Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗളത്തിന്റെ മുട്ടുമടക്കൽ ഒന്നിനു പുറകെ ഒന്നായി അന്വേഷണങ്ങൾ വന്നപ്പോൾ; പരാതിക്കാരിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നു വന്നപ്പോൾ മാപ്പു പറഞ്ഞു തടിയൂരി; പിണറായി അയഞ്ഞില്ലെങ്കിൽ മാപ്പും മംഗളത്തെ രക്ഷിക്കില്ല

മംഗളത്തിന്റെ മുട്ടുമടക്കൽ ഒന്നിനു പുറകെ ഒന്നായി അന്വേഷണങ്ങൾ വന്നപ്പോൾ; പരാതിക്കാരിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നു വന്നപ്പോൾ മാപ്പു പറഞ്ഞു തടിയൂരി; പിണറായി അയഞ്ഞില്ലെങ്കിൽ മാപ്പും മംഗളത്തെ രക്ഷിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച വെളിപ്പെടുത്തൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിന്റെ കുറ്റസമ്മതവും മാപ്പപേക്ഷയുമുണ്ടായത് നിൽക്കക്കള്ളിയില്ലെന്നു വന്നപ്പോൾ. മന്ത്രിസഭായോഗത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾതന്നെ മംഗളത്തിന്റെ നില പരുങ്ങലിലായിരുന്നു. പിന്നീട്, വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിൽ പൊലീസ് അന്വേഷണവും വൈകിട്ടോടെ ക്രൈംബ്രാഞ്ച് അന്വേഷണവും കൂടിയായതോടെ മംഗളത്തിന് പിടിവള്ളി നഷ്ടമാവുകയായിരുന്നു. എന്നാൽ, മാപ്പപേക്ഷ കൊണ്ട് നിലവിലെ സാഹചര്യത്തിൽ മംഗളത്തിന് അന്വേഷണങ്ങളിൽനിന്നോ നടപടികളിൽനിന്നോ രക്ഷപ്പെടാനാവില്ലെന്നാണു സൂചന.

കഴിഞ്ഞ ഞായറാഴ്ചയാണ് മംഗളം ചാനൽ സംപ്രേഷണം ആരംഭിച്ചത്. ബിഗ് ബ്രേക്കിങ് എന്നു പറഞ്ഞാണ് മന്ത്രി എ കെ ശശീന്ദ്രൻ ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തുന്നതായി ഓഡിയോ ക്ലിപ്പ് അടക്കം പുറത്തുവിട്ടത്. കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയോടാണ് മന്ത്രി ഇങ്ങനെ പെരുമാറിയതെന്നും പരാതിക്കാരിക്കു പൊതു മധ്യത്തിൽ വരാൻ ഈ സമയത്തു കഴിയില്ലെന്നുമായിരുന്നു ചാനലിന്റെ അവകാശവാദം. വാർത്ത പുറത്തുവന്നപ്പോൾതന്നെ ചാനൽ വലിയ തോതിൽ വിമർശിക്കപ്പെട്ടു. മന്ത്രി ശശീന്ദ്രൻ മണിക്കൂറുകൾക്കുള്ളിൽ രാജിവച്ചെങ്കിലും കേരള സമൂഹം ചർച്ച തുടർന്നു.

പരാതിക്കാരിയില്ലെന്നും ചാനൽ ഹണിട്രാപ്പിലൂടെ കെട്ടിച്ചമച്ചതാണ് ഓഡിയോയെന്നുമുള്ള വിവരവും പുറത്തുവന്നു. അതിനിടെ, സിപിഐഎം മന്ത്രിമാർ അടക്കമുള്ളവരുടെ ബ്രേക്കിങ് ന്യൂസുകൾ പുറത്തുവിടുമെന്ന രീതിയിൽ മംഗളവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നു പ്രചാരണവുമുണ്ടായി. സംഭവം സംസ്ഥാന സർക്കാരിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. മന്ത്രിയുടെ രാജി കിട്ടിയ ഉടനെ അതു സ്വീകരിച്ചെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ധാർമികത മാത്രം നോക്കിയാണു മന്ത്രിയുടെ രാജിക്ക് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ സംഭവത്തോടുള്ള അനിഷ്ടം മുഴുവൻ നിറഞ്ഞിരുന്നു.

പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അതോടെതന്നെ മംഗളത്തിന്റെ വാദങ്ങൾക്ക് മങ്ങലേറ്റു തുടങ്ങി. പക്ഷേ, ചാനൽ സ്റ്റുഡിയോകളിൽ പ്രത്യക്ഷപ്പെട്ട ആർ അജിത്കുമാർ വാദത്തിൽ ഉറച്ചുനിന്നു. തിരുവനന്തപുരത്ത് റിപ്പോർട്ടർ ചാനൽ ചീഫ് എഡിറ്റർ എം വി നികേഷ് കുമാർ നടത്തിയ എന്റെ ചോര തിളയ്ക്കുന്നു എന്ന ടോക് ഷോയിൽ മംഗളത്തിനു തെറ്റുപറ്റിയെങ്കിൽ താൻ ആ നിമിഷം ജോലി അവസാനിപ്പിക്കുമെന്നുവരെ അജിത്കുമാർ പ്രഖ്യാപിച്ചു. അതിനിടയിലാണ് ചാനലിൽ സബ് എഡിറ്ററായ അൽ നീമ അഷ്റഫ് എന്ന മാധ്യമപ്രവർത്തക നിലപാടുകളിൽ വിയോജിച്ച് രാജിപ്രഖ്യാപിച്ചത്. അൽ നീമയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച് മാധ്യമലോകവും പൊതു സമൂഹവും രംഗത്തെത്തിയതോടെ മംഗളം അക്ഷരാർഥത്തിൽ ഒറ്റപ്പെടുകയായിരുന്നു.

റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവറിൽ പ്രത്യക്ഷപ്പെട്ട അജിത് കുമാറിന്റെ വാക്കുകൾ ചർച്ചാവതാരകൻ അഭിലാഷ് മോഹന്റെ ചോദ്യങ്ങൾക്കു മുന്നിൽ പതറിയതോടെ മംഗളത്തിന് തെറ്റിയെന്ന ധാരണ സമൂഹത്തിൽ ശക്തമായി. മംഗളത്തിന്റെ തൃശൂർ ബ്യൂറോയിൽ റിപ്പോർട്ടറായിരുന്ന മാധ്യമപ്രവർത്തകൻ കൂടി രാജിവച്ചതോടെ ചാനലിന്റെ പ്രതിസന്ധി അതിരൂക്ഷമായി. പിന്നാലെ, ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയായി. അന്വേഷണം വന്നാൽ ചാനൽ തലപ്പത്തുള്ളവർ കുടുങ്ങുമെന്ന നിലയായി.

ഈ സാഹചര്യത്തിലാണ് മാപ്പുപറഞ്ഞു തടിയൂരാൻ മംഗളം നിർബന്ധിതമായത്. മാപ്പുപറഞ്ഞു പൊതു സമൂഹത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ മംഗളത്തിനു കഴിയുമെങ്കിലും അന്വേഷണത്തിൽനിന്നു മോചിതമാവില്ല. അന്വേഷണവുമായി മുന്നോട്ടു പോകാൻ തന്നെയാണു സർക്കാരിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട സകല വിവരങ്ങളും അന്വേഷണസംഘത്തിന് മുമ്പാകെ നൽകേണ്ടിവരും. മന്ത്രിയെ കുടുക്കിയെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവർത്തക അടക്കമുള്ളവർക്കെതിരേയും നടപടിയുണ്ടാകും. സംഭവത്തിൽ സർക്കാർ നിലപാടിൽ അയവുണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മംഗളത്തിന് തിരിച്ചടിതന്നെയായിരിക്കും. അതായത്, സാധാരണ അപകീർത്തി കേസുകളിൽ മാപ്പു പറഞ്ഞു തലയൂരുന്ന മാധ്യമങ്ങളുടെ രീതി ഇവിടെ വിലപ്പോവില്ലെന്നു ചുരുക്കം.

അതിനിടെ, ശശീന്ദ്രൻ പങ്കെടുത്ത ചടങ്ങിൽ നാട മുറിക്കാൻ കത്രികയുമായി നിന്ന പരപ്പനങ്ങാടി സ്വദേശിയായ ഇരുപതുകാരിയുടെ ചിത്രം അപകീർത്തികരമായി പ്രചരിപ്പിച്ച കേസിലും മംഗളം കുടുങ്ങും. ആർ അജിത്കുമാറും ചാനലിലെ ന്യൂസ് എഡിറ്റർ എസ് വി പ്രദീപുമാണ് ഈ ചിത്രം പല വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസിൽ അജിത്കുമാറിനെയും പ്രദീപിനെയും ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സാധാരണ മാധ്യമങ്ങൾക്കു നേരെയുണ്ടാകുന്ന വിമർശനങ്ങളിൽ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പിന്തുണ വലിയ തോതിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇവിടെ മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും ഏറ്റവും ജൂനിയറായ മാധ്യമപ്രവർത്തകരും പോലും എതിർ നിലപാട് സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് നടപടിയുണ്ടായാലും വലിയ തോതിൽ സർക്കാരിനോ ആഭ്യന്തര വകുപ്പിനോ വിമർശനമുണ്ടാകാത്ത സാഹചര്യവുമുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മംഗളത്തിനു മാപ്പു പറഞ്ഞതുകൊണ്ടുമാത്രം ക്ലീൻ ചിറ്റ് കിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP