Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പയ്യന്നൂരിൽ കോടിയേരി വിവാദ പ്രസംഗം നടത്തിയത് ജപിച്ചു കെട്ടിയ ഏലസ്സുമായോ? സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ കുപ്പായ കൈക്കുള്ളിലേക്ക് ക്യാമറ സൂം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം..! ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന പാർട്ടി രക്ഷ കെട്ടുന്നതിൽ തെറ്റില്ലെന്ന് സോഷ്യൽ മീഡിയ

പയ്യന്നൂരിൽ കോടിയേരി വിവാദ പ്രസംഗം നടത്തിയത് ജപിച്ചു കെട്ടിയ ഏലസ്സുമായോ? സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ കുപ്പായ കൈക്കുള്ളിലേക്ക് ക്യാമറ സൂം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം..! ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന പാർട്ടി രക്ഷ കെട്ടുന്നതിൽ തെറ്റില്ലെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസത്തോട് അകലം പാലിച്ചിരുന്ന സിപിഐ(എം) പാർട്ടി ആ ശീലം മാറ്റിയിട്ട് കാലം കുറേയായി. ഇപ്പോൾ വിശ്വാസികളെ ഒപ്പം നിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് കുറച്ചു കാലങ്ങളായി സിപിഐ(എം) നടത്തുന്നത്. ബിജെപിയിലേക്ക് അണികൾ കൊഴിയുന്നത് തടയാൻ വേണ്ടി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ സിപിഐ(എം) ഇത്തവണ തീരുമാനിച്ചിരുന്നു. ഇത് കൂടാതെ മതന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങളും സിപിഐ(എം) നടത്തുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പാർട്ടിയുടെ തലപ്പത്തിരിക്കുന്നവർ ഈശ്വാര വിശ്വാസികൾ ആണോ എന്ന സംശയം നാട്ടുകാർക്കുണ്ട്. എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇതിന് ഒരു ഉത്തരം കണ്ടെത്തിയിരിക്കയാണ്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശ്വാസിയാണെന്നതിന് തെളിവുമായി രംഗത്തെത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. പാർട്ടി സെക്രട്ടറി കൈയിൽ കെട്ടിയത് ഏലസാണെന്ന് പറഞ്ഞാണ് ചാനൽ അദ്ദേഹം വിശ്വാസിയാണെന്ന് തെളിയിച്ചത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സെക്രട്ടറി തന്റെ കൈയിൽ കെട്ടിയത് ഏലസ്സാണോ എന്ന ചോദ്യമാണ് ചാനൽ ഉയർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇക്കാര്യം പറഞ്ഞില്ലെങ്കിലും അവരുടെ ചിത്രം വിചിത്രം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലാണ് പാർട്ടി സെക്രട്ടറി ഏലസ്സുകെട്ടിയതാണോ എന്ന് ചോദിച്ചുള്ള വീഡിയോ പുറത്തുവിട്ടത്. ഇപ്പോൾ വിവാദമായിരിക്കുന്ന പയ്യന്നൂരിലെ വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണൻ വലതു കൈ ഉയർത്തിയപ്പോൾ കുപ്പായക്കൈയ്ക്കുള്ളിൽ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടു. ബനിയനൊപ്പം കാണെപ്പെട്ട ഭാഗത്തേക്ക് ചാനൽ ക്യാമറ സൂം ചെയ്തപ്പോഴാണ് ഒരു വെള്ളി ഏലസ്സാണെന്ന് വ്യക്തമായതെന്നാണ് ചാനൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രം എന്ന ഹാസ്യപരിപാടി പറയുന്നത് ഇത് രക്ഷ കെട്ടിയതാണെന്ന് തന്നെയാണ്. പാർട്ടിക്കെതിരെ അക്രമവുമായി വരുന്നവരെ വെറുതേ വിടാതെ കായികമായി നേരിടണമെന്ന പ്രസ്താവന നടത്തിയ വേളയിലാണ് പ്രസ്താവന നടത്തിയ വേളയിൽ തന്നെയാണ് കോടിയേരി രക്ഷ കെട്ടി എത്തിയതെന്നതെന്നതും ശ്രദ്ധേയമാണ്. കോടിയേരിയുടെ കൈക്കുള്ളിൽ കാണപ്പെട്ടത് രക്ഷ തന്നെയാണെന്നും കമ്മ്യൂണിസ്റ്റ് സൂക്തങ്ങൾ ഉരുവിട്ട പ്രത്യേക രക്ഷയാണോ അതെന്ന് അറിയില്ലെന്നും ചിത്രം വിചിത്രത്തിന്റെ അവതാരകൻ പറഞ്ഞു വെക്കുന്നു.

അതേസമയം ചിത്രം വിചിത്രം കോടിയേരി കെട്ടിയത് രക്ഷയാണെന്ന് വ്യക്തമാക്കിയതോടെ സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി. ആർഎസുകാരിൽ നിന്നും രക്ഷതേടിയാണോ അതോ മറ്റെന്തെങ്കിലും കാര്യത്തിൽ നിന്നുള്ള രക്ഷ തേടിയാണോ കോടിയേരി ഏലസ്സു കെട്ടിയതെന്നാണ് ചോദ്യം. അതേസമയം വീഡിയോ പുറത്തുവിട്ടെങ്കിലും പാർട്ടി അനുയായികൾ അത് രക്ഷയാണെന്ന് സമ്മതിക്കാൻ തയ്യാറായിട്ടില്ല. രക്ഷാ വിവാദത്തിൽ കോടിയേരിയുടെ വിശദീകരണം എന്താകുമെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന സിപിഐ(എം) ഇങ്ങനെ ഉറുക്ക് കെട്ടാമോ എന്നാണ് ഇതോടെ ചിലർ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച ചോദ്യം. എന്നാൽ, ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ തീരുമാനിച്ച പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഏലസ്സു കെട്ടിയതിൽ തെറ്റില്ലെന്ന് കളിയാക്കലായും ചിലർ പറയുന്നുണ്ട്. എന്തായാലും വിശ്വാസവുമായി ബന്ധപ്പെട്ട് കോടിയേരി വിവാദത്തിലാകുന്നത് ഇത് ആദ്യമായല്ല. കാടാമ്പുഴയിലെ പൂമൂടൽ വിവാദത്തിൽ കോടിയേരി ചെന്നുപെട്ടിരുന്നു. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു കാടാമ്പുഴയിൽ കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പൂമൂടൽ വഴിപാട് നടന്നത്. എന്നാൽ അന്ന് ഈ ആരോപണം കോടിയേരി നിഷേധിച്ചിരുന്നു.

ഇത് കൂടാതെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കോടിയേരിയുടെ മകൻ വഴിപാടായി പ്രസാദ ഊട്ട് നടത്തിലും കോടിയേരി വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായി. എന്തായാലും പാർട്ടി പ്രവർത്തകർക്ക് ധൈര്യമേകിയ പാർട്ടി സെക്രട്ടറി തന്നെ ഉറുക്ക് ജപിച്ചു കെട്ടിയെന്ന ചാനൽ കാമറയുടെ കണ്ടെത്തൽ സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. ഇതിൽ കോടിയേരി വിശദീകരണം നൽകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP