Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേഷം മാറിയെത്തി സൈനികർക്കെതിരെ സംസാരിക്കുന്നത് ആനിരാജയോ? മാവോയിസ്റ്റുകൾക്കൊപ്പം പ്രചരണത്തിനെത്തുന്നത് സിപിഐ നേതാവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: മകൾക്ക് പിന്നാലെ അമ്മയും ഇന്റലിജൻസ് നിരീക്ഷണത്തിൽ

വേഷം മാറിയെത്തി സൈനികർക്കെതിരെ സംസാരിക്കുന്നത് ആനിരാജയോ? മാവോയിസ്റ്റുകൾക്കൊപ്പം പ്രചരണത്തിനെത്തുന്നത് സിപിഐ നേതാവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: മകൾക്ക് പിന്നാലെ അമ്മയും ഇന്റലിജൻസ് നിരീക്ഷണത്തിൽ

ശ്രീലാൽ വാസുദേവൻ

ന്യൂഡൽഹി: ജെ.എൻ.യു സംഭവത്തിന്റെ പേരിൽ ആരോപണവിധേയയായ മകൾ അപരാജിതയ്ക്ക് പിന്നാലെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജായ്‌ക്കെതിരേയും ആരോപണം. നക്‌സൽ-മാവോയിസ്റ്റ് മേഖലകളിൽ ഇന്ത്യൻ സൈന്യത്തിനെതിരേ പ്രചാരണം നടത്തുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് അന്വേഷണം. അതേസമയം, മാവോയിസ്റ്റ് മേഖലകളിൽ വേഷപ്രച്ഛന്നയായി താൻ പോകാറുണ്ടെന്ന കാര്യം ആനി രാജയും സമ്മതിച്ചു. ഈ സാഹചര്യത്തിൽ ആനിരാജയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ആനിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സൈന്യത്തിനെതിരേ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. മാവോയിസ്റ്റ്-നക്‌സൽ സ്വാധീനമുള്ള മേഖലകളാണ് ഇവർ സൈന്യത്തിനെതിരായ പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
സൈന്യത്തിന്റെ പിടിയിലായ രണ്ടു മാവോവാദികളെ ചോദ്യം ചെയ്തപ്പോഴാണ് സ്വാധീന മേഖലകളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമെൺ (ദേശീയ മഹിളാ ഫെഡറേഷൻ) എന്ന സിപിഐ അനുകൂല സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള സൂചന ലഭിച്ചത്.

ഇതിന്റെ ചുവട് പിടിച്ച് സൈനിക രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഛത്തീസ്‌ഗഡിലെ ഒരു മാവോ സ്വാധീന മേഖലയിലെ ഗ്രാമീണയോഗത്തിൽ വേഷം മാറിയ വനിത പ്രസംഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് ആനി രാജയുടെ പങ്ക് സംശയത്തിലായത്. മാവോവാദികളുടെ സാന്നിധ്യമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും ആനി രാജയ്ക്ക് എതിരാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമെണിന്റെ സാധാരണ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ ആനി രാജ വെളിപ്പെടുത്താറുണ്ട്. മാവോയിസ്റ്റ് നക്‌സൽ മേഖലകളിലെ നീക്കങ്ങളെപ്പറ്റി ഇതുവരെ യാതൊരു സൂചനയും ഇവർ നൽകിയിട്ടില്ല.

സിപിഐ നേതൃത്വത്തോടു പോലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യാറില്ലത്രേ. അതുകൊണ്ടു തന്നെ പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നാണ് മനസിലാക്കേണ്ടത്. രണ്ടുമാസം മുമ്പ് മാവോ മേഖലകളിൽ ഇന്ത്യൻ സൈന്യത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകളെപ്പറ്റി അറിയുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘടനകളെ ഏകീകരിക്കാൻ ആനി രാജ ശ്രമിച്ചതായി വ്യക്തമായത്. ഈ സംഘടനകൾ ഡൽഹിയിലെ ചില കേന്ദ്രങ്ങളിൽ ഓഫീസുകൾ തുറന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളാണ് ആനി രാജയുടെ പ്രവർത്തന മേഖല. ഇന്ത്യൻ സൈന്യം മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയാണെന്ന പ്രചാരണമാണ് ആനിരാജയുടേത്. ഇത്തരം വാർത്തകൾ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നു. ഇതിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യൻ സൈന്യത്തെ കരിതേക്കുകയാണ് ആനിയുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ത്രിപുര, മേഘാലയ, പശ്ചിമ ബംഗാൾ, ആസാം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമെണിന്റെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മാവോയിസ്റ്റുകൾക്ക് പൂർണപിന്തുണ നൽകിയും ഇന്ത്യൻ സൈന്യത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയുമാണ് സംഘടന പ്രവർത്തിക്കുന്നത്. രഹസ്യയോഗങ്ങളിൽ സംഘടനയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ചില യോഗങ്ങളിൽ ആനി രാജയും സന്നിഹിതയായിരുന്നു. വേഷപ്രച്ഛന്നയായാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ ഇവർ എത്തുന്നത്. പലപ്പോഴും ആനി രാജ യോഗങ്ങളിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്.

മാവോയിസ്റ്റുകളുടെ നിലപാടിനെതിരെ ഇതുവരെ ഒരുയോഗവും സംഘടിപ്പിച്ചിട്ടില്ല. പകരം ഇന്ത്യൻ സൈന്യം മാവോയിസ്റ്റ് മേഖലയിൽ നടത്തുന്ന തിരച്ചിലുകളെ സ്ത്രീകൾക്കെതിരെയുള്ള അക്രമമായിട്ടാണ് ചിത്രീകരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റ കണ്ടെത്തലുകൾ ഒരു പരിധിവരെ സാധൂകരിക്കുന്നതാണ് ആനി രാജയുടെ പ്രസ്താവന. മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യൻ സേന സ്ത്രീകൾക്കെതിരെ ലൈംഗിക അക്രമം നടത്തിവരികയാണെന്നും ഇത്തരം സംസ്ഥാനങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും അവർ പ്രതികരിക്കുന്നു.

അടുത്തു തന്നെ ഝാർഖണ്ഡിലേക്ക് പോകുന്നുണ്ട്. സംഘടനയുടെ നിർദ്ദേശപ്രകാരമാണിത്. എതിർപ്പുകളുള്ള മേഖലകളിൽ സുരക്ഷിതമായി എത്തുന്നതിനാണ് വേഷപ്രച്ഛന്നയായി പോകുന്നത്. ഛത്തീസ്‌ഗഡ് അടക്കം മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ അവർക്കെതിരെ പോരാടുന്ന ഏക വനിതാ സംഘടന നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമെൺ ആണ്. എന്നാൽ അതിന്റെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ആനി രാജ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP