Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അശരണരായവർക്കു കൈത്താങ്ങാവാൻ പെട്ടിക്കടകൾ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ട്; യാചക രഹിത സംസ്ഥാനത്തിനായി വാദിക്കുന്നവർ അനീതി കാണണമെന്ന് അശ്വതി ജ്വാല; രതീഷിന്റെ പെട്ടിക്കട പൊളിച്ചതിന് പിഡബ്ല്യൂഡി മറുപടി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും

അശരണരായവർക്കു കൈത്താങ്ങാവാൻ പെട്ടിക്കടകൾ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ട്; യാചക രഹിത സംസ്ഥാനത്തിനായി വാദിക്കുന്നവർ അനീതി കാണണമെന്ന് അശ്വതി ജ്വാല; രതീഷിന്റെ പെട്ടിക്കട പൊളിച്ചതിന് പിഡബ്ല്യൂഡി മറുപടി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും

അരുൺ ജയകുമാർ

തിരുവനന്തപുരം: 20,000 രൂപ ചെലവുള്ള ഒരു ചലിക്കുന്ന പെട്ടിക്കട ഞങ്ങൾ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ടാണ്. അതിൽ തൊടുന്നവർ ആദ്യം ഇവർ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള ആർജവം കൂടി കാണിക്കണമെന്നാണ് അശ്വതി ജ്വാലയുടെ പക്ഷം. ഇത് അംഗീകരിക്കുന്നത് തന്നെയാണ് മനുഷ്യാവകാശ കമ്മീഷന്റെ വിഷയത്തിലെ ഇടപെടൽ.

ജ്വാല ഫൗണ്ടേഷൻ ഭാഗ്യതെരുവ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചലിക്കുന്ന പെട്ടിക്കടകൾ പൊളിച്ച് മാറ്റാനുള്ള നീക്കം പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ പിഡബ്ല്യുഡ് അസിസ്റ്റന്റ് എഞ്ചിനീയറോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടിയത്. ഈ വിഷയത്തിൽ നിയമ പോരാട്ടം തുടരാനാണ് അശ്വതി ്ജ്വാലയുടേയും സംഘടനയുടേയും തീരുമാനം. മൂന്ന് വർഷം മുന്പ് ട്രെയിൻ അപകടത്തിൽ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായ രതീഷ് നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാനാണ് പി ഡബ്ള്യു ഡി അസിസ്റ്റന്റ് എൻജിനീയർ ബിനു വഴുതക്കാട് നോട്ടീസ് നൽകിയിരുന്നു. ഈ വിഷയം മറുനാടൻ ഉയർത്തിക്കാട്ടിയതോടെ പൊതു സമൂഹവും നടപടിക്കെതിരെ രംഗത്തു വന്നു. വിഷയം മനുഷ്യാവകാശ കമ്മീഷന് മുമ്പിലുമെത്തി.

പൂജപ്പുര പരീക്ഷാ ഭവന് മുന്നിലാണ് രതീഷിന്റെ പെട്ടിക്കട പ്രവർത്തിച്ചിരുന്നത്. സർബത്ത്, ജ്യൂസ് തുടങ്ങിയവയാണ് ഇവിടെ വിറ്റിരുന്നത്. ഭാര്യയും അച്ഛനും അമ്മയും 5 വയസ്സുള്ള മകളുമടങ്ങിയ രതീഷിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ പെട്ടിക്കട.അപകടത്തിൽ കൈപ്പത്തിയും കാൽപ്പത്തിയും നഷ്ടപ്പെട്ട രതീഷിന് വേരെ ജോലികൾ ചെയ്യാൻ കഴിയുകയുമില്ല. അൽപ്പം സാവകാശം നൽകണമെന്ന അപേക്ഷയുമായി സർക്കാർ ഓഫീസുകളിൽ കയറിഇറങ്ങിയപ്പോൾ പരിഹാസമാണ് നേരിടേണ്ടി വന്നതെന്നും അശ്വതി ജ്വാല മറുനാടൻ മലയാളിയോട് പറഞ്ഞു.പെട്ടിക്കട എടുത്തുമാറ്റാൻ ഞങ്ങൾ കോൺട്രാക്ടർമാരെ ചുമതലപെടുതിയിട്ടുണ്ട് അവരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പെട്ടിക്കട പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകും എന്നായിരുന്നു മറുപടി. ഇവിടെ വികലാംഗരായി കുടുംബം പുലർത്തുന്നവർ എന്താണ് ചെയ്യേണ്ടത് എന്നും അശ്വതി ചോദിച്ചു.

ഇതിനിടെയിലാണ് കരമന ശ്രീദേവി കല്ല്യാണമണ്ഡപത്തിനടുത്തുള്ള മറ്റൊരു പെട്ടിക്കട ചില സാമൂഹിക വിരുദ്ധർ കുത്തിതുറന്നത്. ഇവിടെ നിന്നും മിനറൽ വാട്ടർ ബോട്ടിലുകളും രണ്ടായിരം രൂപയും നഷ്ടമായി. കരമന പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വികലാംഗർക്കും തെരുവിൽ ഒറ്റപ്പെടുന്നവർക്കുമായാണ് പദ്ധതി ആരംഭിച്ചത്. 2015 മെയ് 28ന് ലോക വിശപ്പ് ദിനത്തിനാണ് പദ്ധതി ആരംഭിച്ചത്.80ന് മുകളിൽ ആളുകളാണ് പദ്ധതിയുടെ ഭാഗമായി ചലിക്കുന്ന പെട്ടിക്കടകൾക്കായി അപേക്ഷ സമർപ്പിച്ചത്. ഇതിൽ നിർധനരായ 12 പേർക്കാണ് അന്ന് വിതരണം നടത്തിയത്.

സർക്കാറിന്റേയോ നഗരസഭയുടേയോ വഴി കയ്യേറാതെയാണ് പെട്ടിക്കടകൾ സ്ഥാപിച്ചിരുന്നത്. ഒരു ഗതാഗത തടസ്സവും സൃഷ്ടിച്ചിരുന്നില്ലെന്നും ഭാരവാഹികൾ പറയുന്നു. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട് തെരുവിലായവരാണ് ഈ പെട്ടിക്കടകൾ കൊണ്ട് ജീവിക്കുന്നത്. അധികാരികളുടെ ഇത്തരം നീക്കങ്ങൾ ഇത്തരം പദ്ധതികൾക്ക് സഹായവുമായി എത്തുന്നവരെപ്പോലും പിന്നോട്ടടിക്കുന്നതാണെന്നും അശ്വതി കുറ്റപ്പെടുത്തി.

ഇപ്പോൾ ഇങ്ങനെയൊരു നീക്കം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ ആശങ്കയോടെയാണ് ജ്വാല പ്രവർത്തകർ കാണുന്നതും. തെരുവിൽ ആരും അലഞ്ഞ് നടക്കാത്തതും യാചക രഹിത സംസ്ഥാനം എന്ന സർക്കാർ പദ്ധതിക്ക് തന്നെ തുരംഗം വെയ്ക്കാനെ സഹായകമാവുകയുള്ളു. പരിമിതികൾ മറികടന്ന് ജീവിതത്തിൽ മുന്നോട്ട്പോകുന്ന ഇവരെ വീണ്ടും തെരുവിലേക്കിറക്കിയാണോ യാചക രഹിത സംസ്ഥാനം യാഥാർഥ്യമാക്കാൻ പോകുന്നതെന്നും അവർ ചോദിക്കുന്നു.

വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടിയാണ് 2015ൽ പദ്ധതി തുടങ്ങിയത്.പ്രവാസികളുൾപ്പടെയുള്ളവരുടെ സഹായത്താലാണ് പാവപ്പെട്ടവർക്ക് ഇത് വിതരണം ചെയ്തത്. മൊത്തം 12 പെട്ടിക്കടകളാണ് ഇതുവരെ വിതരണം ചെയ്തത്. 20,000 രൂപയാണ് ഒരു പെട്ടിക്കടയുടെ നിർമ്മാണ ചെലവ്. ഇത് പൊളിച്ച് നീക്കാനുള്ള തീരുമാനം വന്നതോടെ ഇതൊരു ഉപജീവന മാർഗമാക്കിയവർ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

ലോട്ടറി വിൽപ്പനയായിരുന്നു ആദ്യം ഇവർക്കായി നടത്തിവന്നിരുന്ന പദ്ധതി, എന്നാൽ പലരും ഒരു നേരത്തെ ആഹാരം മാത്രം കഴിച്ച് ജീവിക്കുന്നവരാണ്. ഇവർക്ക് ദീർഘനേരം തെരുവിൽ അലഞ്ഞ് നടന്ന് ജോലി ചെയ്യുന്നത് അപ്രായോഗികമാണെന്ന് മനസ്സിലാക്കിയതോടെയാണ് പെട്ടിക്കട എന്ന ആശയം ഉയർന്നു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP