Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അറ്റ്‌ലസ് ഉടമ 'ഔട്ട് ഓഫ് റേഞ്ച്'; പരസ്യത്തിന് സ്വയം മോഡലായ വ്യക്തിയുടെ സാന്നിധ്യം എങ്ങുമില്ല; പരസ്യങ്ങളും കാണാനില്ല; വാർത്തകൾക്കു പിന്നിൽ പ്രമുഖ പ്രവാസി മലയാളിയെന്നും സൂചന

അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അറ്റ്‌ലസ് ഉടമ 'ഔട്ട് ഓഫ് റേഞ്ച്'; പരസ്യത്തിന് സ്വയം മോഡലായ വ്യക്തിയുടെ സാന്നിധ്യം എങ്ങുമില്ല; പരസ്യങ്ങളും കാണാനില്ല; വാർത്തകൾക്കു പിന്നിൽ പ്രമുഖ പ്രവാസി മലയാളിയെന്നും സൂചന

കൊച്ചി/തൃശൂർ: ഗൾഫിലെ ബാങ്കുകളിൽ നിന്ന് 1000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മലയാളി ജൂവലറി ഉടമ മുങ്ങിയെന്ന വാർത്ത പരന്നതോടെ എല്ലാ കണ്ണുകളും നീളുന്നതു അറ്റ്‌ലസ് രാമചന്ദ്രനിലേക്കാണ്. കഴിഞ്ഞ ദിവസം ഒരു ഗൾഫ് ഓൺലൈൻ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്ത വാർത്തകളെ തുടർന്നാണ് അറ്റ്‌ലസ് രാമചന്ദ്രനാണോ ജുവല്ലറി ഉടമ എന്ന വിധത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നത്.''വിശ്വസ്ത സ്ഥാപനം''എന്നു പുറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുമുണ്ട്.

ദുബായിൽ പ്രചാരത്തിലുള്ള 'ഗൾഫ് ന്യൂസ്' ആണ് യു എഇ യിലെ 15 ബാങ്കുകളിലെ വക്താക്കളെ ഉദ്ധരിച്ച് ഏതാണ്ട് 555 ദശലക്ഷം ദിർഹം വായ്പ എടുത്ത് ജൂവലറി ഗ്രൂപ്പിന്റെ ഉടമ മുങ്ങിയതായി വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ഇദ്ദേഹത്തിന്റെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്നും ഇദ്ദേഹത്തെയോ സെക്രട്ടറിയേയോ മൊബൈൽ ഓഫീസ് നമ്പരുകളിൽ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നുമാണ് അവരുടെ വാർത്താ ഏജൻസികളെ ഉദ്ധരിച്ചുള്ള വാദം.

കോടിക്കണക്കിനു രൂപ പലിശയിനത്തിൽ തന്നെ കൊടുക്കാനുള്ളതിനാൽ കേസുമായി മുന്നോട്ടു പോകാനാണത്രെ 15 ബാങ്കുകളുടെ തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ഈ ജൂവലറി ഗ്രൂപ്പിന്റെ സ്ഥാപകൻ അറ്റ്‌ലസ് രാമചന്ദ്രനാണെന്ന് ഏതാണ്ട് ഉറപ്പിക്കും വിധത്തിലുള്ള സൂചനകൾ നൽകിയുള്ള വാർത്തകളും ഇതോടെ പുറത്തുവന്നു. ഇങ്ങനെ അഭ്യൂഹങ്ങൾ പരക്കുന്നതിന് ഇടെയാണ് മറുനാടൻ മലയാളി അറ്റ്‌ലസ് രാമചന്ദ്രനുമായി ബന്ധപ്പെടാൻ ശ്രമിച്ചത്.

തൃശൂർ ഒളരി സ്വദേശിയായ ഇദ്ദേഹത്തെക്കുറിച്ച് കേരളത്തിലും കാര്യമായ വിവരങ്ങളൊന്നും തന്നെയില്ല.ഇരിങ്ങാലക്കുടക്കാരനായ ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് തൃശൂർ പൂങ്കുന്നം കോട്ടപ്പുരത്തെ വീട്ടിലാണ്. എല്ലാ മാസവും ഒരാഴ്‌ച്ചയോ രണ്ടാഴ്ചയോ ഈ വീട്ടിൽ അദ്ദേഹം ചെലവഴിക്കാറുണ്ടായിരുന്നെന്നാണ് അയൽവാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. എല്ലാ വർഷവും ഓണം നാട്ടിൽ ആഘോഷിക്കാറുള്ള അദ്ദേഹം രണ്ടു മാസത്തിലധികമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് സൂചന. എറണാകുളത്തും അദ്ദേഹം എത്തിയിട്ടില്ല.

കൊച്ചി പാടിവട്ടത്തെ അറ്റ്‌ലസിന്റെ ജൂവലറി ഓഫീസിലെ നമ്പരിൽ ശ്രമിച്ചപ്പോഴും കണക്ഷൻ കിട്ടുന്നില്ല. പൊതുപരിപാടികളിലും കാര്യമായി ഇപ്പോൾ പങ്കെടുക്കുന്നില്ലെന്നാണു വിവരം. തൃശൂരിലെ പ്രമുഖ പരസ്യ ഏജൻസി മുഖാന്തിരമാണ് ജൂവലറി ഗ്രൂപ്പ് പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നൽകിയിരുന്നത്. എന്നാൽ കുറച്ചു കാലമായി പുതിയ പരസ്യങ്ങളൊന്നും അറ്റ്‌ലസ് നൽകുന്നില്ലെന്നാണ് വിവരം. ബിസിനസുകാരെല്ലാം പരസ്യംകൊടുത്ത് കച്ചവടം കൊഴുപ്പിക്കുന്ന ഓണക്കാലമായിട്ടു പോലും ചാനലുകളിലും പത്രങ്ങളിലും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യം കാര്യമായി വന്നിട്ടില്ല. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കുന്നില്ലെന്നാണ് പലരും പറയുന്നത്.

വാർത്തകൾ വന്ന് ഒരു ദിവസം പിന്നിട്ടിട്ടും തന്റെ സാന്നിധ്യമറിയിക്കാൻ അറ്റ്‌ലസ് രാമചന്ദ്രൻ ശ്രമിച്ചിട്ടില്ല. ഇതെല്ലാമാണ് വാർത്ത അഭ്യൂഹമായി പരക്കാൻ കാരണമായിരിക്കുന്നത്. 1980 കളോടെ ഡോ എം എം രാമചന്ദ്രൻ തന്നെയാണ് അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി അറുപതോളം സ്ഥാപനങ്ങളാണ് ഇവരുടെ പേരിലുള്ളത്. നടനായും നിർമ്മാതാവായും സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ജൂവലറി കൂടാതെ ആരോഗ്യ മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹത്തിന്റെ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരുരുവാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തെപ്പറ്റി വാർത്തകൾ ഉണ്ടായാൽ പലപ്പോഴും സ്‌പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കാറുണ്ട്. എന്നാൽ ദുബായിൽ എതെങ്കിലും തരത്തിലുള്ള കേസുകൾ ചാർജ് ചെയ്താൽ മാത്രമേ തങ്ങൾക്ക് കൂടി 'ഇന്റിമേഷൻ 'ലഭിക്കുകയുള്ളൂ എന്നാണ് അവർ പറയുന്നത്. ഗൾഫിൽ വേരുകളുള്ള പ്രമുഖനായ മലയാളിപ്രവാസിവ്യവസായിയുടെ താത്പര്യപ്രകാരമാണ് ഇത്തരത്തിൽ ഒരുവാർത്ത പുറത്തുവന്നതെന്നും സൂചനയുണ്ട്. പല റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് ഉടമയെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP