Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എപി - ഇകെ വിഭാഗം ഐക്യ നീക്കങ്ങൾ പുരോഗമിക്കവെ പ്രവർത്തകർ തമ്മിൽ കൂട്ടയടി; എ പി വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് കടന്നാക്രമിച്ച് ഇ കെ വിഭാഗം മുഖപ്രത്രത്തിൽ ഒന്നാം പേജിൽ വാർത്ത; കണ്ണൂരിൽ അടികിട്ടിയിട്ടും ഇ കെ വിഭാഗമെന്ന് പറയാതെ വാർത്ത നൽകിയ എ പി വിഭാഗം മുഖപത്രം സിറാജ് വെട്ടിൽ; പത്രത്തിനും നേതൃത്വത്തിനുമെതിരെ എ പി വിഭാഗം അണികൾ തന്നെ രംഗത്ത്

എപി - ഇകെ വിഭാഗം ഐക്യ നീക്കങ്ങൾ പുരോഗമിക്കവെ പ്രവർത്തകർ തമ്മിൽ കൂട്ടയടി; എ പി വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് കടന്നാക്രമിച്ച് ഇ കെ വിഭാഗം മുഖപ്രത്രത്തിൽ ഒന്നാം പേജിൽ വാർത്ത; കണ്ണൂരിൽ അടികിട്ടിയിട്ടും ഇ കെ വിഭാഗമെന്ന് പറയാതെ വാർത്ത നൽകിയ എ പി വിഭാഗം മുഖപത്രം സിറാജ് വെട്ടിൽ; പത്രത്തിനും നേതൃത്വത്തിനുമെതിരെ എ പി വിഭാഗം അണികൾ തന്നെ രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എ പി വിഭാഗവും, ഇ കെ സമസ്തയും തമ്മിലുള്ള ഐക്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കവെ ഇരുവിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ കൂട്ടയടി ഐക്യചർച്ചകളിൽ വിള്ളലേൽപ്പിക്കുന്നു. കോഴിക്കോട് പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിൽ കഴിഞ്ഞ ദിവസമുണ്ടായ മദ്രസാ കയ്യേറ്റവും അക്രമവുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

കാന്തപുരം വിഭാഗം മദ്രസ കയ്യേറി അക്രമം നടത്തിയെന്നാണ് ഇ കെ വിഭാഗം ആരോപിക്കുന്നത്. ഇ കെ വിഭാഗത്തിന്റെ മുഖപ്രതമായ സുപ്രഭാതം ഇത് സംബന്ധിച്ച് ഒന്നാം പേജിൽ തന്നെ വാർത്തയും പ്രസിദ്ധീകരിച്ചു. വാർത്തയിൽ എ പി വിഭാഗം അക്രമം നടത്തിയെന്ന് തലക്കെട്ടിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്. ഐക്യചർച്ചകളുടെ ഭാഗമായി എ പി വിഭാഗം ഇത്തരം അക്രമമുണ്ടാകുമ്പോൾ ഇ കെ വിഭാഗം എന്ന് പറയാറില്ലായിരുന്നു.

എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് സുപ്രഭാതം വാർത്ത പ്രസിദ്ധീകരിച്ചത്. മഹല്ലുകളിൽ അക്രമം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനുള്ള കാന്തപുരം സുന്നികളുടെ നീക്കം അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉമല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയാണ് പത്രത്തിന്റെ ഒന്നാം പേജിലുള്ളത്. കോഴിക്കോട് പറമ്പിൽ ബസാറിൽ കാന്തപുരം സുന്നികൾ നടത്തിയ അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു എന്നും പറഞ്ഞാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്.

സുന്നി ഐക്യ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഉയർന്നുവരുന്ന ഇത്തരം സംഭവങ്ങൾ മറുവിഭാഗത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതാണ്. മഹല്ലുകളിൽ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിൽ സമാന്തര ജുമു അകൾ ആരംഭിക്കുക, സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ കമ്മിറ്റികളിൽ കുഴപ്പമുണ്ടാക്കുക, മദ്രസകളിൽ അക്രമം അഴിച്ചുവിടുക തുടങ്ങി നിരവധി പ്രശ്‌നങ്ങൾ മറുവിഭാഗം നടത്തുന്നുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ ആരോപണത്തെ ഒന്നാം പേജിൽ സുപ്രഭാതം പ്രസിദ്ധീകരിച്ചതാണ് കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്.

കുറച്ചുമുമ്പ് കണ്ണൂരിൽ കാന്തപുരം വിഭാഗത്തിന്റെ പള്ളിയിൽ കയറി ഇ കെ വിഭാഗം അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി പേർക്ക് സംഭവത്തിൽ പരിക്കുപറ്റുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. വ്യാപക അക്രമമായിട്ടും ഐക്യ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇ കെ വിഭാഗത്തെ കുറ്റപ്പെടുത്തേണ്ടെന്ന നേതൃത്വത്തിന്റെ നിലപാടിന്റെ ഭാഗമായി അക്രമം നടത്തിയത് ലീഗ് ഗുണ്ടകളാണെന്നായിരുന്നു സിറാജ് വാർത്ത നൽകിയത്. മൂന്നു തവണ ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെ പത്രത്തിനെതിരെ ലീഗ് മാനനഷ്ടക്കേസും നൽകി. ഇത്രയധികം സഹിച്ചിട്ടും ഒരു ചെറിയ അക്രമത്തിന്റെ പേരിൽ സംഘടനയുടെ പേര് പത്രത്തിൽ ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയെന്നതാണ് കാന്തപുരം വിഭാഗത്തിന്റെ പരാതി. അതുകൊണ്ട് തന്നെ ഇതേ രീതിയിൽ തന്നെ വാർത്ത തിരിച്ചും നൽകണമെന്ന് ഉൾപ്പെടെ അണികൾ ആവശ്യപ്പെടുന്നുണ്ട്.

സുപ്രഭാതത്തിന്റെ നടപടി ഐക്യ ശ്രമങ്ങളെ തുരങ്കംവയ്ക്കുമോ എന്ന ആശങ്കയിലാണ് ഇരുവിഭാഗം നേതാക്കളും. മദ്രസയുടെയും പള്ളിയുടെയും പേരിൽ മുമ്പ് നടന്ന രീതിയുള്ള പ്രശ്‌നങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഐക്യ ചർച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തർക്കത്തിന്റെ ഭാഗമായി അക്രമങ്ങൾ നടത്തരുതെന്നും ഇരുവിഭാഗത്തിന്റെയും നേതാക്കൾ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും തീരുമാനിച്ചിരുന്നു.

ഈ ധാരണ ലംഘിച്ച് കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇ കെ വിഭാഗം ആരോപിക്കുമ്പോൾ കണ്ണൂരിൽ നിങ്ങളും അക്രമം നടത്തിയില്ലേ, അതെല്ലാം ഒരു പോലെ പൊറുക്കേണ്ടതല്ലേയെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ചോദ്യം. സിറാജ് ഇ കെ വിഭാഗത്തിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതെ മാന്യത കാട്ടിയപ്പോൾ കാന്തപുരം വിഭാഗത്തെ അപമാനിക്കുന്ന തരത്തിൽ വാർത്ത നൽകിയത് സുപ്രഭാതമല്ലേയെന്നും ഇവർ ചോദിക്കുന്നു.

ഇതേ സമയം ഐക്യ ചർച്ചകളോട് എതിർപ്പുള്ള ഇ കെ വിഭാഗത്തിലെ ലീഗ് അനുയായികളാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെക്കൊണ്ട് ഇത്തരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചർച്ചകൾ അട്ടിമറിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP