Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിയാകാനുള്ള അരവിന്ദ് കെജ്രിവാളിന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർത്തു മോദി തരംഗം; കാൽച്ചുവട്ടിലെ ഉറയ്ക്കാത്ത മണ്ണ് ഒലിച്ചുപോകുമ്പോഴും വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ് ആപ്പ് ബ്രിഗേഡ്; പഞ്ചാബിനു പിന്നാലെ ഡൽഹിയും നഷ്ടക്കച്ചവടമാകുമ്പോൾ

പ്രധാനമന്ത്രിയാകാനുള്ള അരവിന്ദ് കെജ്രിവാളിന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർത്തു മോദി തരംഗം; കാൽച്ചുവട്ടിലെ ഉറയ്ക്കാത്ത മണ്ണ് ഒലിച്ചുപോകുമ്പോഴും വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ് ആപ്പ് ബ്രിഗേഡ്; പഞ്ചാബിനു പിന്നാലെ ഡൽഹിയും നഷ്ടക്കച്ചവടമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി പരാജയപ്പെട്ടതിനൊപ്പം തകർന്നടിഞ്ഞത് പ്രധാനമന്ത്രി പദമെന്ന കെജ്രിവാളിന്റെ സ്വപ്‌നവും. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം മോദി തരംഗമല്ലെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തരംഗമാണെന്നുമുള്ള വാദമുന്നയിച്ച്, അപ്രതീക്ഷിതമായുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിച്ച് ആപ്പ് രംഗത്തെത്തിയെങ്കിലും നികത്താനാകാത്ത രാഷ്ട്രീയ നഷ്ടമാണ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമുണ്ടായത്.

യു.പി.എ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് ആംആദ്മി പാർട്ടിയെന്ന ആപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലാതായതിനെത്തുടർന്ന ഡൽഹിയിൽ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ രാജിവയ്‌ക്കേണ്ടി വന്നെങ്കിലും പിന്നീട് ബിജെപിയെയും കോൺഗ്രസിനെയും തറപറ്റിച്ച് കെജ്രിവാൾ അധികാരം പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിനും യു.പി.എ സർക്കാരിനുമെതിരെ ഉയർന്നു വന്ന അഴിമതി ആരോപണങ്ങൾ സമർഥമായി മുതലെടുത്താണ് കെജ്രിവാൾ അധികാരത്തിലേക്ക് നടന്നു കയറിയതെങ്കിലും തുടർന്ന് കേന്ദ്രത്തിൽ അധികാരത്തിലെത്തി ബിജെപിയെ ശത്രുവായി പ്രഖ്യാപിച്ച് കാലോചിതമായ രാഷ്ട്രീയ പരിവർത്തനത്തിന് അദ്ദേഹം ആപ്പിനെ വിധേയമാക്കുകയായിരുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ടായ ദളിത് പീഡനങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ സംഘടനകൾ നടത്തിയ അതിക്രമങ്ങളുമെല്ലാം മോദി സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കെജ്രിവാൾ മുഖ്യപങ്കുവഹിച്ചു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ കഴിയാത്ത തരത്തിൽ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ നിലപാടുകളെടുക്കാറുള്ള കെജ്രിവാൾ അങ്ങനെ ദേശീയ നേതാവെന്നതലത്തിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. ഇതിനിടെ പ്രധാനമന്ത്രി പദമെന്ന മോഹവും കെജ്രിവാളിന്റെ മനസിലേക്കെത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക രാഷ്ട്രീയകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായി. അടുത്തിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായിപ്പോലും കെജ്രിവാൾ ചർച്ച നടത്തിയത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തൽ.

ഭരണകൂടങ്ങളുടെ അഴിമതിയും വർഗീയതയുടെ പേരിൽ ബിജെപിക്കെതിരായ പ്രചാരണവും ആളിക്കത്തിക്കുന്ന രാഷ്ട്രീയതന്ത്രമാണ് കെജ്രിവാൾ ഏക്കാലത്തും സ്വീകരിച്ചിരുന്നത്. എന്നാൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം നിലനിർത്താനോ പിന്നീട് കാര്യമായ മുന്നേറ്റമുണ്ടാക്കാനോ ആം ആദ്മി പാർട്ടിക്ക് കഴിയാതിരുന്നതാണ് കെജ്രകിവാളിന്റെ പ്രധാനമന്ത്രി മോഹത്തിനേറ്റ ആദ്യ തിരിച്ചടി. തുടർന്ന് വോട്ടിങ് യന്ത്രത്തിന് പിന്നിലെ തട്ടിപ്പ് ഉയർത്തിക്കാട്ടി ബിജെപിക്കെതിരെ വീണ്ടും സജീവമായി രംഗത്തെത്തുകയായിരുന്നു. പരാജയപ്പെട്ടതിന് വ്യക്തമായ വിശദീകരണം നൽകാൻ കഴിയാതിരുന്ന കോൺഗ്രസിന് പോലും കെജ്രിവാളിന്റെ ആക്ഷേപം ബിജെപിക്കെതിരെ ആയുധമാക്കേണ്ടി വന്നു. ഇതിനിടെയാണ് ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം കെജ്രിവാളിനെ പൂർണമായും തകർത്തെറിഞ്ഞത്.

രാജ്യത്താകമാനം കോൺഗ്രസ് തുടർച്ചയായി പരാജയപ്പെടുകയും മറ്റ് ദേശീയ പാർട്ടികളൊന്നും ദേശീയ രാഷ്ട്രീയത്തിൽ സജീവമല്ലാതായതുമാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രി പദ മോഹത്തിന് ചിറകുവിരിയിപ്പിച്ചത്. പ്രദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള മൂന്നാം ബദലുകളോ മഹാസഖ്യനീക്കങ്ങളോ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാത്തതും കെജ്രിവാളിന്റെ മോഹത്തെ സജീവമാക്കി. ഇതിനിടെ സംസ്ഥാന ഭരണത്തിൽനിന്ന് പ്രദേശിക കക്ഷികൾ ഒഴിവാക്കപ്പെട്ടതും ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് ശക്തി പകരുന്നതായിരുന്നു.

എന്നാൽ ഇത്തരം കക്ഷികളെ ഒരുമിച്ച് നിർത്താനോ നേതൃത്വമേറ്റെടുക്കാനോ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് കഴിയാതിരുന്നതും കെജ്രിവാളിന്റെ സാധ്യത വർധിപ്പിക്കുന്നതായി. എന്നാൽ പാളയത്തിലെ പടയും ഡൽഹി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ഭരണരംഗത്ത് ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിയാത്തതുമൊക്കെ കെജ്രിവാളിന് തിരിച്ചടിയാകുകയായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയത്തിൽനിന്ന് തന്നെ അപ്രത്യക്ഷനാക്കുന്ന തരത്തിൽ ഡൽഹി തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും കെജ്രിവാളിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്കുമേൽ കരിനിഴൽ വിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP