Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവവും നശിച്ച മാനസികരോഗിയുടെ രൂപസാദൃശ്യം; കടുത്ത പ്രമേഹവും രക്തസമ്മർദവും മറ്റ് ശാരീരിക അവശതകളും മൂലം നന്നേ ക്ഷീണിച്ചു; ജയിലിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീൽച്ചെയറിൽ; ചുരുക്കം സുഹൃത്തുക്കൾ വാങ്ങി നൽകുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കണ്ട് ഞെട്ടി മലയാളികൾ; അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥിതി അതി ദയനീയം

സർവവും നശിച്ച മാനസികരോഗിയുടെ രൂപസാദൃശ്യം; കടുത്ത പ്രമേഹവും രക്തസമ്മർദവും മറ്റ് ശാരീരിക അവശതകളും മൂലം നന്നേ ക്ഷീണിച്ചു; ജയിലിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീൽച്ചെയറിൽ; ചുരുക്കം സുഹൃത്തുക്കൾ വാങ്ങി നൽകുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കണ്ട് ഞെട്ടി മലയാളികൾ; അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥിതി അതി ദയനീയം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഇന്നത്തെ സ്ഥിതി അതി ദയനീയം എന്ന് റിപ്പോർട്ട്. പൊതുവേദിയിൽ പ്രത്യക്ഷപ്പെടും മുമ്പ് മെയ്‌ക്കപ്പിനായി മണിക്കൂറുകൾ ചെലവിട്ടിരുന്ന അദ്ദേഹം എല്ലുംതോലുമായ സ്ഥിതിയിലാണ്. സർവവും നശിച്ച മാനസികരോഗിയുടെ രൂപസാദൃശ്യത്തിലാണ് രാമചന്ദ്രനുള്ളതെന്നാണ് ദുബായിലെ മലയാളികൾ പറയുന്നത്. വിരലിലെണ്ണാവുന്ന അടുത്ത സുഹൃത്തുക്കളൊഴിച്ച് ആപത്തുകാലത്ത് തിരിഞ്ഞുനോക്കാൻ ആരുമില്ലെന്നതും അറ്റ്‌ലസ് ഗ്രൂപ്പ് തലവനെ തളർത്തുകയാണ്.

കടുത്തപ്രമേഹവും രക്തസമ്മർദവും മറ്റ് ശാരീരിക അവശതകളും മൂലം രാമചന്ദ്രൻ നന്നേ ക്ഷീണിച്ചു. ജയിലിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീൽച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളിൽ അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കൾ ഭക്ഷണം വാങ്ങി നൽകും. ഇത് ആർത്തിയോടെ രാമചന്ദ്രൻ ഭക്ഷിക്കുമെന്നാണ് ദുബായിൽ നിന്നുള്ള റിപ്പോർട്ട്. ശത്രുവിന് പോലും ഈ അവസ്ഥ വരരുതെന്നാണ് ഇത് കണ്ട് നിൽക്കുന്ന മലയാളികൾ പ്രാർത്ഥിക്കുന്നത്. അത്ര ദയനീയമാണ് സ്ഥിതി.

രാമചന്ദ്രൻ നടത്തിയ ഭൂമിയിടപാടുകളിൽ താൽപ്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ് പ്രമുഖനുമായി കൊമ്പുകോർത്തതാണ് വിനയായത്. ഗൾഫിലെ രാജകൊട്ടാരങ്ങളിൽ പോലും സ്വാധീനമുള്ള ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങൾ രാമചന്ദ്രന്റെ തകർച്ച ആസന്നമാണെന്ന പ്രചാരണം നടത്തി. ഗൾഫിലെ ചില ബാങ്കുകളിൽ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നൽകിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മകൾ ഡോ. മഞ്ജുവിനെയും മരുമകനെയും മറ്റു കുറ്റങ്ങൾചുമത്തി തടവിലാക്കി. ഗൾഫിലെത്തിയാൽ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകൻ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാൻ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് ഭാര്യ. മസ്‌കറ്റിലും മറ്റുള്ള ആശുപത്രികൾ കിട്ടുന്ന വിലയ്ക്കു വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീർത്തു ജയിലിനു പുറത്തിറങ്ങാൻ രാമചന്ദ്രൻ നടത്തിയ നീക്കവും ഇടഞ്ഞുനിൽക്കുന്ന ഉന്നതന്റെ കരുനീക്കത്തിൽ തകർന്നുവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കവിയും അക്ഷരശ്ലോക വിദ്വാനുമായ വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂലൈ 31 ന് ജനിച്ച രാമചന്ദ്രൻ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കിൽ ഡൽഹി ഓഫീസിൽ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എൻ.ആർ.ഐ. ഡിവിഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഗൾഫിലേക്കു എത്തുന്നത്. പിന്നീട് ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ വരവായി. ഇതോടെ അറ്റ്‌ലസ് രാമചന്ദ്രൻ വിശ്വസ്തതയുടെ പര്യായമായി മാറി. അറ്റ്ലസ് ജൂവല്ലറി 1980 - ന്റെ തുടക്കത്തിൽ കുവൈത്തിലായിരുന്നു ആരംഭം.

യു.എ.ഇ. യിലെ ഷാർജ, അബുദാബി, റാസൽഖൈമ, അൽ - ഐൻ എന്നീ നഗരങ്ങളിൽ നിരവധി ഷോറൂമുകൾക്ക് പുറമെ സൗദി അറേബ്യയിലും കുവൈത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാൽപതോളം വിദേശ ഷോറൂമുകൾ. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകൾ. അങ്ങനെ രാമചന്ദ്രൻ താരമായി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റം. 1988 ൽ മലയാള സിനിമയിൽ ചരിത്രം കുറിച്ച 'വൈശാലി' എന്ന ചിത്രത്തിനൊപ്പം മോഹൻലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെയും നിർമ്മാതാവായിരുന്നു. അഭിനയി്കാനും എത്തി.

ജുവലറി ബിസിനസിൽ നിന്നു മാത്രം 3.5 ബില്യൺ യു.എ.ഇ ദിർഹത്തിന്റെ വാർഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രൻ മസ്‌കറ്റിൽ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി. ഗൾഫിലും കേരളത്തിലുമായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഇത് ചിലർ മുതലെടുക്കാനെത്തി. ചെക്ക് കേസിൽ അറസ്റ്റിലാവുകയും ചെയ്തു. രാമചന്ദ്രൻ ചെക്ക് കേസിൽ ദുബായ് ജയിലിലുമായി. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസിൽ മാത്രമാണ് വിധിയായിട്ടുള്ളത്. നാലുവർഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാൽ ചുരുങ്ങിയത് 40 വർഷമെങ്കിലും രാമചന്ദ്രൻ ജയിലിൽ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

രാമചന്ദ്രൻ ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകർന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാൻ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങൾ വിറ്റുതീർക്കേണ്ടി അവസ്ഥയും ഭാര്യയ്ക്കുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP