Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീനിയോരിറ്റി മറികടന്ന് ബിപിൻ റാവത്തിനെ കരസേനാ മേധാവിയാക്കിയത് സേനയുടെ തലപ്പത്ത് ഒരു മുസ്‌ളീം എത്തുന്നത് ഒഴിവാക്കാനോ? മലയാളിയായ പിഎം ഹാരിസിനെ കരസേനാ മേധാവിയാക്കാത്തതിൽ പ്രതിഷേധം ശക്തം; ബിജെപിയുടെ സ്ഥാപിത താൽപര്യങ്ങളെ എതിർത്ത് കോൺഗ്രസ്സും സിപിഐയും; സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം

സീനിയോരിറ്റി മറികടന്ന് ബിപിൻ റാവത്തിനെ കരസേനാ മേധാവിയാക്കിയത് സേനയുടെ തലപ്പത്ത് ഒരു മുസ്‌ളീം എത്തുന്നത് ഒഴിവാക്കാനോ? മലയാളിയായ പിഎം ഹാരിസിനെ കരസേനാ മേധാവിയാക്കാത്തതിൽ പ്രതിഷേധം ശക്തം; ബിജെപിയുടെ സ്ഥാപിത താൽപര്യങ്ങളെ എതിർത്ത് കോൺഗ്രസ്സും സിപിഐയും; സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം

ന്യൂഡൽഹി: മലയാളിയായ പിഎം ഹാരിസിനെയും പ്രവീൺ ബക്ഷിയേയും മറികടന്ന് ബിപിൻ റാവത്തിനെ പുതിയ കരസേനാ മേധാവിയാക്കുന്നതിനെ ചൊല്ലി വിവാദം. സീനിയർ ആയ രണ്ട് കരസേനാ ലഫ്റ്റനന്റെ ജനറൽമാരെ മറികടന്ന് ബിപിൻ റാവത്തിനെ ആർമി ചീഫ് ആക്കുന്നത് കേന്ദ്രസർക്കാരിന്റെ സ്ഥാപിത താൽപര്യങ്ങളാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സും ഇടതുപക്ഷവും രംഗത്തെത്തി.

മുസ്‌ളീം ആയതുകൊണ്ടാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പിഎം ഹാരിസിനെ സേനാ മേധാവിയായി നിയമിക്കാതിരുന്നതെന്ന ആക്ഷേപവുമായി നിരവധി നേതാക്കൾ ട്വിറ്ററിലും മറ്റും ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. എന്നാൽ യുദ്ധരംഗത്തും മറ്റുമുള്ള പ്രാഗൽഭ്യം പരിഗണിച്ചാണ് ബിപിൻ റാവത്തിന് നിയമനം നൽകിയതെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ആദ്യമായി ഒരു മുസഌമിനെ ആർമി മേധാവിയാക്കാനുള്ള അവസരമാണ് സർക്കാരിന് ലഭിച്ചതെന്നും എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ലെന്നുമുള്ള വിമർശനങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആർമി പോലൊരു സേനയിൽ കൃത്യമായ കീഴ് വഴക്കങ്ങൾ ഉണ്ടെന്നും ഇപ്പോൾ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് പുതിയ ആർമി ചീഫായി ബിപിൻ റാവത്തിനെ നിയമിക്കുന്നത് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും സ്ഥാപിത താൽപര്യങ്ങളാണ് വെളിവാക്കുന്നതെന്നുമാണ് ആക്ഷേപം ഉയരുന്നത്. ജനുവരിയിൽ വിരമിക്കുന്ന കരസേന മേധാവി ജനറൽ ദൽബീർ സിങ് സുഹാഗിന് പകരക്കാരാനായാണ് ജനറൽ ബിബിൻ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ കരസേനാ ഉപമേധാവിയാണ് ബിബിൻ റാവത്ത്. എയർ മാർഷൽ ബി.എസ് ധനോയാണ് പുതിയ വ്യോമസേന തലവൻ. രഹസ്യാന്വേഷണ വിഭാഗത്തിന്റേയും റോയുടേയും തലവന്മാരും മാറും. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം പുതിയ നിയമനങ്ങൾ അറിയിച്ചത്.

ഈസ്റ്റേൺ ആർമി കമാന്റർ ലഫ്. ജനറൽ പ്രവീൺ ബക്ഷി, സതേൺ ആർമി കമാണ്ടർ ലഫ്. ജനറൽ പി.എം ഹാരിസ് എന്നിവർക്ക് നിലവിൽ ബിബിൻ റാവത്തിനെക്കാൾ സീനിയോരിറ്റിയുണ്ട്്. ലഫ്. ജനറൽ പ്രവീൺ ബക്ഷി ഈ മാസം 31ന് വിരമിക്കും. അതിനാൽത്തന്നെ മലയാളികൂടിയായ ഹാരിസിനാണ് യഥാർത്ഥത്തിൽ പുതിയ മേധാവിയായി പരിഗണന ലഭിക്കേണ്ടത്. സാധാരണ ഗതിയിൽ സേനാ മേധാവികൾ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ മേധാവിയെ പ്രഖ്യാപിക്കണം. എന്നാൽ ഇത്തവണ അത് പാലിക്കപ്പെട്ടിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, മറ്റൊരു സീനിയർ ഉദ്യോഗസ്ഥനായ ലഫ്. ജനറൽ ബിഎസ് നേഗിയേയും പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

1978ൽ 11ഗൂർഖ റൈഫിൾസിലൂടെയാണ് ജനറൽ ബിബിൻ റാവത്ത് സൈനിക സേവനം ആരംഭിച്ചത്. വ്യോമസേനാ തലവനായി നിയമിതനാകുന്ന എയർ മാർഷൽ ബീരേന്ദർ സിങ് ധനോയ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സൈനികനാണ്. എയർ ചീഫ് മാർഷൽ അരൂപ് രാഹ ഡിസംബർ അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് ബി.എസ് ധനോയയെ നിയമിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റോയുടേയും തലവന്മാരെയും മാറ്റിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 1981 മധ്യപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അനിൽ ദസ്മാനയാണ് പുതിയ റോ മേധാവി.

 

1980 ഝാർഖണ്ഡ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് ജെയിനാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി. നിലവിൽ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദൽബീർ സിങ് ചുമതലയൊഴിയുന്നതോടെ  കരസേനാ മേധാവിയായി സ്ഥാനമേൽക്കും. കഴിവും ചേർച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. അതിർത്തി മേഖലിയിലും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവർത്തനങ്ങളിലും 10 വർഷത്തിലേറെ പരിചയം ലഫ്റ്റനന്റ് ജനറൽ റാവത്തിനുണ്ടെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു. നിയന്ത്രണ രേഖയിലും ചൈനാ അതിർത്തിയിലുമായിരുന്നു റാവത്തിന്റെ പ്രവർത്തനം.

കോഴിക്കോടുകാരനായ ഹാരിസ് കരസേനയുടെ സതേൺ ആർമി കമാൻഡർ ആണ്. തമിഴ്‌നാട് അമരാവതിനഗർ സൈനിക സ്‌കൂളിലെ പഠനത്തിലൂടെയാണ് ഹാരിസ് കരസേനയിലെത്തുന്നത്. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽനിന്ന് 1978ൽ സൈനിക പരിശീലനം നേടിയ ഹാരിസ് ഇൻഫന്ററി ബെറ്റാലിയൻ വിഭാഗത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. സീനിയോരിറ്റി മാനിച്ചാൽ ഹാരിസിനാണ് ആർമി മേധാവി സ്ഥാനം ലഭിക്കേണ്ടിയിരുന്നതെന്നു വാദം കോൺഗ്രസും ഇടതുപക്ഷവും ഉന്നയിച്ചതോടെ വരും ദിവസങ്ങളിൽ ഇക്കാര്യം വലിയ ചർച്ചയായി മാറുമെന്നുറപ്പായി.

പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ റാവത്തിന്റെ കഴിവുകളെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ അദ്ദേഹത്തേക്കാൾ സീനിയോരിറ്റി ഉള്ളവരെ തഴഞ്ഞ് നടത്തിയ നിയമനത്തിന്റെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയമെന്നുമാണ് കോൺഗ്രസ് വക്താവ് മനീഷ് തീവാരി പ്രതികരിച്ചത്. ഇത്തരം നിയമനങ്ങൾ വിവാദങ്ങൾ കൂടാതെ നടത്താൻ കേന്ദ്രം ശ്രമിക്കണമായിരുന്നുവെന്ന് സിപിഐ നേതാവ് ഡി രാജയും പ്രതികരിച്ചു. ആർമിയെന്നാൽ രാജ്യത്തിന്റെ സ്വന്തമാണെന്നും അതിലെ നിയമനങ്ങൾക്ക് എന്താണ് അടിസ്ഥാനമെന്ന് വിശ്വസനീയമായ രീതിയിൽ കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തരത്തിൽ ആദ്യമായല്ല സീനിയോരിറ്റി മറികടന്ന് സേനാ മേധാവികളെ നിശ്ചയിക്കുന്നതെന്ന എതിർവാദങ്ങളും ഉയരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്താണ് രണ്ടുതവണ ഇത്തരത്തിൽ സംഭവിച്ചത്. 1983ൽ എസ്‌കെ സിൻഹയെ മറികടന്ന് ജനറൽ എഎസ് വൈദ്യയെ മേധാവിയാക്കിയതും 1972ൽ മനേക് ഷായുടെ നിയമനവുമായി ബന്ധപ്പെട്ടും ഇത്തരം വിവാദങ്ങളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP