Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ പരിപൂർണ്ണ സ്നേഹം എന്റെ ഇന്ദു മാത്രം; ഇനി മക്കളുടെ കാര്യം നോക്കില്ല; അവർ അവരവരുടെ കാര്യം നോക്കട്ടെ; മക്കളുടെ കാര്യത്തിൽ ഇൻവോൾവ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വേണമെങ്കിൽ പറയാം....; ബാക്കിയുള്ളതെല്ലാം നഷ്ടമാകാതെ നോക്കിയത് ഭാര്യയുടെ കരുതൽ; ഇനിയും വിശ്വസ്തതയുമായി ഫീനിക്സ് പക്ഷിയെ പോലെ ഞാനും ഇന്ദുവും പറക്കും; ആപത് ഘട്ടത്തിൽ മനസ് തളരാതെ നോക്കിയ ജഗദീശ്വരന് നന്ദി; തിരിച്ചെത്തിയതിന്റെ ക്രെഡിറ്റെല്ലാം പ്രിയതമയ്ക്ക് നൽകി അറ്റ്‌ലസ് രാമചന്ദ്രൻ

എന്റെ പരിപൂർണ്ണ സ്നേഹം എന്റെ ഇന്ദു മാത്രം; ഇനി മക്കളുടെ കാര്യം നോക്കില്ല; അവർ അവരവരുടെ കാര്യം നോക്കട്ടെ; മക്കളുടെ കാര്യത്തിൽ ഇൻവോൾവ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വേണമെങ്കിൽ പറയാം....; ബാക്കിയുള്ളതെല്ലാം നഷ്ടമാകാതെ നോക്കിയത് ഭാര്യയുടെ കരുതൽ; ഇനിയും വിശ്വസ്തതയുമായി ഫീനിക്സ് പക്ഷിയെ പോലെ ഞാനും ഇന്ദുവും പറക്കും; ആപത് ഘട്ടത്തിൽ മനസ് തളരാതെ നോക്കിയ ജഗദീശ്വരന് നന്ദി; തിരിച്ചെത്തിയതിന്റെ ക്രെഡിറ്റെല്ലാം പ്രിയതമയ്ക്ക് നൽകി അറ്റ്‌ലസ് രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എങ്ങനെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. അതിന്റെ കാരണം അദ്ദേഹം തുറന്നു പറയുന്നില്ല. എങ്കിലും രണ്ട് പേരോടാണ് കൂടുതൽ കടപ്പാട്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കരുത്തായതും ഇവർ തന്നെ. അതിലൊന്ന് മനസ്സ് തളരാതെ നോക്കിയ ജഗദീശ്വരൻ. കൈരളി ടിവിയോടും അത് പങ്കുവയ്ക്കുന്നുണ്ട് രാമചന്ദ്രൻ. അതിന് മുകളിൽ രാമചന്ദ്രൻ ഉയർത്തിപിടിക്കുന്നത് ജീവിത സഖിയുടെ ത്യാഗങ്ങളെയാണ്. എന്റെ ഇന്ദു ഉണ്ടായിരുന്നതു കൊണ്ടു മാത്രം തിരിച്ചെത്തി. ഇനി മക്കൾക്ക് ഒന്നും ചെയ്യില്ല. അവരുടെ കാര്യം അവർക്ക് വിട്ടുകൊടുക്കുന്നുവെന്ന് വ്യക്തിയാണ് രാമചന്ദ്രൻ കൈരളിയിൽ അഭിമുഖം അവസാിപ്പിക്കുന്നത്.

ഇനി മക്കളുടെ കാര്യം നോക്കില്ല. അവരുടെ കാര്യം അവർ നോക്കും. അവരുടെ കാര്യത്തിൽ ഇൻവോൾവ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വേണമെങ്കിൽ പറയാമെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു. ജയിൽ മോചിതനായാൽ എവിടെ പോകുമെന്ന് അലട്ടിയിരുന്നു. കിടപ്പാടത്തിന് എന്ത് സംഭവിക്കുമന്നതായിരുന്നു ആശങ്ക. എന്നാൽ തിരിച്ചെത്തിയപ്പോൾ ഇവിടെ താമസിച്ചിരുന്ന വീട് അതുപോലെയുണ്ട്. അത് നിലനിർത്തിയത് എന്റെ ഇന്ദുവിന്റെ ഇടപെടലുകളാണ്. 24 മണിക്കൂറും ഫോണിൽ പലരോടും സംസാരിച്ചു. ബാക്കിയുള്ളതെല്ലാം കൈവിട്ട് പോകാതെ അവൾ എല്ലാം നിലനിർത്തി. ഇനിയും ബിസിനസ്സിൽ ഫീനക്‌സ് പക്ഷിയെ പോലെ ഉയരും. അപ്പോൾ ഇന്ദു കൂടെ പറക്കും. എന്റെ പിരപൂർണ്ണ സ്‌നേഹമാണ് ഇന്ദു-ഭാര്യയെ കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്. സാമ്പത്തിക കേസിൽ രാമചന്ദ്രന്റെ മകളും മരുമകനും ജയിൽ വാസം അനുഭവിച്ചു. മകനാകട്ടെ അറസ്റ്റ് ഭയന്ന് നാടുവിടുകയും ചെയ്തു. ഈ പശ്ചാത്തലം മനസ്സിൽ വച്ചായിരുന്നു അറ്റ്‌ലസിന്റെ അഭിപ്രായ പ്രകടനങ്ങൾ.

എന്നാൽ കുടുംബത്തിലെ മറ്റ് പ്രശ്‌നങ്ങളിലേക്ക് അഭിമുഖം പോകാതിരിക്കാൻ ജോൺ ബ്രിട്ടാസ് ശ്രദ്ധിക്കുകയും ചെയ്തു. അതുകൊണ്ട് ജയിലും അറസ്റ്റും ഒക്കെ നിറഞ്ഞ അഭിമുഖത്തിൽ കേസിന്റെ വിശദാംശങ്ങളൊന്നും ചർച്ചയാക്കിയില്ല. രാമചന്ദ്രന്റെ മോചനത്തിനായി അഹോരാത്രം പ്രയത്‌നിച്ചത് ഭാര്യ ഇന്ദിരയെന്ന ഇന്ദുവാണ്. കേന്ദ്ര സർക്കാരുമായി കാര്യങ്ങൾ ചർച്ച ചെയ്തതും ഭാര്യ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം ബന്ധം പുലർത്തി. സാമ്പത്തിക പ്രശ്‌നങ്ങളിൽ വിശ്വസിക്കാവുന്ന ബിസിനസ്സുകാരനാണ് രാമചന്ദ്രനെന്ന് യുഎഇ സർക്കാരിനെ ബോധ്യപ്പെടുത്തിയത് ഈ ഇടപെടലാണ്. രാമചന്ദ്രൻ ജയിലാലയ ശേഷം സമചിത്തത കൈവിടാതെ അവർ പ്രവർത്തിച്ചു. ഇത് തന്നെയാണ് കൈരളിയിലെ അഭിമുഖത്തിലും രാമചന്ദ്രൻ ഉയർത്തിക്കാട്ടുന്നത്.

കടലിൽ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രൻ ജോൺ ബ്രിട്ടാസിന് നൽകിയ എക്സ്‌ക്ലൂസിവ് അഭിമുഖത്തിൽ പറഞ്ഞത്. ജനങ്ങൾ, ജന കോടികൾ അവർക്കിടയിലായിരുന്നു താൻ അന്നു വരെയും ജീവിച്ചത്. എന്നാൽ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളിൽ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്. എല്ലാം മരവിച്ചതു പോലെ. ചിറകുകൾ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസിൽ ഒന്നുറപ്പിച്ചു. ചാരത്തിൽ നിന്നും പറന്നുയരുന്ന ഫീനിക്സ് പക്ഷിയേ തിരിച്ചു വരും. അവർക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാൻ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. രാത്രിയുടെ യാമങ്ങളിൽ അറിയാതെ മനസ് വിങ്ങുമ്പോൾ പോലും പ്രതീക്ഷ എന്നിൽ നിലനിന്നു. തുണയായി ജയിലിലെ മലയാളി സഹോദരന്മാർ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാൾ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.

ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവർ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലിൽ വെച്ച് ഏറെ വായിച്ചു. ഓർമ്മക്കുറിപ്പുകൾ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങൾ ഓർത്തെടുത്തു. സഹ തടവുകാർക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയിൽ വസ്ത്രം ധരിച്ച് ജിവിച്ചു. ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവിൽ ഫീനിക്സ് പക്ഷിയേ പോലെ തിരിച്ചു വന്നു. ജീവിതം മാറ്റിമറിച്ച ആ വനവാസത്തിന്റെ തുടക്കം, അപ്രതീക്ഷിതമായി വന്ന ഒരു ഫോൺ കോളിൽ നിന്നായിരുന്നു. ആ ഫോൺ കോൾ പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു.

ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അൽപ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. വളരെയധികം സമയം കാത്തിരുന്നു. സമയം കൂടുതൽ വൈകിയപ്പോൾ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാൻ പോകുന്നുവെന്ന്. സമയം കൂടുതൽ വൈകിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം.-രാമചന്ദ്രൻ വിശദീകരിക്കുന്നു. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്റെ മോചനം സാധ്യമായതെന്നാണ് വിവരം.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്ലസ് രാമചന്ദ്രനും മരുമകൻ അരുണും ഇക്കാലമത്രയും ജയിൽ വാസം അനുഭവിച്ചുവരുകയായിരുന്നു. ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും, സ്വർണം വാങ്ങാൻ വായ്പനൽകിയ വ്യക്തി നൽകിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം.

രണ്ട് വർഷത്തോളമായി സ്വത്തുക്കളെല്ലാം നൽകി ജയിലിൽനിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. പിന്നീടാണ് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടത്. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്‌ലസ് രാമചന്ദ്രൻ വിവിധ ബാങ്കുകളിൽനിന്നായി എടുത്തത്. അത് പലിശയും മറ്റുമായി വൻതുകയായി ഉയർന്നുകഴിഞ്ഞു. ജുവലറികളിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങൾ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകി. എങ്കിലും വലിയ കടബാധ്യത അതേപടി നിൽക്കുന്നു. സ്വത്തുക്കൾ ബാങ്കുകളെ ഏൽപ്പിച്ച് അവരുടെ കൺസോർഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ മകൾ മഞ്ജുവും മരുമകൻ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീർക്കേണ്ട ബാധ്യത തുടക്കത്തിൽ ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. ബിസിനസിൽ മുൻ പരിചയമില്ലാതിരുന്നിട്ടും എല്ലാം തന്റെ ഭാര്യ കൃത്യമായി ചെയ്തുവെന്നാണ് രാമചന്ദ്രനും വിശദീകരിക്കുന്നത്.

2015 ഓഗസ്റ്റ് 23-നാണ് ചെക്കുകൾ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ ജയിലിലാകുന്നത്. 34 ദശലക്ഷം ദിർഹത്തിന്റെ ചെക്കുകൾ പണമില്ലാതെ മടങ്ങിയതിനെ ത്തുടർന്നായിരുന്നു ദുബായ് പൊലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബർ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കൾ വിറ്റഴിച്ച് 500 ദശലക്ഷം ദിർഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീർക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാൽ അക്കാര്യത്തിൽ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളിൽ പെട്ട് ദുബായ് കോടതി ഒക്ടോബർ 28-ന് രാമചന്ദ്രനെ മൂന്നുവർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിർഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP