ന യുവാവ് മുഖ്യമന്ത്രിയടക്കമുള്ളവർക്കു പരാതി നൽകി.

കവിയൂർ ഞാലിയിൽ ഗൗരീശങ്കരത്തിൽ ജി അനീഷിനാണ് (32) മർദനമേറ്റത്. പന്തളം എസ്.ഐ സനൂജ്, കണ്ടാലറിയാവുന്ന പൊലീസുകാർ എന്നിവരെ പ്രതിയാക്കി മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.

കഴിഞ്ഞ 21 ന് രാത്രി പത്തേകാലോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ബയോമെഡ് എന്ന സ്ഥാപനത്തിൽ നിന്നും കവിയൂരിലെ വീട്ടിലേക്ക് കാറിൽ വരുന്ന വഴി കുരമ്പാലയിൽ വച്ച് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കൈ കാണിച്ചു. വാഹനം നിർത്തിയ ഉടൻ എസ്‌ഐ സനൂജ് അസഭ്യവർഷത്തോടെ അനീഷിനെ പിടിച്ചിറക്കുകയും പൊലീസ് കൈകാണിച്ചാൽ നിർത്തില്ലേ എന്ന് ചോദിച്ചുകൊണ്ട് ജീപ്പിലേക്ക് കയറ്റുകയും ചെയ്തു. അനീഷിന്റെ കൈവശമുണ്ടായിരുന്ന ആപ്പിൾ ഐ ഫോൺ സിക്‌സ് വലിച്ചെറിഞ്ഞുവെന്നും പരാതിയിൽ പറയുന്നു.

കൊട്ടാരക്കരയിലും ഏനാത്തും അടൂരും വച്ച് പൊലീസുകാർ കൈകാണിച്ചിട്ട് എന്തുകൊണ്ട് വാഹനം നിർത്തിയില്ല എന്ന് എസ്‌ഐ ചോദിച്ചു. തന്റെ വാഹനത്തിന് ആരും കൈകാണിച്ചിട്ടില്ലെന്ന് അനീഷ് മറുപടി നൽകിയതോടെ അസഭ്യവർഷം ആരംഭിച്ചു. തുടർന്ന് പന്തളം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ജീപ്പിൽനിന്ന് പിടിച്ചിറക്കി അടിവയറ്റിലും കരണത്തും കാതടച്ചും മർദിക്കുകയായിരുന്നു.

താൻ മിതമായ വേഗതയിലാണ് വന്നതെന്നും അമിത വേഗതയിൽ വാഹനം ഓടിച്ചെങ്കിൽ അതിന് പിഴ ഈടാക്കി വിടണമെന്നും അനീഷ് ആവശ്യപ്പെട്ടപ്പോൾ മർദനവും അസഭ്യവർഷവും തുടർന്നുവെന്നും പരാതിയിലുണ്ട്. തുടർന്ന് എസ്.ഐ സ്റ്റേഷൻ വിട്ടു പോയി. രാത്രി 12.30 ന് അവിടെയെത്തിയ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അനീഷിനെ ബന്ധുക്കളെ വിളിച്ചു വരുത്തി ജാമ്യത്തിൽ വിടാൻ പറഞ്ഞു. ഇതനുസരിച്ച് പൊലീസുകാർ അനീഷിന് ഫോൺ നൽകുകയും ഭാര്യാസഹോദരൻ രാജീവിനെ വിളിച്ചു വരുത്തുകയും ചെയ്തു. രാജീവ് സ്റ്റേഷനിൽ എത്തിയപ്പോൾ അനീഷിനെ വിട്ടയയ്ക്കാൻ പൊലീസ് തയാറായില്ലത്രേ. മാത്രവുമല്ല, രാജീവിനെ അധിക്ഷേപിക്കുകയും ചെയ്തു.

പിറ്റേന്ന് രാവിലെ എട്ടുമണിയോടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു. ഇതിന്റെ പേരിൽ പരാതിയോ മറ്റോ കൊടുത്താൽ കൊന്നുകളയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ പിഎയെ വരെ ഞാനിവിടെ മൂലയ്ക്ക് ചാരി പിന്നാണോടാ നീ, ഏതവൻ വിളിച്ചാലും നിന്നെ വെറുതെ വിടാൻ പോകുന്നില്ലെന്നും എസ്‌ഐ ആക്രോശിച്ചു.

ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ട അനീഷ് മാവേലിക്കര താലൂക്ക് ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി. ഇടതു ചെവിയുടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടുവെന്ന് അനീഷ് പറയുന്നു. അതേസമയം, അനീഷിനെ താൻ തൊട്ടിട്ടു പോലുമില്ലെന്ന് പന്തളം എസ്.ഐ സനൂജ് പറഞ്ഞു. കൊട്ടാരക്കര മുതൽ ഇയാളുടെ വാഹനം അമിതവേഗത്തിലായിരുന്നു. കൊട്ടാരക്കര പൊലീസ് കൺട്രോൾ റൂം വിവരം അറിയിച്ചതിനെ തുടർന്ന് ഏനാത്തും അടൂരും വച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ വന്നു. അടൂരിൽ നിന്നുള്ള നിർദേശപ്രകാരം കുരമ്പാലയിൽ വച്ച് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ നിർത്തിച്ചത്. മാന്യമായിട്ട് മാത്രമാണ് ഇയാളോട് പെരുമാറിയതെന്നും എസ്.ഐ പറഞ്ഞു.

രാത്രിയിൽ പട്രോളിങ്ങിനിറങ്ങിയ അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പിയാണ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾക്കെതിരേ പരാതിയില്ലെങ്കിൽ വിട്ടയയ്ക്കാൻ പറഞ്ഞത്. ഇയാളുടെ വാഹനത്തിന്റെ മുൻഭാഗം ചളുങ്ങിയിരുന്നതും സംശയത്തിന് കാരണമായി. മാന്യമായിട്ടല്ലാതെ അനീഷിനോട് പെരുമാറിയിട്ടില്ലെന്നും എസ്‌ഐ പറഞ്ഞു. കൊട്ടാരക്കര മുതൽ പന്തളം വരെയുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ തന്റെ ഡ്രൈവിങ്ങിന്റെ നില അറിയാൻ കഴിയുമെന്ന് അനീഷ് പറയുന്നു. അമിതവേഗതയിലായിരുന്നുവെങ്കിൽ അത് ക്യാമറയിൽ പതിയുമായിരുന്നു. ഇതിൽ നിന്ന് തന്നെ പൊലീസിന്റെ കള്ളക്കളി വ്യക്തമാണെന്നും അനീഷ് ആരോപിക്കുന്നു.

എസ്‌ഐ സനൂജ് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് സംസാരിച്ചതിന് എസ്എൻഡിപി പ്രവർത്തകർ ഇയാൾക്കെതിരേ പരാതി നൽകിയിരുന്നു. അകാരണമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മുൻപും ഇയാൾക്കെതിരേ പരാതി ഉണ്ടായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP