Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം സീറ്റും കൈവിട്ടു പോകുമെന്നായതോടെ കുമ്മനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; പീഡനകേസിൽ എംഎൽഎ അറസ്റ്റിലായിട്ടും ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ലൈവ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്; ആർഎസ്എസ് നേതൃത്വത്തിന്റെ പരാതിയിൽ അമിത്ഷാ ഇടപെട്ടപ്പോൾ ജീവനക്കാർ അജണ്ട സെറ്റ് ചെയ്യേണ്ടെന്ന് ചാനൽ എഡിറ്ററോട് നിർദ്ദേശിച്ച് മാധവനും

തിരുവനന്തപുരം സീറ്റും കൈവിട്ടു പോകുമെന്നായതോടെ കുമ്മനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; പീഡനകേസിൽ എംഎൽഎ അറസ്റ്റിലായിട്ടും ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ലൈവ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്; ആർഎസ്എസ് നേതൃത്വത്തിന്റെ പരാതിയിൽ അമിത്ഷാ ഇടപെട്ടപ്പോൾ ജീവനക്കാർ അജണ്ട സെറ്റ് ചെയ്യേണ്ടെന്ന് ചാനൽ എഡിറ്ററോട് നിർദ്ദേശിച്ച് മാധവനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ കേരള നേതാക്കളുടെ മെഡിക്കൽ കോഴ വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ച് എൻഡിഎ കേരള ഘടകം വൈസ് ചെയർമാനും എഷ്യാനെറ്റ് ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖർ. കോഴ വിവാദത്തിൽപ്പെട്ട സംസ്ഥാന നേതൃത്വത്തെയും കുമ്മനത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം ഏഷ്യാനെറ്റ് ന്യൂസ് സ്വീകരിച്ചതിനു പിന്നാലെയാണ് ചാനൽ മുതലാളിയുടെ നിലപാടുമാറ്റമെന്നതും ശ്രദ്ധേയം.

ഏഷ്യാനെറ്റ് ന്യൂസിന്റെ കടന്നാക്രമണത്തിലുള്ള പ്രതിഷേധം ബിജെപി സംസ്ഥാന നേതൃത്വം പാർട്ടി ദേശീയ അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാർട്ടിയുടെ ചുമതലയുള്ള കേരളത്തിലെ ആർ.എസ്.എസ് നേതാവും അമിത്ഷായോട് കാര്യങ്ങൾ ധരിപ്പിച്ചു. പൊതുജനമധ്യത്തിൽ പാർട്ടിയെയും അധ്യക്ഷൻ കുമ്മനം രാജശേഖരനെയും കരിവാരിതേയ്ക്കാനുള്ള നിരന്തര ശ്രമം ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും ഇതു നിയന്ത്രിക്കാൻ നേതൃത്വം ഇടപെടണമെന്നുമായിരുന്നു ആർഎസ്എസിന്റെ അഭ്യർത്ഥന.

കേരളത്തിലെ പ്രമുഖ ചാനലിന്റെ മുതലാളിയെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭാംഗവും എഡിഎ വൈസ് ചെയർമാനുമായത്. എന്നാൽ ഇതിനുള്ള പ്രത്യുപകാരം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നു മാത്രമല്ല പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നതെന്നും നേതാക്കൾ പരാതിപ്പെട്ടു. ഇതോടെ ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രശ്‌നത്തിലിടപെടുകയും രാജീവ് ചന്ദ്രശേഖറിന് താക്കീതു നൽകുകയുമായിരുന്നു.

ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ബിജെപി കോർ കമ്മിറ്റിക്കു ശേഷം പി.എസ് ശ്രീധരൻ പിള്ള നടത്തിയ വാർത്താസമ്മേളനം പൂർണമായും സംപ്രേഷണം ചെയ്യാനും ന്യൂസ് അവർ ചർച്ചയിൽനിന്ന് മെഡിക്കൽ കോഴ വിവാദം ഒഴിവാക്കാനും ഏഷ്യാനെറ്റ് തീരുമാനിച്ചിക്കുകയായിരുന്നു. ബിജെപി നേതാക്കൾ പത്രസമ്മേളനം ആരംഭിച്ചതിനു പിന്നാലെ ആയിരുന്നു കോൺഗ്രസ് എം.എൽഎ എം വിൻസെന്റിനെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റു ചാനലുകൾ വിൻസെന്റിനു പിന്നാലെ പോയെങ്കിലും ഏഷ്യാനെറ്റ് ന്യൂസിൽ ബിജെപി നേതാക്കളുടെ പത്രസമ്മേളനം അവസാനിക്കുന്നതു വരെ ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

അമിത്ഷായുടെ കർശന നിർദ്ദേശത്തെ തുടർന്ന് രാജീവ് ചന്ദ്രശേഖർ ഇടപെട്ട് ചാനലിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വേണമെന്നു നിർദ്ദേശിച്ചിരുന്നു. ബിജെപി നിരന്തരം ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കളുടെ വിശദീകരണം വേണ്ട രീതിയിൽ സംപ്രക്ഷേണം ചെയ്യണമെന്നുമുള്ള രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശം ചാനൽ എംഡി മാധവനാണ് ഏഷ്യാനെറ്റ് എഡിറ്ററും ഇടതു സഹയാത്രികനുമായ എംജി രാധാകൃഷ്ണനെ അറിയിച്ചത്. ഇതേത്തുടർന്നാണ് ചാനൽ ജീവനക്കാരുടെ പോലും എതിർപ്പ് മുഖവിലയ്‌ക്കെടുക്കാതെ ബിജെപിക്ക് പ്രാമുഖ്യം നൽകണമെന്ന നിർദ്ദേശം ഇന്നലെ മുതൽ ഏഷ്യാനെറ്റിൽ നടപ്പാക്കിയത്.

ചാനലിന്റെ നിലപാടു മാറ്റത്തിനു പിന്നലെയാണ് കുമ്മനത്തിന് പൂർണ പിന്തുണ നൽകി രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഏതാനും വ്യക്തികളിൽ അധിഷ്ഠിതമായി കേരള ബിജെപി ഘടകത്തിൽ അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങൾ ലക്ഷക്കണക്കിന് വരുന്ന പാർട്ടി അംഗങ്ങളെയും എൻ.ഡി.എ പ്രവർത്തകരെയും തെല്ലു സ്തബ്ധരാക്കിയെന്നു തുടങ്ങുന്ന പോസ്റ്റിലാണ് രാജീവ്ചന്ദ്രശേഖർ കുമ്മനത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വളർന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിലെ ഏതാനും ചീഞ്ഞ ആപ്പിളുകൾ അതിവേഗം കണ്ടെത്തി നീക്കം ചെയ്യുന്നതിന് കുമ്മനം ജിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ഇത്തരം ചീഞ്ഞളിഞ്ഞ വ്യക്തികൾ ബിജെപി യുടെയും എൻ ഡി എ യുടെയും ഭാഗമായിരിക്കില്ല എന്നത് തീർച്ചയായും ഉറപ്പു വരുത്തേണ്ടതുണ്ട്. തികഞ്ഞ ആഭിജാത്യത്തിനുടമയായ കുമ്മനം രാജശേഖരൻ ജനസ്പന്ദനം തിരിച്ചറിയുന്ന വ്യക്തിയാണ്. അധികാര രാഷ്ട്രീയത്തിന്റെ സകലമാന പ്രലോഭനങ്ങളിൽ നിന്നും അകന്നു മാറി സംശുദ്ധമായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോരുന്ന ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകൻ ആയിട്ടാണ് താൻ അദ്ദേഹത്തെ കാണുന്നതെന്നും രാജീവ് പറയുന്നു. നിലയ്ക്കൽ മുതൽ ആറന്മുള വരെയുള്ള വിഷയങ്ങളിൽ സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ടു കൊണ്ട് കുമ്മനം സ്വീകരിച്ച നിലപാടുകൾ മാത്രം മതിയാകും അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം തിരിച്ചറിയാൻ. അഴിമതിക്കു എതിരായ പോരാട്ടത്തിൽ ഞാൻ കുമ്മനത്തിനു പൂർണ പിന്തുണ നൽകുന്നെന്നും രാജീവ്ചന്ദ്രശേഖർ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് എ്ൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയത്. ഇദ്ദേഹത്തെ അടുത്തിടെ രാജീവിനെ കേന്ദ്രമന്ത്രിയാക്കാനും നീക്കമുണ്ടായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും പരിഗണിച്ചു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കളിയാക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് വാർത്ത നൽകിയത് അമിത് ഷായെ പ്രകോപിപ്പിച്ചു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്ത കുമ്മനത്തെ മോശക്കാരനാക്കിയതിന്റെ രാഷ്ട്രീയം രാജീവിനെ തിരിഞ്ഞു കുത്തുമെന്ന് ഉറപ്പായതോടെയാണ് ചാനലിന്റെ നിലപാടു മാറ്റം.

വാർത്തയിൽ ഏഷ്യാനെറ്റിന്റെ ഇടപടെലിൽ കുമ്മനം പൂർണ്ണ അതൃപ്തനാണ്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രാജി വയ്ക്കാൻ പോലും തയാറാണെന്നു കുമ്മനം അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ ശാസിക്കാൻ അമിത് ഷാ തയാറായത്. ഏഷ്യാനെറ്റ് വാർത്ത നൽകിയതിനെതിരെയല്ല പ്രതിഷേധം. മറിച്ച് അത് കുമ്മനത്തിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി. സംസ്ഥാന അധ്യക്ഷൻ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ മുനയൊടിക്കുന്ന വാദമാണ് ഏഷ്യാനെറ്റ് ചർച്ചയിൽ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത് ബോധപൂർവ്വമാണെന്ന് ആർ എസ് എസും വിലയിരുത്തുന്നു. കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് തന്നെയാണ് വാദങ്ങൾ. ദേശീയ തലത്തിൽ തന്നെ പ്രധാനമന്ത്രി മോദിയുടെ സർക്കാരിന് തിരിച്ചടി നൽകുന്ന വാർത്തയായി ഇത് മാറിയെന്നാണ് കണക്ക് കൂട്ടൽ.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യനായിഡുവിനെ നിശ്ചയിച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന അനിവാര്യതയായി മാറി. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായ സാഹചര്യവുമുണ്ട്. ഇത്തരത്തിൽ സമ്പൂർണ അഴിച്ചു പണി നടക്കുമ്പോൾ കേരളത്തിൽ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് കുമ്മനം രാജശേഖരനാണ്.

ക്ലീൻ ഇമേജുള്ള കുമ്മനത്തെ മന്ത്രിയാക്കി, തിരുവനന്തപുരം ലോക്സഭയിലേക്ക് മത്സരിപ്പിക്കായിരുന്നു ആർഎസ്എസ് തീരുമാനം. ഇത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകാൻ കളികൾ നടത്തുന്നുണ്ട്. വി മുരളീധരനും സുരേഷ് ഗോപിയുമാണ് മറ്റ് സാധ്യതയുള്ളവർ. കുമ്മനത്തെ ഒതുക്കി കേന്ദ്രമന്ത്രിമാരാകാനുള്ള പട്ടിയിൽ ഒന്നാമത് എത്താൻ രാജീവ് ചന്ദ്രശേഖർ നടത്തിയ കള്ളക്കളിയാണോ ചാനലിന്റെ കടന്നാക്രമണമെന്നും ആർഎസ്എസ് സംശയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP